ട്രെന്‍ഡിങ്ങ്

താങ്കള്‍ കേരളത്തിലേക്ക് വരണം മി. തളത്തില്‍ ദിനേശന്‍; അര്‍ണാബിനൊരു തുറന്ന കത്ത്

Print Friendly, PDF & Email

യുദ്ധത്തിന്റെ പേരു പറഞ്ഞാലേ വോട്ട് കിട്ടൂ, ദേശസ്നേഹം ഉണരൂ എന്നൊക്കെ മാത്രം അറിയാവുന്നവർക്ക് എപ്പൊഴും ആരോടെങ്കിലും യുദ്ധം ചെയ്തുകൊണ്ടേയിരിക്കണം

A A A

Print Friendly, PDF & Email

കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വാസ്തവവിരുദ്ധവുമായ കാര്യങ്ങള്‍ റിപ്പബ്ലിക് ടിവിയും അര്‍ണാബ് ഗോസ്വാമിയും നടത്താന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. അതിനിടെയാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താത്തത് എന്തുകൊണ്ടാണെന്നാണ് ഹിന്ദു മഹാസഭയുടെ ഇന്ദിര തിവാരി ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവുവിനോട്‌ റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചയ്ക്കിടെ ചോദിച്ചത്. രൂക്ഷമായ പ്രതികരണങ്ങളാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് അതില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് ഡോ. നെല്‍സന്‍ ജോസഫ് അര്‍ണാബ് ഗോസ്വാമിക്ക് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ തുറന്ന കത്ത്. അര്‍ണാബിനെ ശ്രീനിവാസന്റെ പ്രശസ്ത കഥാപാത്രമായ തളത്തില്‍ ദിനേശനോട്‌ ഉപമിച്ചു കൊണ്ടാണ് കത്ത്.

ഡോ. നെല്‍സന്‍ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കത്ത് വായിക്കാം

ഡിയർ അർണബ് ജീ,

കേരളത്തെക്കുറിച്ചുള്ള അങ്ങയുടെയും അങ്ങയുടെ ചാനലിന്റെയും ഉത്കണ്ഠ എന്റെ കണ്ണ് നിറയ്ക്കുന്നു… ആനന്ദാശ്രുക്കളാണ്.

കേരളത്തിലെ വാർത്തകൾ കണ്ണിമ ചിമ്മാതെ നോകിയിരിക്കുന്ന അങ്ങയുടെ സ്നേഹത്തിനും കരുതലിനും മലയാളികളുടെ സ്നേഹാന്വേഷണങ്ങൾ റിപ്പബ്ലിക്കിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത് കൈപ്പറ്റിയെന്ന് കരുതട്ടെയോ?

ജി ഇടയ്ക്കിടയ്ക്ക് ദി നേഷൻ വാണ്ട്സ് റ്റു നോ എന്ന് പറയുമ്പൊ എനിക്ക് വൺ മിസ്റ്റർ തളത്തിൽ ദിനേശനെയായിരുന്നു ഓർമ വന്നുകൊണ്ടിരുന്നത്. ദിനേശൻ വാണ്ട്സ് റ്റു നോ…. ദിനേശനും ഓരോ ചെറിയ കാര്യവും അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു. പക്ഷേ ചെറിയ ചെറിയ കാര്യങ്ങളിൽ സംശയിച്ച് ദിനേശൻ വലിയ കാര്യം മിസ് ചെയ്തു… യഥാർഥ പ്രശ്നം അയാൾക്കായിരുന്നെന്ന്..

കേരളത്തിലേക്ക് ടെലസ്കോപ്പിക് ലെൻസും തിരിച്ചുവച്ച് ഇരിക്കുന്ന അങ്ങയുടെ ഒ.ബി.വാനിലെ കാമറകൾ കാണിക്കുന്ന ദൃശ്യങ്ങളിൽ പലതും അങ്ങേയ്ക്ക് മനസിലാകാതെ പോകുന്നെന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. സാരമില്ല. സബ് ടൈറ്റിലില്ലാതെ സിനിമ കാണുമ്പൊ ഞങ്ങൾക്കും അതേ പ്രശ്നം ഉണ്ടാകാറുള്ളതാണ്.

മൊത്തം പറഞ്ഞ് പഠിപ്പിക്കാൻ പറ്റിയില്ലെങ്കിലും സർജിക്കൽ സ്ട്രൈക്ക് റിപ്പോർട്ട് ചെയ്യാൻ കേരളത്തിലേക്ക് വരുമ്പൊ വഴി ചോയ്ച്ച് ചോയ്ച്ച് പോകാനെങ്കിലും ആൾമാറാട്ടത്തിന് ഉപകരിക്കുന്ന ചില സാമൂഹ്യ സാംസ്കാരിക സവിശേഷതകൾ പറഞ്ഞു തരാനാണ് ഈ കത്ത്. (വേഷം മാറി വന്നാ മതീട്ടോ. എത്ര മോശക്കാരനാണെങ്കിലും ഞങ്ങള് ആതിഥ്യമര്യാദ ഉള്ളവരാണെങ്കിലും വികാരജീവികളായ ആരെങ്കിലും ഉണ്ടെങ്കിലോ?)

