പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

അന്യം നിന്നുപോകുമോ ഈ ദ്രാവിഡക്കുപ്പായങ്ങള്‍?

A A A

Print Friendly, PDF & Email

ദ്രാവിഡപ്പെരുമയില്‍ അഭിമാനം കൊളളുന്ന തമിഴകം ഇന്നൊരു പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ സര്‍വസ്വവുമായ സാക്ഷാല്‍ പുരട്ശ്ചിത്തലൈവി ജെ. ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചതു മുതലാണ് സംസ്ഥാനത്ത് അപ്രതീക്ഷിതമായ പ്രതിസന്ധിയും ഊഹാപോഹങ്ങളും തലപൊക്കിത്തുടങ്ങിയത്. ഭരണഘടനാപരമായ അനിശ്ചിതത്വം ഉണ്ടാകാമെന്ന നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ജയലളിതയെ മുഖ്യമന്ത്രിയായി നിലനിര്‍ത്തി, പകരം അവര്‍ വഹിച്ചിരുന്ന ആഭ്യന്തരം, പൊതുഭരണം, റവന്യു എന്നീ വകുപ്പുകളുടെ ചുമതല ധനമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു നല്‍കി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഉത്തരവിറക്കിയിരിക്കുന്നു. മന്ത്രിസഭയോഗങ്ങളില്‍ അധ്യക്ഷത വഹിക്കുന്നതും പനീര്‍ശെല്‍വമായിരിക്കും. ഗവര്‍ണറുടെ പ്രത്യേക വിവേചനാധികാരം ഉപയോച്ചാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഭരണനിര്‍വഹണത്തില്‍ ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയ അനിശ്ചിതത്വം തത്കാലം നിങ്ങിയിരിക്കാം. അപ്പോഴും ജയലളിതയുടെ ആരോഗ്യനില എന്താണെന്നതിലാണു അനിശ്ചിതത്വം നീങ്ങാത്തത്. ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആരുടേയും അനുവാദമില്ലാതെ വിവിഐപികള്‍ അപ്പോളോ ആശുപത്രിയിലേക്കു കയറിച്ചെന്നിരുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ സദാശിവവും എത്തിയിരുന്നു. അതിനു മുമ്പ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി വെങ്കയ്യാനായിഡുവും ഡല്‍ഹിയില്‍ നിന്നു പറന്നിറങ്ങിയിരുന്നു. ഇന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും അപ്പോളോയില്‍ എത്തുന്നു. ഇവരില്‍ ആരൊക്കെ ജയാമ്മയെ നേരില്‍ കണ്ടു/ കാണും എന്നറിയില്ല. എന്നാല്‍ ഇവരാരും തന്നെ തലൈവി ജയലളിത അപകടാവസ്ഥയിലാണെന്നു പുറത്തിങ്ങി പ്രസ്താവിച്ചില്ല. മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നു എന്നു മാത്രമാണ് അപ്പോളോ ആശുപത്രിയെ തലയിലെടുത്തുവച്ചു നടക്കുന്ന മാധ്യമപ്രവര്‍ത്തകരോടു മൊഴിഞ്ഞത്. 

എന്നാല്‍ ജയലളിതയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ കടന്നാക്രമണം നടത്തിയവര്‍ക്കെതിരേ മാനനഷ്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് പൊലീസ് ഊഹാപോഹങ്ങളെ നേരിട്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരേ 218 മാനനഷ്ട കേസുകള്‍ ഫയല്‍ ചെയ്തു ചരിത്രം സൃഷ്ടിച്ചിട്ടുള്ള ജയലളിത ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായാലും കൃത്യവിലോപം ചെയ്യാന്‍ പാടില്ലല്ലോ. ഭരണസ്തംഭനം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടാകാം തമിഴകത്തിന്റെ താത്കാലിക ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ തന്നെ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പലരേയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സീനിയര്‍ മന്ത്രിമാരായ പനീര്‍ശല്‍വത്തെയും എഡപ്പാടികെ പളനിസ്വാമിയേയും ചീഫ് സെക്രട്ടറി രാമമോഹന റാവുവിനേയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക്‌വിളിപ്പിച്ചത് (മന്ത്രിമാര്‍ കയറിച്ചെന്നതാണോ അതോവിളിപ്പിച്ചതാണോ എന്ന കാര്യത്തില്‍ മാധ്യമക്കാര്‍ക്കിടയില്‍ സംശയം അവശേഷിക്കുന്നു!). 

