അസമിനെ കത്തിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ തന്ത്രം

Print Friendly, PDF & Email

തങ്ങളുടെ മാതൃഭാഷയില്‍ അമിതമായി ഊറ്റം കൊള്ളുന്ന ബംഗാളി ഹിന്ദുക്കള്‍, കുടിയേറ്റ മുസ്ലിങ്ങളെ പോലെ അസാമീസ് ഭാഷ അംഗീകരിക്കണമെന്നില്ല.

A A A

Print Friendly, PDF & Email

അസമിലെ സ്വതേ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതല്‍ മലീമസമാക്കി ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തി ബിജെപിയും ആര്‍എസ്എസും. വിദേശ കൈയേറ്റക്കാരില്‍ നിന്നും ‘ദേശീയത, ഭൂമി, കുടുംബം’ എന്നിവ മോചിപ്പിക്കുമെന്ന് വലിയ പ്രചാരണം നടത്തിയാണ് പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ വന്നത്. സംസ്ഥാനത്തെ നിക്ഷേപങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തികരംഗം നിര്‍ജ്ജീവമായി നില്‍ക്കുകയും ജനരോഷം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ വിഭാഗീയ തന്ത്രങ്ങളുമായി ഹിന്ദുത്വവാദികള്‍ രംഗത്തെത്തുന്നതെന്ന് ഗുവാഹത്തിയില്‍ നിന്നുള്ള എഴുത്തുകാരന്‍ ഹിരണ്‍ ഗോഹെയ്ന്‍ thewire.in-ല്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പെട്ടെന്നൊരു ദിവസം പ്രകോപനവുമായി രംഗത്തിറങ്ങുകയായിരുന്നില്ല ഇവര്‍. വളരെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ഇതിന് വേണ്ടി നടത്തുന്നത്. മുസ്ലിങ്ങളെ കുടിയൊഴിപ്പിക്കുക എന്ന തന്ത്രമാണ് ബിജെപി സര്‍ക്കാര്‍ ആദ്യം പയറ്റിയത്. കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ വൈഷ്ണവ ആശ്രമങ്ങളായ ‘സത്ര’കളുടെ ഭൂമി കൈയേറി എന്ന് ആരോപിച്ചായിരുന്നു കുടിയൊഴിപ്പിക്കല്‍. ഉദാഹരണത്തിന് കഴിഞ്ഞ സെപ്തംബര്‍ 20-നു കാസിരംഗ ദേശീയ ഉദ്യാനത്തിലെ ഭൂമി മുസ്ലിങ്ങള്‍ കൈയേറി എന്ന് ആരോപിച്ച് 150-ലേറെ വരുന്ന സായുധ സിആര്‍പിഎഫ് ജവാന്മാര്‍ ബന്ദര്‍ദുബി ഗ്രാമത്തിലെ 200 ഓളം വീടുകള്‍ പൊളിച്ചു നീക്കി. പ്രതിഷേധം ഉയര്‍ത്തിയ ആള്‍ക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഈ ഭൂമി അസം ഗണ പരിഷത് ഭരിച്ചിരുന്ന 1996 ല്‍ മുസ്ലിങ്ങള്‍ക്ക് പതിച്ചു നല്‍കിയതാണ്. എന്നാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിധരിപ്പിച്ച് അനുകൂല വിധി സമ്പാദിച്ച ശേഷം ബലം പ്രയോഗിച്ച് ഇവരെ ഒഴിപ്പിക്കുകയായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആരോപിക്കുന്നു. എന്നാല്‍ നീക്കം വലിയ വിജയമായതിനെ തുടര്‍ന്ന് ഇത്തരം ഒഴിപ്പിക്കലുകള്‍ തുടര്‍ന്നും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ പറയുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രിയല്ല, മറിച്ച് ധനമന്ത്രി ഹിമാന്ദ ബിശ്വ ശര്‍മയാണ് കുടിയൊഴിപ്പിക്കലിന് ഉത്തരവിട്ടതെന്നതാണ് ഏറ്റവും വിചിത്രം.

