ഓഫ് ബീറ്റ്

ഇന്ത്യൻ പുരുഷന്‍ എത്രത്തോളം നല്ലവനാണ്?

A A A

Print Friendly, PDF & Email

മോഹി കുമാര്‍
(സ്ലേറ്റ്)

ഇന്ത്യയില്‍ നിന്നുള്ള ബലാത്സംഗവാര്‍ത്തകളാണ് എല്ലായിടത്തും. ഡല്‍ഹി പെണ്‍കുട്ടി മുതല്‍ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കപ്പെട്ട ചെറിയ കുട്ടികളും ഇന്ത്യ കാണാനെത്തിയ വിദേശി സ്ത്രീകളും വരെ. ഇതിനിടെയാണ് ലാവണ്യ ശങ്കരന്‍ എന്നൊരാള്‍ ന്യൂയോര്‍ക്ക്‌ ടൈംസില്‍ “The Good Men of India” എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചത്.

അവര്‍ പറയുന്നത് ഇങ്ങനെ:

ഞാന്‍ ഒരു ശരാശരി ഇന്ത്യന്‍ പുരുഷനെ പരിചയപ്പെടുത്താം. വിശ്വസ്തതയുള്ള, ശ്രദ്ധയുള്ള, ജാഗ്രതയുള്ള, അറിവിനോട് താല്‍പ്പര്യമുള്ള, തമാശപറയുന്ന, സാമൂഹികമായി ഉയരാന്‍ ആഗ്രഹമുള്ള, എളുപ്പം ചിരിക്കുന്ന, മെല്ലെ ദേഷ്യപ്പെടുന്ന പുരുഷന്‍. കുടുംബത്തോടൊപ്പം സ്ഥിരം കാണാം. യാത്ര ചെയ്യുന്നതും അങ്ങനെ തന്നെ. സാരിക്കടകളില്‍ ഭാര്യയുടെ സെലക്ഷന്‍ പരിശോധിച്ച് കൊണ്ട് ഇദ്ദേഹത്തെ കാണാം. അദ്ദേഹത്തിന്‍റെ തീരുമാനം വേണ്ടാത്ത ഒരു കുടുംബകാര്യം പോലും ഉണ്ടാകില്ല.

ഇങ്ങനെയൊരു പരിചയപ്പെടുത്തലിനു നന്ദി. എന്നാല്‍ ഇന്ത്യന്‍ പുരുഷന്മാര്‍ നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ടോ എന്ന് ആരാണിവിടെ ചോദിച്ചതു? മുതിര്‍ന്നവര്‍ കുട്ടികളോട് ലോകത്തില്‍ പലതരം മനുഷ്യരുണ്ട്‌ എന്ന് വിശദീകരിക്കുന്ന തരത്തില്‍ ലാവണ്യ ശങ്കരന്‍ തന്റെ വായനക്കാരോട് പറയുന്നതെന്താണ്? ഇന്ത്യക്കാരും മനുഷ്യരാണെന്നോ?

ഈ സന്തോഷപ്രകടനത്തിലൂടെ ലാവണ്യ ശങ്കരന്‍ കുറച്ചുകാണിക്കുന്നത് ഇന്ത്യയുടെ ഗൌരവമേറിയ പ്രശ്നങ്ങളെയാണ്. ശരാശരി ഇന്ത്യന്‍ പുരുഷന്‍ ഇതുമാത്രമല്ല എന്ന് നമുക്കെല്ലാം അറിയാം. ലാവണ്യ ശങ്കരന്‍ പറയുന്ന ഗുണഗണങ്ങള്‍ ഒക്കെ അയാള്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ വേറെ ചിലത് കൂടി ഇതിന്റെ കൂടെയുണ്ട്.