ജയലളിത അത്ര പെട്ടെന്ന് സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിലേക്ക് മടങ്ങിയെത്തുമെന്ന് ഡോക്ടര്‍മാരാരും കരുതുന്നില്ല. അതുകൊണ്ടുതന്നെയാണു താത്കാലികമായ ചില വച്ചുമാറ്റങ്ങള്‍ നടന്നത്. ഇല്ലെങ്കില്‍ സംസ്ഥാനത്തിന്റെ അവസ്ഥ പരിതാപകരമായിത്തീരുമെന്ന് ഉന്നതങ്ങളിലുള്ള ഭരണക്കാര്‍ വിശ്വസിക്കുന്നുണ്ടാകണം. ഇത്തരത്തിലൊരു സന്ദര്‍ഭത്തില്‍ ജയലളിതയുടെ വഴികാട്ടിയായ എംജി രാമചന്ദ്രനും ചെന്നുപെട്ടിരുന്നുവെന്നു ചരിത്രം നമ്മോടു പറയുന്നു. 1984-ല്‍ രോഗബാധയെത്തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ എംജിആറിനെ പ്രവേശിപ്പിച്ചപ്പോള്‍ തമിഴകത്ത് ഭരണസ്തംഭനം തലപൊക്കി. അതാകട്ടെ ഇന്നത്തെ അവസ്ഥയെക്കാള്‍ മോശമായിരുന്നു. അന്നു ധനമന്ത്രി വി ആര്‍ നെടുഞ്ചേഴിയന്‍ ഗവര്‍ണറെ ഒറ്റക്ക് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും എംജി ആര്‍ സുഖം പ്രാപിച്ചുവരുന്നവരെ നയപരമായ കാര്യങ്ങള്‍ കൈക്കൊള്ളാന്‍ മന്ത്രിസഭയെ അനുവദിച്ചിരുന്നില്ല. ജയലളിതക്കെതിരെ അന്നത്തെ മന്ത്രിസഭയിലെ മുന്‍നിരക്കാരനായ ആര്‍ എം വീരപ്പന്റെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പ് സജീവമായി വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. 

ഇന്നാകട്ടെ ജയലളിതക്കെതിരെ കരുക്കള്‍ നീക്കാന്‍ കരുത്തന്മാര്‍ ആരുമില്ല എന്നതാണു പാര്‍ട്ടി അഭിമുഖീകരിക്കുന്ന ധര്‍മ്മസങ്കടം. കോടതിവിധിയെത്തുടര്‍ന്നു ജയലളിതക്ക് മുഖ്യമന്ത്രിക്കസേരയില്‍ നിന്നു താഴെ ഇറങ്ങേണ്ടിവന്നപ്പോള്‍ താത്കാലിക മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചതും ‘സീതാഭക്ത ഹനുമാന്‍’ ഒ പനീര്‍ശെല്‍വത്തെയാണ്. താനാണ് താത്കാലിക മുഖ്യമന്ത്രിയെന്ന് ഇന്നുവേണമെങ്കില്‍ പനീറിന് അവകാശപ്പെടാം. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) ഗ്രാഫുകള്‍ പരിശോധിച്ചാല്‍ പാര്‍ട്ടിയില്‍ ഒന്നാം നിരയിലോ രണ്ടാം നിരയിലോ ഉള്ള നേതാക്കളെ മഷിയിട്ടു നോക്കിയാല്‍ പോലും കണ്ടെത്താന്‍ പ്രയാസമാണ്. മൂന്നാം നിര നേതാവായ പനീര്‍ശെല്‍വത്തോടൊപ്പം രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ പോയതു നാലാം നിരക്കാരനെന്ന് പൊതുവേ പാര്‍ട്ടിയില്‍ അറിയപ്പെടുന്ന എഡപ്പാടികെ പളനിസ്വാമിയാണ്. ഇത്രത്തോളം ദുരന്തപൂരിതമായ ഒരു ഭാവി അണ്ണാ ദ്രാവിഡ മുന്നേറ്റകഴകത്തിനല്ലാതെ തമിഴകത്തെ മറ്റൊരുകക്ഷിക്കും അവകാശപ്പെടാനില്ല. 