അസമിനെ ബംഗ്ലാദേശി മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഈ ക്രൂരമായ നടപടിയുടെ വിജയം ആഘോഷിച്ചത്. 1979 മുതല്‍ 85 വരെ അസമിനെ പിടിച്ചുകുലുക്കിയ ബംഗ്ലാദേശികളെ പുറത്താക്കാന്‍ വേണ്ടിയുള്ള രക്തരൂക്ഷിത കലാപം ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടിവരും. 1971 മാര്‍ച്ച് 24ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയവരെ പൗരന്മാരായി അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1920ല്‍ ബ്രിട്ടീഷുകാരുടെ സമയം മുതല്‍ അസമിലേക്ക് മുസ്ലിങ്ങള്‍ കുടിയേറിയിട്ടുണ്ട്. ഈ അസം കരാറിനെതിരെ മുസ്ലിം കുടിയേറ്റക്കാര്‍ വലിയ പ്രക്ഷോഭങ്ങള്‍ ആദ്യം സംഘടിപ്പിച്ചെങ്കിലും പിന്നിട് അവര്‍ക്ക് അതിന്റെ അപകടം മനസിലാവുകയും കരാറിന് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തു.

അതിന് ശേഷം കുറച്ചുകാലം അസം സമാധാനത്തിന്റെ പാതയിലായിരുന്നു. എന്നാല്‍ ഭരണത്തിലെ അഴിമതി രൂക്ഷമായതോടെ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. കോണ്‍ഗ്രസായിരുന്നു ഇക്കാര്യത്തില്‍ മുഖ്യപ്രതികള്‍. ബിജെപിയെ സംസ്ഥാനത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ഇത് സഹായിച്ചെങ്കിലും അവര്‍ തങ്ങളുടെ പ്രചാരണത്തില്‍ സ്വാഭാവികമായും വര്‍ഗീയ വിഷയങ്ങള്‍ ചേര്‍ത്തു. ഗ്രാമപ്രദേശങ്ങളില്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്‌കൂളുകളും മറ്റും ആരംഭിച്ചുകൊണ്ട് ആര്‍എസ്എസ് ഇക്കാര്യത്തില്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കി. അസം ജനതയുടെ ശാന്തവും മൃദുലവുമായ പ്രാര്‍ത്ഥനകള്‍ക്ക് പകരം കൂടുതല്‍ ചടുലവും പ്രകോപനപരവുമായ രീതിയില്‍ ഹിന്ദു ദൈവങ്ങള്‍ ആരാധിക്കപ്പെടാന്‍ തുടങ്ങി. ഇത് മുസ്ലിം ആരാധന രീതിയിലും കൂടുതല്‍ പ്രകോപനപരമായ മാറ്റങ്ങളിലേക്ക് നയിച്ചു. ഒരു ചെറിയ സംഭവത്തിന്റെ പേരില്‍ പോലും കലാപം പൊട്ടിപ്പുറപ്പെടുന്ന രീതിയിലേക്ക് അസം ഗ്രാമങ്ങള്‍ മാറി.

പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ തയ്യാറാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 1971 ന് മുമ്പ് രാജ്യത്ത് എത്തിയവരെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം. എന്നാല്‍ അതിര്‍ത്തിയില്‍ ഉദാരനിലപാടുകള്‍ സ്വീകരിച്ചത് മൂലവും കേന്ദ്രത്തിന്റെ പിന്തുണ ലഭ്യമായതോടെയും അതിന് ശേഷം എത്തിയ 50 ലക്ഷത്തില്‍ ഏറെ വരുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ബിജെപി ഭയപ്പെട്ടു. ഇവര്‍ക്ക് പൗരത്വം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വാഗ്ദാനം ചെയ്തു.

