വിദേശം

വികാരാധീനനായി ഒബാമ; വിടവാങ്ങല്‍ പ്രസംഗം വായിക്കാം (കേള്‍ക്കാം)

Print Friendly, PDF & Email

അമേരിക്കന്‍ മൂല്യങ്ങള്‍ ദുര്‍ബലപ്പെടുന്നതിലുള്ള ആശങ്ക ഒബാമ പങ്ക് വച്ചു.

A A A

Print Friendly, PDF & Email

അതെ നമുക്ക് അതിന് കഴിയും, നമ്മള്‍ അത് ചെയ്തിട്ടുണ്ട്. വിടവാങ്ങല്‍ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്‌റ് ബറാക് ഒബാമ പറഞ്ഞു. എട്ട് വര്‍ഷം പ്രസിഡന്‌റായി പ്രവര്‍ത്തിച്ചതിന് ശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു ഒബാമ. 2008ല്‍ ഒബാമയുടെ ആദ്യ തിരഞ്ഞെടുപ്പ് കാലത്ത് ഇതിന് സമാനമായ മുദ്രാവാക്യങ്ങളും ആഹ്വാനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. സ്വദേശമായ ചിക്കാഗോയിലായിരുന്നു ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. അമേരിക്കന്‍ മൂല്യങ്ങള്‍ ദുര്‍ബലപ്പെടുന്നതിലുള്ള ആശങ്ക ഒബാമ പങ്ക് വച്ചു.

ഒബാമയുടെ പ്രസംഗം

പ്രിയപ്പെട്ട അമേരിക്കക്കാരേ,

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലഭിക്കുന്ന ആശംസാ സന്ദേശങ്ങളില്‍ എനിക്കും മിഷേലിനും വളരെയധികം സന്തോഷമുണ്ട്. ഇന്ന് ഇതിനെല്ലാം നന്ദി പറയാനുള്ള എന്‌റെ ഊഴമാണ്. എല്ലാ ദിവസവും ഞാന്‍ നിങ്ങളില്‍ നിന്ന് പഠിക്കുകയായിരുന്നു. നിങ്ങളാണ് എന്നെ ഭേദപ്പെട്ട പ്രസിഡന്‌റും ഭേദപ്പെട്ട മനുഷ്യനുമാക്കിയത്. ഞാന്‍ ആദ്യമായി ചിക്കാഗോയിലെത്തിയത്. എന്‌റെ ഇരുപതുകളിലാണ്. സ്വത്വവും ജീവിതത്തിന്‌റെ ലക്ഷ്യവും എല്ലാം അന്വേഷിച്ച് നടക്കുന്ന കാലം. വിശ്വാസത്തിന്‌റെ കരുത്ത് ഞാന്‍ ഇവിടെ നിന്നാണ് അറിഞ്ഞത്. തൊഴിലെടുക്കുന്നവരുടെ അദ്ധ്വാനത്തിന്‌റേയും പോരാട്ടത്തിന്‌റേയും മഹത്വം ഞാന്‍ അറിയുന്നത് ഇവിടെ വച്ചാണ്. സാധാരണക്കാരായ മനുഷ്യര്‍ സംഘടിതരായി ഇടപെടുമ്പോള്‍ മാത്രമാണ് മാറ്റമുണ്ടാകുന്നത് എന്ന തിരിച്ചറിവ് എനിക്കുണ്ടായത് ഇവിടെ വച്ചാണ്.

240 വര്‍ഷമായി നമ്മുടെ രാജ്യം നിരവധി തലമുറകളെ സ്വാഗതം ചെയ്തു. അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി തുറക്കാന്‍ നമുക്ക് കഴിഞ്ഞു. അഭയാര്‍ത്ഥികള്‍ അഭയം കണ്ടെത്തി. തൊഴിലാളികള്‍ സംഘടിത ശക്തി തിരിച്ചറിഞ്ഞു. അമേരിക്ക മറ്റുള്ള രാജ്യങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തവും പ്രത്യേകതകളുള്ളതുമാണ്. കുറവുകളില്ലെന്നല്ല പറഞ്ഞ്് വരുന്നത്. അമേരിക്ക എല്ലാ കാലത്തും മാറ്റങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കി. മെച്ചപ്പെട്ട ജീവിതത്തിനായി ശ്രമിച്ചു. ജനാധിപത്യം നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങളില്‍ പല പ്രശ്‌നങ്ങളുണ്ടായി. രക്തച്ചൊരിച്ചിലുകളുണ്ടായി. പലപ്പോഴും കാല്‍ രണ്ടടി മുന്നോട്ട് വച്ച ശേഷം ഒരടി പിന്നോട്ട്് വയ്‌ക്കേണ്ട അവ്സ്ഥയുണ്ടാകും.

