സിനിമ

കള്ളുകുടി, സ്ത്രീ ശരീരത്തോടുള്ള ആസക്തി, ധ്യാനകേന്ദ്രം, ടൂറ്, തല്ല്… ഇതൊന്നും മടുക്കാത്തവര്‍ക്ക്

Print Friendly, PDF & Email

സീരിയലുകളുടെ ഏറിയും കുറഞ്ഞുമുള്ള എക്സ്റ്റന്‍ഷന്‍സ് ആയിരുന്നു കണ്ണന്‍ താമരക്കുളത്തിന്റെ ആദ്യ രണ്ടു സിനിമകളും.

അപര്‍ണ്ണ

അപര്‍ണ്ണ

A A A

Print Friendly, PDF & Email

ആടു പുലിയാട്ടത്തിനും തിങ്കള്‍ മുതല്‍ വെള്ളിവരെക്കും ശേഷം കണ്ണന്‍ താമരക്കുളം – ജയറാം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് അച്ചായന്‍സ്. ചേട്ടായീസ്, കസിന്‍സ് മാതൃകയില്‍ നാലു പേരടങ്ങിയ അലമ്പു ഗ്യാങ്ങും ആഘോഷങ്ങളുമൊക്കെയാണ് ട്രെയിലറിലും പാട്ടുകളിലുമൊക്കെ നിറഞ്ഞു നിന്നത്. സച്ചി – സേതു ടീമിലെ സേതുവിന്റേതാണ് തിരക്കഥ. കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം അവധിക്കാലത്തിന്റെ അവസാന ഘട്ടത്തില്‍ റിലീസ് ആയ മലയാള സിനിമാ ഗണത്തില്‍ പെട്ട ഒരു സിനിമയും കൂടിയാണിത്.

റോയ് തട്ടാരത്തില്‍ (ജയറാം) പണക്കാരനായ പ്ലാന്ററാണ്. ജയറാമിന്റെ സമീപകാല ‘കൂള്‍ മാസ്’ അവതാരങ്ങളുടെ തുടര്‍ച്ചയാണ് റോയി. ക്രോണിക്ക് ബാച്ചിലറായ റോയി കള്ളും വണ്‍ നൈറ്റ് സ്റ്റാന്റും ഒക്കെയുള്ള ജീവിതവുമായി നടക്കുകയാണ്. റോയിയുടെ അനുചരരായി മൂന്നു ചെറുപ്പക്കാരുണ്ട്. ടോണി (ഉണ്ണി മുകുന്ദന്‍) റോയിയുടെ ബന്ധുവാണ്. മുഴുവന്‍ സമയ മദ്യപാനിയാണ് അയാള്‍. എബി (ആദില്‍) റോയിയുടെ മറ്റൊരു ബന്ധുവാണ്. പി സി ജോര്‍ജിന്റെ അനുയായിയാണ് ഇയാള്‍. റാഫി (സഞ്ജു) ഇവരുടെ ഒക്കെ പൊതു സുഹൃത്തും. ടോണിയുടെ വിവാഹത്തിന് ആഴ്ചകള്‍ക്കു മുന്നെ അപ്രതീക്ഷിതമായി കിട്ടിയ അവധി ദിവസങ്ങള്‍ ആസ്വദിക്കാന്‍ ഇവരൊരു യാത്ര പോകുന്നു. യാത്രക്കിടയില്‍ റീത്തയെയും (അമല പോള്‍) പ്രയാഗയെയും (അനു സിതാര) കണ്ടു മുട്ടുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം യാത്ര പോകേണ്ടി വന്നു. പിന്നീട് അപ്രതീക്ഷിതമായി ഇവര്‍ എത്തിച്ചേരുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

