ട്രെന്‍ഡിങ്ങ്

തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മകന്‍

Print Friendly, PDF & Email

19 വര്‍ഷം മുമ്പ്‌ മഅദനി ആദ്യമായി അറസ്റ്റിലാകുമ്പോള്‍ ഉമര്‍ മുക്താറിന് നാലും അനിയന്‍ സലാഹുദ്ദീന് ഒന്നും വയസ്സായിരുന്നു

A A A

Print Friendly, PDF & Email

ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പിതാവ് അബ്ദുല്‍ നാസര്‍ മഅദനിയ്ക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മകന്‍ ഉമര്‍ മുക്താര്‍. ഉമറിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ്, മഅദനിയുടെ മകനെന്ന പേരില്‍ താന്‍ നേരിടേണ്ടിവന്ന അപമാനങ്ങളുടെയും ആദരവിന്റെയും സാക്ഷ്യപത്രമാണ്. ഓഗസ്റ്റ് ഒമ്പതിന് നടക്കുന്ന തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും മഅദനിക്ക് ഇനിയും അത് അനുവദിച്ചിട്ടില്ലെന്ന് കുറിപ്പില്‍ പറയുന്നു. മഅദനിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലും ഈ മാസം 12-ന് ജാമ്യാപേക്ഷ നല്‍കിയതായി വ്യക്തമാക്കിയിട്ടുണ്ട്.

നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം വര്‍ഷങ്ങള്‍ നീണ്ടപ്പോള്‍ പലപ്പോഴും സ്‌കൂള്‍ മാറേണ്ടതായും വന്നുവെന്ന് ഉമറിന്റെ പോസ്റ്റില്‍ പറയുന്നു. അത് പഠനത്തെ സാരമായി ബാധിക്കുകയും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഖുര്‍ആന്‍ പഠനത്തിന് പോകുകയും ചെയ്തു. കോയമ്പത്തൂരില്‍ നിന്നും നിരപരാധിത്വം തെളിയിച്ച് തന്റെ വാപ്പച്ചി തിരികെ വരുമ്പോള്‍ ഇനിയെന്നും ഒപ്പമുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ മറ്റൊരു കുറ്റം ചാര്‍ത്തി ഭിന്നശേഷിയുള്ള തന്റെ പിതാവിനെ ബാംഗ്ലൂര്‍ ജയിലിലേക്ക് അയയ്ക്കുകയായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു.

തനിക്കും സഹോദരനും പൊതുസമൂഹത്തില്‍ എന്നും ലഭിച്ചത് തീവ്രവാദിയുടെ മകന്‍ എന്ന വിളിയാണ്. നിയമപാലകരായ പോലീസുകാര്‍ പോലും പലപ്പോഴും അതേവിളി ആവര്‍ത്തിച്ച് ഒരു കുഞ്ഞു തീവ്രവാദി എന്ന് അധിക്ഷേപിച്ചുകൊണ്ടിരുന്നു. എന്നാല്‍ വാപ്പച്ചിയെ ജീവന് തുല്യം സ്‌നേഹിക്കുന്നവരെയും കാണാമായിരുന്നെന്ന് ഉമര്‍ പറയുന്നു. അവര്‍ മഅദനി ഉസ്താദിന്റെ മകനെന്ന് പറഞ്ഞ് നെഞ്ചോട് ചേര്‍ത്ത് പിടിക്കും. വാപ്പച്ചി ഉടന്‍ മടങ്ങിവരുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കും.

മദനിയുടെ മകനായതിനാല്‍ ട്രെയിനില്‍ കമ്പാര്‍ട്ട്‌മെന്റ് മാറി ഇരിക്കേണ്ടി വന്ന സാഹചര്യവും ഉമര്‍ വിശദീകരിക്കുന്നു. പേഴ്‌സില്‍ മഅദനിയുടെ ചിത്രം കണ്ടതിനെ തുടര്‍ന്നാണ് സഹയാത്രികന്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. മഅദനിയുടെ ആരാണ്? എന്താണ് ബന്ധം? എന്ന് ചോദിച്ച അയാള്‍ മകനാണെന്ന് അറിഞ്ഞതോടെ പെട്ടെന്ന് ഭാവം മാറി. അതോടെ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വരികയായിരുന്നു.

