വിദേശം

ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആധുനിക ചരിത്രത്തിലെ കൊടുംഭീകരര്‍

A A A

Print Friendly, PDF & Email

ടീം അഴിമുഖം

ഫ്രാന്‍സിലെ ഭീകരവാദി ആക്രമണവും ബംഗ്ലാദേശില്‍ ഈയടുത്ത് നടന്ന ഒറ്റതിരിഞ്ഞ ഭീകരാക്രമണങ്ങളും ഇന്ത്യക്ക് മാരകമായ മുന്നറിയിപ്പുകളാണ്. കുറഞ്ഞ ചെലവില്‍ കടുത്ത ആഘാതം സൃഷ്ടിക്കുന്ന ഇത്തരം ഭീകരാക്രമണങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സുരക്ഷ സംവിധാനം തയ്യാറെടുക്കണമെന്ന് മാത്രമല്ല, പ്രാദേശികമായ അസംതൃപ്തികള്‍ക്ക് ഐ എസ് പ്രചാരണത്തില്‍ ആഗോള പ്രതിധ്വനി ലഭിക്കാനുള്ള സാധ്യതക്കെതിരെ രാജ്യത്തെ രാഷ്ട്രീയ സംവിധാനം ജാഗ്രത പുലര്‍ത്തുകയും വേണം. 

പാരീസ് ആക്രമണത്തില്‍ വേണ്ടിവന്നത് കഷ്ടി ഒരു ഡസന്‍ വരുന്ന സായുധരായ ആളുകളും കുറച്ചു ആയുധങ്ങളും 2008ലെ മുംബൈ ആക്രമണത്തെ അപേക്ഷിച്ച് വളരെക്കുറവ് തയ്യാറെടുപ്പും മാത്രമാണ്. ഒരു വിദേശ രാജ്യത്തുനിന്നും ബോട്ടില്‍ വരേണ്ട ആവശ്യമുണ്ടായിരുന്നില്ല, പാരീസ് നഗരത്തില്‍ ജി പി എസും ആവശ്യമില്ല.

അല്‍ ഖ്വയ്ദയേക്കാള്‍ വലിയ ഭീഷണി 
ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ വ്യാപിക്കുന്നതും, അതിന്റെ തീവ്രമായ ആശയങ്ങള്‍ക്ക് ആഗോളമായി പല കോണില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയും സൂചിപ്പിക്കുന്നത് ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരവാദ സംഘടനയായിരിക്കും ഐ എസ് എന്നാണ്. ഒരിക്കല്‍ അല്‍ ഖ്വയ്ദയുടെ ഇറാഖിലെ ഒരു വിഭാഗം മാത്രമായിരുന്ന ഐ എസ് ഇപ്പോള്‍ ക്രൂരതയിലും ആക്രമണ വ്യാപ്തിയിലും അവരെ മറികടക്കുകയാണ്. 

അല്‍ ഖ്വയ്ദ ചെയ്തപോലെ വമ്പന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയല്ല ഐ എസ്. പക്ഷേ ലോകത്ത് പല രാജ്യത്തും അനുയായികളെ ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതിനാല്‍ ഏതാണ്ടെല്ലാ രാജ്യങ്ങളിലും വലിയ തോതിലുള്ള ഭീകരാക്രമണങ്ങള്‍ പോലും നടത്താന്‍ അവര്‍ക്കാകുന്നു. 

പാരീസിലെ ഭീകരാക്രമണത്തിലൂടെ ഐ എസ് നടത്തിയത് എന്നുതന്നെ കരുതാവുന്ന ആഘാതത്തില്‍ ലോകം വിറങ്ങലിക്കവേ ഐ എസിന്റെ ഭയാനകമായ വളര്‍ച്ചയെക്കൂടിയാണ് അതു കാണിക്കുന്നത്. അല്‍ ഖ്വയ്ദ പോലെ ഏതെങ്കിലും വിദൂരപ്രദേശത്തുള്ള ഒരു രഹസ്യ സംഘടനയായല്ല, മറിച്ച് വിശാലമായ ഭൂപ്രദേശമുള്ള ഒരു ഖിലാഫതും, കടുത്ത ആശയവിനിമയ തന്ത്രങ്ങളും, ലോകത്തെങ്ങുമായി പതിനായിരക്കണക്കിന് അനുയായികളും-പ്രത്യേകിച്ചും പടിഞ്ഞാറന്‍ നാടുകളില്‍-ഉള്ള ഒന്നായാണ് അതിന്റെ വ്യാപനം. 

ആധുനിക ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്നതായ അമേരിക്കയിലെ 9/11 ആക്രമണം നടത്തിയത് അല്‍ ഖ്വയ്ദയാണെങ്കിലും കാലക്രമേണ പടിഞ്ഞാറന്‍ താത്പര്യങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ഒരു അമൂര്‍ത്ത സംഘമായി മാറി അത്. അക്രമാസക്തമായ ആശയം പ്രചരിപ്പിക്കാന്‍ ഒരു ഖിലാഫത്ത് സ്ഥാപിക്കുന്നത് ഒസാമ ബിന്‍ ലാദനോ അനുയായികളോ ഒരിക്കലും നിര്‍ണാകയക നീക്കമായി കണ്ടിരുന്നില്ല. എന്നാല്‍ അതിനു വിരുദ്ധമായി ഐ എസ് പറഞ്ഞതും നടപ്പാക്കുന്നതും ഖിലാഫത്താണ്. ഇറാഖിലും സിറിയയിലുമായി വലിയൊരു ഭൂപ്രദേശത്തിന് മേലുള്ള നിയന്ത്രണവും പുത്തന്‍ സാമൂഹ്യമാധ്യമ വിദ്യകളും എല്ലാം ചേര്‍ന്ന് അവര്‍ക്ക് വലിയ ആഗോള സാന്നിധ്യം ഉറപ്പു നല്‍കി. ഭൂപ്രദേശം കയ്യിലായതോടെ ഐ എസ് ചെയ്തത് അതിന്റെ സൈനിക ശേഷി വളര്‍ത്തുകയും അനുഭാവികളെ ഉത്തേജിപ്പിക്കുകയുമായിരുന്നു. 

