ട്രെന്‍ഡിങ്ങ്

ജഗ്ഗി വാസുദേവ് എന്ന ആള്‍ദൈവം ആരെന്ന് പിണറായി വിജയനറിയില്ലെങ്കില്‍ ഇതാ കുറച്ചു കാര്യങ്ങള്‍

Print Friendly, PDF & Email

ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 112 അടി പൊക്കമുള്ള ശിവന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്

A A A

Print Friendly, PDF & Email

ജഗ്ഗി വാസുദേവ് എന്ന ആള്‍ദൈവത്തെ കേരളം പരിചയപ്പെട്ടിട്ട് കുറച്ചുകാലമാകുന്നു. എന്നാലും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹത്തെ അറിയില്ലെന്ന് തോന്നുന്നു. ജഗ്ഗി നടത്തുന്ന നദീ സംരക്ഷണ റാലിയുടെ പ്രചാരകനായി പിണറായി മാറിയിരിക്കുന്നതാണ് രാഷ്ട്രീയ കേരളത്തെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. കഴിഞ്ഞദിവസം റാലിയുടെ പ്രചരണ ബോര്‍ഡും പിടിച്ച് പിണറായി ജഗ്ഗിയ്‌ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരി മുതല്‍ 16 സംസ്ഥാനങ്ങള്‍ കടന്ന് 7000 കിലോമീറ്റര്‍ യാത്രയാണ് ജഗ്ഗി നടത്തുന്നത്. സെപ്തംബര്‍ മൂന്നിന് ആരംഭിച്ച റാലി ഒക്ടോബര്‍ രണ്ടിന് ഡല്‍ഹിയില്‍ അവസാനിക്കും.

ആള്‍ദൈവങ്ങള്‍ക്കെതിരായി ശക്തമായ ശബ്ദം ഉയര്‍ത്തുന്ന പിണറായിയില്‍ നിന്നാണ് ഈ നടപടിയെന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. അമൃതാനന്ദമയി മഠത്തിനെതിരെ പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോയെന്ന് ഉറ്റുനോക്കുന്ന ആളുകളെ നിരാശരാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ നീക്കം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം ആള്‍ദൈവങ്ങള്‍ക്കെതിരെ തുറന്നടിച്ചിരുന്നു. ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത് സിദ്ധിയെ കച്ചവടമാക്കുമ്പോഴാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ദേര സച്ച സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രാജ്യത്താകമാനമുള്ള ആള്‍ദൈവങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. ഗുര്‍മീതിന്റെ വിധിയ്ക്ക് പിന്നാലെ കലാപമുണ്ടായപ്പോഴും ആള്‍ദൈവങ്ങള്‍ക്കെതിരെ പിണറായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ജഗ്ഗി വാസുദേവിന്റെ റാലിയുടെ പ്രചാരകനായതോടെ പിണറായിയും ആള്‍ദൈവങ്ങള്‍ക്ക് പിന്തുണ അര്‍പ്പിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് ജഗ്ഗി വാസുദേവിന് സാമൂഹിക പ്രസക്തി നേടിക്കൊടുക്കുകയും അനാവശ്യ പ്രധാന്യം നല്‍കുകയും ചെയ്യലാകും. ജഗ്ഗി വാസുദേവ് ആരാണെന്നും എന്താണെന്നും മനസിലാക്കാന്‍ പിണറായി ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നാണ് മുഖ്യമായും ആക്ഷേപം ഉയരുന്നത്.

