ട്രെന്‍ഡിങ്ങ്

പ്രിയ പിള്ളയ്ക്കെതിരെ ക്രിമിനല്‍ മാനനഷ്ടത്തിന് സ്വകാര്യ കമ്പനിക്കനുമതി; വിധി ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്നത്

Print Friendly, PDF & Email

ഗ്രീന്‍പീസ് ഇന്ത്യയ്ക്കും മഹാന്‍ സംഘര്‍ഷ് സമിതിയില്‍ പെട്ട ഗ്രാമീണര്‍ക്കുമെതിരെ 500 കോടിരൂപയുടെ നഷ്ടപരിഹാര കേസാണ് എസ്സാര്‍ ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്

A A A

Print Friendly, PDF & Email

വ്യക്തികള്‍ക്കെതിരെ സ്വകാര്യ കമ്പനികള്‍ക്ക് ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കാമെന്ന സുപ്രീം കോടതി വിധി ഉണ്ടാക്കാന്‍ പോകുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍. ഭിന്നാഭിപ്രായങ്ങളെ ഇല്ലാതാക്കാനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും സ്വകാര്യ കമ്പനികള്‍ക്ക് പുതിയ ഉത്തരവ് സഹായകമാകും എന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ഈ ഉത്തരവ് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും  നിലനില്‍ക്കുന്നുണ്ട്. പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്‍റെ പ്രവര്‍ത്തക പ്രിയ പിള്ളയ്‌ക്കെതിരായ ക്രിമിനല്‍ മാനനഷ്ട നടപടികളുമായി മുന്നോട്ട് പോകാമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വിധിച്ചത്. ഒരു സ്വകാര്യ കമ്പനിക്ക് വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കാന്‍ അവകാശമുണ്ടോ എന്ന് ചോദിക്കുന്ന പ്രിയയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഇത്. കേസില്‍ നേരത്തെയുള്ള ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പുതുതായി വിശദീകരണം ഒന്നും നല്‍കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയലും യു യു ലളിതും അടങ്ങിയ ബഞ്ച് വിധിക്കുകയായിരുന്നു.

നിയമവിരുദ്ധ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് മഹാന്‍ കോള്‍ ലിമിറ്റഡിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു എന്നും ആരോപിച്ചുമാണ് കമ്പനി പ്രിയ പിള്ളയ്‌ക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയത്. എന്നാല്‍ കമ്പനിക്ക് സിവില്‍ കേസുകള്‍ നല്‍കാമെന്നും ക്രിമിനല്‍ നടപടികള്‍ക്ക് അവകാശമില്ലെന്നുമായിരുന്നു പ്രിയ പിള്ളയുടെ വാദം. ഒരു കോര്‍പ്പറേറ്റ് സ്ഥാനത്തെ തടവിലാക്കാനാവില്ലെന്നും മറിച്ച് അതിനെതിരെ പിഴ ശിക്ഷ വിധിക്കാനേ കഴിയൂ എന്നും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ 14-ാം വകുപ്പ് ഉറപ്പു നല്‍കുന്ന തുല്യനീതി പ്രകാരം കമ്പനികള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടാനേ അവകാശമുള്ളുവെന്നും അല്ലാതെ തടവിലാക്കണമെന്ന് അപേക്ഷിക്കാനാവില്ലെന്നും പ്രിയ പിള്ള വാദിച്ചു.

നിയമം ദുരപയോഗം ചെയ്യപ്പെടുന്നതിന്റെ ഇരയാണ് താന്‍. പൊതുപങ്കാളിത്തം, കൂട്ടായ്മ, സംവാദം, പിന്‍തുണ തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തി വ്യവസ്ഥയെ ദുരുപയോഗം ചെയ്യാനാണ് മഹാന്‍ കോള്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. പൊതുതാല്‍പര്യ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവാദങ്ങളും പിന്തുണയും പരിമിതപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ രാജ്യത്തെ വന്‍കിട കുത്തകകള്‍ ക്രിമിനല്‍ അപകീര്‍ത്തി വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്ന തന്ത്രത്തിന്റെ ഭാഗമാണ് തനിക്കെതിരായ കേസെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചിത്രം: മഹാനിലെ പ്രതിഷേധം, ഗ്രീന്‍പീസ് ഇന്ത്യ

 

