ഡോ. ഷാഹിന റഫീഖ്

കാഴ്ചപ്പാട്

ഡോ. ഷാഹിന റഫീഖ്

സിനിമ

അലിഫ് ഒരു ചോദ്യം ചെയ്യലാണ്

A A A

Print Friendly, PDF & Email

തന്റെ വികാരം ശമിപ്പിക്കാൻ ഒരു സ്ത്രീ മതിയാവാതെ വരുമ്പോൾ (വഴിതെറ്റി പോവാതിരിക്കാൻ ) നാല് വിവാഹം വരെ കഴിക്കാം എന്നു പറഞ്ഞ മത പ്രഭാഷകനോട് ഫാത്തിമ എഴുന്നേറ്റ് നിന്ന് ചോദിക്കുന്നു, അപ്പോൾ ഒരു പുരുഷൻ മതിയാവാത്ത സ്ത്രീയോ എന്ന്? ആ സദസ്സ് അമ്പരപ്പോടെ അവളെ നോക്കി. സ്ത്രീകൾ ശബ്ദമുയർത്താൻ തുടങ്ങുമ്പോൾ ഖിയാമം നാൾ (അന്ത്യ ദിനം) അടുത്തു എന്നു പറഞ്ഞു തുടങ്ങുന്ന പ്രഭാഷകനെ നിശബ്ദനാക്കി കൊണ്ട് അവൾ വീണ്ടും  തുരുതുരാ ചോദ്യങ്ങൾ ഉന്നയിച്ചു. സ്ത്രീകൾക്ക് മഹനീയ സ്ഥാനം അനുവദിച്ചു തന്നിട്ടുള്ള ഒരു മതത്തെ, വിശുദ്ധ ഗ്രന്ഥത്തെ, സ്വാർത്ഥ താല്പര്യത്തിനു വേണ്ടി വളച്ചൊടിക്കുന്നതിനോട് അവൾ കലഹിച്ചു, ആ സദസ്സിൽ  നിന്ന് ഇറങ്ങിപ്പോവേണ്ടി വരും വരെ. 

 
ആദ്യാക്ഷരം ആണ് അലിഫ്. നിന്റെ നാഥന്റെ നാമത്തിൽ വായിച്ചു കൊള്ളുക എന്ന് ഉദ്ബോധിപ്പിക്കുന്ന ഖുർ ആൻ പൗരോഹിത്യത്തെ നിഷേധിക്കുന്നുമുണ്ട്. എന്നിട്ടും തെറ്റായ വ്യാഖ്യാനങ്ങളുടെ പേരിൽ , ദുരാചാരങ്ങളുടെ പേരിൽ തിക്തഫലങ്ങൾ അനുഭവിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. അവരിൽ ചിലരെ, അവർ നേരിടേണ്ടി വരുന്ന കഷ്ടതകളെ അവതരിപ്പിക്കുകയാണ് നവാഗത സംവിധായകനായ എൻ. കെ. മുഹമ്മദ്‌ കോയ, അലിഫ് എന്ന ചിത്രത്തിലൂടെ. മതത്തിന്റെ പേരിലായാലും പൈതൃകത്തിന്റെ പേരിലായാലും, ആചാരങ്ങളുടെ പേരിലായാലും എപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. അലിഫ് നാല് തലമുറയിൽ പെട്ട സ്ത്രീകളുടെ കഥ പറയുന്നു.
 
