സിനിമ

C/o സൈറാ ബാനു: ഇരട്ട ചങ്കുള്ള പെണ്ണ്; ഈ ഇമേജ് അത്ര ഭാരമല്ല മഞ്ജുവിന്

Print Friendly, PDF & Email

ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയ രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് സൈറ ബാനുവിനെ മുന്നോട്ട് കൊണ്ടുപോകുന്നത്

സഫിയ ഒ സി

സഫിയ ഒ സി

A A A

Print Friendly, PDF & Email

മഞ്ജു വാര്യരുടെ, ചങ്കുറപ്പുള്ള പെണ്ണെന്ന പ്രതിച്ഛായ തുടരുന്നു. സിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു ടൈപ്പ് കാസ്റ്റായിരിക്കാം. എന്നാല്‍ ഈ സ്ത്രീയുടെ നിശ്ചയദാര്‍ഡ്യം ഇന്ന് കേരളത്തിന് ആവശ്യമാണ്. വൃദ്ധരായ സ്ത്രീകള്‍ മുതല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ വരെ അതിക്രൂരമായി വേട്ടയാടപ്പെടുന്ന, സ്ത്രീകള്‍ വെറും ശരീരം മാത്രമാണ് എന്നു ചുരുക്കപ്പെടുന്ന ഇക്കാലത്ത് ഇതുപോലെ ഉറച്ച മനസുള്ള പ്രതിച്ഛായകള്‍ നിരന്തരം സൃഷ്ടിക്കപ്പെടുകയും സമൂഹത്തിലേക്ക് സംവദിക്കപ്പെടുകയും വേണം. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ ഒത്തുകൂടിയ സിനിമാ-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ ‘ഡെറ്റോള്‍’ ആലങ്കാരികതയ്ക്കപ്പുറം ഉറച്ച ശബ്ദം മഞ്ജുവിന്‍റേതായിരുന്നു എന്നു കൂടി ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

C/o സൈറാ ബാനു എന്ന പുതിയ മഞ്ജു വാര്യര്‍ ചിത്രത്തെ റിവ്യൂ ചെയ്യുമ്പോള്‍ ഇത്രയും കാര്യങ്ങള്‍ മുന്‍കൂട്ടി പറയാതിരിക്കാന്‍ ആവില്ല. (സിനിമയുമായി പ്രകടമായ ബന്ധമില്ലെങ്കില്‍ കൂടി). ഒരു പോസ്റ്റ് വുമണിന്റെ വേഷമാണ് മഞ്ജുവിന് ഇതില്‍. മലയാളത്തില്‍ നമ്മുടെ നായികമാര്‍ അധികം കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു വേഷം. അതുകൊണ്ട് തന്നെ പുതുമയുമുണ്ട്. നടന്നു പോകുന്ന പഴയ പോസ്റ്റ് വുമണ്‍ കാഴ്ചയെക്കാള്‍ സുഖമുണ്ട് സ്കൂട്ടിയില്‍ പോകുന്ന പോസ്റ്റ് വുമണിന്. മഞ്ജുവും വളര്‍ത്തുമകനും (കിസ്മത് ഫെയിം ഷെയ്ന്‍ നിഗം) തമ്മിലുള്ള തീവ്ര ബന്ധത്തിന്റെ കഥയാണ് ചിത്രം. ചിലപ്പോള്‍ അമ്മയായും ചേച്ചിയായും കൂട്ടുകാരിയായും ഒക്കെ മാറുന്ന സൈറ, മഞ്ജുവിന്റെ കയ്യില്‍ ഭദ്രം. കിസ്മത്തില്‍ കണ്ട അതേ പാവത്താന്‍ ഇമേജില്‍ മനസിലുടക്കുന്ന പ്രകടനമാണ് ഷെയ്ന്‍ നിഗത്തിന്‍റേതും.

അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങള്‍ അവരുടെ ജീവിതത്തെ തകിടം മറിക്കുന്നു. അതിഭയങ്കര കണ്ണീര്‍ കഥനത്തിന് സാധ്യതയുണ്ടായിരുന്നിട്ടും അതിലേക്ക് ഒലിച്ചു പോകാതെ ജീവിതത്തെ ധീരതയോടെ നേരിടുന്ന സൈറയെ ആണ് പ്രേക്ഷകര്‍ പിന്നീട് കാണുന്നത്. അത് തന്റെ മകനെ തിരിച്ചു പിടിക്കാനുള്ള ഒരമ്മയുടെ പോരാട്ടവും കൂടിയാണ്. നീതിന്യായ സംവിധാനവും നീതി നടത്തിപ്പിന്റെ വളഞ്ഞ വഴികളും സത്യവും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന പ്രമേയം ഒരു സാധാരണക്കാരിയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ്.

80-കളില്‍ മലയാളി പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിന്റെ ഐക്കണായിരുന്ന ‘എന്‍റെ സൂര്യപുത്രി’യിലെ നായിക അമല, മഞ്ജുവിന്റെ ഓപ്പോസിറ്റായി വരുന്നു എന്നതും കൌതുകകരമായ ഒരു അനുഭവമാണ്. ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയ ഈ രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

Also Read: എന്റെ സൂര്യപുത്രിക്ക് കണ്ട് മുടിമുറിക്കാന്‍ ആഗ്രഹിച്ചു; ഞാനന്ന് ആറില്‍ പഠിക്കുകയായിരുന്നു-മഞ്ജു വാര്യര്‍

ഫോട്ടോ എടുക്കുന്നതിനിടെ ഉരുള്‍പൊട്ടലില്‍ പെട്ട് മരിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജ്  ഒരു കഥാപാത്രമായി ഓര്‍മ്മിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. സ്ക്രീനില്‍ പ്രത്യക്ഷപ്പെടാത്ത കഥാപാത്രത്തിന് ശബ്ദം നല്കിയിരിക്കുന്നത് മോഹന്‍ ലാലാണ്. നേരത്തെ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫറിലും മോഹന്‍ ലാല്‍ വിക്ടറിന്റെ ഛായയുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു എന്നത് കൌതുകകരമായ ഒരു യാദൃശ്ചികതയാണ്.

മറ്റൊരു കൌതുക സാന്നിധ്യം തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റേതാണ്. നായികയുടെ അച്ഛന്‍ കെ.വി രാമകൃഷ്ണന്‍ എന്ന കാര്‍ട്ടൂണിസ്റ്റായിട്ടാണ് ജോണ്‍പോളിന്റെ സാന്നിധ്യം.

മലയാളിയുടെ സാമൂഹ്യ ജീവിതത്തില്‍ ഒരു വിധത്തിലും അവഗണിക്കാന്‍ പറ്റാത്ത ഇതര സംസ്ഥാന തൊഴിലാളി സാന്നിധ്യത്തെ കൃത്യമായി അടയാളപ്പെടുത്താനും സിനിമ ശ്രമിക്കുന്നുണ്ട്. ഊരും പേരുമില്ലാത്തവര്‍ കെട്ടിപ്പൊക്കുന്ന മണിമന്ദിരങ്ങളിലാണ് മലയാളിയുടെ പൊങ്ങച്ചം ചിറകു വിരിക്കുന്നത് എന്ന് ഓര്‍മ്മപ്പെടുത്താന്നെങ്കിലും ഇത്തരം സാന്നിധ്യങ്ങള്‍ ഉപകരിക്കും.

ഈ അടുത്തകാലത്ത് കേരള സമൂഹം ഏറെ ചര്‍ച്ച ചെയ്ത ചുംബന സമരവും ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. സദാചാര പോലീസിംഗിനെതിരെയുള്ള ആ പ്രക്ഷോഭത്തെ ഏതെങ്കിലും തരത്തില്‍ കളിയാക്കാന്‍ സംവിധായകന്‍ ആന്‍റണി സോണി ശ്രമിച്ചിട്ടില്ല  എന്നത് തന്നെയാണ് ആദ്യ സിനിമയുടെ എന്തുതന്നെ പ്രശ്നങ്ങള്‍ കണ്ടെത്തിയാലും സൈറാ ബാനുവിനെ സത്യസന്ധമായ അനുഭവമാക്കി മാറ്റുന്നത്.

 

സഫിയ ഒ സി

സഫിയ ഒ സി

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