ഇടക്കാല മുഖ്യമന്ത്രിയെ പരിഗണിക്കാമെന്ന് മന്ത്രിമാര്‍ സമ്മതിച്ചെങ്കിലുംഅത് ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ ആരും തയ്യാറല്ല. ‘മുഖ്യമന്ത്രി ജീവിച്ചിരിക്കുന്നിടത്തോളം ഇടക്കാല മുഖ്യമന്ത്രി എന്ന ആശയം നടപ്പിലാക്കേണ്ടതില്ല ‘എന്നാണ് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളുടെ അഭിപ്രായം. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ പാര്‍ട്ടിയില്‍ സുപ്രധാന സ്ഥാനങ്ങളൊന്നുമില്ലാത്ത ശശികലക്ക് മാത്രമാണ് അവകാശം എന്നത് മറ്റൊരു കാര്യം. അവിടെ പനീര്‍ശെല്‍വം വെറുമൊരു കാഴ്ചക്കാരന്‍ മാത്രമാണെന്നാണ് ഉള്‍ത്തളക്കാരുടെ അഭിപ്രായം. എഡപ്പാടികെ പളനിസ്വാമി, പി തങ്കമണി, എസ് പി വേലുമണിഎന്നിവരെ വിളിച്ചു വരുത്തിയാണ് ജയലളിതയുടെ ഉറ്റതോഴിയായ ശശികല നിര്‍ദ്ദേശങ്ങള്‍കൊടുക്കുന്നതെന്നും പനീര്‍ശെല്‍വത്തെ പരിസരത്തൊന്നും അടുപ്പിക്കുന്നില്ലെന്നും അന്തേവാസികള്‍ മുറുമുറുക്കിയിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട പനീര്‍ശെല്‍വത്തിനു പകരം എഡപ്പാടികെ പളനിസ്വാമിയെയാണു താത്കാലിക ചുമതല ഏല്‍പ്പിക്കാന്‍ ശശികല കണ്ടുവച്ചിരുന്നതെന്നാണു പൊയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ അടുക്കളവര്‍ത്തമാനം കേട്ടത്. സീനിയോറിറ്റിയുടെ കാര്യത്തില്‍ നാലാംസ്ഥാനത്താണ് ഇപ്പോള്‍ കെ പളനിസ്വാമി. 

ഭരണകാര്യങ്ങളില്‍ ജയളിതയെ സഹായിച്ചിരുന്നത് മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ഉപദേശകയുമായ ഷീലാ ബാലകൃഷ്ണനാണ്. ജയളിത ആഗ്രഹാര ജയിലില്‍ ആയിരുന്നപ്പോള്‍ താത്കാലിക മുഖ്യമന്ത്രി സ്ഥാനത്തേക്ക് മലയാളിയായ ഷീലാ ബാലകൃഷ്ണന്റെ പേര് ഉയര്‍ന്നുവന്നു എന്നാണു കേട്ടിരുന്നത്. 2013 മുതല്‍ 2014 മാര്‍ച്ച് വരെ ചീഫ് സെക്രട്ടറിയായിരുന്ന ഷീല റിട്ടയര്‍മെന്റിനു ശേഷം മുഖ്യമന്ത്രിയുടെ ഉപദേശകയായി. 2011 മുതല്‍ 2016 മേയ്‌ വരെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന രാമമോഹന റാവുവാണ് ജൂണ്‍ മുതല്‍ ചീഫ് സെക്രട്ടറി. പൊതുവേദികളിലോ മാധ്യമക്കോലായിലോ പ്രത്യക്ഷപ്പെടാത്ത റാവു നല്ലൊരു ഭരണാധികാരിയാണെന്ന് ജയാമ്മയും അംഗീകരിച്ചതാണ്. ഷീലയും റാവുവുമാണ് ഭരണയന്ത്രം വേണ്ടരീതിയില്‍ ഇപ്പോള്‍ തിരിക്കുന്നതെന്നാണു മാധ്യമരംഗത്തെ സംസാരം. അപ്പോളോ ആശുപത്രിയും സെക്രട്ടേറിയേറ്റുമായി സമയം പങ്കുവയ്ക്കുന്ന ചീഫ് സെക്രട്ടറിയും മുന്‍ ചീഫ് സെക്രട്ടറിയുമാണ് സുപ്രധാന തീരുമാനങ്ങള്‍ കൊക്കൊള്ളുന്നതും ഫയലുകളില്‍ ഒപ്പുവയ്ക്കുന്നതും. 

ജയലളിതയുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രതീക്ഷിച്ചപോലെ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ ഭരണചക്രത്തില്‍ എന്തായാലും മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാം. ലണ്ടനില്‍ നിന്നും ഡല്‍ഹി എയിംസില്‍ നിന്നും എത്തിയ ഡോക്ടര്‍മാര്‍ പരസ്യപ്രസ്തവനകള്‍ ഇറക്കുന്നില്ലെങ്കിലും അപ്പോളോ ആശുപത്രക്കു മുകളില്‍ ചുറ്റിക്കറങ്ങുന്ന ഊഹാപോഹങ്ങളും ആശങ്കകളും തമിഴകത്തിലെ സാധാരണക്കാരുടെ ഉറക്കം കെടുത്തുകയാണ്. ഭരണസ്തംഭനം മുതല്‍ ക്രമസമാധാനത്തകര്‍ച്ച വരെ വരുംനാളുകള്‍ ഉണ്ടായിക്കൂടെന്നില്ല. എംജിആറിനു പിന്നില്‍ ഉണ്ടായിരുന്ന രണ്ടാംനിര നേതാക്കള്‍ ആപത്‌സന്ധിയില്‍ സംസ്ഥാനത്തെ രക്ഷിക്കാനുണ്ടായിരുന്നു. 

എന്നാല്‍ പുരട്ശ്ചിത്തലൈവി ജയലളിതയുടെ പിന്നില്‍ അത്തരത്തില്‍ എടുത്തു പറയാവുന്ന രണ്ടാം നിരയിലോ മൂന്നാം നിരയിലോ ഉള്ള നേതാക്കള്‍ ഇല്ല എന്നതാണ് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്. നത്തം വിശ്വനാഥന്‍, പണ്ടുരുത്തി രാമചന്ദ്രന്‍, സി പൊന്നയ്യന്‍, ഡി ജയകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ രംഗത്തുണ്ട്. അതേപോലെ ലോക്‌സഭയില്‍ പാര്‍ട്ടിക്ക് 37 അംഗങ്ങളുണ്ട്. നവനീത് കൃഷ്ണനെപ്പോലെ മികച്ച രാജ്യസഭ അംഗങ്ങള്‍ വേറെയും. പക്ഷേ ജയലളിതയുടെ പ്രഭാവത്തില്‍ ഇവരെല്ലാം നിഷ്പ്രഭരാണ്. ആരെയും മുന്‍നിരയിലെത്താന്‍ അവര്‍ അനുവദിച്ചിരുന്നുമില്ല. പക്ഷേ സന്ദര്‍ഭത്തിനൊത്ത് ഒരാള്‍ രംഗത്തുവരാതെ തരമില്ല എന്ന നിഗമനത്തിലാണ് ചെന്നൈയിലെ രാഷ്ട്രീയ നിരീക്ഷകര്‍. 

തമിഴകത്തിന്റെ രാഷ്ട്രീയ ഭാഗധേയം ജയലളിതയുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കരുണാനിധിയുടെ ദ്രാവിഡകഴകമാകട്ടെ കാവേരി, മുല്ലപ്പെരിയാര്‍ തുടങ്ങിയ നിരവധി ആയുധങ്ങള്‍ക്കു മൂര്‍ച്ചകൂട്ടി ഭരണകൂടത്തിനെതിരെ സജീവമായി ആഞ്ഞടിക്കാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ ജനപക്ഷത്തു നില്‍ക്കാനുള്ള ജയലളിതയുടെ ഇതുവരെയുള്ള ശ്രമങ്ങളാണ് ഡിഎംകെയെ വിഷമവൃത്തത്തിലാക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