 
പൊതുസഭയിൽ തന്റേടത്തോടെ എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിച്ചതിനു വിലക്ക് ഏറ്റു വങ്ങേണ്ടി വന്നു ഫാത്തിമയ്ക്കും (ലെന) കുടുംബത്തിനും. ഫാത്തിമയുടെ മകനെ (ഗൗരവ്)  മദ്രസ്സയിൽ നിന്ന് പുറത്താക്കി, അവളുടെ ഉമ്മയ്ക്ക് അടുത്ത വീട്ടിലെ അടുക്കളപ്പണി നഷ്ടമായി, പലചരക്ക് കടക്കാരൻ സാധനങ്ങൾ തരാൻ പറ്റില്ലെന്നറിയിച്ചു. ഇതിലൊന്നും പതറിയില്ല ഫാത്തിമയുടെ ഉമ്മ ആറ്റ (സീനത്ത്). ഈ സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രവും അവരാണ്. പേരക്കുട്ടിക്ക് പകർന്നു കൊടുക്കാൻ മാത്രം അറിവ് തനിക്കുണ്ടെന്ന് പറഞ്ഞ് മദ്രസ്സയുടെ മുറ്റത്ത് കാർക്കിച്ചു തുപ്പി അവർ ഇറങ്ങി പോന്നു. ജീവിക്കാനായി തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്ക് പോയി. പലചരക്ക് കിട്ടുന്ന കടകൾ വേറെയുമുണ്ട്, കാശ് കൊടുത്തിട്ടാണ് ഒശാരത്തിനല്ലല്ലോ സാധനങ്ങൾ വാങ്ങുന്നത് എന്ന് അവൾ തന്റേടത്തോടെ കടക്കാരനോട് കയർത്തു. തന്റെ കുടുംബത്തെ സഹായിക്കാൻ വന്ന ഹാജിയാരേയും അവർ വിലക്കി; അത് കാരണം അയാൾ സമുദായത്തിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടെന്നു കരുതി. വിഷം തീണ്ടി മരിച്ച പേരക്കുട്ടിയുടെ ഖബറടക്കത്തിനു സമ്മതം മൂളാൻ ശങ്കിച്ച പള്ളിക്കമ്മറ്റിയേയും അവർ ധൈര്യത്തോടെ പുഛിച്ച് തള്ളി, അവൻ തനിക്ക് സ്വന്തമായുള്ള വീട്ടുവളപ്പിൽ ഉറങ്ങിയാൽ മതിയെന്ന് പറഞ്ഞ്. കുഴി വെട്ടാനും മയ്യത്ത് എടുക്കാനും അവർ ഏൽപ്പിച്ചത് അവർക്ക് എന്തിനും ഏതിനും തുണയായ അയൽ വക്കത്തെ സഖാവ് ചന്ദ്രനെ (കലാഭവൻ മണി). എതിർക്കാൻ തുനിഞ്ഞവരെ അവർ ആട്ടിയിറക്കി. 
 
ഒരു പാവം പിടിച്ച പെണ്ണായിരുന്നു ഫാത്തിമ. ഉമ്മയുടെ നെഞ്ചുറപ്പ് കണ്ട് തന്റെ ജീവിതത്തിലെ ദുരന്തങ്ങളെ അതിജീവിക്കാൻ അവൾ പഠിക്കുന്നു. ചെറുതെങ്കിലും ഒരു സർക്കാർ ജോലി കിട്ടിയത് അവൾക്ക് ആത്മവിശ്വാസം പകർന്നു. മകളെ പഠിപ്പിക്കണം, തനിക്കും പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതണം എന്നവൾ തീരുമാനിക്കുന്നു. മൂന്നു, നാല് പേരെയും കൂട്ടി ഒരുനാൾ മുറ്റത്ത് വന്നു നിന്ന് മൂന്നു തലാക്കും ചൊല്ലിപ്പോയ ഭർത്താവ്  (ഇർഷാദ് ) ഉദ്യോഗസ്ഥയായ ഭാര്യയെ തിരിച്ചെടുക്കാൻ വരുമ്പോൾ ആ സൗജന്യം ഫാത്തിമ നിഷേധിക്കുന്നു. ഖുർ ആനിൽ ഭാര്യയെ ഒഴിവാക്കാൻ മൂന്ന് തലാക്ക് ചൊല്ലണമെങ്കിൽ അവൾക്ക് ഭർത്താവിനെ വേണ്ടെന്നു വയ്ക്കാൻ ഒറ്റ തവണ ‘ഫസ്ക്’ ചൊല്ലിയാൽ മതിയെന്ന് പറഞ്ഞ് ആ ബന്ധം അവൾ മുറിച്ച് കളയുന്നു.
 