ശരാശരി ഇന്ത്യന്‍ പുരുഷന്‍ ശരാശരി ഇന്ത്യന്‍ കുട്ടിയോട് ഇടപെടുന്ന രീതി മാത്രം നോക്കിയാല്‍ മതി ഞാന്‍ പറയുന്നത് മനസിലാക്കാന്‍. ഇത് ഇന്ത്യയുടെ അത്രയൊന്നും രഹസ്യമല്ലാത്ത വൃത്തികെട്ട രഹസ്യമാണ്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന അന്‍പത്തിമൂന്നുശതമാനം കുട്ടികളാണ് ഇന്ത്യയില്‍ ലൈംഗികപീഡനത്തിന്റെ ഇരകളാകുന്നത്. ഇതില്‍ കുട്ടികളെ തൊടുന്നതും തലോടുന്നതും മുതല്‍ ലൈംഗികവേഴ്ചവരെ ഉള്‍പ്പെടും. ഇന്ത്യാഗവണ്‍മെന്‍റ് tരണ്ടായിരത്തിയേഴില്‍ നടത്തിയ ഒരു പഠനമാണ് ഈ കണക്കിനാധാരം. ഇതില്‍ പകുതിക്കുട്ടികളെയും പീഡിപ്പിച്ചത് “അവര്‍ക്ക് പരിചയമുള്ള, ഉത്തരവാദിത്തവും വിശ്വാസവുമുള്ള” ആരെങ്കിലുമൊക്കെയായിരുന്നു.

ലാവണ്യ ശങ്കരന്‍ പറയുന്നത് ഇതൊക്കെ താഴ്ന്നവര്‍ഗ്ഗക്കാരുടെ പ്രശ്നങ്ങളാണെന്നാണ്. എന്നാല്‍ സേവ് ദി ചില്‍ഡ്രന്‍, തുളിര്‍ എന്നീ സംഘടനകള്‍ ചെന്നൈയിലെ സ്കൂള്‍കുട്ടികളുടെ ഇടയില്‍ നടത്തിയ സര്‍വേ പ്രകാരം കുട്ടികളുടെ നേരെയുള്ള ലൈംഗികപീഡനങ്ങള്‍ കൂടുതലായി നടക്കുന്നത് ഉപരി-മധ്യവര്‍ഗ്ഗ കുടുംബങ്ങളിലാണ്.

1998ല്‍ RAHI (Recovery and Healing from Incest) എന്ന ഡല്‍ഹി കേന്ദ്രമാക്കിയുള്ള എന്‍ജി ഉപരി-മധ്യ വര്‍ഗക്കാരായ അറുനൂറുസ്ത്രീകളുടെയിടയില്‍ നടത്തിയ സര്‍വേ പ്രകാരം അവരില്‍ എഴുപത്തിയാറു ശതമാനം സ്ത്രീകളും കുട്ടിക്കാലത്ത് ലൈംഗികപീഡനത്തിന് ഇരയായവരാണ്. ഇതില്‍ നാല്‍പ്പത് ശതമാനം പീഡനങ്ങളും കുടുംബാംഗത്തില്‍ നിന്നുണ്ടായതാണ്, മിക്കവാറും ഒരു അമ്മാവനോ കസിനോ മൂത്ത സഹോദരനോ ചെയ്തത്.

വിശ്വസ്തരായ സുഹൃത്തുക്കളായും ബന്ധുക്കളായും കരുതപ്പെടുന്ന ഇന്ത്യന്‍ പുരുഷന്മാരാണ് ശരാശരി ഇന്ത്യന്‍ കുട്ടികളെ ഇരകളാക്കുന്നത്. ലാവണ്യ ശങ്കരന്‍ പറയും പോലെ “ഗ്രാമങ്ങളില്‍ നിന്നും കുടുംബ-സമൂഹ ചട്ടക്കൂടുകളില്‍ നിന്നും അകന്ന് സ്ത്രീസംസര്‍ഗ്ഗമില്ലാതെ” കഴിയുന്ന പുരുഷന്മാരല്ല ഇവര്‍. ഈ പുരുഷന്മാര്‍ കുടുംബത്തിന്റെ ഉള്ളില്‍ നില്‍ക്കുന്നവരാണ്.

