ട്രെന്‍ഡിങ്ങ്

മനസറിഞ്ഞ് ചിരിക്കാനും മനംനൊന്ത് കരയാനും കഴിഞ്ഞിരുന്ന നിഷ്‌കളങ്കനെക്കുറിച്ച്…

Print Friendly, PDF & Email

കാലമെത്ര കഴിഞ്ഞാലും ഇകെ നായനാര്‍ എന്ന ജനപ്രിയ നേതാവ് അതേ തിളക്കത്തോടെ തന്നെ ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കും.

A A A

Print Friendly, PDF & Email

സഖാവ് ഏറമ്പാല കൃഷ്ണന്‍ നായനാര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് പതിമൂന്ന് വര്‍ഷം തികയുന്നു. വിപ്ലവ – സമര പാതയിലെ ശക്തനായ പോരാളിയായിരുന്നു ഇകെ നായനാര്‍. ‘നായനാര്‍’ എന്നാല്‍ നായകന്‍ എന്നാണര്‍ഥം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നായനാര്‍ ഒരു ജനപ്രിയ നായകന്‍ തന്നെയായിരുന്നു. പുസ്തകങ്ങളെ, വാച്ചുകളെ, പേനകളെ സ്‌നേഹിച്ച നായനാര്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വര്‍ഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി (മൂന്ന് തവണയായി 4010 ദിവസം).

രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ ഉള്ളവരെ പോലും മനസറിഞ്ഞ് സ്‌നേഹിക്കാനുള്ള നായനാരുടെ സിദ്ധി രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും കൈമുതലായുള്ളതല്ല. ഇകെ നായനാരെന്ന നേതാവിന്റെ രാഷ്ട്രീയ പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത ആളുകളായിരുന്നു അദ്ദേഹത്തിന്റെ ആത്മമിത്രങ്ങള്‍ എന്നത് ഇന്ന് ചിന്തിക്കുമ്പോള്‍ ഒരു വിസ്മയമാണ്. ലീഡര്‍ കെ കരുണാകരന്‍, സിഎച്ച് മുഹമ്മദ് കോയ തുടങ്ങിയവരുമായുള്ള സൗഹൃദങ്ങള്‍ ഉദാഹരണങ്ങളാണ്.

1919 ഡിസംബര്‍ 9ന് കല്ല്യാശേരിയിലാണ് സഖാവിന്റെ ജനനം. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനം ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. പ്രസിദ്ധമായ ആറോണ്‍ മില്‍ സമരത്തില്‍ പങ്കെടുക്കുകയും ഭീകരമായ പൊലീസ് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്യുകയും 6 മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഇതായിരുന്നു നായനാരുടെ രാഷ്ട്രീയ പ്രവേശം എന്ന് പറയാം.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായി സഖാവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന 32 സഖാക്കളില്‍ ഒരാള്‍. പിന്നീട് സിപിഎം രൂപീകരിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായി. 1992 ല്‍ പോളിറ്റ്ബ്യൂറോ അംഗവുമായി. സിഎച്ച് കണാരന്‍ അന്തരിച്ചപ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി. മുഖ്യമന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റര്‍, ചിന്ത വാരികയുടെ എഡിറ്റര്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിപ്ലവകാരി, ജനനായകന്‍… സഖാവ് വഹിച്ച ചുമതലകളും സഖാവിനുള്ള വിശേഷണങ്ങളും ഒട്ടേറെ.

