പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

ചെന്നൈ നഗരം ഇപ്പോഴൊരു സങ്കട തുരുത്ത്

A A A

Print Friendly, PDF & Email

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഞാന്‍ തൊഴിലെടുത്തു ജീവിച്ചുപോന്ന എന്റെ പ്രിയപ്പെട്ട നഗരം ദുരന്തത്തില്‍പ്പെട്ട ഒരു യാത്രാക്കപ്പല്‍ പോലെ മുങ്ങിത്താഴുകയായിരുന്നു. നീണ്ടുനില്‍ക്കുന്ന പേമാരിയും വെള്ളപ്പൊക്കവും എന്റെ സ്വപ്നനഗരിയുടെ ഹൃദയസ്പന്ദനം തകര്‍ത്തെറിഞ്ഞിരുന്നു. അതിലെ എണ്‍പത്തഞ്ച് ലക്ഷത്തോളം വരുന്ന യാത്രക്കാര്‍ ജീവന്മരണ പോരാട്ടത്തിലായിരുന്നു. കഴിഞ്ഞ പത്തോളം ദിവസമായി അവര്‍ അനുഭവിച്ച കൊടുംയാതനകളും മാനസിക പീഢകളും വിവരണാതീതവും. തികച്ചും ഒറ്റപ്പെട്ടുപോയവര്‍. അല്‍പ്പം ആഹാരത്തിനു വേണ്ടി, ഒരു തുള്ളി ദാഹജലത്തിനു വേണ്ടി അവര്‍ വാവിട്ടു നിലവിളിച്ചു. ജീവിതകാലം മുഴുവന്‍ അവര്‍ കരുതിവച്ചതൊക്കെ വെള്ളപ്പൊക്കത്തിലും പേമാരിയിലും ഒലിച്ചുപോയിരിക്കുന്നു. മോഹങ്ങളൊക്കെ ഇനിയൊരിക്കലും വരാത്ത വിധം അസ്തമിച്ചിരിക്കുന്നു. അതിഭീകരമായ ഈ ദുരന്തത്തില്‍നിന്ന് മോചനം നേടിയാല്‍ത്തന്നെ സാധാരണ ജീവിതത്തിലേക്ക് കടന്നുകയറാന്‍ തങ്ങള്‍ക്കാകുമോ എന്നവര്‍ ഭയപ്പെടുന്നു.

ചെന്നൈ കോര്‍പ്പറേഷന്റെ കീഴിലുള്ള 211 ശവപ്പറമ്പുകളില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ നിരവധി ശവങ്ങള്‍ കാത്തുകിടക്കുകയാണ്. പത്തു ദിവസങ്ങള്‍ക്കുള്ളില്‍ മുന്നൂറിലധികം പേരാണ് മരണത്തിന്റെ കൂടാരങ്ങളിലേക്ക് കയറിപ്പോയത്. ശവങ്ങള്‍ അടക്കം ചെയ്യാനോ ദഹിപ്പിക്കാനോ മാര്‍ഗ്ഗങ്ങളില്ല. വൈദ്യുതി ശ്മശാനങ്ങളില്‍ കറണ്ടില്ല. സാധാരണയുള്ള ഇടങ്ങളില്‍ ദഹിപ്പിക്കാന്‍ ആവശ്യമായ വിറകോ മറ്റ് സാധനങ്ങളോ ഇല്ല. ശവങ്ങള്‍ കുഴിച്ചിടാന്‍ വെള്ളംകെട്ടിയ ഭൂമി വഴങ്ങുന്നുമില്ല. മതങ്ങളുടേയും ജാതികളുടേയും വേര്‍തിരിവുകള്‍ ഇല്ലാതെ ശവങ്ങള്‍ മോര്‍ച്ചറിയിലും പൊതുസ്ഥലങ്ങളിലും കാത്തുകിടന്നു. ദുര്‍ഗന്ധം വമിച്ചുതുടങ്ങിയ അവയിലേക്ക് ആവേശപൂര്‍വം കത്തിക്കയറാന്‍ അഗ്നി പോലും വിസ്സമ്മതിച്ചു നിന്നു. അഗ്നിമീളേ പുരോഹിതം!