അതെ അർണബ് ജീ, സർജിക്കൽ സ്ട്രൈക്ക് തന്നെ. ഇന്നലെ താങ്കളുടെ ചാനലിലിരുന്ന് ” കേരളത്തിനെതിരെ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തിക്കൂടേ ” എന്ന് ഒരു മാന്യ വനിത ചോദിച്ചത് ഞങ്ങളും അറിഞ്ഞു. താങ്കളുടെ ചാനലിന് ഇവിടെ കാഴ്ചക്കാരുണ്ടെന്നല്ല ഉദ്ദേശിച്ചത്. ഏറ്റവും കൂടുതൽ ബഹളമുണ്ടാക്കുന്നവർ ജയിക്കുന്ന, താങ്കൾ റഫറിയായി അഭിനയിക്കുന്ന ആ കളി ഇന്നലെയുണ്ടാക്കിയ ശബ്ദമലിനീകരണകോലാഹലം ഇങ്ങ് വരെയെത്തിയതാണ്.

വളരെ നല്ലതാണ്. യുദ്ധത്തിന്റെ പേരു പറഞ്ഞാലേ വോട്ട് കിട്ടൂ, ദേശസ്നേഹം ഉണരൂ എന്നൊക്കെ മാത്രം അറിയാവുന്നവർക്ക് എപ്പൊഴും ആരോടെങ്കിലും യുദ്ധം ചെയ്തുകൊണ്ടേയിരിക്കണം. വേറെ ആളില്ലാതെ വരുമ്പൊ സ്വന്തം രാജ്യത്തിനെതിരെയും അവിടുത്തെ ജനങ്ങൾക്കെതിരെയുമാകാം. ഒരു കാര്യത്തിൽ നന്ദിയുണ്ട്. ഇന്ത്യയിലെ ജനസംഖ്യയുടെ രണ്ടോ മൂന്നോ ശതമാനം ജനങ്ങൾ മാത്രമുള്ള ഈ കൊച്ച് സംസ്ഥാനത്തെ കൊച്ചുകൊച്ച് പഞ്ചായത്തുകളിൽ കിടക്കുന്ന പൊട്ടും പൊടിയും പെറുക്കിയെടുത്ത് ഞങ്ങളുടെ രാഷ്ട്രീയം ബാക്കി ഇന്ത്യയുടെ മുന്നിൽ അവതരിപ്പിക്കാൻ അവസരം തരുന്നതിന്…

ശരിക്ക് പറഞ്ഞാൽ ഇപ്പോഴാണ് കേരളത്തിലേക്ക് വരാൻ പറ്റിയ സമയം. കേരളത്തിന്റെ ദേശീയോൽസവമായി ഞങ്ങൾ ആഘോഷിക്കുന്ന ഓണമാണ് വരാൻ പോകുന്നത്. ഒരു ഉൽസവം എങ്ങനെയാണ് വ്യത്യാസങ്ങൾ മറന്ന് , നാനാജാതിമതസ്ഥർ ചേർന്ന് ആഘോഷിക്കുന്നതെന്ന് കണ്ട് പഠിക്കാൻ അതുപകരിക്കും.. പണ്ട് കേരളം ഭരിച്ചിരുന്നു എന്ന് കരുതിയിരുന്ന മഹാബലിയുടെ ഓർമ ഭൂരിപക്ഷം ആഘോഷിക്കുന്ന ആ സമയത്ത് മഹാബലിയെ ചവിട്ടിത്താഴ്ത്തിയെന്ന് കരുതുന്ന വാമനന്റെ ജയന്തി ആഘോഷിക്കുന്നവർക്കും ഇവിടെ സ്പേസ് ലഭിക്കുന്നുണ്ടെന്നത് ഒരുപക്ഷേ താങ്കൾക്കൊരു ” സർപ്രൈസ് ” ആയിരിക്കും.

അതെ, ഞങ്ങളെല്ലാരും ഒരുപോലല്ല. മതവും രാഷ്ട്രീയവും അടക്കം ഓരോ കൊച്ചു കാര്യങ്ങളിലും ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. പക്ഷേ ഞങ്ങളിൽ ഭൂരിഭാഗവും ആ വ്യത്യാസങ്ങളോടെ തന്നെ മറ്റുള്ളവരെ അംഗീകരിക്കാൻ മനസുള്ളവരാണ്. അങ്ങനെ ഒരു മനസുണ്ടായത് ഒന്നോ രണ്ടോ വർഷം കൊണ്ടല്ല അർണബ് ജീ.. അതറിയാൻ കേരളത്തിന്റെ ഇന്ന് വരെയുള്ള ചരിത്രം പഠിക്കേണ്ടിവരും. പക്ഷേ അർണബ് ജിയെ ആ ചരിത്രം പഠിക്കാൻ ഞങ്ങൾ സമ്മതിക്കൂല. കാരണം ചരിത്രം വളച്ചൊടിച്ചല്ലേ ജി യ്ക്ക് ശീലം.

