സിനിമ

ഹനുമാനെ സ്വവര്‍ഗ്ഗാനുരാഗിയാക്കി എന്ന സെന്‍സര്‍ ബോര്‍ഡ് ആരോപണം ഹൈക്കോടതി തള്ളി; കാ ബോഡിസ്കേപ് പ്രേക്ഷകരുടെ മുന്‍പിലേക്ക്

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

മതസ്പര്‍ദ്ധ വളര്‍ത്തുമെന്നും അശ്ലീലവും കുറ്റകരമായതുമായ രംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് (സിബിഎഫ്‌സി) പ്രദര്‍ശനാനുമതി നിഷേധിച്ച കാ ബോഡിസ്‌കേപ് എന്ന മലയാള ചിത്രത്തിന് കേരള ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ജസ്റ്റീസ് പി ബി സുരേഷ് കുമാര്‍ വിധി പറഞ്ഞിരിക്കുന്നത്. ഒരു മാസത്തിനകം ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണു കോടതി സിബിഎഫ്‌സിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കാനാവില്ലെന്നു കാണിച്ചു സംവിധായകന്‍ ജയന്‍ ചെറിയാനു സിബിഎഫ്‌സിയുടെ കേരള റീജിയണല്‍ ഓഫിസര്‍ എ പ്രതിഭയാണു കത്തു നല്‍കിയത്. റീവൈസിംഗ് കമ്മിറ്റി ഈ ചിത്രം കണ്ടതില്‍ നിന്നും സിനിമയുടെ പ്രമേയം ഹിന്ദു മതവിശ്വാസത്തെയും ദൈവങ്ങളെയും അപമാനിക്കുന്നതും പരിഹസിക്കുന്നതുമാണെന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്. ഹിന്ദുക്കള്‍ ദൈവമായി കരുതിയാരാധിക്കുന്ന ഹനുമാനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിക്കുന്നതായും കാണുന്നു. സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകളും സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നുവെന്നും ആയിരുന്നു പ്രദര്‍ശനാനുമതി നിഷേധിക്കാനുള്ള കാരണമായി കത്തില്‍ പറഞ്ഞിരുന്നത്.

സ്വവര്‍ഗാനുരാഗം പ്രമേയമായി വരുന്ന കാ ബോഡിസ്‌കേപ് അശ്ലീലവും അധാര്‍മികവുമായ സന്ദേശമാണ് നല്‍കുന്നതെന്നും റീജിയണല്‍ സെന്‍സര്‍ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ചലച്ചിത്രം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഏതെങ്കിലും ഒരു രംഗത്തിന്റെ പേരില്‍ ഒരു ചലച്ചിത്രസൃഷ്ടിയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നു പ്രസ്താവിക്കുന്നു.

നേരത്തെ അശ്ലീലതയുണ്ടെന്ന പേരില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ചായം പൂശിയ വീടുകള്‍ എന്ന ചിത്രത്തിനും അനുകൂലമായ കോടതി വിധി ഉണ്ടായിരുന്നു. നഗ്ന രംഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സൈജോ കണ്ണനായ്ക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നു. 

തങ്ങളുടെ താത്പര്യങ്ങള്‍ക്കു മാത്രം വിധേയപ്പെടുത്തി ചലച്ചിത്രസൃഷ്ടികള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്ന കോടതിവിധികള്‍ ഒരിക്കല്‍ കൂടി ഉണ്ടായിരിക്കുകയാണ് കാ ബോഡിസ്‌കേപിന്റെ കാര്യത്തില്‍.

Ka Bodyscapes (2016) official Trailer from Jayan on Vimeo.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