അപ്രതീക്ഷിതമായാണ് ചെന്നൈ നഗരത്തില്‍ പേമാരിയും വെള്ളപ്പൊക്കവും കടന്നുവന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഇത്തരത്തിലുള്ള പേമാരിയും വെള്ളപ്പൊക്കവും ആദ്യമായാണെന്ന് കലാവസ്ഥാനിരീക്ഷകര്‍ പറയുന്നു. നഗരവല്‍ക്കരണത്തിന്റെ പിടിപ്പുകേടാണെന്ന് മറ്റു ചിലര്‍ വിലയിരുത്തുന്നു. എന്തായാലും നഗരവും നഗരപ്രാന്തവും പ്രളയത്തില്‍ നട്ടംതിരിഞ്ഞു. ദിവസങ്ങളുടെ തോരാത്ത മഴ ഇന്നലെ മുതല്‍ കുറഞ്ഞിരിക്കുന്നു. നഗരവാസികള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഇടങ്ങള്‍ തേടുകയാണ്. തങ്ങളുടെ താവളങ്ങളില്‍ അവശേഷിക്കുന്നത് എന്തെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് അവര്‍. താഴ്ന്ന വരുമാനക്കാരുടെ ലക്ഷത്തിലധികം വീടുകളാണ് പ്രളയത്തില്‍ തകര്‍ന്നു വീണത്. അതൊക്കെ പൂര്‍സ്ഥിതിയിലെത്താന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന ചിന്ത അവരുടെ നെഞ്ചില്‍ നെരിപ്പോടു തീര്‍ക്കുന്നു, അലോസരപ്പെടുത്തുന്നു. പ്രതീക്ഷകളൊക്കെ തകര്‍ന്ന ജനസഞ്ചയം ചെന്നൈ നഗരത്തിന്റെ നോക്കുകുത്തികളായി മാറിയിരിക്കുന്നു.

നഗരത്തിനു സമീപമുള്ള ചമ്പ്രംപാക്കം പോലുള്ള ജലസംഭരണികളിലെ വൃഷ്ടിപ്രദേശത്ത് പെയ്ത മഴയാണ് നഗരഹൃദയത്തെ അങ്കലാപ്പിലാക്കാന്‍ ഒരു കാരണം. നഗരത്തിലൂടെ ന്നിണ്ടൊഴുകുന്ന 65 കിലോമീറ്റര്‍ വരുന്ന കുവ്വം നദിയാണ് പ്രളയത്തിനു മറ്റൊരു കാരണമായത്. ജലസംഭരണികളിലെ ജലം ഈ മലിനനദിയെ വിഴുങ്ങിയപ്പോള്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ നരകതുല്യമായി. അടയാര്‍ പോലുള്ള സമ്പന്നരുടെ വിഹാരഭൂമിയിലാണ് ആദ്യം പ്രളയം ആരംഭിക്കുന്നത്. സന്നദ്ധസംഘടനകളും സിറ്റി കോര്‍പ്പറേഷനും ഇറക്കിയ ബോട്ടുകള്‍ മാത്രമായിരുന്നു സ്ഥലവാസികള്‍ക്ക് ആശ്രയം.