സാമ്പത്തിക മാന്ദ്യം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും, ഓട്ടോമൊബൈല്‍ വ്യവസായം ശക്തിപ്പെടുത്തും, ക്യൂബയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കും, ഒരു ആക്രമണവും നടത്താതെ ഇറാന്‌റെ ആണവായുധ പരിപാടി നിര്‍ത്തിപ്പിക്കും. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്‌റെ സൂത്രധാരനെ അവസാനിപ്പിക്കും, രണ്ട് കോടി പേര്‍ക്ക് കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങളെല്ലാം എട്ട് വര്‍ഷം മുമ്പ് പറഞ്ഞിരുന്നെങ്കില്‍ അതിനെ വെറും വാചകമടിയായി അന്ന് നിങ്ങള്‍ ഒരുപക്ഷേ കണ്ടേനെ. എന്നാല്‍ ഇതെല്ലാം നമ്മള്‍ ചെയ്ത് കഴിഞ്ഞു. നിങ്ങള്‍ കാരണം അമേരിക്ക ഇന്ന് കൂടുതല്‍ മെച്ചപ്പെട്ട രാജ്യമാണ്. പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് ഏറ്റവും സുഗമമായി അധികാരം കൈമാറാനാണ് ശ്രമിക്കുന്നത്. പ്രസിഡന്‌റ് ബുഷ് എനിക്ക് അധികാരം കൈമാറിയത് പോലെ.

നമ്മുടെ പൂര്‍വികര്‍ പലപ്പോഴും ഏറ്റുമുട്ടി, പിന്നീട് അവര്‍ ഒത്തുതീര്‍പ്പുണ്ടാക്കി. നമ്മളും അത് തന്നെ ചെയ്യുന്നു. ജനാധിപത്യത്തിന് ആവശ്യമായ ഐക്യദാര്‍ഢ്യം നമ്മള്‍ നിലനിര്‍ത്തണം. നമ്മള്‍ ഈ ജനാധിപത്യത്തെ നിലനിര്‍ത്തുമ്പോള്‍ എങ്ങനെ വെല്ലുവിളികളെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നമ്മുടെ കുട്ടികളെ, നമ്മുടെ ഭാവിയെ വാര്‍ത്തെടുക്കാനുള്ള നമ്മുടെ കഴിവ്. നമ്മുടെ സമ്പദ് വ്യവസ്ഥ വളരുകയാണ്. വേതനം, വരുമാനം എല്ലാം ഉയരുന്നു. ആരോഗ്യരക്ഷയ്്ക്കായുള്ള ചിലവുകള്‍ വലിയ തോതില്‍ ഉയര്‍ന്നിട്ടില്ല എന്ന് ആശ്വസിക്കാം. 50 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ് നിരക്ക് വര്‍ദ്ധന മാത്രമാണ് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഒതുകൊണ്ടൊന്നും ഒന്നുമാവില്ല എന്ന് നമുക്കറിയാം. ദാരിദ്ര്യം പലയിടങ്ങളിലും ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും തൊഴില്‍ നഷ്ടപ്പെട്ട ഫാക്ടറി തൊഴിലാളികള്‍, അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള ബില്ലുകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ഹോട്ടല്‍ ജീവനക്കാര്‍, ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം വലിയ ആശങ്കകളില്‍ തുടരുകയാണ്.

എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കണം, മെച്ചപ്പെട്ട വേതനത്തിനായി സംഘടിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ടാകണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ കഴിയണം. ഇതെല്ലാം ഉറപ്പാക്കാന്‍ വേണ്ടി എങ്ങനെയെല്ലാം പ്രവര്‍ത്തിക്കാം എന്നത് സംബന്ധിച്ച് നമുക്ക് ചിലപ്പോള്‍ ഭിന്നതകളും തര്‍ക്കങ്ങളുമുണ്ടാവാം. വര്‍ണവിവേചനവും വംശവെറിയും തുടച്ച് നീക്കപ്പെടുന്ന അമേരിക്ക നമുക്ക് ഇപ്പോഴും യാഥാര്‍ത്ഥ്യമാക്കാനായിട്ടില്ല. സമൂഹത്തെ ആകെ ധ്രുവീകരിക്കുന്നതും ഭിന്നതകളുണ്ടാക്കുന്നതും ആയ യാഥാര്‍ത്ഥ്യമായി വംശീയത തുടരുന്നു. അദ്ധ്വാനിക്കുന്ന വെള്ളക്കാരുടെ മദ്ധ്യവര്‍ഗവും അര്‍ഹതയില്ലാത്ത് ന്യൂനപക്ഷങ്ങളും എന്ന രീതിയിലുള്ള ചിത്രീകരണം സാമ്പത്തിക, വര്‍ഗ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ട്. ഇവിടെ എന്ത് സംഭവിക്കും. തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടുകയും സമ്പന്നരായ ചൂഷകര്‍ അവരുടെ വഴിക്ക് രക്ഷപ്പെടുകയും ചെയ്യും. നമ്മുടെ കുട്ടികളെ പോലെ അല്ല കുടിയേറ്റക്കാരുടെ മക്കള്‍ എന്ന് പറഞ്ഞ് നമ്മള്‍ അവരെ സഹായിക്കാതിരിക്കരുത്. അമേരിക്കന്‍ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷത്തേയും പ്രതിനിധീകരിക്കുന്നവരുടെ കുട്ടികളാണവര്‍. അമേരിക്ക തന്നെ കുടിയേറ്റക്കാരുടെ രാജ്യമാണ്. ഐറിഷ്, ഇറ്റാലിയന്‍, പോളിഷ് വംശജരായ കുടിയേറ്റക്കാരെല്ലാം ഈ രാജ്യത്തെ ശക്തിപ്പെടുത്തുക തന്നെയാണ് ചെയ്തിരിക്കുന്നത്.

വീട് വാങ്ങുക, വാടകയ്‌ക്കെടുക്കുക, വിദ്യാഭ്യാസം, കോടതി വിചാരണ തുടങ്ങിയവയിലെല്ലാം വിവേചനത്തിനെതിരെ നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. നിയമം മാത്രം വിചാരിച്ചാല്‍ ഇതൊന്നും ശരിയാവില്ലെന്നും ഹൃദയങ്ങള്‍ കൂടി നന്നാവണമെന്ന് നമുക്കറിയാം. കറുത്ത വര്‍ഗക്കാരടക്കമുള്ള ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്് അവരുടെ പോരാട്ടത്തെ അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, ഗ്രാമങ്ങളിലെ പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും, ട്രാന്‍സ്‌ജെന്‍ഡറുകള്‍ തുടങ്ങിയവരുടെയെല്ലാം പോരാട്ടങ്ങളുമായി ബന്ധിപ്പിക്കേണ്ടത് ആവശ്യമാണ്.

നമ്മുടെ ജനാധിപത്യത്തില്‍ നമുക്കുള്ള വിശ്വാസമാണ് ഗ്രേറ്റ് ഡിപ്രഷന്‍ എന്ന സാമ്പത്തിക മാന്ദ്യകാലത്തെ അരക്ഷിതാവസ്ഥയേയും ഫാസിസത്തേയും പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞത്. ഈ വ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇസ്ലാമിന്‌റെ പേര് പറഞ്ഞ് നടക്കുന്ന ചില മതഭ്രാന്തന്മാരാണ് ഇത് തുടങ്ങിവച്ചത്. സ്വതന്ത്ര കമ്പോളം, തുറന്ന ജനാധിപത്യം, പൗരസമൂഹം ഇതിനെയൊക്കെ ഭീഷണിയായി കാണുന്ന ചില സ്വേച്ഛാധിപതികളും ഇതിന് പിന്നിലുണ്ട്.

നമ്മുടെ ജനങ്ങളുടെയും ഇന്‌റലിജന്‍സിന്‌റേയും നയതന്ത്രജ്ഞരുടേയും മറ്റും ഉചിതമായ ഇടപെടലുകളും ധീരതയും കഴിഞ്ഞ എട്ട് വര്‍ഷം വിദേശ ഭീകര സംഘടനകള്‍ക്ക് ഇവിടെ ആക്രമണം നടത്തുന്നതില്‍ തടസം സൃഷ്ടിച്ചു. ബോസ്റ്റണിലും ഓര്‍ലാന്‍ഡോയിലും നടന്നത് മറന്നിട്ടല്ല ഇത് പറയുന്നത്. ഒസാമ ബിന്‍ ലാദന്‍ അടക്കം ആയിരക്കണക്കിന് ഭീകരരെ നമ്മള്‍ നശിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് കയ്യടക്കി വച്ചിരുന്ന പ്രദേശത്തില്‍ പകുതിയും തിരിച്ച് പിടിച്ചു. അവരുടെ പല നേതാക്കളേയും വധിച്ചു. ഈ രാജ്യത്തിന്‌റെ സൈന്യത്തിന്‌റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. നമ്മുടെ എതിരാളികളായ റഷ്യയ്‌ക്കോ ചൈനയ്‌ക്കോ അമേരിക്കയുടേതിന് തുല്യമായ ആഗോള സ്വാധീനം അവകാശപ്പെടാനാവില്ല.

