പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ ഡ്രസ്‌കോഡല്ല, വേണ്ടത് ക്ഷേത്രങ്ങളില്‍ ദളിതരെ മതിലുകെട്ടി മാറ്റിനിര്‍ത്തുന്നത് തടയല്‍

A A A

Print Friendly, PDF & Email

പ്രിയപ്പെട്ട ഭക്തജനങ്ങളേ, പുതുവര്‍ഷം പ്രമാണിച്ച് തമിഴ്‌നാട്ടിലെ ഏതെങ്കിലും ക്ഷേത്രം സന്ദര്‍ശിച്ച് ദൈവകടാക്ഷം നേടാന്‍ നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക. ധരിച്ചിരിക്കുന്ന വേഷം ‘സഭ്യ’മല്ലെങ്കില്‍ നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ കയറാനാവില്ല. കവാടത്തില്‍ നില്‍ക്കുന്ന കാവല്‍ക്കാര്‍ നിങ്ങളെ പിടലിക്കുപിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കും. ക്ഷേത്രസന്ദര്‍ശനത്തിനു മുമ്പ് തീരുമാനിക്കുക- ദൈവകടാക്ഷം വേണോ, ജയില്‍ വേണോ? ജനുവരി ഒന്നുമുതല്‍ നിങ്ങള്‍ ധരിക്കേണ്ട ‘മാന്യവസ്ത്ര’ത്തിന്റെ വിശദവിവരം ക്ഷേത്രത്തിനു മുന്നില്‍ സാമാന്യം തെറ്റില്ലാത്ത രീതിയില്‍ത്തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. ഇതുവരെ പോയപോലെ എന്തെങ്കിലും വാരിയെടുത്തു ചുറ്റി അമ്പലത്തില്‍ കയറാമെന്ന ചിന്തയൊന്നും വേണ്ട. പുതിയ ഡ്രസ്‌കോഡ് പാലിച്ചില്ലെങ്കില്‍ ഭക്തശിരോമണിമാരുടെ വിശ്വാസത്തിന്റെ ചങ്കില്‍ നിയമത്തിന്റെ കത്തി കയറുമെന്നര്‍ത്ഥം. 

മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിലെ ജസ്റ്റിസ് എസ് വൈദ്യനാഥനാണ് ക്ഷേത്രത്തില്‍ കയറുന്നതിനു പുതിയ വസ്ത്രധാരണരീതി വിധിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ കോടതിവിധി നടപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹിന്ദു റിലിജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് (എച്ച് ആര്‍ ആന്റ് സി ഇ) താറുടുത്ത് രംഗത്തെത്തിക്കഴിഞ്ഞു. ഹിന്ദു ക്ഷേത്രപരിപാലന ട്രസ്റ്റ് സര്‍ക്കുലര്‍ വഴി ഇക്കാര്യം ക്ഷേത്രങ്ങളെ അറിയിക്കുകയും ചെയ്തിരിക്കുന്നു.

ഹൈക്കോടതി വിധിയുടെ ചുരുക്കം ഇതാണ്: ‘പുരുഷന്മാര്‍ ഉപരി വസ്ത്രത്തോടൊപ്പം മുണ്ടോ പൈജാമയോ ധരിക്കണം. അല്ലെങ്കില്‍ സാധാരണ പാന്റും ഷര്‍ട്ടുമാകാം. സ്ത്രീകള്‍ സാരിയോ ഹാഫ് സാരിയോ ഷാള്‍ സഹിതമുള്ള ചിരുദാറോ അണിഞ്ഞിരിക്കണം. കുട്ടികള്‍ പൂര്‍ണമായി ശരീരം മൂടുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.’ ജീന്‍സും ലെഗ്ഗിങ്സും പാവാടയും ധരിച്ചു ക്ഷേത്രത്തിന്റെ പരിസരത്തു പോലും ചെല്ലാന്‍ അനുവധിക്കുന്നതല്ല പുതിയ ഡ്രസ്‌കോഡ്. (ക്ഷേത്രത്തിലെന്നല്ല ജീവിതപരിസരത്തെങ്ങും പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും ധരിക്കരുതെന്ന് നമ്മുടെ ഗാനഗന്ധര്‍വന്‍ സാക്ഷാല്‍ യേശുദാസ് പറഞ്ഞപ്പോള്‍ എന്തു പുകിലായിരുന്നു!)

1947 ലെ തമിഴ്‌നാട് ടെമ്പിള്‍ എന്‍ട്രി ഓഥറൈസേഷന്‍ ആക്ടിലെ നാലാമത്തെ ചട്ടം അനുസരിച്ചാണ് പുതിയ ഡ്രസ്‌കോഡുമായി കോടതി രംഗത്തു വന്നിരിക്കുന്നത്. ‘കുളിച്ച് പാരമ്പര്യരീതിയിലുള്ള മാന്യമായ വസ്ത്രങ്ങള്‍ അണിഞ്ഞ് വരുന്നവരെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. പാദരക്ഷകള്‍ അനുവദനീയമല്ല’ എന്നാണ് ആക്ടിലെ നാലാമത്തെ ചട്ടം അനുശാസിക്കുന്നത്. ‘കടവുളൈ’യെ കാണാനെത്തുന്ന പരമഭക്തന്മാര്‍ വസ്ത്രധാരണത്തിലെ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് ഹിന്ദു ക്ഷേത്രപരിപാലന ട്രസ്റ്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ ഓര്‍മ്മപ്പെടുത്തുന്നത്. ലുംഗി, ജീന്‍സ്, ലെഗ്ഗിന്‍സ് തുടങ്ങിയവയും മറ്റ് അനുയോജ്യമല്ലാത്ത വസ്ത്രങ്ങളും അണിഞ്ഞ് ഉള്ളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് ഇതിനകം പല ക്ഷേത്രങ്ങളും ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

