പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

ജയാമ്മയുടെ ഇലക്ഷന്‍ പടക്കം; കൊണ്ട് ചിതറുവോര്‍ ആരൊക്കെ?

A A A

Print Friendly, PDF & Email

ബോംബുകള്‍ പലതരമാണ്. ഇതില്‍ മാരകമായതാണ് ഇലക്ഷന്‍ ബോംബ്. തമിഴ്‌നാട് മുഖ്യമന്ത്രി പുരട്ശ്ചിത്തലൈവി ജയലളിത ഇതില്‍ ഏറ്റവും മുന്തിയ ഇനമാണ് കണ്ടുപിടിച്ചിരിക്കുന്നത്. ഇത്തരം ബോംബുകള്‍ പൊട്ടിയാല്‍ എതിരാളിയുടെ ചങ്കു പൊട്ടിപ്പിളരും. റിപ്പയര്‍ ചെയ്യാനാകാത്ത വിധം അത് പ്രതിസന്ധിയിലാകും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ വിപ്ലവനായിക മാരകമായ ആ ബോംബ് എറിഞ്ഞത് തന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്ന സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയുടെ ആയുധപ്പുരയിലേക്കാണ്. രാജീവ് ഗാന്ധി വധക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ വിട്ടയക്കണമെന്നാണ് ചീഫ് സെക്രട്ടറി മുഖേന ജയലളിത കേന്ദ്രത്തിനു കത്തയച്ചിരിക്കുന്നത്. മണ്ണില്‍ തൊടാതെ വീഡിയോ കോണ്‍ഫറന്‍സുകള്‍ വഴി വികസന പരിപാടികള്‍ ഒന്നൊന്നായി ഉദ്ഘാടനം നടത്തി ജനങ്ങളെ കൈയിലെടുക്കാന്‍ ശ്രമിക്കുന്ന വേളയിലാണ് കരുണാനിധിയുടെ ഡിഎംകെയേയും സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസിനേയും തകര്‍ത്തില്ലാതാക്കാന്‍ ജയലളിത പുതിയ ബോംബ് കണ്ടെത്തി പ്രയോഗിച്ചത്.

തമിഴ്മക്കളുടെ വികാരം മുതലെടുക്കാന്‍ ഇത്തരത്തിലൊരു സന്ദര്‍ഭം അടുത്തെങ്ങും ഉണ്ടാകാന്‍ പോകുന്നില്ലന്നും ഇത്തരം ചെപ്പടിവിദ്യകള്‍ തന്റെ കീശയില്‍ വോട്ടായി വീഴുമെന്നും വിപ്ലവനായിക കണക്കുകൂട്ടുകയാണ്. വളരെ കൃത്യമായിട്ടാണ് തലൈവി നീങ്ങുന്നത്. രാജീവ് ഗാന്ധി വധക്കേസ്സിലെ ഏഴു പ്രതികളെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കരുണാനിധിയുടെ മാത്രമല്ല സഖ്യം സ്ഥാപിച്ച് ഭരണക്കസേര പിടിച്ചടക്കാന്‍ കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസിന്റേയും ഭാഗധേയങ്ങളെ ശവപ്പെട്ടിയില്‍ വച്ച് ആണിയടിക്കാനുള്ള ജയാമ്മയുടെ കരുതല്‍ നയം വന്‍വിജയം നേടുമെന്നാണ് ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെ സ്തുതിപാഠകര്‍ പോലും കുശുകുശുക്കുന്നത്. രാജീവ് വധക്കേസ്സിലെ ഏഴു പ്രതികള്‍ (ഇവരില്‍ നാലു പേര്‍ ശ്രീലങ്കക്കാരാണ്) ജയിലിനു പുറത്തായാലും അകത്തായാലും തലൈവിക്ക് പ്രശ്‌നമില്ല. അന്ത്യശാസനം നടപ്പിലാകാന്‍ പോകുന്നില്ല എന്ന് ജയാമ്മക്ക് നന്നായറിയാം. പക്ഷേ രാഷ്ട്രീയ ഗൂഡോദ്ദേശ്യം വച്ചു താന്‍ തൊടുത്തുവിട്ട ബ്രഹ്മാസ്ത്രം തമിഴകരാഷ്ട്രീയത്തിന്റെ മലിനാന്തരീക്ഷത്തില്‍ കോളിളക്കം സൃഷ്ടിക്കുമെന്നും തമിഴ്മക്കളോടു കാണിച്ച ധീരമായ സ്‌നേഹവായ്പ്പിനു വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ പ്രത്യുപകാരം വിളമ്പുമെന്നും ജയാമ്മ മനസ്സിലാക്കിത്തന്നെയാണ് നീങ്ങുന്നത്.

സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസല്ലാതെ മറ്റൊരു രാഷ്ട്രീയ കക്ഷിയും മുന്നോട്ടുവരുമെന്നു തോന്നുന്നില്ല. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായും ജയാസര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയിരുന്നു. പ്രതികളെ മോചിപ്പിക്കുന്നതിനുള്ള അഭിപ്രായം മൂന്നു ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നായിരുന്നു ജയസര്‍ക്കാരിന്റെ അന്ത്യശാസനം. രാജീവ് വധക്കേസ് അന്വേഷിച്ചത്  സിബിഐ ആണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 435 -ാം വകുപ്പനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രതികളെ മോചിപ്പിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞതോടെ സംസ്ഥാനം പിടി അയച്ചു. മാത്രമല്ല കേന്ദ്രം സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഹര്‍ജിയും നല്‍കി. ഇക്കാര്യം പരിശോധിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ബഞ്ചിനെ ഏല്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സമ്മതമില്ലാതെ പ്രതികളെ വിട്ടയക്കാന്‍ പാടില്ലെന്ന് അഞ്ചംഗ ബഞ്ചും അഭിപ്രായപ്പെട്ടു. അതോടെ ജയയുടെ നീക്കങ്ങള്‍ കെട്ടടങ്ങി. എന്നാല്‍ കേന്ദ്രം നല്‍കിയ കേസ്സില്‍ ഇതുവരെയും അഞ്ചംഗ ബഞ്ച് തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. 

1991 മേയ് 21 നാണ് ചെന്നൈക്ക് സമീപമുള്ള ശ്രീപെരുമ്പത്തൂരില്‍ വച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. എല്‍ടിടിഇ പ്രവര്‍ത്തകരായ 26 പ്രതികളെ ടാഡ കോടതി വധശിക്ഷക്ക് വിധിച്ചു. നളിനിയടക്കം നാലു പേരുടെ ശിക്ഷ 1999 ല്‍ സുപ്രീംകോടതി ശരിവച്ചു. പതിനഞ്ചു വര്‍ഷത്തിനു ശേഷം മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമാക്കി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഇടപെട്ടതിനെത്തുടര്‍ന്ന് നളിനിയുടെ ശിക്ഷയും ജീവപര്യന്തമാക്കി. റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. 24 വര്‍ഷം ജയില്‍ ശിക്ഷ അനുവഭിച്ച ഇവരെ വിട്ടയക്കണമെന്ന പൊതുവികാരം സംസ്ഥാനത്ത് ഉടലെടുത്തിരുന്നു. ആ മാനസികാവസ്ഥ മുതലെടുക്കാന്‍ വേണ്ടിയാണ് ജയലളിത തന്റെ തുറുപ്പുഗുലാന്‍ ഇപ്പോള്‍ വീശുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇത്തരം ചെപ്പടി വിദ്യകളൊന്നും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വച്ചുപൊറിപ്പിക്കില്ലെന്ന് തലൈവിക്ക് നന്നായറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്ത് നടത്തിയ ‘മോചനവാദപ്രക്രിയ’ എഐഎഡിഎംകെയുടെ വോട്ടു ബാങ്കിനെ കാര്യമായി സ്വാധീനിച്ചു എന്നുറപ്പാണ്. പൊതുവേ ശ്രീലങ്കന്‍ തമിഴരുടെ തോഴനെന്ന് അറിയപ്പെടുന്ന കലൈഞ്ജര്‍ കരുണാനിധിയെ മലര്‍ത്തിയടിച്ചുകൊണ്ടാണ് ജയലളിത തമിഴകത്ത് തേരോട്ടം നടത്തിയത്. ലോക്‌സഭയിലെ 39 സീറ്റില്‍ 37 സീറ്റും പിടിച്ചെടുക്കാന്‍ അവര്‍ക്കായി. 