പേരും പാട്ടുകളുമൊക്കെ സൂചിപ്പിക്കും പോലെ ആഘോഷ കഥാഗതി തന്നെയാണ് സിനിമയുടെയും. അവധിക്കാലം, കുട്ടികള്‍, കുടുംബം ഒക്കെത്തന്നെയാണ് ഈ സിനിമയുടെയും ടാര്‍ഗറ്റ്. ഇപ്പോള്‍ ആ ടാര്‍ഗറ്റിലിറങ്ങുന്ന എല്ലാ സിനിമകളുടെയും അവിഭാജ്യ ഘടകമായ ദ്വയാര്‍ത്ഥ പ്രയോഗം തുടങ്ങിയ എല്ലാ ചേരുവകളും അച്ചായന്‍സിലുമുണ്ട്. പട്ടായ, വടുതല വത്സ തുടങ്ങീ സ്ത്രീ ലൈംഗികാവയവ പരാമര്‍ശങ്ങളുടെ നീണ്ട നിര തന്നെ സിനിമയിലുണ്ട്. കേള്‍ക്കുമ്പോള്‍ വൈരുധ്യം തോന്നാമെങ്കിലും ഇത്തരം ലൈംഗിക ദാരിദ്ര്യ പരാമര്‍ശങ്ങള്‍ നിറഞ്ഞതാണ് കുട്ടികള്‍ക്ക് ജനപ്രിയം എന്ന അവകാശ വാദമാണ് എല്ലാ മലയാള സിനിമയും നിരത്തുന്നത്. ആദ്യമായി സ്ത്രീ അവകാശങ്ങള്‍ക്കു വേണ്ടി സംഘടന ഉണ്ടായിരിക്കുകയാണ് മലയാള സിനിമയില്‍. അവര്‍ ഈ അവസ്ഥയെ എങ്ങനെ നോക്കി കാണുന്നു എന്നറിയാന്‍ കൗതുകവും ഉണ്ട്.

സീരിയലുകളുടെ ഏറിയും കുറഞ്ഞുമുള്ള എക്സ്റ്റന്‍ഷന്‍സ് ആയിരുന്നു കണ്ണന്‍ താമരക്കുളത്തിന്റെ ആദ്യ രണ്ടു സിനിമകളും. തിങ്കള്‍ മുതല്‍ വെള്ളി വരെ പൂര്‍ണമായും ഒരു സീരിയല്‍ തന്നെ ആയിരുന്നു. ആടു പുലിയാട്ടം പഴയ പ്രേത, പുരാണ ഛായകളെ കൂടെ കൂട്ടി. തീയേറ്ററുകളില്‍ കാര്യമായ യാതൊരു ചലനവും ആ രണ്ടു സിനിമകളും ഉണ്ടാക്കിയില്ല. കുറച്ചു കൂടി മികച്ച പ്രമോഷനും അവധിക്കാലത്തിന്റെ ആനുകൂല്യവും നായകനും അനുചരരുമെന്ന മിനിമം ഗ്യാരണ്ടി ലൈനും കണ്ണന്‍ താമരക്കുളം ഈ സിനിമയില്‍ സ്വീകരിച്ചിട്ടുണ്ട്. കള്ളുകുടി, വായ് നോട്ടം, ലൈംഗികാനുഭവത്തിന്റെ ദ്വയാര്‍ത്ഥങ്ങള്‍ നിറഞ്ഞ വീമ്പു പറച്ചില്‍ എന്നിവയൊക്കെ ചിത്രത്തിന്റെ ആദ്യപകുതിക്ക്‌ ഏതൊക്കെയോ കോണില്‍ നിന്ന് കൈയ്യടി ഉറപ്പിക്കുന്നുണ്ട് . എത്രയൊക്കെ എതിര്‍ത്താലും എന്റര്‍ടെയിന്‍മെന്റ് എന്നാല്‍ ഇതൊക്കെയാണെന്ന കാഴ്ച്ച ശീലങ്ങളില്‍ മലയാളി വിധേയമായിട്ടുണ്ട്. അത്തരം കയ്യടികള്‍ ഇവിടെയും ഉണ്ടായേക്കാം.