എനിക്കിതറിയാം. ഞാനും ഒരു ശരാശരി ഇന്ത്യന്‍ കുട്ടിയായിരുന്നു ഒരിക്കല്‍. എനിക്കന്ന് പന്ത്രണ്ട് വയസ് പ്രായം. മാതാപിതാക്കള്‍ ഇല്ലാതെ ആദ്യമായി ഇന്ത്യയില്‍ എത്തിയതാണ് ഞാന്‍. കസിന്‍സിന്റെ ഒരു സംഘവും ഞാനും കൂടി കുടുംബത്തിലെ മുതിര്‍ന്നവരെയൊക്കെ സന്ദര്‍ശിക്കുകയാണ്. ഇന്ത്യയിലെ വേനല്‍ കഠിനമാണ്. കൂട്ടത്തില്‍ നിന്നുവിട്ട് ഒരുകുപ്പി വെള്ളമെടുക്കാന്‍ ഞാന്‍ അടുക്കളയിലെത്തി. സ്വീകരണമുറി കടന്നുപോയപ്പോള്‍ അയാള്‍ ഒരു ചാരുകസേരയില്‍ പത്രം വായിച്ചുകൊണ്ട് കിടപ്പുണ്ടായിരുന്നു. എന്നെക്കണ്ടപ്പോള്‍ അയാള്‍ കണ്ണട മാറ്റി മുഖമുയര്‍ത്തി. എന്റെ പേരുവിളിച്ച് അയാള്‍ കൈ നീട്ടി. ഹാന്‍ഡ്‌ഷേക്ക്‌ ആണ് ഉദ്ദേശിക്കുന്നത് എന്നുകരുതി ഞാന്‍ കൈകൊടുത്തു.

അയാള്‍ എന്തോ പറഞ്ഞു. എന്നെ ഒരുപാടുനാള്‍ കൂടി കണ്ടതില്‍ സന്തോഷമെന്നോ എന്റെ അച്ഛനുമമ്മക്കും സുഖമാണോ എന്നോ ഒക്കെ. എന്റെ കൈ പിടിച്ചുവലിച്ചു അയാള്‍ എന്നെ അയാളുടെ നെഞ്ചിലേയ്ക്കിട്ടു. എന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയാണോ അയാള്‍ എന്ന് ആലോചിച്ചതൊക്കെ ഇന്നും ഓര്‍മ്മയുണ്ട്. ഞാന്‍ എന്തോ മറുപടി പറഞ്ഞു. അയാളുടെ കൈകള്‍ എന്റെ ഉടുപ്പിനുമീതെ എന്റെ മുലകളെ പിടിച്ചു. എന്റെ മുലക്കണ്ണില്‍ അയാളുടെ വിരല്‍ ഉരസി.

ഞാന്‍ മരവിച്ചുനിന്നു. മുതിര്‍ന്നവരെ അനുസരിക്കണമെന്നാണ് എന്നെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ശരിയല്ല എന്ന് എനിക്ക് മനസിലായി. ഞാന്‍ ഉറക്കെ അലറിക്കരയണമായിരുന്നു. വീടുമുഴുവന്‍ ഉണര്‍ത്തണമായിരുന്നു. വലിയൊരു സീന്‍ ഉണ്ടാക്കണമായിരുന്നു. എന്നാല്‍ രക്ഷപെടാന്‍ കഴിയുന്നതുവരെ ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു.

കുറച്ചുദിവസം കഴിഞ്ഞ് ആ വീട്ടില്‍ വീണ്ടും പോകാന്‍ എന്റെ കസിന്‍സ് എന്നെ വിളിച്ചു. വരുന്നില്ല എന്നു പറഞ്ഞതിനോടൊപ്പം അയാള്‍ എന്നെ തൊട്ട കാര്യം ഞാന്‍ വിളിച്ചുപറഞ്ഞു.

മറുപടി ഉടനടി വന്നു: “അതെ, അയാള്‍ക്കെന്താ പ്രശ്നം? അയാളുടെ കൈകള്‍, മുലകള്‍ കണ്ടാല്‍ കാന്തം പോലെയാണ്,” ഒരു കസിന്‍ പറഞ്ഞു. “ഞങ്ങള്‍ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയുടെ ചെറുപ്പത്തില്‍ അമ്മയോടും അയാള്‍ ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞു.”, മറ്റൊരാള്‍ പറഞ്ഞു.