ഇതുപോലൊരു നേതാവ് തങ്ങള്‍ക്കും ഉണ്ടെങ്കിലെന്ന് ഏതൊരു എതിരാളിയും എപ്പോഴും ആഗ്രഹിച്ചു പോകുന്നത്ര ആദരണീയനായ നേതാവ്. സഖാവിന്റെ പ്രസംഗം കേള്‍ക്കാന്‍ എതിരാളികള്‍ പോലും താല്‍പര്യം പ്രകടിപ്പിക്കും. അദ്ദേഹത്തിന്റെ ഭാഷ സാധാരണക്കാരന്റെ ഭാഷയായിരുന്നു. നന്മയും സ്‌നേഹവും പാവപ്പെട്ടവനോടുള്ള അടങ്ങാത്ത കൂറും ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ നിറയെ. അഹങ്കാരമോ ജാടയോ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരിക്കല്‍ പോലും ഉണ്ടായിരുന്നിട്ടില്ല. സ.നായനാരുടെ ശാസനകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാകാത്ത എതിരാളിയോ മാധ്യമപ്രവര്‍ത്തകരോ ഉണ്ടാകില്ല. എന്നാല്‍ എത്രതന്നെ ശകാരിച്ചാലും അദ്ദേഹത്തോട് ദേഷ്യപ്പെടാനോ കലഹിക്കുവാനോ ആര്‍ക്കും കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ വാത്സല്യം ഒരിക്കലെങ്കിലും അനുഭവിക്കാത്ത ആരും ആ കൂട്ടത്തില്‍ ഉണ്ടാകില്ല. ആരെയും ഒരിക്കലും വേദനിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല.

നര്‍മ്മം ചേര്‍ത്തുള്ള സംഭാഷണങ്ങളില്‍ കൂടി ഏവരുടെയും സ്‌നേഹം പിടിച്ചു പറ്റിയെങ്കിലും കുറിക്കു കൊള്ളുന്ന സാമൂഹ്യ വിമര്‍ശനങ്ങള്‍ ഇകെ നായനാര്‍ എന്ന ജനകീയ നേതാവിന്റെ പ്രത്യേകതയായിരുന്നു. അത് പക്ഷേ അദേഹത്തിന്റെ സവിശേഷമായ ശൈലി കാരണം ആര്‍ക്കും അപ്രിയമായി തോന്നിയില്ല. എകെ ആന്റണി നടത്തിയ ഒരു ആത്മവിമര്‍ശനമാണ് നായനാര്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ശൈലിക്കുള്ള ഏറ്റവും വലിയ അംഗീകാരം. 2001ല്‍ മുഖ്യമന്ത്രിയായ ആന്റണി അദേഹത്തിന്റെ പ്രശസ്തമായ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തി വിവാദത്തില്‍ പെട്ടു നില്‍ക്കുന്ന സമയം. മുസ്ലീംലീഗ് യുഡിഎഫ് വിടുമെന്നും മന്ത്രിസഭ താഴെ വീഴുമെന്നും വരെ വാര്‍ത്തകള്‍ വന്നു. അന്ന് ആന്റണി പറഞ്ഞു, ഞാന്‍ പറഞ്ഞത് കൊണ്ടാണ് ഇത് ഇത്ര വലിയ പ്രശ്‌നമായത്, നേരെ മറിച്ച് നായനാരാണ് ഇത് പറഞ്ഞതെങ്കില്‍ പ്രസ്താവന ഇത്രയും വിവാദമാകില്ലായിരുന്നു, എന്ന്. അത് സത്യവുമായിരുന്നു. ആന്റണി പറഞ്ഞതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ഇകെ നായനാര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും ആരും വിവാദമാക്കിയിട്ടില്ല. അത് അദേഹത്തിന്റെ സവിശേഷമായ ശൈലിയുടെ പ്രത്യേകതയായിരുന്നു.

ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ചങ്കൂറ്റവും മനുഷ്യ സ്‌നേഹവും ഇകെ നായനാര്‍ എന്ന വ്യക്തിയില്‍ എപ്പോഴും നിറഞ്ഞു നിന്നു. അതുകൊണ്ടാണ് പലര്‍ക്കും അപ്രിയങ്ങളായ പ്രസ്താവനകള്‍ നടത്തിയിട്ടും ജനഹൃദയങ്ങളില്‍ അദ്ദേഹം ഇടം പിടിച്ചത്. കോണ്‍ഗ്രസ്സുകാരും നായനാരുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയിരുന്നതിന്റെ കാരണം മറ്റൊന്നല്ല. തങ്ങളുടെ പാര്‍ട്ടിയെ കുറിച്ച് തങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാവും അദ്ദേഹം പറയുക എന്ന് അവര്‍ക്ക് അറിയാമായിരുന്നു.

