വിദേശം

ഐ എസ് റിക്രൂട്ട്മെന്‍റ്; ജര്‍മ്മനിയില്‍ 60 നഗരങ്ങളില്‍ റെയ്ഡ്

Nov 17 2016 04:09 PM

A A A

Print Friendly

വാഷിംഗ്ടണ്‍ പോസ്റ്റ്

ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി ആളുകളെ ചേര്‍ക്കുന്നു എന്ന ആരോപണം നേരിടുന്ന ഇസ്ലാമിക സംഘടനയായ ട്രൂ റിലിജിയണെ ലക്ഷ്യം വച്ചുകൊണ്ട് ചൊവ്വാഴ്ച ജര്‍മ്മനിയിലെ 60 നഗരങ്ങളില്‍ ജര്‍മ്മന്‍ പോലീസ് വ്യാപക തിരച്ചിലുകള്‍ നടത്തി. മതതീവ്രവാദികളെ അടിച്ചമര്‍ത്താനുള്ള വ്യാപക നടപടികളുടെ ഭാഗമായിരുന്നു തിരച്ചിലുകള്‍.

ജര്‍മ്മനിയിലും അയല്‍രാജ്യങ്ങളിലും സമീപകാലത്ത് തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും നാട്ടില്‍ വളരുന്ന തീവ്രവാദത്തെ കുറിച്ചുള്ള ഭീതി വര്‍ദ്ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ജര്‍മ്മനിയില്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് തിരച്ചിലുകള്‍ നടന്നിട്ടുണ്ട്.

വളരെ പ്രത്യക്ഷമായി പ്രവര്‍ത്തിക്കുകയും തിരക്കേറിയ തെരുവുകളില്‍ മേശയിട്ടിരുന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, ജര്‍മ്മനിയില്‍ എമ്പാടും വ്യാപിച്ചിരിക്കുന്ന മുസ്ലീം സംഘടനയായ സലഫികള്‍ അഥവാ കടുത്ത യാഥാസ്ഥിതികരുമായി ബന്ധമുള്ള 190 പള്ളികള്‍, അപ്പാര്‍ട്ടുമെന്റുകള്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്. 

നിയമപരമായി പ്രവര്‍ത്തിക്കുന്ന മതസംഘടന എന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും തീവ്രഇസ്ലാമിക് സ്റ്റേറ്റിനായി ഇവര്‍ ആളുകളെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ചൊവ്വാഴ്ചത്തെ തിരച്ചില്‍ തുടങ്ങിയ ശേഷം ജര്‍മ്മന്‍ ഇന്റീരിയര്‍ മന്ത്രി തോമസ് ഡി മെയ്‌സിറെ പറഞ്ഞു. സംഘടനയില്‍ അംഗത്വമുള്ള 140 പേര്‍ സിറിയയില്‍ യുദ്ധം ചെയ്യുന്നതിനായി പോയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെറുപ്പ് കുത്തിനിറയ്ക്കുന്നതിന്റെയും തീവ്രവാദം പ്രചരിപ്പിക്കുന്നതിന്റെയും പേരില്‍ സംഘടനയെ ജര്‍മ്മനിയില്‍ ഔദ്യോഗികമായി നിരോധിക്കുമെന്നും ഡി മെയ്‌സിറെ പറഞ്ഞു. ‘നമ്മുടെ സ്വാതന്ത്ര്യത്തിനും അടിസ്ഥാന മൂല്യങ്ങള്‍ക്കുമെതിരായ ഏതൊരു നീക്കത്തിനുമെതിരെ നമ്മള്‍ നിര്‍ണായകവും സമഗ്രവുമായ നടപടികള്‍ സ്വീകരിക്കുമെന്നതിന്റെ കൃത്യമായ സൂചനയാണ് ഇന്നത്തെ തിരച്ചിലുകള്‍,’ എന്നദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പണപ്പിരിവ് നടത്തുകയും ആളെ ചേര്‍ക്കുന്നതിനായി സഹായിക്കുകയും ചെയ്ത അഞ്ചുപേരെ കഴിഞ്ഞ ആഴ്ച  അറസ്റ്റ് ചെയ്തതുള്‍പ്പെടെ തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുത്താനുള്ള ജര്‍മ്മനിയുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു തിരച്ചിലുകള്‍.

എന്നാല്‍ ജര്‍മ്മനി മതസ്വാതന്ത്ര്യത്തെ ലക്ഷ്യം വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കാനും ഡി മെയ്‌സര്‍ ചൊവ്വാഴ്ച തയ്യാറായി.

‘പൊതുവായി ഇസ്ലാമിക വിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ പിന്തുടരുന്നതിനോ ഇന്നത്തെ നിരോധനം തടസ്സം സൃഷ്ടിക്കുന്നില്ല. ജര്‍മ്മനിയിലും നമ്മുടെ സമൂഹത്തിലും ഇസ്ലാം മതത്തിന് സ്ഥിരവും സുരക്ഷിതവുമായ ഒരിടമുണ്ട്.’

തിരച്ചിലില്‍ പോലീസുകാര്‍ രേഖകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. നിരോധനത്തിനെ പിന്തുണയ്ക്കുന്ന രേഖകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടത്തുന്നതെന്നും ഉടനടി അറസ്റ്റുകള്‍ ഉണ്ടാവില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2005ല്‍ സ്ഥാപിക്കപ്പെട്ട ട്രൂ റിലിജിയണ്‍ സംഘത്തെ നയിക്കുന്നത് പലസ്തീനില്‍ ജനിച്ച ഇബ്രാഹിം അബൗ-നാഗിയാണ്. ജര്‍മ്മനിയിലെ നഗരകേന്ദ്രങ്ങളില്‍ സംഘം ഇതിനകം തന്നെ 3.5 ലക്ഷം ഖുറാന്‍ കോപ്പികള്‍ വിതരണം ചെയ്തതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ നൂറുകണക്കിന് പ്രവര്‍ത്തകരുള്ള സംഘടന തീവ്രഇസ്ലാമിക് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു മറയായാണ് ഖുറാന്‍ പ്രചാരണത്തെ ഉപയോഗിക്കുന്നതെന്ന് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രേരണക്കുറ്റത്തിന്റെ പേരില്‍ അബൗ-നാഗിയ്‌ക്കെതിരെ നേരത്തെ കുറ്റും ചുമത്തപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ, നിയമവിരുദ്ധമായി സ്വീകരിച്ച 50,000 യൂറോയ്ക്ക് തത്തുല്യമായ സാമൂഹിക സംഭാവനകളുടെ പേരിലുള്ള ഒരു കേസുമായി ബന്ധപ്പെട്ട് മാത്രമാണ് അയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.

മോസ്റ്റ് റെഡ്


Share on

മറ്റുവാർത്തകൾ