ഈ മനുഷ്യന് പെണ്മക്കളുണ്ട്, ചെറുമക്കളുണ്ട്, ഒരുപാട് മരുമക്കളും അവരുടെ പെണ്മക്കളുമുണ്ട്. ഞങ്ങളുടേത് ഒരു വലിയ കുടുംബമാണ്. മുതിര്ന്നതും അല്ലാത്തതുമായ ഒട്ടേറെ പെണ്‍കുട്ടികള്‍ അയാളുടെ വീട്ടിലൂടെ കടന്നുപോയിട്ടുണ്ട്. അവരില്‍ ആരെയൊക്കെ അയാള്‍ കയറിപ്പിടിച്ചിട്ടുണ്ടാവണം? ആരും അയാളെ എതിര്‍ക്കാത്തതെന്ത്?

അമേരിക്കയില്‍ തിരിച്ചെത്തിയപ്പോള്‍ ഉണ്ടായത് ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞു. എന്റെ അച്ഛന്‍ ഒരു നല്ല മനുഷ്യനാണ്. ലാവണ്യ പറയുന്ന തരം ശരാശരി ഇന്ത്യന്‍ പുരുഷന്‍. എന്നാല്‍ ഞാന്‍ പറഞ്ഞ കഥ എന്റെ അച്ഛന്‍ മറന്നുപോവുകയോ കേട്ടില്ലെന്നുനടിക്കുകയോ ചെയ്തു.

തുടര്‍ ഇന്ത്യന്‍ യാത്രകളില്‍ ഇയാളുടെ വീട് സന്ദര്‍ശിക്കണോ എന്ന് ചോദിച്ചപ്പോഴൊക്കെ ഞാന്‍ വേണ്ടയെന്നു പറഞ്ഞപ്പോള്‍ അച്ഛന് കാരണം മനസിലായില്ല. അയാളും ഭാര്യയും അമേരിക്ക സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വീട്ടിലേയ്ക്ക് അവരെ അമ്മ ക്ഷണിക്കാത്തതെന്തെന്ന് അച്ഛന് മനസിലായില്ല. എന്റെ മുറിയുടെ അരികിലുള്ള ഗസ്റ്റ് ബെഡ്റൂമില്‍ അയാള്‍ താമസിക്കുന്നത് അമ്മയ്ക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല. കുറെ നാള്‍ കഴിഞ്ഞ് അയാളുടെ മകള്‍ അയാള്‍ക്ക് വേണ്ടി അമേരിക്കയില്‍ വെച്ച് ഒരു പാര്‍ട്ടി നടത്തിയപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നിട്ടും പോകാത്തതിനു അച്ഛന്‍ എന്നെ വഴക്കുപറയുകയും ചെയ്തു.

അപ്പോഴേയ്ക്കും അച്ഛനോട് തിരിച്ചു കയര്‍ത്തുസംസാരിക്കാന്‍ പ്രായമായിരുന്നു എനിക്ക്. “ഞാന്‍ എന്തിനാ പോകുന്നത്? ചെറിയ കുട്ടികളെ കയറിപ്പിടിക്കുന്ന ഇയാളെ ഞാന്‍ എന്തിനാ ബഹുമാനിക്കുന്നത്?” ഞാന്‍ അച്ഛനോട് ചോദിച്ചു.

എങ്കിലും അച്ഛന്‍ പാര്‍ട്ടിക്ക് പോയി. വര്‍ഷങ്ങളോളം അയാളെ സന്ദര്‍ശിക്കല്‍ തുടര്‍ന്നു. മുതിര്‍ന്നവരെ ബഹുമാനിക്കാതിരിക്കാന്‍ അച്ഛന്‍ പഠിച്ചിരുന്നില്ലല്ലോ. എന്റെ വാക്കുകളോട് എങ്ങനെ പ്രതികരിക്കണമെന്നോ അയാളെ തടയാന്‍ എന്തുചെയ്യണമെന്നോ അച്ഛന് അറിയില്ലായിരുന്നിരിക്കണം. അച്ഛന്‍ ഒരു സാധാരണ ഇന്ത്യന്‍ പുരുഷനാണ്.

