സിനിമ

ഇങ്ക്വിലാബ് കേട്ടാല്‍ രക്തമൊന്ന് മുരളും ഹേ! മീഡിയമറിയാത്തവർ സഖാവ് കാണുമ്പോൾ

Print Friendly, PDF & Email

മെക്സിക്കൻ അപാകതയിൽ നിന്ന് ‘സഖാവി’നെ വ്യത്യസ്തമാക്കുന്ന ഒരു സുപ്രധാനഘടകമുണ്ട്, അത് ആട്ടിൻ തോലിട്ട ചെന്നായും തോലേ ഇല്ലാത്തൊരു ചെന്നായും തമ്മിലുള്ള വ്യത്യാസമാണ്

A A A

Print Friendly, PDF & Email

സഖാവ് കണ്ടു. സിനിമാനിരൂപകസിംഹങ്ങൾ/സിംഹിണികൾ പറഞ്ഞുതുടങ്ങിയതും പറയാൻ പോകുന്നതും ശരിയാണ്. ആണത്താഘോഷവും വ്യക്തിഗത ഹീറോയിസവും പൊതുബോധത്തിനു കീഴടങ്ങലും ഒട്ടിപ്പിടിപ്പിക്കുന്ന മെലോഡ്രാമയും കൂട്ടിക്കുഴച്ച സ്ഥിരം ‘ജനപ്രിയസിനിമ’യുടെ മൂശയിലാണ് സഖാവിന്റെയും നിർമ്മിതി. രാവണപ്രഭുവിലെ മംഗലശ്ശേരി നീലകണ്ഠൻ വാർദ്ധക്യത്തിൽ ചെയ്യുന്നപോലൊരു സംഘട്ടനരംഗവും ഫോർ ദ പീപ്പീളിലെന്ന പോലെ നിർത്തിയിടത്തു നിന്ന് തുടങ്ങാൻ പോകുന്ന അടുത്ത സഖാവിലേക്കുള്ള പൈങ്കിളിത്തവും അടക്കം സഖാവ് എന്ന പേരിനെ സാധൂകരിക്കുന്ന യാഥാർത്ഥ്യങ്ങളുമായി സിനിമക്കു ബന്ധമൊന്നുമില്ല. പഴയ കമ്യൂണിസത്തിന്റെ വിക്ടോറിയൻ വാഴ്ത്തുപാട്ട്, ആദർശസമ്പന്നമായ പഴയ കാലത്തെ അപേക്ഷിച്ച് എന്തൊരു ധാർമ്മികാധഃപതനമാണ് സംഭവിച്ചിരിക്കുന്നത് എന്ന ഉപരിവർഗകണ്ണീര്, പുതിയ കുട്ടിസഖാക്കൾ നീതിബോധമില്ലാത്തവരാണെന്നുള്ള പൊതുബോധത്തോടു ചേർന്നിരിപ്പ്, മാർക്സ് ‘കാലഹരണപ്പെട്ട വാചകമടിയുടെ ചപ്പുചവറെ’ന്ന് വിശേഷിപ്പിച്ച ബൂർഷ്വാമാനവവാദത്തിന്റെ കാൽപ്പനികത തേച്ചുപിടിപ്പിച്ച ഡയലോഗുകൾ – ഇങ്ങനെ വ്യവസ്ഥാനുകൂലമായ ചലച്ചിത്രമായി സഖാവിനെ വിലയിരുത്താനും ഖണ്ഡികതിരിച്ച് നിരൂപിക്കാനും സാധ്യതകളേറെയാണ്. അവയിലൊക്കെ വാസ്തവമുണ്ടുതാനും.