പ്രശ്‌ന പരിഹാരമായി കഴിഞ്ഞ ജൂലൈ പതിനഞ്ചിന് 1955-ലെ പൗരത്വ ചട്ടത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ഒരു ബില്‍ ആഭ്യന്തര മന്ത്രാലയം തിരക്കിട്ട് ലോക്‌സഭയില്‍ അവതിരിപ്പിച്ചു. അയല്‍രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നുവരുന്ന ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം തളികയില്‍ വച്ച് നല്‍കുന്നതായിരുന്നു ഭേദഗതി. മുസ്ലിം ഒഴിച്ചുള്ള ആര്‍ക്കും അനിശ്ചിത കാലത്തേക്ക് പൗരത്വം നല്‍കാന്‍ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. 1971ന് ശേഷം അസമിലേക്ക് കുടിയേറിയതില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ് എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാര്യം. എന്നാല്‍ ഇവര്‍ക്കെല്ലാം പൗരത്വം നല്‍കുന്നത് സംസ്ഥാനത്ത് ഒരു ചെറിയ ഭൂരിപക്ഷം മാത്രമുള്ള തദ്ദേശീയ പരമ്പരാഗത സമൂഹങ്ങളുടെ സൂക്ഷ്മ ജനസംഖ്യ സന്തുലനത്തെ പ്രതികൂലമായി ബാധിക്കും.

ബംഗ്ലാദേശില്‍ നിന്നും 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണമെന്ന വലിയ ആവശ്യമൊന്നും സംസ്ഥാനത്ത് ഉയര്‍ന്നു വന്നിരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ നിയമവിരുദ്ധമായ ആശയത്തിന് ഇവിടെ തദ്ദേശീയ ജനങ്ങള്‍ അനുവാദം നല്‍കിയിരുന്നുമില്ല. ഭരണഘടനയിലെ പഴുതുകള്‍ ഉപയോഗിച്ച് അതിന്റെ രാഷ്ട്രീയ ഭൂമിക വളര്‍ത്തിയെടുക്കാനുള്ള ബിജെപിയുടെ പ്രത്യേക്ഷ സ്വഭാവത്തിന്റെ പ്രതിഫലനം മാത്രമായിരുന്നു ഈ തിരക്കിട്ട നടപടികള്‍ക്ക് പിന്നില്‍. ഈ കുടിയേറ്റക്കാരുടെ എണ്ണത്തെ കുറിച്ചും ആര്‍ക്കും കൃത്യമായ ധാരണയില്ല. 1971നും 1991നും ഇടയ്ക്ക് ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ എണ്ണം 75 ലക്ഷം കണ്ട് കുറഞ്ഞതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ എസ് കെ സിന്‍ഹ കേന്ദ്രത്തിന് നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതില്‍ 30 മുതല്‍ 40 ലക്ഷം പേര്‍ അസമിലേക്ക് കുടിയേറി എന്നു കണക്കാക്കിയാല്‍ പോലും സംസ്ഥാനത്തെ ജനസംഖ്യ സന്തുലനം കീഴ്‌മേല്‍ മറിയും. കൂടാതെ ഒരവികസിത സംസ്ഥാനത്തില്‍ സംഭവിക്കുന്ന വിഭവശോഷണം കൂടിയാകുമ്പോള്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകും. റിസര്‍വ് വനങ്ങളിലും സര്‍ക്കാര്‍ ഭൂമികളിലും കൈയേറ്റം കൂടുന്നതിലും നാഗരിക ജനസംഖ്യയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിലും അത്ഭുതത്തിന് അവകാശമില്ല. സമ്പദ്വ്യവസ്ഥ ഏകദേശം നിശ്ചലമായി നില്‍ക്കുന്ന അവസ്ഥയില്‍ പൊതുജനപ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും വര്‍ദ്ധിക്കുന്നതിലും അത്ഭുതത്തിന് അവകാശം തീരെയില്ല.

ഇതുവരെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടില്ലെങ്കിലും സംസ്ഥാനം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു വെടിമരുന്ന് ശാലയായി മാറിക്കഴിഞ്ഞു. പുതിയ ഭേദഗതി പാസാക്കുന്നതിന് മുമ്പ് അതു ബാധിക്കുന്ന ജനവിഭാഗങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കാതിരിക്കാനും കേന്ദ്രം ശ്രദ്ധിക്കുന്നു. വളര്‍ന്നു വരുന്ന അസംതൃപ്തിയെ കുറിച്ച് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചപ്പോള്‍ ഒക്ടോബര്‍ 31 വരെ പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിക്ക് മുന്നില്‍ പരാതികള്‍ സമര്‍പ്പിക്കാം എന്ന നിര്‍ദ്ദേശം വന്നു. എന്നാല്‍ വലിയ ജനപിന്തുണ ഒന്നുമില്ലാത്ത നാല് ബംഗാളി ഹിന്ദു സംഘടനകളെ അഭിപ്രായം അറിയിക്കാന്‍ ശ്രമിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. അസമിലെ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരായിരുന്നു ക്ഷണിക്കപ്പെട്ട മറ്റ് മൂന്ന് സംഘടനകളും. ആദിവാസി സംഘടനകള്‍, പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകള്‍, അസോം സാഹിത്യ സഭ പോലെയുള്ള സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്ക് മാത്രമല്ല അനുമതി നിഷേധിക്കപ്പെട്ടത്. വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബുദ്ധിജീവികള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട പൗരപ്രമുഖരുടെ ഒരു സംഘത്തിനും കമ്മിറ്റിയെ കാണാന്‍ അനുമതി നിഷേധിക്കപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സെലക്ട് കമ്മിറ്റി പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ കേള്‍ക്കുമെന്ന് പറഞ്ഞെങ്കിലും പ്രത്യേക കാരണമൊന്നുമില്ലാതെ തീയതി നീട്ടിവച്ചു. കൂടാതെ മുസ്ലിം ജനനനിരക്കുകള്‍ സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവിന് കാരണമായതായ മധ്യമങ്ങളില്‍ ഒരുവിഭാഗത്തിന്റെയും കാവി രാഷ്ട്രീയക്കാരുടെയും പ്രചരണങ്ങളും എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തി ഇപ്പോള്‍ വിഭാഗീയ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന ധനമന്ത്രി ഹിമാന്ദ ബിശ്വാസ ശര്‍മയുടെ പരാമര്‍ശങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
ബംഗ്ലാദേശില്‍ നിന്നുളള മുസ്ലിം കുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. തദ്ദേശീയകരുടെ ഭയം ദൂരീകരിക്കുന്നതിന് വേണ്ടി അസാമീസ് ഭാഷ തങ്ങളുടെ സ്‌കൂളുകളില്‍ അധ്യയന മാധ്യമാക്കുന്നതിന് പോലും കുടിയേറ്റ മുസ്ലീങ്ങള്‍ തയ്യാറായി. അസമിലെ പല മികച്ച സാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും ആ സമൂഹത്തില്‍ നിന്നും ഉള്ളവരാണ്. 19-ാം നൂറ്റാണ്ടില്‍ അസാമീസ് ഭാഷയ്ക്ക് പകരം ബംഗാളി ഔദ്യോഗിക ഭാഷയായി ബ്രിട്ടീഷുകാര്‍ അംഗീകരിച്ചു. എന്നാല്‍ പിന്നീട് അസാമീസ് ഭാഷ തിരികെ കൊണ്ടുവന്നപ്പോള്‍ ബംഗാളി ബുദ്ധിജീവികള്‍ അതിനെ എതിര്‍ത്തു. 1960ല്‍ അസാമീസ് ഭാഷ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ബില്ല് സംസ്ഥാന നിയമസഭ പാസാക്കിയതോടെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നൂറുകണക്കിന് ആളുകളുടെ ജീവനും സ്വത്തിനും അപായമുണ്ടായി. തങ്ങളുടെ മാതൃഭാഷയില്‍ അമിതമായി ഊറ്റം കൊള്ളുന്ന ബംഗാളി ഹിന്ദുക്കള്‍, കുടിയേറ്റ മുസ്ലിങ്ങളെ പോലെ അസാമീസ് ഭാഷ അംഗീകരിക്കണമെന്നില്ല. അതുകൊണ്ടു തന്നെ പൗരത്വ തീരുമാനം ഉണങ്ങി നില്‍ക്കുന്ന ഒരു വൈക്കോല്‍ കൂനയ്ക്ക് തീവെക്കുന്ന ഫലമായിരിക്കും ചെയ്യുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