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെയാണ് ജയ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ‘മോചനപ്രശ്‌നം’ വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരായിരുന്നു ഭരണത്തില്‍. പ്രതികളുടെ മോചനത്തിലുള്ള തീരുമാനം വൈകിയാല്‍ അത് എന്‍ഡിഎ സര്‍ക്കാരിന്റെ തലയില്‍ വച്ചുകെട്ടാനുള്ള ശ്രമം വിജയിക്കുന്ന ലക്ഷണമാണ് കാണുന്നത്. (തമിഴകത്തിന്റെ ഫ്യൂഡല്‍ വ്യവസ്ഥയില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടപ്പോഴും മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തിനു കത്തെഴുതി തടിതപ്പിയത് ചരിത്രം. സുപ്രീംകോടതി വിധിയെ മറികടന്നുള്ള നീക്കങ്ങള്‍ അപകടകരമാകുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിന്റെ നിയമോപദേശമാണ് രാഷ്ട്രീയക്കാരെ ജെല്ലിക്കെട്ട് നിരോധന വൃത്താന്തത്തില്‍ നിന്നു രക്ഷിച്ചത്.)

വികസനമല്ല വിവാദമാണ് തെരഞ്ഞെടുപ്പില്‍ തന്നെ സഹായിക്കുകയെന്ന് കരുണാനിധിയേക്കാള്‍ നന്നായി അറിയാവുന്നയാളാണ് തലൈവി ജയലളിത. കളരിയഭ്യാസം മെയ്‌വഴക്കമനുസരിച്ചാകണം. കോടിക്കണക്കിനു രൂപയുടെ അനേകം വികസന പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നടത്തിയിട്ടും ജനങ്ങളുടെ കൈയടി ലഭിക്കുന്നില്ലെന്ന് കണ്ടറിഞ്ഞതോടെയാണ് വിവാദത്തിന്റെ കൊടുങ്കാറ്റുമായി ജയാമ്മ രംഗത്തു വന്നത്. മാത്രമല്ല ശ്രീലങ്കന്‍ തമിഴര്‍ക്കു വേണ്ടി ജയലളിത ഒന്നുംതന്നെ ചെയ്തിട്ടില്ല എന്ന കലൈജ്ഞര്‍ കരുണാനിധിയുടെ നിരന്തരമായ ആരോപണത്തിന്റെ മുനയൊടിക്കാന്‍ ഈ ശ്രമത്തിനു കഴിയുകയും ചെയ്തു.

ചെന്നൈ വെള്ളപ്പൊക്ക ദുരന്തത്തിനു ശേഷം ജയലളിതയുടെ ഭരണത്തിന്റെ ഗ്രാഫ് അല്‍പ്പം താഴ്‌ന്നെന്ന ചാരന്മാരുടെ പ്രവചനമാണ് പുതിയ ജാലവിദ്യകള്‍ ആവിഷ്‌ക്കരിക്കാന്‍ ജയാമ്മയെ പ്രേരിപ്പിച്ചത്. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് പറയുമ്പോള്‍ തമിഴ്മക്കളോടുള്ള ആദരം വര്‍ദ്ധിക്കും. കരുണാനിധി കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്കകൊത്തിപ്പോയപ്പോള്‍ രണ്ടാമത് ഞെട്ടിയത് ഡിഎംകെയുടെ പുത്തന്‍ സംബന്ധ സഖ്യത്തിലെ സാക്ഷാല്‍ സോണിയാ ഗാന്ധിയായിരുന്നു. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