എല്ലാവരെയും എപ്പോഴും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത സഖാവ് ചില അവസരങ്ങളില്‍ എല്ലാവരെയും കരിയിപ്പിച്ചു. നായനാരുടെ ജ്യേഷ്ഠ സഹോദരന്‍ ആയിരുന്ന കെപിആര്‍ ഗോപാലന്‍ അന്തരിച്ചപ്പോള്‍ കല്ല്യാശേരിയില്‍ വെച്ചു നടന്ന അനുശോചനയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പൊട്ടിക്കരഞ്ഞുകൊണ്ട് നായനാര്‍ പ്രസംഗപീഠത്തില്‍ നിന്നും താഴെയിറങ്ങുമ്പോള്‍ ആ യോഗത്തില്‍ പങ്കെടുത്തവരുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞു. ഒടുവില്‍ ഡല്‍ഹിയിലേക്ക് ചികിത്സയ്ക്ക് പോകുന്ന അവസരത്തിലും ലിഫ്റ്റില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ സഖാവ് അവിടെക്കൂടിയ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും കരയിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വതയായിരുന്നു.

1967ല്‍ പാലക്കാട് നിന്ന് ആദ്യമായി സഖാവ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1974ല്‍ ഇരിക്കൂറില്‍ നിന്ന് ഉപതിരഞ്ഞെടുപ്പ് വഴി ആദ്യമായി നിയമസഭയിലെത്തി. തുടര്‍ന്ന് അഞ്ച് തവണയും നായനാര്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980-81, 1987-91, 1996-2001 എന്നീ ഘട്ടങ്ങളിലായി 11 വര്‍ഷത്തിനടുത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. കേരളത്തിലെ സാമൂഹ്യ ജീവിതത്തിലും സംസ്ഥാനത്തിന്റെ വികസനത്തിലും ഒട്ടനവധി മഹത്തായ സംഭാവനകള്‍ നല്‍കിയ ഭരണകാലമായിരുന്നു നായനാരുടേത്. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകതൊഴിലാളിക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചതും മാവേലി സ്റ്റോറുകള്‍ ആരംഭിച്ചതും സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതും അധികാരവികേന്ദ്രീകരണത്തിനായുള്ള സുപ്രധാന നടപടികള്‍ കൈക്കൊണ്ടതുമെല്ലാം ഈ ഘട്ടത്തിലായിരുന്നു.

കാലമെത്ര കഴിഞ്ഞാലും ഇകെ നായനാര്‍ എന്ന ജനപ്രിയ നേതാവ് അതേ തിളക്കത്തോടെ തന്നെ ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കും. അദേഹത്തിന് ഒരു പകരക്കാരന്‍ വരുന്നത് വരെ. പക്ഷേ പകരക്കാരന്‍ വരുന്ന കാര്യം സംശയമാണ്. കാരണം നായനാരെ പോലെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച, അവരുടെ പള്‍സറിഞ്ഞ ഒരു നേതാവ് ഇന്ന് നമുക്കിടയില്‍ ഇല്ല, ഇനി ഉണ്ടാവാനും സാധ്യതയില്ല. അതുകൊണ്ടുതന്നെ അദേഹത്തിന്റെ ശൈലി ആര്‍ക്കും അനുകരണീയവുമല്ല. നന്മയുടെ ഊടും, ഉപ്പും വറ്റുന്ന, നിഷ്‌കളങ്കത ഇല്ലാതാവുന്ന കാലത്ത് സഖാവ് നായനാര്‍ കുളിരുള്ള ഒരോര്‍മ്മയാണ്, ഉജ്ജ്വലമായ ഊര്‍ജ്ജവും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