ഇതൊരു പ്രധാന പ്രശ്‌നമാണെന്നും അതിനാല്‍ തന്നെ വിശദീകരണം ആവശ്യമാണെന്നും കാണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം സുപ്രീം കോടതി സെപ്തംബര്‍ അഞ്ചിന് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയുടെയും വനസമൂഹങ്ങളിലെ അംഗങ്ങളുടെയും ഗ്രീന്‍പീസ് സൊസൈറ്റി ഇന്ത്യയുടെ അംഗങ്ങളുടെയും അതിനെ പിന്തുണയ്ക്കുന്നവരുടെയും ശേഷി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ റാഞ്ചാനാണ് സ്വകാര്യകമ്പനി ശ്രമിക്കുന്നതെന്ന് അവര്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടു പോകാമെന്നാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. പ്രിയയുടെ അപേക്ഷയില്‍ ഇടപെടാനുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷ കോടതി സ്വീകരിച്ചു.

ഹിന്‍ഡാല്‍ക്കോ ഇന്‍ഡസ്ട്രീസിന്റെയും എസ്സാര്‍ എനര്‍ജിയുടെയും സംയുക്ത സംരംഭമായ മഹാന്‍ കല്‍ക്കരി ഖനി പദ്ധതി, മധ്യപ്രദേശിലെ മഹാന്‍ വനമേഖലയിലാണ് വ്യാപക ഖനനം നടത്തുന്നത്. ഇവിടെ 54-62 ഗ്രാമങ്ങളിലെ ജനങ്ങള്‍ ഈ കാടുകളെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. മാത്രമല്ല നിരവധി ദേശാടന പക്ഷികളുടെ സങ്കേതം അതീവ ലോലമായ ജൈവവൈവിദ്ധ്യ മേഖലയാണ്. 2006-ല്‍ കമ്പനി രൂപീകരിച്ചെങ്കിലും സമ്പന്നമായ ജൈവവൈവിദ്ധ്യമുള്ള ഈ മേഖലയില്‍ ഖനനം നടത്തിയാല്‍ സ്വാഭാവിക വനങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുമെന്നും വന്യജീവി ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി 2011ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഖനനാനുമതി നിഷേധിച്ചിരുന്നു.

ചിത്രം: ഗ്രീന്‍പീസ് ഇന്ത്യ

 

എന്നാല്‍ 2014 ഫെബ്രുവരിയില്‍ കമ്പനിക്ക് ഖനനാനുമതി ലഭിച്ചു. തുടര്‍ന്ന് ഇവിടെ ഗ്രീന്‍ പീസ് പ്രവര്‍ത്തകരും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും സമരം ആരംഭിച്ചു. ഗ്രീന്‍പീസ് ഇന്ത്യയ്ക്കും മഹാന്‍ സംഘര്‍ഷ് സമിതിയില്‍ പെട്ട ഗ്രാമീണര്‍ക്കുമെതിരെ 500 കോടിരൂപയുടെ നഷ്ടപരിഹാര കേസ് നല്‍കിക്കൊണ്ടാണ് എസ്സാര്‍ ഗ്രൂപ്പ് പ്രതികരിച്ചത്. മജിസ്ട്രേറ്റ് കോടതി ഇത് തള്ളിയെങ്കിലും മേല്‍ക്കോടതിയിലൂടെ കമ്പനി പിന്നീട് ഇതില്‍ അനുകൂല ഉത്തരവ് സമ്പാദിച്ചു. ഇതിനെതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം ഭരണഘടനാ പ്രശ്നമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇത് പ്രധാനപ്പെട്ട പ്രശ്നമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും നിര്‍ദേശിച്ചത്. എന്നാല്‍ തിങ്കളാഴ്ച കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റുകയും ആദ്യ ഹിയറിംഗില്‍ തന്നെ ഹര്‍ജി തള്ളുകയുമായിരുന്നു.

2015 തുടക്കത്തില്‍, എസ്സാറിന്റെ കേന്ദ്ര ആസ്ഥാനമായ ഇംഗ്ലണ്ടില്‍ അവിടുത്തെ എംപിമാരോട് പ്രശ്‌നത്തിന്റെ ഗൗരവം വിശദീകരിക്കുന്നതിനായി ലണ്ടനിലേക്ക് യാത്ര ചെയ്യാനൊരുങ്ങിയ  പ്രിയ പിള്ളയെ ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ വിമാനത്തില്‍ നിന്നും പിടിച്ചിറക്കുകയും യാത്രാനുമതി നിഷേധിക്കുകയും ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാണ് പ്രിയയും ഗ്രീന്‍ പീസും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