നമ്മുടെ യുവത്വം, ഊര്‍ജ്ജസ്വലത, ബഹുസ്വരത, തുറന്ന സമീപനം എല്ലാം ഭാവി ഭദ്രമാക്കും – ഒബാമ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ നമ്മള്‍ വിവേചനം അവസാനിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കണം. പുതിയ ആശയങ്ങള്‍ കൊണ്ടുവരാനുള്ള അതിരുകളില്ലാത്ത സാദ്ധ്യതയും കരുത്തും അമേരിക്കക്കുണ്ടെന്ന് ഒബാമ അഭിപ്രായപ്പെട്ടു. നമ്മുടെ മാന്യതയും മര്യാദകളും മാത്രമേ നമ്മുടെ രാഷ്ട്രീയവും പ്രതിഫലിപ്പിക്കൂ. യുക്തിസഹമായ രീതിയിലും സാമാന്യബോധത്തോടെയും കാര്യങ്ങളെ സമീപിക്കുക എന്നതാണ് നമ്മുടെ ആവശ്യം. ഇത്തരം സമീപനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ മുസ്ലീങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരായി വര്‍ദ്ധിച്ച് വരുന്ന വിവേചനം നമ്മുടെ മൂല്യങ്ങള്‍ക്ക് എതിരാണ്.

തിരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല, ഈ നാട്ടിലെ ജനാധിപത്യത്തിന് നിങ്ങളെ ആവശ്യമുള്ളത്. ഇന്‌റര്‍നെറ്റില്‍ ്തര്‍ക്കിച്ചും ചര്‍ച്ച ചെയ്തും മടുത്തെങ്കില്‍ യഥാര്‍ത്ഥ ലോകത്തേയ്ക്ക് വരൂ. രാഷ്ട്രീയനേതാക്കളെ മടുത്തെങ്കില്‍ നിങ്ങള്‍ തന്നെ രാഷ്ട്രീയത്തിലിറങ്ങൂ. ചിലപ്പോള്‍ നിങ്ങള്‍ തോറ്റേക്കാം, ചിലപ്പോള്‍ ജയിച്ചേക്കാം. വിശ്വസിക്കാനാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്. എന്നിലല്ല, മാറ്റം കൊണ്ടുവരാനുള്ള നിങ്ങളുടെ കഴിവില്‍ തന്നെ.

അമേരിക്കയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ വിശ്വസിക്കണമെന്നാണ് എനിക്ക് പ്‌റയാനുള്ളത്. അടിമകള്‍ അടക്കമുള്ളവരുടെ ദുരിതങ്ങളില്‍ നിന്ന് ഉയിര്‍കൊണ്ട ആശയങ്ങള്‍. കുടിയേറ്റക്കാരടക്കം നീതിക്ക് വേണ്ടി പോരാടിയവരുടെ ആത്മാവ്, വിദേശമണ്ണിലെ യുദ്ധഭൂമി മുതല്‍ ചന്ദ്രനില്‍ വരെ കൊടി നാട്ടിയവരുടെ പ്രയത്‌നം, ഇനിയും എഴുതപ്പെടാനിരിക്കുന്ന വീരകഥകള്‍. ഇതിലെല്ലാം വിശ്വാസം അര്‍പ്പിക്കൂ.

അതെ നമുക്ക് കഴിയും
അതെ നമ്മള്‍ അത് ചെയ്തിട്ടുണ്ട്.
അതെ നമുക്ക് കഴിയും

നന്ദി. ദൈവം അനുഗ്രഹിക്കട്ട. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയ്ക്ക് എല്ലായ്‌പോഴും ദൈവാനുഗ്രഹമുണ്ടാവട്ടെ.

നാല് വര്‍ഷം കൂടി എന്ന് ചിലര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. എനിക്കതിന് കഴിയില്ല എന്ന് ചിരിച്ചുകൊണ്ട് ഒബാമ മറുപടി നല്‍കി. 51 മിനുട്ട് നീണ്ട പ്രസംഗത്തിനിടയില്‍ ഒബാമ വികാരാധീനനായി കണ്ണുകള്‍ തുടച്ചു. നേരത്തെ ഒബാമയുടെ വിടവാങ്ങല്‍ സന്ദേശം വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.

 

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