ജി യ്ക്ക് ഇവിടെ പഠിക്കാൻ ഒരുപാടുണ്ടാകും. സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടൂതലായതും എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നതും ആരോഗ്യം എല്ലാവർക്കും പ്രാപ്യമായതും പൊലീസ് സ്റ്റേഷനിൽ കേസ് കൊടുക്കാൻ കയറിച്ചെല്ലാമെന്നതും എന്തുകൊണ്ടാണ് ലോകത്തെവിടെ ഏത് കോണിൽ പോയാലും മലയാളി ഉണ്ടാകുന്നതെന്നുമെല്ലാം ജി പഠിക്കുമല്ലോ അറ്റ് ലീസ്റ്റ് ശ്രമിക്കുമല്ലോ…

അതായത് പറഞ്ഞുവരുന്നതെന്താണെന്നറിയാമോ ജീ… ഇവിടെ ഹിന്ദു പെൺകുട്ടിയെ മുസ്ലിം കല്യാണം കഴിക്കുന്നതും മുസ്ലിം പെൺകുട്ടിയെ ഹിന്ദു കല്യാണം കഴിക്കുന്നതും മാത്രമല്ല നടക്കുന്നത്. മതങ്ങളിലെല്ലാമുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും വിവാഹിതരാവാറുണ്ട്. ഒട്ടു മിക്കയിടങ്ങളിലും നടക്കുന്നത് പോലെ മതവും ജാതിയും ഏതായാലും മാതാപിതാക്കൾക്ക് വിഷമമുണ്ടാകാറുണ്ട്. പിണങ്ങാറുണ്ട്. ചിലർ കുറച്ച് കാലം കഴിയുമ്പൊ എല്ലാം മറന്ന് ഒന്നിക്കുന്നു. ചിലർ ആ ദേഷ്യവുമായി മരിക്കുന്നു. ഇവിടെ ഞങ്ങൾ അതിനു പറയുന്ന പേരു പ്രണയ വിവാഹമെന്നാണ്.

അല്ലാതെ മതം അനുസരിച്ച് ലൗ ജിഹാദെന്നും ലൗ കുരുക്ഷേത്രയെന്നും ലവ് കുരിശുയുദ്ധമെന്നുമൊക്കെ പേരു കൊടുക്കാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ആ സ്റ്റോറി അറിയാത്തതുകൊണ്ടല്ല ജി യുടെ ഈ ആവേശമെന്നറിയാം..ചുമ്മാ ഒരു പേച്ചുക്ക് സൊന്നേൻ..

പിന്നേ, ജീ ഒരു പ്രായപൂർത്തിയായ ആൾ എന്ത് ചെയ്യണമെന്ന് അയാൾ തീരുമാനിക്കുന്നതല്ലേ ശരി? അതിനു വലിയ വലിയ പൊളിറ്റീഷ്യന്മാരെയും ബ്യൂറോക്രാറ്റുകളെയും ജേർണലിസ്റ്റുകളെയുമൊക്കെ ബഹളം വച്ച് തോൽപ്പിക്കുന്ന ജി ഇറങ്ങുന്നതും ഒരു വീട്ടുകാര്യം തീർക്കാൻ സർജിക്കൽ സ്ട്രൈക്ക് ഓർഡർ ചെയ്യുന്നതുമൊക്കെ കുറച്ചിലല്ലേ?

ബൈ ദ ബൈ അർണബ് ജീ..

ജി വലിയ രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ടാകും..
വലിയ പത്രപ്രവർത്തകരെ കണ്ടിട്ടുണ്ടാകും..
വലിയ ബ്യൂറോക്രാറ്റുകളെ കണ്ടിട്ടുണ്ടാകും..

പക്ഷേ മലയാളികളെ അധികം കണ്ടിട്ടുണ്ടാവില്ല. കേരളവും.. അതിന്റെ കുഴപ്പമാണ്.

പിന്നെ ജി ഇന്റർവ്യൂവും ഡിബേറ്റുമൊക്കെ നടത്തുമ്പൊ അമ്മായിയമ്മ – മരുമകൾ സീര്യലിന്റെ ഇമോഷണൽ ഡ്രാമ വിട്ട് ശാന്തമായി പറഞ്ഞാലും ആൾക്കാർക്ക് കാര്യം മനസിലാകും.നമ്മുടെ യോഗി ജിയും മോഡി ജിയുമൊക്കെ ആയി നടത്തിയ അഭിമുഖങ്ങൾ പോലെ…

വേറൊന്നും കൊണ്ടല്ല… ജി ബഹളം വയ്ക്കുന്നത് കണ്ട് ഇവിടേം കുറച്ചുപേർ പഠിച്ചുവരുന്നുണ്ട്.. അതോണ്ടാണ്..

അപ്പൊ
നിർത്തട്ടെ…
Welcome to Kerala
Nice to meet you.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