സമ്പന്നരും പാമരന്മാരും രണ്ടല്ലെന്ന് തെളിയിച്ചതായിരുന്നു ഈ പ്രളയമഹാമാരി. പോഷ് ബംഗ്ലാവുകളില്‍ താമസിക്കുന്നവരും ഇടത്തരക്കാരും ചേരിയില്‍ താമസിക്കുന്നവരും പ്രകൃതിക്ഷോഭത്തിനു മുന്നില്‍ തുല്യരാണെന്ന് നിയതി തെളിയിച്ചിരിക്കുന്നു. കൈയില്‍ ആവശ്യത്തിന് പണമില്ല. അതെടുക്കാന്‍ എടിഎമ്മുകളോ ബാങ്കുകളോ പ്രവര്‍ത്തിക്കുന്നില്ല. വേണ്ടപ്പെട്ടവരുമായി സംസാരിക്കാന്‍, സഹായം അഭ്യര്‍ത്ഥിക്കാന്‍ മൊബൈല്‍ ഫോണുകളില്ല. ചാര്‍ജ്ജ് ചെയ്യാന്‍ കറണ്ടുമില്ല. മൊബൈല്‍ ടവറുകള്‍ പണിമുടക്കിയിട്ടു നാളുകളായിരുന്നു. ഭക്ഷണ സാധനങ്ങള്‍ കിട്ടാനില്ല. ഉള്ളവയ്ക്ക് തീവില. ഒരു ലിറ്റര്‍ പാലിനു 100 രൂപ വരെ കച്ചവടക്കാര്‍ ഈടാക്കി. ഒരു കാന്‍ വെള്ളത്തിനു 250 രൂപ. സന്നദ്ധ സംഘടനകളും പട്ടാളക്കാരും എത്തിക്കുന്ന ആഹാരസാധനങ്ങളുമായി ദിവസങ്ങള്‍ കഴിഞ്ഞുകൂടേണ്ടി വന്ന അവസ്ഥ. വീടുകളുടെ ടെറസ്സുകളില്‍ കുരുങ്ങിയവര്‍ക്ക് ആശ്രയം ഹെലിക്കോപ്റ്ററുകളില്‍ എത്തുന്ന ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളുമായിരുന്നു.

കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആഹാരവും മരുന്നുമൊക്കെ എത്തിച്ചേര്‍ന്നപ്പോള്‍ ദുരന്തങ്ങള്‍ക്ക് ചെറിയ തോതില്‍ ആശ്വാസമേകി. നഗരത്തില്‍ 3000 ബസ്സുകള്‍ സൗജന്യമായി ഓടിച്ചാണ് സര്‍ക്കാര്‍ ജനത്തെ സഹായിച്ചത്. ട്രെയിനുകള്‍ റദ്ദ് ചെയ്തപ്പോള്‍ ദീര്‍ഘദൂര ട്രാന്‍പോര്‍ട്ട് സര്‍വീസുകള്‍ നടത്താനും കേരളവും തമിഴ്‌നാടും രംഗത്തു വന്നു. 320 ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റു ചെയ്യുന്ന ചെന്നൈ വിമാനത്താവളം അടച്ചിട്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍ വിമാനത്താവളത്തില്‍ വെള്ളം അടിഞ്ഞുകയറി. സ്വകാര്യവിമാനങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടന്നു. 