പടിഞ്ഞാറന്‍ കേന്ദ്രങ്ങളെ ആക്രമിക്കലായിരുന്നു അല്‍ ഖ്വയ്ദയുടെ പരമമായ ലക്ഷ്യം. അതുവഴി പശ്ചിമേഷ്യയിലെ ഭരണകൂടങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാനും നാടകീയമായ പിന്‍വാങ്ങലിനും യു എസിനെ പ്രേരിപ്പിക്കുകയായിരുന്നു അവര്‍. അല്‍ ഖ്വയ്ദയുടെ ഈ ലക്ഷ്യവും രഹസ്യ ഭീകരവാദ സംഘമെന്ന സ്വഭാവവും ഐ എസില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്. ഐ എസ് ഖിലാഫാത്ത് ഉണ്ടാക്കുക മാത്രമല്ല, ഷിയാക്കള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍, പടിഞ്ഞാറന്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നീ ശത്രുക്കള്‍ക്കെതിരെയും നീങ്ങുന്നുണ്ട്. 

ഐ എസ് ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരവാദി സംഘടനയാകാനുള്ള കാരണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അതിലുള്ള നൂറുകണക്കിന് അംഗങ്ങളും ആയിരക്കണക്കിനാളുടെ പിന്തുണയുമാണ്. 

ഇതിനര്‍ത്ഥം അല്‍ ഖ്വയ്ദയെ പോലെ ഐ എസിന് ആക്രമണം നടത്താനായി തങ്ങളുടെ അംഗങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് ഒളിച്ചുകടത്തേണ്ടതില്ല എന്നാണ്. യു.എസിലും മിക്കവാറും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും, നിരവധി ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും, ഇന്ത്യയടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും അവര്‍ക്ക് അംഗങ്ങളും അനുഭാവികളും ആക്രമങ്ങള്‍ നടത്താന്‍ പാകത്തില്‍ തന്നെയുണ്ട്. ഇത് കുറഞ്ഞ ചെലവില്‍ കടുത്ത ആഘാതത്തോടെ പാരീസില്‍ കഴിഞ്ഞ രാത്രി നടന്നതുപോലെയോ അല്ലെങ്കില്‍ 2008ല്‍ മുംബൈയില്‍ നടന്നതിനൊപ്പമോ ആകും.

വിവരത്തിനുവേണ്ടിയുള്ള പാച്ചില്‍ 
2014ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഔദ്യോഗികമായി ഖിലാഫത്ത് പ്രഖ്യാപിച്ചുകൊണ്ടു ആഗോള ശ്രദ്ധയിലേക്ക് ഇടിച്ചുകയറിയപ്പോള്‍ മുതല്‍ ഈ സംഘത്തിനെയും അവരുടെ അനുഭാവികളെയും കുറിച്ചുള്ള വിവരങ്ങള്‍ക്കായി പടിഞ്ഞാറന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ പരക്കം പായുകയാണ്. 

ഐ എസിനെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും കൈമാറാന്‍ ആവശ്യപ്പെടുന്ന പടിഞ്ഞാറന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ത്ഥനകള്‍ തങ്ങള്‍ക്ക് നിത്യേനയെന്നോണം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സുരക്ഷ സംവിധാനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകത്തെ സുരക്ഷ സംവിധാനങ്ങള്‍ക്കെല്ലാം ഉറക്കമില്ലാത്ത രാത്രികളാണ് ഈ ആഗോള ഭീകരവാദ സംഘം നല്‍കുന്നത്. 

‘നമ്മുടെ രാജ്യങ്ങളില്‍ നിന്നും ഏറെ ദൂരെ സുരക്ഷിത പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ച് വളരെക്കുറവ് വിശ്വസനീയ വിവരങ്ങളെ നമുക്ക് നമുക്ക് ലഭിക്കുന്നുള്ളൂ,’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

എന്നാല്‍ ഐ എസില്‍ ചേരാന്‍ പോയി വന്നവരില്‍ നിന്നും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ നിര്‍ണായകമാണ്. നിഗമനങ്ങള്‍ അനുസരിച്ച് ഏതാണ്ട് 20 ഇന്ത്യക്കാര്‍ ഇപ്പോഴും ഐ എസിനൊപ്പമുണ്ട്. ഐ എസില്‍ ചേരാനായി സിറിയയിലേക്കും ഇറാഖിലെക്കും പോകാന്‍ തയ്യാറെടുത്ത ഏതാണ്ട് 22 ചെറുപ്പക്കാരെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ ഇതുവരെയായി തടഞ്ഞു. ഐ എസിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കാളികളാവുകയും അത് പങ്കുവെക്കുകയും ചെയ്യുന്ന എട്ടിലേറെ ഇന്ത്യക്കാരും നിരീക്ഷണത്തിലാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