എന്നാല്‍ ഡ്രസ്‌കോഡിനെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ പുതിയൊരു നയരൂപീകരണം നടത്തുന്നതുവരെ കോടതിവിധി നിലനില്‍ക്കുമെന്നാണ് ജഡ്ജി പറഞ്ഞത്. വസ്ത്രധാരണ നിബന്ധനകള്‍ പാലിക്കാത്ത ഭക്തജനങ്ങളെ ഹിന്ദുക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണെമന്നും കോടതി വിധിച്ചിരിക്കുകയാണ്. ക്രിസ്ത്യാനികളും ഇസ്ലാമുകളും ദൈവത്തെ തൊഴാന്‍ അവരവരുടെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കുമ്പോള്‍ വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങളാണ് ധരിക്കുക. ഹിന്ദുക്കളും അതാണ് ചെയ്യേണ്ടത്- ജസ്റ്റിസ് എസ് വൈദ്യനാഥന്‍ ഓര്‍മ്മിപ്പിച്ചു.

വര്‍ഷങ്ങളായി നിലനിന്നിരുന്ന വസ്ത്രധാരണ നിബന്ധനകള്‍ ക്ഷേത്രങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുമ്പോള്‍ പുരുഷന്മാര്‍ മുണ്ടും സ്ത്രീകള്‍ സാരിയും ധരിക്കണമെന്നതായിരുന്നു കീഴ്‌വഴക്കം. ചില ക്ഷേത്രങ്ങളില്‍ ഈ ആചാരം നിലനില്‍ക്കുന്നുമുണ്ട്. ചില ക്ഷേത്രങ്ങളില്‍ ലതര്‍ ബെല്‍റ്റുകളും പേഴ്‌സുകളും നിരോധിച്ചിട്ടുണ്ട്. ചില ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരി കക്ഷത്തു വയ്ക്കണം. (ഷര്‍ട്ടിനോടു പകയുള്ള ക്ഷേത്രങ്ങള്‍ കേരളത്തിലാണധികവും- തിരുവനന്തപുരം പത്മനാഭസ്വാമിയും സാക്ഷാല്‍ ഗുരുവായൂരപ്പനും ഷര്‍ട്ടു വിരോധികളാണല്ലോ.) എന്തായാലും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലെത്തുന്ന ഭക്തന്മാരുടെ വസ്ത്രപരിശോധന നടത്താന്‍ ഹൈക്കോടതി തന്നെ വേണ്ടിവന്നു.    

മുട്ടിനു താഴെയുള്ള വസ്ത്രങ്ങളും ഭുജങ്ങള്‍ മൂടാത്ത ഉടുപ്പുകളും അണിഞ്ഞെത്തുന്ന ഭക്തജനങ്ങളെ എങ്ങനെ ‘കൈകാര്യം’ ചെയ്യണമെന്ന ചിന്തയിലാണ് ചില ക്ഷേത്രഭാരവാഹികള്‍. എന്നാല്‍ തമിഴ്‌നാട് ടെമ്പിള്‍ എന്‍ട്രി ഓഥറൈസേഷന്‍ ആക്ട് നിലവില്‍ വന്നത് 1947 ലാണ്. അന്ന് ജീന്‍സ്, ലെഗ്ഗിങ്സ് പോലുള്ള ആധുനിക വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് ചില വിരുതന്മാര്‍ അഭിപ്രായപ്പെടുന്നത്. ചട്ടത്തിനെ മറികടക്കുന്ന ക്ഷേത്രവസ്ത്ര ശാസനങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്യുന്നു.

1947 ല്‍ അന്നത്തെ മുഖ്യമന്ത്രി ഓമന്തൂര്‍ രാമസ്വാമി റെഡ്ഡിയുടെ മന്ത്രിസഭയാണ് തമിഴ്‌നാട് ടെമ്പിള്‍ എന്‍ട്രി ഓഥറൈസേഷന്‍ ആക്ട് പാസ്സാക്കുന്നത്. അതിലാണ് ക്ഷേത്രപ്രവേശന ഡ്രസ്‌കോഡിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. കുളിക്കാതെ ആരെയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും ഇതില്‍ പറയുന്നുണ്ട്. ദളിതുകളേയും മറ്റു പുറംതള്ളപ്പെട്ട ഹിന്ദുക്കളേയും  ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന് ഈ നിയമത്തില്‍ പറയുന്നതിനാല്‍ അതിനു അസാധാരണമായ പ്രാധാന്യവും ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ പഴകിദ്രവിച്ച ചട്ടങ്ങളായി സര്‍ക്കാര്‍ രേഖകളില്‍ കിടക്കുന്നു. ദളിതുകളെ പ്രവേശിപ്പിക്കാത്ത പതിനായിരക്കണക്കിനു ക്ഷേത്രങ്ങളാണ് ഇന്ന് തമിഴ്‌നാട്ടിലുള്ളത്. ദളിതന്മാരെ മതിലുകെട്ടി വേര്‍തിരിച്ചു മാറ്റിനിര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഡ്രസ്‌കോഡല്ല വേണ്ടത്, മനുഷ്യത്വമാണ്.  

എന്തായാലും ജാനുവരി ഒന്നു മുതല്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ദൈവകടാക്ഷത്തിനു തൊഴുകൈയുമായി എത്തുന്നവരുടെ ചുറ്റുവട്ടങ്ങളില്‍ ദൈവത്തിന്റേതല്ലാത്ത മറ്റൊരു കണ്ണുകൂടി ഉണ്ടാകുമെന്നു വ്യക്തം- പുതിയ ഡ്രസ്‌കോഡിന്റെ തിട്ടൂരം. ജാഗ്രതൈ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