 
കുറവുകളില്ലാത്ത സിനിമയൊന്നുമല്ല അലിഫ്. ചില രംഗങ്ങളിലെ, സംഭാഷണങ്ങളിലെ നാടകീയത, മരിച്ചു പോയ ഉപ്പാപ്പ (നെടുമുടി വേണു) ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നതു പോലെയുള്ള ക്ലീഷേകൾ ഒക്കെയുണ്ടെങ്കിലും സത്യസന്ധമായ ഒരു അവതരണത്തിന് ശ്രമിച്ചിട്ടുണ്ട് കഥയും തിരക്കഥയും ഒരുക്കിയ സംവിധായകൻ. പഥേർ പാഞ്ചലിയുടെ അനുരണനങ്ങൾ അവിടവിടെ അനുഭവപ്പെടും. ഗ്രാമാന്തരീക്ഷം, പട്ടിണി, മുത്തശ്ശിയും  കുട്ടികളുമായുള്ള അടുപ്പം, അച്ഛന്റെ അഭാവം, കുട്ടികളിലൊരാളുടെ മരണം, മഴയുടെ സാന്നിധ്യം  എന്നിങ്ങനെ. എല്ലാ മേഖലകളിലും പുരോഗതി നേടിക്കൊണ്ടിരിക്കുന്നു എന്നു പറയുന്ന കാലത്ത് മതപരമായ കാര്യങ്ങളിൽ കൂടുതൽ സങ്കുചിതമാവുന്ന, വിശ്വാസത്തിന്റെ അന്ത:സത്തയേക്കാൾ ഉപരി ആചാരാനുഷ്ഠനങ്ങൾക്ക് പ്രാധാന്യം വർദ്ധിച്ച  ഈ കാലത്ത് അതിനെ പ്രധിരോധിക്കാൻ ഉള്ളിൽ നിന്നൊരു ശ്രമം എന്നതാണ് ഈ സിനിമയുടെ പ്രസക്തി. സിനിമയുടെ അന്ത്യത്തിൽ കൂട്ടത്തോടെ നടന്നു വരുന്ന ‘മുഖമില്ലാത്ത’ പെണ്‍കൂട്ടത്തെ കടന്ന് ഫാത്തിമയും മകളും നടക്കുകയാണ്, സ്വന്തമായ ഒരു അസ്തിത്വത്തിലേക്ക്. താണ്ടുവാൻ ഏറെ ദൂരമുണ്ടെങ്കിലും അവർ നടന്നു തുടങ്ങുകയാണ്.  
 
എം. ജെ. രാധാകൃഷ്ണൻ ഛായഗ്രഹണം  നിർവഹിച്ച അലിഫിന്റെ സംഗീതം രമേശ്‌ നാരായണന്റെതാണ്. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട് ഈ ചിത്രം. 
ഡോ. ഷാഹിന റഫീഖ്

ഡോ. ഷാഹിന റഫീഖ്

എഴുത്തുകാരി, മൂവി മേക്കര്‍. 81/2 Intercuts Life and films of KG George എന്ന ഡോക്യുമെന്ററിയുടെ കോ-ഡയറക്ടര്‍, Unfriend എന്ന ഷോര്‍ട്ട് ഫിലിമിന്റെ സ്ക്രിപ്റ്റ് റൈറ്റര്‍. മണിരത്നം സിനിമകളെ കുറിച്ച് കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. അഴിമുഖത്തില്‍ Movie Map എന്ന സിനിമ സംബന്ധിയായ കോളം ചെയ്യുന്നു

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