രണ്ടാം പകുതി സസ്‌പെന്‍സും മന:ശാസ്ത്ര വിശകലനവുമൊക്കെയാണ്. സസ്‌പെന്‍സ് ത്രില്ലറുകള്‍ മലയാളത്തില്‍ അപൂര്‍വമാണെങ്കിലും മിക്കവാറും എല്ലാ ഇത്തരം ജനപ്രിയ സിനിമകളിലും സസ്‌പെന്‍സ് കാണാം. യാതൊരു തരത്തിലുമുള്ള ആകാംക്ഷകളെ തൃപ്തിപ്പെടുത്താത്ത സസ്‌പെന്‍സിന് അവസരത്തിലും അനവസരത്തിലുമുള്ള പശ്ചാത്തല സംഗീതവും സ്ലോ മോഷനും അതിബുദ്ധിമാനായ ബ്രാഹ്മണ പോലിസ് ഓഫീസറും ഒക്കെ നിരന്തരം കടന്നു വരുന്നുണ്ട്. കള്ളു കുടിക്കുന്ന, ഹാര്‍ലി ഡേവിഡ്‌സണില്‍ യാത്ര ചെയ്യുന്ന പച്ച പരിഷ്‌കാരി പെണ്ണും ഉണ്ട്.

പിന്നെ സ്ത്രീകളുടെ മാനസിക വൈകല്യം ഇത്തരം സിനിമകളുടെ മറ്റൊരു ദൗര്‍ബല്യമാണ്. ഹാര്‍ലി ഡേവിഡ്‌സണില്‍ പെഗ് അന്വേഷിച്ചുള്ള വരവ് തന്നെ ഒരുവള്‍ക്ക് പ്രാന്തി ആയുള്ള ഇന്‍ട്രോ നല്‍കുന്നുണ്ട്. 16 വര്‍ഷം നീണ്ട ബന്ധത്തിന്റെ മുറിയല്‍ ഒരു വ്യക്തിയിലുണ്ടാക്കുന്ന മാനസികാഘാതത്തെ ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നൊക്കെയാണ് സിനിമ വിളിക്കുന്നത്. ആ കണ്‍ക്ലൂഷനിലേക്കെത്തിക്കുന്ന വാദങ്ങളും യുക്തികളും വിചിത്രമാണ്. മനോരോഗം എന്നാല്‍ വരച്ചിട്ട അതിരുകളെ മറികടക്കുന്നവര്‍ക്ക് കൊടുക്കുന്ന അംഗീകാരം ആണെന്ന് സിനിമ ഒന്നുകൂടി തെളിയിക്കുന്നു. അതിനേക്കാള്‍ വിചിത്രമാണ് പ്രതിയെ കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്ന രീതി.

ഇതൊക്കെ കഴിഞ്ഞ് എന്തിനാണ് സിനിമക്ക് അച്ചായന്‍സ് എന്ന പേര് എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റു പറയാനാവില്ല. എന്തായാലും കഥയില്‍ ചോദ്യമോ യുക്തിയോ പാടില്ല എന്നാണ് ജനപ്രിയ മലയാള സിനിമ പഠിപ്പിക്കുന്ന ഒന്നാം പാഠം. കൂടുതല്‍ പറയാനുമില്ല. ആ പാഠമനുസരിച്ച് മാത്രമേ അച്ചായന്‍സ് കാണാനാവൂ. കള്ളുകുടി, സ്ത്രീ ശരീരത്തോടുള്ള ആസക്തി, ധ്യാനകേന്ദ്രം, ടൂറ്, തല്ല്, ഊരാക്കുടുക്ക്, കുടുക്കൂരല്‍ ഒന്നും നിങ്ങള്‍ക്ക് കണ്ടുമടുത്തില്ലെങ്കില്‍, മാസ് കൂള്‍ ജയറാമിനു കയ്യടിക്കാമെങ്കില്‍ ചേട്ടായീസ്, സീനിയേഴ്‌സ് ഒക്കെ പുതിയ വീഞ്ഞായി കാണാമെങ്കില്‍ മാത്രം ഈ സിനിമ രസിച്ചേക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Me:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