റോഡുകള്‍ കുളങ്ങളായി മാറി. മലിനജലവും പാഴ്‌വസ്തുക്കളും വീടുകള്‍ക്കുള്ളില്‍ ഇരച്ചു കയറി. വിഷ ജീവികളും അവിടെ സ്ഥാനംപിടിച്ചിരുന്നു. ടിവിയും ഫ്രിഡ്ജും കാറും ഇരുചക്രവാഹനങ്ങളും മറ്റു വീട്ടുസാധനങ്ങളുമൊക്കെ കണ്ടെത്താനാകാത്ത വിധം ഒഴുകിപ്പോയിരിക്കുന്നു. അല്ലെങ്കില്‍ വെള്ളപ്പാച്ചിലില്‍ അവ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. മലിനജലവും കുടിവെള്ളവും ഇടകലര്‍ന്നു പായുകയാണ്. എങ്ങും സങ്കടങ്ങളുടെ തുരുത്തുകള്‍. ഉയരത്തില്‍ നിന്നു വീണു പരിക്കേറ്റവര്‍. സാംക്രമിക- ത്വക്ക് രോഗങ്ങള്‍ പിടിപെട്ടവര്‍. വൈദ്യുതാഘാതമേറ്റവര്‍. കുടിവെള്ളം കിട്ടാതെ, ആഹാരമില്ലാതെ ദിവസങ്ങള്‍ പട്ടിണി കിടന്നവര്‍. വെള്ളപ്പാച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍. പല സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. മണപ്പാക്കത്തെ മിയോട്ടു ഇന്റര്‍നാഷണല്‍ ആശുപത്രിയിലെ ഐസി യൂണിറ്റിലേക്കാണ് വെള്ളം അപ്രതീക്ഷിതമായി ഇരച്ചുകയറിച്ചെന്നത്. മുപ്പതോളം പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരണത്തെ പുല്‍കി. പാതി ജീവനുള്ളവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും മരണം അവരെയും ചുറ്റിപ്പറ്റി നിന്നിരുന്നു. വേളാച്ചേരി, താംബരം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് നൂറു കണക്കിനു പേരെ കാണാതായി. റോയപ്പെട്ട ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അടിഞ്ഞുകൂടുന്ന ശവക്കൂനകളില്‍ കാണാതായ തങ്ങളുടെ ഉറ്റവരേയും ഉടവരേയും തെരയുന്ന തിരക്കിലാണ് പാവങ്ങള്‍. അവരുടെ മുഖങ്ങളില്‍ കടുത്ത നിരാശ പടരുന്നത് കാണാമായിരുന്നു.

ഇതിനിടയില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും ഭരണകൂടത്തിലെ ചിലര്‍ രംഗത്തു വന്നു. കര്‍ണാടകയില്‍ നിന്നു മരുന്നും ആഹാരവുമായി വന്ന രക്ഷാപ്രര്‍ത്തകരുടെ വണ്ടികള്‍ ചിലര്‍ തടഞ്ഞു നിര്‍ത്തി ഭക്ഷണപ്പൊതികളില്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രമടങ്ങുന്ന സ്റ്റിക്കറുകള്‍ പതിക്കാന്‍ ശ്രമിച്ചു. ഇതാകട്ടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. മുതലെടുപ്പു രാഷ്ട്രീയം ഏതു പ്രളയത്തിനും തലപൊക്കുമെന്നതിനു ഉദാഹരണമാണിത്. മരണത്തിന്റെ തീവ്രമുഖം പുറത്തുവരുമ്പോഴും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള വ്യഗ്രത. മരണത്തില്‍ നിന്നു മടങ്ങി വന്നാല്‍ അവരുടെ വോട്ടുകള്‍ തങ്ങളുടെ കീശയിലാകട്ടെ എന്ന തടിമിടുക്കിന്റെ ചെയ്തികള്‍.

മഴ ഒഴിഞ്ഞെന്നിരിക്കാം. പ്രളയജലവും ഇറങ്ങിയെന്നിരിക്കാം. പക്ഷേ ഇനിയുണ്ടാകാന്‍ സാധ്യതയുള്ള മാരക രോഗങ്ങള്‍ക്ക് തടയിടാന്‍ ആര്‍ക്കാണാവുക? അതിനാവശ്യമായ കോടിക്കണക്കിനു വിലയുള്ള മരുന്നുകളും വൈദ്യസഹായവും ആരാണ് നല്‍കുക? ഇവിടെ അടിഞ്ഞുകൂയിടിരിക്കുന്ന ടണ്‍ കണക്കിനു മാലിന്യക്കൂമ്പാരങ്ങള്‍ മാറ്റാന്‍ ആര്‍ക്കാണ് കഴിയുക. അതിനു എത്ര നാള്‍ വേണ്ടിവരും? നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് ചെന്നൈ നഗരത്തിനു മുകളില്‍ ഉരുണ്ടുകൂടിയ, അവശേഷിച്ച കാര്‍മേഘങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് സാവധാനം നീങ്ങുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