ഇത്തരം ഒരുപാട് കഥകളുണ്ട്. ഇരകള്‍ തങ്ങളുടെ അനുഭവങ്ങള്‍ കുടുംബങ്ങളില്‍ തുറന്നുപറയുമ്പോള്‍ അവരെ കാത്തിരിക്കുക നിശബ്ദതമാത്രമാവും. കുട്ടികളായിരുന്നപ്പോള്‍ പീഡിപ്പിക്കപ്പെട്ട ഒരുപാട് ബന്ധുക്കള്‍ എനിക്കുണ്ട്. അവരുടെയൊക്കെ മാതാപിതാക്കള്‍ അവരോടു പറഞ്ഞതു അത് വലിയ പ്രശ്നമാക്കരുത് എന്നാണ്. “അയാള്‍ കുടിച്ചതുകൊണ്ടാണ്”, അല്ലെങ്കില്‍ “വെറുതെ തൊട്ടതാണ്” എന്നൊക്കെയാണ് പറച്ചില്‍. പുറത്തുപറയാന്‍ ധൈര്യം കാണിച്ച ഇന്ത്യന്‍ മാതാപിതാക്കളാവട്ടെ പിന്നീട് നേരിട്ടത് പോലീസിന്റെയൊ മെഡിക്കല്‍ സ്റ്റാഫിന്‍റെയോ മറ്റ് അധികൃതരുടെയോ ഭാഗത്ത്‌നിന്നുള്ള നിശബ്ദതയാണ്.

കുടുംബങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുമ്പോള്‍ ഇന്ത്യന്‍ പുരുഷന്മാര്‍ ഇങ്ങനെയൊക്കെ ആയിത്തീരുന്നു എന്നാണ് ലാവണ്യ ശങ്കരന്‍ പറയുന്നത്. എന്നാല്‍ പല പീഡകരും കുടുംബത്തില്‍ നിന്ന് അകന്നല്ല, കുടുംബത്തിനുള്ളില്‍ തന്നെയാണ് ഇര തേടുന്നത്. കുടുംബത്തെ അവര്‍ ഒരു മറയായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാര്യങ്ങള്‍ അറിയുന്ന മറ്റു ശരാശരി ഇന്ത്യന്‍ പുരുഷന്മാരോട് ഇടപെട്ടാണ് അവരുടെ നിത്യ ജീവിതം. ഈ ശരാശരി ഇന്ത്യന്‍ ആണുങ്ങള്‍ എല്ലാം ഒരിക്കല്‍ ശരാശരി ഇന്ത്യന്‍ കുട്ടികളായിരുന്നവരാണ്.

ഇപ്പോള്‍ മുതിര്‍ന്ന് കുടുംബനാഥന്‍മാരായി ഇന്ത്യന്‍ പുരുഷാധിപത്യ സമൂഹത്തില്‍ തങ്ങളുടെ ഇടം കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ അവര്‍ക്ക് കഴിയാതാകുന്നു. മേം ഹൂ നാ എന്നതാണ് ഇന്ത്യന്‍ പുരുഷന്റെ മുദ്രാവാക്യം എന്ന് ലാവണ്യ ശങ്കരന്‍ പറയുന്നു. എന്നാല്‍ ശരിയായ അര്‍ത്ഥത്തില്‍ സംരക്ഷകരാകാന്‍ ഇന്ത്യയിലെ ശരാശരി പുരുഷനു കഴിയുന്നുണ്ടോ? “നല്ല പുരുഷന്‍മാര്‍” എന്ന് പേരിട്ടുവിളിക്കുന്നതിനുമുന്‍പ് തങ്ങളുടെ ഇത്തരം പരാജയങ്ങള്‍ക്ക് നമ്മുടെ അച്ഛന്‍മാരും ഭര്‍ത്താക്കന്‍മാരും പരിഹാരം കാണേണ്ടതുണ്ട്.

Mohi Kumar is a freelance journalist living in Houston. You can follow her on Twitter@scimohi.

 

(വിവര്‍ത്തനം : പ്രഭ സക്കറിയാസ്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