എന്നാൽ,
പോപ്പുലർ കൾച്ചർ കലയിൽ ചെയ്യുന്നതെന്തെന്നും അവയുടെ രാഷ്ടീയവ്യവഹാരങ്ങളോടുള്ള ഏറെക്കാലത്തെ നിലപാടെന്തെന്നും അറിയുന്നവർക്ക് സഖാവ് അത്രമേൽ പ്രശ്നഭരിതമായ ചിത്രമായി അനുഭവപ്പെടില്ല. അധികാരവിമർശമായി രൂപപ്പെട്ടതും നിലനിന്നതുമായ സകലതിനേയും മെലോഡ്രാമയിൽ ജ്ഞാനസ്നാനം ചെയ്യിച്ച് പ്രദർശനത്തിന് വെച്ചുശീലിച്ചതാണ് നമ്മുടെ ചലച്ചിത്രവ്യവസായം. അവിടെ ‘സഖാവ്’ എന്ന പുരോഗമനകേരളം നിർമ്മിച്ചെടുത്ത വ്യവസ്ഥാവിമർശത്തിന്റെ ഏറ്റവും മൂർച്ചയേറിയ സംജ്ഞയും പ്രസ്തുത മുതലാളിത്തവിപണിയിലെ ലാഭസാധ്യതയുള്ള ചരക്കാണ്. അതിന്റെ വിപണനസാധ്യത അവർ നോക്കുന്നു, അതിലത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ മെക്സിക്കൻ അപാകതയിൽ നിന്ന് ‘സഖാവി’നെ വ്യത്യസ്തമാക്കുന്ന ഒരു സുപ്രധാനഘടകമുണ്ട്, അത് ആട്ടിൻ തോലിട്ട ചെന്നായും തോലേ ഇല്ലാത്തൊരു ചെന്നായും തമ്മിലുള്ള വ്യത്യാസമാണ്. വലതുപക്ഷരാഷ്ടീയത്തിന്റെ രോഗാണുക്കൾ ചുവന്നകൊടിയുടെ ചെലവിൽ വിറ്റഴിക്കുന്ന പണിയാണ് മെക്സിക്കൻ അപാകത ചെയ്തതെങ്കിൽ സഖാവ് ചെയ്യുന്നത് ഏറെക്കാലമായി കാൽപ്പനികവത്ക്കരിച്ചു നിലനിന്ന കേരളത്തിലെ ചുവപ്പുസ്വപ്നങ്ങളെ നേർക്കുനേർ വിറ്റഴിക്കുകയാണ്. ചതിയിൽ വേറെ കള്ളമില്ല എന്നർത്ഥം.

ഇടതുപക്ഷരാഷ്ടീയപ്രവർത്തനവുമായി ബന്ധപ്പെട്ടു പരിചയമുള്ളവർക്ക് ഈ സഖാവ് അവരുടെ സഖാവാവില്ലെങ്കിലും നമ്മള് കൊയ്യും വയലുകളെ നമ്മുടേതാക്കുന്ന പൈങ്കിളിയെ സ്വപ്നം കണ്ടതുമുതലുള്ള കേരളത്തിന്റെ ആൾക്കൂട്ടമനസ്സ് കിനാവുകണ്ട സഖാവ് ഏറെക്കുറേ ഇതുതന്നെയാണ്. അവരെയാണ് പോപ്പുലർ സിനിമ അഭിസംബോധന ചെയ്യുന്നത്, അവരെ അഭിസംബോധന ചെയ്യാനേ പോപ്പുലർ സിനിമക്കു കഴിയൂ താനും.

