ട്രെന്‍ഡിങ്ങ്

സര്‍ക്കാര്‍ 2013-ല്‍ നിശ്ചയിച്ച ശമ്പളം പോലും നഴ്‌സുമാര്‍ക്ക് നല്‍കുന്നില്ല: ലേബര്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്

Print Friendly, PDF & Email

നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ ഉറപ്പ് നഴ്‌സുമാര്‍ തള്ളി

A A A

Print Friendly, PDF & Email

സര്‍ക്കാര്‍ 2013-ല്‍ നിശ്ചയിച്ച ശമ്പളംപോലും നഴ്‌സുമാര്‍ക്ക് നല്‍കുന്നില്ലെന്ന് ലേബര്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. നഴ്‌സുമാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച് നിശ്ചയിച്ച തുക സംസ്ഥാനത്തെ 80 ശതമാനം സ്വകാര്യ ആശുപത്രികളും നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ നഴ്‌സുമാര്‍ക്ക് 11,000 രൂപയും ബിഎസ്സി നഴ്‌സുമാര്‍ക്ക് 12,000 രൂപയും നിശ്ചയിച്ചാണ് 2013-ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നത്. എന്നാല്‍ ഇത് ഇതുവരെ നടപ്പാക്കാന്‍ പല ആശുപത്രി മാനേജ്‌മെന്റുകളും തയാറായിട്ടില്ലെന്ന് സര്‍ക്കാരിനോട് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം സ്വകാര്യ ആശുപത്രികളിലെ ജനറല്‍ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ ഉറപ്പ് നഴ്‌സുമാര്‍ തള്ളി. മാനേജ്‌മെന്റുകളുടെ സംയുക്ത യോഗത്തിലെ തീരുമാനം സ്വീകാര്യമല്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) വ്യക്തമാക്കി. കഴിഞ്ഞ 10-ാം തീയതി ചേര്‍ന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ച പ്രകാരം ശമ്പളം നല്‍കാമെന്നാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ മാനേജ്‌മെന്റുകള്‍ സമ്മതിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച നഴ്‌സുമാരുടെ ശമ്പളം- 20 കിടക്കവരെയുള്ള ആശുപത്രികളില്‍ 18,232 രൂപയും, 21 മുതല്‍ 100 കിടക്കവരെ 19,810 രൂപയും, 101 മുതല്‍ 300 കിടക്കവരെ 20,014 രൂപയും, 301 മുതല്‍ 500 കിടക്കവരെ 20,980 രൂപയും, 501 മുതല്‍ 800 കിടക്കവരെ 22,040 രൂപയും, 800 കിടക്കകള്‍ക്കു മുകളില്‍ 23,760 രൂപയുമാണ് പറഞ്ഞിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഏഴു സംഘടനകളും ഇത് അംഗീകരിച്ചു. എന്നാല്‍, 20 കിടക്കയില്‍ താഴെയുള്ളതടക്കം എല്ലാ ആശുപത്രിയിലെയും നഴ്‌സുമാര്‍ക്ക് കുറഞ്ഞ വേതനം 20,000 രൂപ എന്നതാണ് യുഎന്‍എ ഉള്‍പ്പടെയുള്ള നഴ്‌സിങ് സംഘടനകളുടെ ആവശ്യം.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കനുസരിച്ച് 100 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ മാത്രമേ നഴ്‌സുമാര്‍ ഉന്നയിക്കുന്ന കുറഞ്ഞ വേതനം 20,000 രൂപ ലഭ്യമാവുകയുള്ളൂ. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുമ്പോള്‍ യഥാര്‍ഥത്തില്‍ 300 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു മാത്രമേ കുറഞ്ഞ ശമ്പളം 20,000 രൂപ ലഭിക്കുകയുള്ളൂവെന്നാണ് നഴ്‌സിങ് സംഘടനകള്‍ പറയുന്നത്. അതിനാല്‍ 20 കിടക്കയില്‍ താഴെയുള്ള ആശുപത്രികളിലും കുറഞ്ഞ വേതനം 20,000 രൂപ വേണമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.

നഴ്‌സുമാരുടെ സംഘടനകളെയും ആശുപത്രി മാനേജ്‌മെന്റുകളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച വൈകിട്ട് നാലിന് ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് തുടങ്ങാനിരുന്ന പണിമുടക്ക് വ്യാഴാഴ്ചയിലേക്ക് മാറ്റിയതായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (ഐഎന്‍എ) അറിയിച്ചു. 19-ാം തീയതി ഹൈക്കോടതിയിലെ മീഡിയേഷന്‍ സമിതിയും വിഷയത്തില്‍ ഇടപെടുന്നുണ്ട്. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടക്കുന്ന സമരം തുടരും. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ അന്ന് മുതല്‍ പണിമുടക്ക് നടത്തുമെന്നാണ് നഴ്‌സിങ് സംഘടനകള്‍ പറയുന്നത്.

കണ്ണൂര്‍ ജില്ലയിലെ സമരത്തെ തുടര്‍ന്ന് ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ വിന്യസിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത് സമരം ചെയ്യുന്ന നഴ്‌സുമാരെ പ്രകോപിതരാക്കിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ 18 ദിവസമായി നടന്നു വരുന്ന നഴ്സുമാരുടെ സമരം നേരിടാന്‍ കര്‍ശന നടപടികളുമായിട്ടാണ് കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്. സമരം നടക്കുന്ന ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പനി പടരുന്ന സാഹചര്യമാണ് ജില്ലാ ഭരണകൂടം അടിയന്തര ഇടപെടല്‍ നടത്താന്‍ കാരണമായി പറയുന്നത്. സമരത്തെ തകര്‍ക്കാര്‍ സര്‍ക്കാര്‍, മാനേജ്മെന്റുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും സമാധാനപരമായി പോകാന്‍ ആഗ്രഹിക്കുന്ന സമരത്തെ പ്രകോപിപ്പിക്കുന്നതാണ് ഈ നടപടിയെന്നുമാണ് യുഎന്‍എ ഇതിനോട് പ്രതികരിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുഎന്‍എ.

20-ാംതീയതി ആശുപത്രിയിലെ മറ്റ് വിഭാഗക്കാരുടെ ശമ്പളം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. 10-ാം തീയതി ചേര്‍ന്ന സ്വീപ്പര്‍മാര്‍ ഉള്‍പ്പെടെ താഴ്ന്ന നിലയിലുള്ള ജീവനക്കാരുടെ ശമ്പളം 7775 രൂപയില്‍ നിന്ന് 15,600 ആകുവാന്‍ മാനേജ്‌മെന്റെ് സമ്മതിച്ചിരുന്നു. 20-ാംതീയതിയിലെ യോഗത്തില്‍ ബിഎസ്എസി നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവരുടെ വേതന കാര്യമായിരിക്കും പരിഗണിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