തന്റെ വാപ്പച്ചിയുടെ ജയില്‍ ജീവിതം ഇപ്പോള്‍ 19 വര്‍ഷം പിന്നിടുന്നു. വന്നാല്‍ ഒരിക്കലും മടങ്ങിപ്പോകാത്ത വിധം വാപ്പച്ചി എന്നും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്കില്‍ പ്രചരിച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ആദ്യമായി വാപ്പിച്ചി അറസ്റ്റിലാകുമ്പോള്‍ തനിക്കു നാലു വയസ്സ് കാണും. ഇളയവന്‍ സലാഹുദ്ദീനു കഷ്ടിച്ച് ഒരു വയസ്സും.
പിതാവിന്റെ സാന്നിദ്ധ്യവും പരിളാലനയും തങ്ങള്‍ക്ക് ലഭിച്ചത് വളരെ കുറവായിരുന്നെങ്കിലും മകന്‍ ഉമര്‍ മുഖ്താറിനു മഅദനി എന്നും ഒരു ഹീറോ ആയിരുന്നു.
വാപ്പിച്ചിയുടെ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടപ്പോള്‍ അവര്‍ക്ക് സ്‌കൂളുകള്‍ പലവട്ടം മാറേണ്ടി വന്നു. അതു പഠനത്തെ സാരമായിത്തന്നെ ബാധിച്ചു. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു ഖുര്‍ ആന്‍ പഠനത്തിനായി അയച്ചു.
വാപ്പിച്ചി കോയമ്പത്തൂരില്‍ നിന്നും നിരപരാധിത്വം തെളിയിച്ചു തിരികെ വരുമ്പോള്‍ ഇനിയെന്നും ഒപ്പമുണ്ടാവുമെന്ന് കരുതി. പക്ഷെ വിധി മറ്റൊന്നായിരുന്നു. വീണ്ടും മറ്റൊരു കുറ്റം ചാര്‍ത്തി ഭിന്നശേഷിയുള്ള തന്റെ പിതാവിനെ ബാംഗ്ലൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. വീണ്ടും താനും അനുജനും പ്രിയപ്പെട്ട ഉമ്മയും ഒറ്റയ്ക്ക്.
തനിക്കും ഇളയവന്‍ സലാഹുദ്ദീന്‍ അയ്യൂബിക്കും പൊതുസമൂഹത്തില്‍ നിന്നും എന്നും ലഭിച്ചത് ‘തീവ്രവാദിയുടെ മകന്‍’ എന്ന വിളിയായിരുന്നു. നിയമപാലകരായ പൊലീസുകാരും പലപ്പോഴും അതേ വിളി തന്നെ ആവര്‍ത്തിച്ചു. ‘ഒരു കുഞ്ഞു തീവ്രവാദി’ എന്ന് തന്നെ ആക്ഷേപിച്ചുകൊണ്ടിരുന്നു.
എന്നാല്‍ വാപ്പിച്ചിയെ ജീവനുതുല്യം സ്‌നേഹിക്കുന്നവരെ എന്നും കാണാമായിരുന്നു. അവര്‍ ‘മഅദനി ഉസ്താദിന്റെ മകന്‍’ എന്നു പറയുമ്പോള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കും. വാപ്പിച്ചി ഉടന്‍ തിരികെ വരുമെന്ന് ആശ്വസിപ്പിക്കും.
ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ താന്‍ പഴ്‌സ് തുറന്നു. അതില്‍ വാപ്പിച്ചിയുടെ ചിത്രം. സഹയാത്രികന്‍ ഉടന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. മഅദനിയുടെ ആരാണു? എന്താ ബന്ധം? അയാളുടെ ഭാവം മാറി. പെട്ടെന്ന് കമ്പാര്‍ട്ട് മെന്റില്‍ നിന്നും പോകേണ്ടിവന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും അല്‍പം പോലും പതര്‍ച്ചയുണ്ടായില്ല. വാപ്പിച്ചി എപ്പോഴും തന്റെ മുന്‍ഗാമികള്‍ സഹിച്ച പരീക്ഷണങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. ആകാശത്തിനു താഴെയുള്ള എന്ത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും വാപ്പിച്ചി മതിയാവോളം സംസാരിക്കുമായിരുന്നു.
മൂത്ത സഹോദരിയുടെ വിവാഹത്തിനു വന്ന് തിരികെ പോകുമ്പോള്‍ താന്‍ വാപ്പിച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉടന്‍ തന്റെ നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്ന് ചെവിയില്‍ ആശ്വസിപ്പിച്ചു. ദുആ കൊണ്ട് വസിയ്യത്ത് ചെയ്തു.
വാപ്പിച്ചിയുടെ ജയില്‍ ജീവിതം ഇപ്പോള്‍ 19 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
ഈ വരുന്ന ആഗസ്റ്റ് 9നു താന്‍ വിവാഹിതനാവുകയാണു.
തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വാപ്പിച്ചിയ്ക്ക് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. അതിനായി ജാമ്യഹരജികള്‍ കൊടുത്തു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
വന്നാല്‍ ഒരിക്കലും മടങ്ങിപ്പോകാതെ വാപ്പിച്ചി ഞങ്ങള്‍ക്കൊപ്പം എന്നും ഉണ്ടായിരുന്നെങ്കില്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