അതോടൊപ്പം സഖാവിൽ കാണുന്ന, കാണേണ്ട ചിലതുണ്ട്. മഞ്ഞുകാലത്ത് പുതയ്ക്കാനും കാലുമടക്കി തൊഴിക്കാനും ഒരു പെണ്ണുവേണമെന്ന മോഹൻലാൽ ഡയലോഗിനു പ്രതിവാചകമെന്നോണം ഒരുമിച്ച് കൊടിപിടിക്കാനും സമരം ചെയ്യാനും ഒരു സഖാവിനെ ഒപ്പം വേണമെന്നു പറയുന്ന നായകൻ, പണിയെടുത്തുവന്ന് കൂലി തന്നെയേൽപ്പിക്കുമ്പോൾ “സഖാവ് ജോലി ചെയ്തതിന്റെ കൂലി സഖാവിന്റേതാണ്, അത് സഖാവിന്റെ കയ്യിലിരിക്കട്ടെ” എന്നു പറയുന്ന നായകൻ – (നാമെന്നും തീവ്രവലതുസ്ഥാപനമായി നിലനിർത്തിപ്പോന്ന കുടൂംബത്തിൽ എത്ര നായകന്മാർ നായികമാരുടെ കൂലി പോക്കറ്റിലിടുന്നത് തങ്ങളുടെ അവകാശമായി കരുതിപ്പോന്നിട്ടില്ല എന്ന് വിപ്ലവകുടുംബസ്ഥർ വരെ ആലോചിക്കുന്നത് നന്നായിരിയ്ക്കും) എന്നിങ്ങനെ ഏറെക്കാലമായി നമ്മുടെ ചലച്ചിത്രലോകം പച്ചയ്ക്കു പറഞ്ഞിരുന്ന അശ്ലീലങ്ങൾക്ക് നേർവിപരീതമായി പല വാചകങ്ങളും കയ്യടിയോടെ തീയറ്ററിൽ സ്വീകരിക്കപ്പെടുകയാണ്. ആ കയ്യടിയുടെ അർത്ഥം തീർച്ചയായും ആ ആശയത്തെ കയ്യേൽക്കുന്നു എന്നല്ല, സമ്മതം. പക്ഷേ മാസ് സൈക്കിയിൽ അതിനുമൊരു ധർമ്മമുണ്ട്. രജനീകാന്ത് കബാലിയിൽ “ഗാന്ധി കോട്ടിടാതിരുന്നതിനും അംബേദ്കർ കോട്ടിട്ടതിനുമെല്ലാം ഒരുപാട് അർത്ഥമുണ്ട്” എന്നു പറയുമ്പോഴും ആ ധർമ്മമുണ്ട്. അത് കബാലിയെന്ന സിനിമയുടെ സമഗ്രരൂപത്തോട് യോജിക്കലല്ല. മനുഷ്യർ ഒന്നിച്ചാസ്വദിക്കുന്ന ഏത് കലയിലും വ്യവസ്ഥാവിമർശത്തിന്റെ ഒരു ചീള് വന്നുവീണാൽ അത്രയും സന്തോഷം.

ദേശീയഗാനം തുടങ്ങിയപ്പോൾ എഴുന്നേൽക്കാത്തവർ നിരവധിയായിരുന്നു. മോദിയുടെ പാർപ്പിടപദ്ധതിപ്പരസ്യം വന്നപ്പോൾ സഖാവിനു കിട്ടിയ കയ്യടിയേക്കാളും ഉച്ചത്തിൽ കൂക്കുവിളിയായിരുന്നു. സിനിമയ്ക്ക് പുറത്ത്, കയറും മുൻപും ഇറങ്ങിക്കഴിഞ്ഞും ഇങ്ക്വിലാബുകളായിരുന്നു. ഇതൊക്കെ ആൾക്കൂട്ടത്തിന്റെ പുന്നാരപ്പൈങ്കിളത്തമെന്നു പുച്ഛിക്കാനെളുപ്പമാണ്. പക്ഷേ അനുദിനം സംഘിവത്ക്കരിക്കപ്പെടുന്ന ഇന്ത്യൻ ഫാഷിസ്റ്റ് മുനമ്പിൽ നിന്ന് ചെങ്കൊടിയുടെ ആവേശം എത്രമേൽ ഉപരിപ്ലവകാൽപ്പനികമായിപ്പോലും പങ്കുവെക്കപ്പെടുന്നത് അത്ര മോശം കാര്യമായൊന്നും എനിക്കു തോന്നുന്നില്ല. ചെങ്കൊടിയിലും സഖാവിലും വികാരം നിലനിൽക്കുന്നത് അത്ര അപലപനീയമായും തോന്നുന്നുമില്ല.

പിന്നെ, കാൽപ്പനികതയും വൈകാരികതയും അത്രമേൽ ഭൗതികവിരുദ്ധമാണെന്നും തോന്നുന്നില്ല. നൈതികതയും ഭൗതികശക്തിതന്നെയാണ്. എവിടെ നിന്ന് ഇങ്ക്വിലാബ് കേട്ടാലും എന്നേപ്പോലുള്ള പാവങ്ങൾക്ക് ഉള്ളിലൊരു തിരമാല അലയടിക്കും. അതു റേഷൻകടക്കു മുന്നിലെ സമരമായാലും സിനിമാതീയറ്ററിനു മുന്നിലായാലും. എല്ലായിടത്തും ഏറ്റുവിളിച്ചെന്നു വരില്ല. പക്ഷേ അകത്ത് രക്തമൊന്നു മുരളും. അതത്ര മോശം കാര്യമാണെങ്കിൽ ഞാനങ്ങ് സഹിച്ചു.

(ശ്രീചിത്രന്‍ ഫേസ്ബുക്കിലെഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