ജഗ്ഗിയുടെ ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന റാലി ഫോര്‍ റിവര്‍ പരിപാടി തട്ടിപ്പാണെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പുഴകളെ സംരക്ഷിക്കാന്‍ പുഴയുടെ ഒരു കിലോമീറ്റര്‍ ദൂരം മരങ്ങള്‍ നടണമെന്നാണ് ജഗ്ഗി പറയുന്നത്. അതാണ് നദികളെ സംരക്ഷിക്കാനുള്ള യഥാര്‍ത്ഥ പ്രതിവിധിയെന്ന് അവകാശപ്പെട്ടാണ് ആള്‍ദൈവം റാലി സംഘടിപ്പിക്കുന്നത്. എന്നാല്‍ ഈ റാലിയ്ക്ക് പിന്നിലുള്ള കോര്‍പ്പറേറ്റ് കരങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്. റാലിയുടെ പ്രചരണരീതി തന്നെ കോര്‍പ്പറേറ്റ് രീതിയിലാണ്. പ്രചരണത്തിനായി സിനിമ താരങ്ങളെയും വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളെയും രംഗത്തിറക്കിയും ദേശീയ മാധ്യമങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കിയുമാണ് പ്രചരണ രീതി. കൂടാതെ പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 80009 80009 എന്ന നമ്പരിലേക്ക് മിസ് കോള്‍ ഇടാനും ആവശ്യപ്പെട്ടിരിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന റാലിയില്‍ ആള്‍ദൈവം സഞ്ചരിക്കുന്നത് മേഴ്‌സിഡസ് ജി63യിലാണ്. വലിയ രീതിയില്‍ മലിനീകരണമുണ്ടാക്കുന്ന ഈ വാഹനത്തിലെ സഞ്ചാരം തന്നെയാണ് റാലി തട്ടിപ്പാണെന്ന് ആരോപിക്കപ്പെടുന്നതിലെ മുഖ്യകാരണം. രണ്ട് കോടി വിലമതിക്കുന്ന ഈ കാറിന്റെ മൈലേജ് 11.8 കിലോമീറ്റര്‍ മാത്രമാണ്. അതായത് 7000 കിലോമീറ്റര്‍ യാത്രചെയ്യുമ്പോള്‍ ഈ വാഹനത്തിന് വേണ്ടി വരുന്നത് മറ്റ് വാഹനങ്ങള്‍ക്ക് വേണ്ടതിനേക്കാള്‍ വളരെയധികം ഇന്ധനമാണ്. വലിയ ഡാമുകളുടെ നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്ന ജഗ്ഗിയുടെ റാലി ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Also read: എന്തുകൊണ്ട് ജഗ്ഗി വാസുദേവിന്റെ 112 അടി ശിവപ്രതിമ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യരുത്

റ്റിലെ പ്രിയങ്ക തിരുമൂര്‍ത്തിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നിരവധി പരിസ്ഥിതി പ്രവര്‍ത്തകരാണ് റാലിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മരം നടീല്‍ ഇവിടെ അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ നിത്യാനന്ദ ജയരാമന്‍ പറയുന്നു. അതേസമയം നദികളെ തിരിച്ചുപിടിക്കാന്‍ മരങ്ങളേക്കാള്‍ ഏറ്റവും നല്ല മാര്‍ഗ്ഗം പുല്ലുകളും കുറ്റിച്ചെടികളും ഉറപ്പുള്ള ചെടികളും നദീതീരത്ത് വച്ചുപിടിപ്പിക്കുകയും ജലസസ്യങ്ങളും വച്ചുപിടിപ്പിക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വെള്ളപ്പൊക്കങ്ങള്‍ തടയാനും മരങ്ങളേക്കാള്‍ നല്ല പ്രതിവിധി ഇതാണ്. കൂടാതെ ഈ റാലിയുടെ സ്‌പോണ്‍സര്‍മാരായ പലരും പ്രകൃതിയെ മലിനപ്പെടുത്തുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദാനി ഗ്രൂപ്പിനെയാണ് അദ്ദേഹം മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്ടില്‍ ഇവരുടെ ഓയില്‍ കമ്പനിയിലെ ഇന്ധന ചോര്‍ച്ചയും ഇദ്ദേഹം എടുത്തു പറഞ്ഞു. പരിപാടിയുടെ സ്‌പോണ്‍സറായ മഹീന്ദ്രയുടെ മേധാവി കേശുബ് മഹീന്ദ്രയാണ് ഒരുകാലത്ത് ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബേഡ് കമ്പനിയുടെയും മേധാവിയായിരുന്നത്. ഗംഗ മലിനപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകയും അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വിറോണ്‍മെന്റ് (എട്രീ) ഗവേഷകയുമായ വീണയെ ഉദ്ധരിച്ച് newsminutes.com റിപ്പോര്‍ട്ട് ചെയ്യുന്നു. സംരക്ഷിക്കാത്തതിനാലും മൃതദേഹം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നദികളിലേക്ക് തള്ളുന്നതിനാലുമാണ് അതെന്നാണ് അവര്‍ പറയുന്നത്. അതുപോലെ ഡാമുകള്‍ നദിയെ ഏതൊക്കെ വിധത്തില്‍ ബാധിക്കുമെന്ന വിഷയം ഇവിടെ പരിഗണിക്കപ്പെടുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനവിഷയങ്ങളെ നിശബ്ദമാക്കാനാണ് ജഗ്ഗി വാസുദേവിന്റെ മരം നടീല്‍ പ്രചരണം എന്നാണ് അവര്‍ ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 112 അടി പൊക്കമുള്ള ശിവന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പരിസ്ഥിതി, നിര്‍മ്മാണ ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചാണ് പശ്ചിമഘട്ടത്തിന്റെ താഴ്‌വരയില്‍ ഈ പ്രതിമ നിര്‍മ്മിച്ചത്. ഇതിനെതിരെ ആദിവാസി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് രംഗത്തെത്തിയത്. കോയമ്പത്തൂരില്‍ നിര്‍മ്മിച്ച ഈ പ്രതിമ പരിസ്ഥിതിക്ക് കനത്ത നാശമാണ് വരുത്തിവച്ചിരിക്കുന്നത്. വെള്ളിയാന്‍ഗിരിയിലെ പ്രതിമയുടെ അനാച്ഛാദനത്തിനെതിരെ തമിഴ്‌നാട്ടില്‍ എമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു. കോയമ്പത്തൂരില്‍ ചടങ്ങ് നടക്കുന്ന ദിവസം തെരുവുകളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ പ്രതിഷേധങ്ങള്‍ അവഗണിച്ച് പ്രധാനമന്ത്രി പ്രതിമ ഉദ്ഘാടനം ചെയ്ത് ചട്ടങ്ങള്‍ ലംഘിച്ചുള്ള ഈ നിര്‍മ്മാണത്തിന് നിയമസാധുത നല്‍കി.

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗിയുടെ ആശ്രമം അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച ആദ്യത്തെ സംഭവം ആയിരുന്നില്ല ഇത്. ഇയാളുടെ അനധികൃത കെട്ടിടനിര്‍മ്മാണത്തെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കൂറ്റന്‍ ശിവപ്രതിമ നിര്‍മ്മാണത്തിനെതിരെയും കേസുണ്ട്. നേരത്തെ ഡിസി ബുക്‌സ് സംഘടിപ്പിച്ച ലിറ്ററി ഫെസ്റ്റിവലില്‍ ജഗ്ഗി ഉദ്ഘാടനം ചെയ്ത വേദിയില്‍ എംഎ ബേബി പങ്കെടുത്തതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. കേരളത്തിലെ മറ്റേതൊരു സെലിബ്രിറ്റിയേക്കാളും ജനപിന്തുണ നേടുക പിണറായിയുടെ പിന്തുണയില്‍ നിന്നായിരിക്കുമെന്ന ജഗ്ഗിയുടെ തന്ത്രത്തിന് മുന്നില്‍ അദ്ദേഹം വീണുപോയതാണെന്നു വേണമെങ്കില്‍ കരുതാം.

ആള്‍ദൈവങ്ങളെ എതിര്‍ക്കുന്ന മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിനൊപ്പം നടക്കുന്ന രണ്ട് പേര്‍ക്കാണ് ഇവിടെ തെറ്റുപറ്റിയത്. സംഘപരിവാറുമായി ചേര്‍ന്നു നില്‍ക്കുന്ന ജഗ്ഗിയെ മനസിലാക്കിയിരുന്നെങ്കില്‍ പിണറായിക്ക് ഈ വീഴ്ച സംഭവിക്കില്ലായിരുന്നു. വ്യവസായ മലിനീകരണവും മൈനിംഗും കൂറ്റന്‍ഡാം നിര്‍മ്മാണവും റിവര്‍ ലിങ്കിംഗ് പദ്ധതിയുമടക്കമുള്ള കോര്‍പ്പറേറ്റ് വികസനം നടപ്പാക്കുന്ന സംഘപരിവാര്‍ ഭരണത്തെ വെള്ളപൂശാനുള്ള ഗിമ്മിക്കാണ് ജഗ്ഗിയുടെ നദീസംരക്ഷണ റാലിയെന്ന് പിണറായി മനസിലാക്കണമായിരുന്നു.

Also read: ആള്‍ദൈവം ജഗ്ഗി വാസുദേവിനെ കോഴിക്കോടന്‍ മണ്ണില്‍ കൊണ്ടുവന്നത് കുറ്റകൃത്യം; ശാരദക്കുട്ടി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