പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

അര്‍ദ്ധനാരീശ്വരന്മാരും സദാചാരഗുണ്ടകളും

A A A

Print Friendly, PDF & Email

നിങ്ങള്‍ നോവലെഴുതാന്‍ പദ്ധതിയിടുന്നുണ്ടോ? എങ്കില്‍ അതിന്റെ വണ്‍ലൈന്‍ എഴുതി അടുത്ത സംഘപരിവാറിന്റെ ഉപദേശസമിതിക്കു മുന്നില്‍ സമര്‍പ്പിക്കുക. അവര്‍ പറയുന്നതനുസരിച്ച് മാത്രമേ നോവല്‍ പൂര്‍ത്തിയാക്കാനും പ്രസിദ്ധീകരിക്കാനും പാടുള്ളു. മിറച്ചായാല്‍ പ്രശ്‌നം ഗുരുതരമാകും. സംശയമുണ്ടെങ്കില്‍ തമിഴ്‌നാട്ടിലെ നാമക്കലേക്ക് വണ്ടി കയറുക. അവിടെ തിരുച്ചെങ്കോട് എന്നൊരു സ്ഥലമുണ്ട്. നാമക്കല്‍ സര്‍ക്കാര്‍ കോളെജില്‍ തമിഴ് അധ്യാപകനായ പെരുമാള്‍ മുരുകനെ പരിചയപ്പെടുക. സവര്‍ണഫാസിസ്റ്റുകളെ അറിയിക്കാതെ മാതൊരുഭാഗന്‍ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവല്‍ എഴുതിയതിനു ഇദ്ദേഹം അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങള്‍ നേരിട്ടു കേള്‍ക്കുക. അതോടെ നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സാഹിത്യകാരന്‍ ഭയന്നുവിറയ്ക്കും. കാരണം സവര്‍ണഫാസിസ്റ്റുകളുടെ അംഗീകാരമില്ലാതെ നിങ്ങള്‍ക്ക് സാഹിത്യസൃഷ്ടികളൊന്നും എഴുതാനാവില്ല എന്നര്‍ത്ഥം. 

2010 ല്‍ പെരുമാള്‍ മുരുകന്‍ പ്രസിദ്ധീകരിച്ച മാതൊരുഭാഗന്‍ എന്ന തമിഴ് നോവലാണ് സവര്‍ണഫാസിസ്റ്റുകളുടെ കണ്ണില്‍ കരടായത്. നാഗര്‍കോവിലിലെ കാലച്ചുവടാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നാമക്കലിനു സമീപമുള്ള തിരുച്ചെങ്കോട് കൈലാസനാഥന്‍ ക്ഷേത്രത്തില്‍ നടന്നിരുന്ന ആചാരത്തെ അടിസ്ഥാനമാക്കി എഴുതിയ നോവല്‍. ഇതില്‍ സ്ത്രീകളെ അപമാനിച്ചു എന്നാണ് സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള പ്രബല ഹിന്ദുമത സംഘനകള്‍ പ്രസിദ്ധീകരണത്തിന്റെ നാലാം വര്‍ഷം കണ്ടെത്തിയത്. കുട്ടികളില്ലാത്ത ദമ്പതികള്‍ വര്‍ഷത്തിലൊരിക്കല്‍ കൈലാസനാഥക്ഷേത്രത്തില്‍ നടക്കുന്ന രഥോത്സവത്തില്‍പങ്കെടുക്കുകയും ഭര്‍ത്താവിന്റെ സമ്മതത്തോടെ രാത്രിയില്‍ ഇഷ്ടപ്പെട്ട ഏതെങ്കിലും പുരുഷന്മാരോടൊപ്പം ശയിക്കുകയും ചെയ്യുന്നു. അതു വഴി കുട്ടി ജനിക്കുമെന്നാണ് വിശ്വാസം. അങ്ങനെ സംഭവിച്ചാല്‍ അത്  ദൈവത്തിന്റെ വരദാനമാണെന്ന് ഭക്തരായ ഗ്രാമീണര്‍ വിശ്വസിച്ചിരുന്നു. ഈ പഴയ ആചാരമാണ് മാതൊരുഭാഗനില്‍ പെരുമാള്‍ മുരുകന്‍ ആവിഷ്‌ക്കരിച്ചത്. നോവലിലെ കഥാപാത്രങ്ങളായ കാളിയും അയാളുടെ ഭാര്യ പൊന്നയുമാണ് ആചാരത്തില്‍ പങ്കെടുക്കുന്നത്. കാളി പ്രതിഷേധിച്ചിട്ടും പൊന്ന പരപുരഷനോടൊപ്പം ശയിക്കുന്നു. 

നോവലില്‍ ഈ ആചാരത്തെ പെരുമാള്‍ മുരുകന്‍ ചിത്രീകരിച്ച രീതിയാണ് ഹിന്ദുമൗലികവാദികളെ ചൊടിപ്പിച്ചത്. ഭഗവാന്‍ ശിവനേയും ഭക്തരായ സ്ത്രീകളേയും അവഹേളിക്കുന്നതാണ് നോവലിലെ ഇതിവൃത്തമെന്ന് അവര്‍ ആക്രോശിച്ചു. പുസ്തകം നിരോധിക്കണമെന്നും നോവലിസ്റ്റിനേയും പ്രസാധകനേയും അറസ്റ്റു ചെയ്തു തുറുങ്കില്‍ അടയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവര്‍ പുസ്തകങ്ങളുടെ കോപ്പികള്‍ ചുട്ടെരിച്ചു. നോവലിസ്റ്റിനെതിരെ ആക്രോശവുമായി രംഗത്തെത്തി. നാമക്കല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെ തമിഴ് പ്രൊഫസറായ അദ്ദേഹത്തെ ആഴ്ചകളോളം ഹൗസ് അറസ്റ്റിലാക്കി. ഉപരോധം പിന്‍വലിക്കണമെങ്കില്‍ നിരുപാധികം പുസ്തകം പിന്‍വലിച്ച് മാപ്പ് എഴുതിക്കൊടുക്കണമെന്നായി സവര്‍ണ ഹിന്ദുക്കള്‍. മുന്‍നിശ്ചയത്തോടെ അവര്‍ മുരുകന്റെ വീടു വളഞ്ഞു. അക്ഷരങ്ങളെ സ്‌നേഹിച്ചതിന്റെ പേരില്‍ പെരുമാള്‍ മുരുകന്‍ ഒറ്റപ്പെട്ടു. നിരന്തരമായ ഭീഷണി കാരണം ഫോണ്‍ പോലും ഉപേക്ഷിക്കേണ്ടിവന്നു. തനിക്കും കുടുംബാംഗങ്ങള്‍ക്കും എപ്പോഴും എന്തും സംഭവിക്കാമെന്നായി. കുടുംബത്തിന് സംരക്ഷണം നല്‍കണെമെന്ന ആവശ്യവുമായി പെരുമാള്‍ മുരുകന്‍ സ്ഥലത്തെ പൊലീസ് സൂപ്രണ്ടിനെ കണ്ടു. പക്ഷേ അധികാരികള്‍ സവര്‍ണ ഹിന്ദുക്കളുടെ ചുക്കാന്‍ പിടിക്കാന്‍ തുനിഞ്ഞപ്പോള്‍ പൊലീസ് നോക്കുകുത്തികളായി. ജീവനു ഭീഷണി ഉണ്ടാകുമെന്നായപ്പോള്‍ കളക്ടറേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് തന്റെ സൃഷ്ടി നിരുപാധികം പിന്‍വലിക്കുന്നതായുള്ള രേഖയില്‍ മുരുകന്‍ ഒപ്പുവച്ചു. മുപ്പതു പേരടങ്ങുന്ന സവര്‍ണഹിന്ദുക്കളുടെ മുന്നില്‍വച്ചാണ് പെരുമാള്‍ മുരുകന്‍ മാപ്പെഴുതിക്കൊടുത്തത്. പാരീസിലെ ഷാര്‍ലി എബ്‌ദൊ വാരികയുടെ ഓഫീസില്‍ മതതീവ്രവാദികള്‍ അതിക്രമിച്ച് കടന്ന് പത്രപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ മറ്റൊരു രൂപമായിരുന്നു നാമക്കലില്‍ സംഭവിച്ചത്.  

നിരാശനായി കളക്ടറേറ്റില്‍ നിന്നു തിരിച്ചെത്തിയ നോവലിസ്റ്റ് ചില തീരുമാനങ്ങളെടുത്തു. അവ തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ കുറിക്കുകയും ചെയ്തു. ‘എഴുത്തുകാരനായ പെരുമാള്‍ മുരുകന്‍ മരിച്ചുപോയി. അവന്‍ ഈശ്വരനല്ല, അതിനാല്‍ അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കില്ല. പുനര്‍ജന്മത്തില്‍ അവനു വിശ്വാസവുമില്ല. മാതൊരുഭാഗന്‍ പുസ്തകത്തോടെ പ്രശ്‌നം അവസാനിക്കുന്നില്ല. മറ്റു ചിലര്‍ എന്റെ മറ്റു പുസ്തകങ്ങളെ എടുത്തുവച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍ എന്റെ തീരുമാനങ്ങള്‍ ഇതാണ്. ഞാന്‍ എഴുതി പ്രസിദ്ധീകരിച്ച നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ പിന്‍വലിക്കുന്നു. ഈ പുസ്തകങ്ങളൊന്നും ഇനിവില്‍പ്പനക്കുണ്ടാവില്ല.  എന്റെ പ്രസാധകരായ കാലച്ചുവട്, നറ്റിണൈ, അടയാളം, മലൈകള്‍, കയല്‍വിന്‍ തുടങ്ങിയവരോട് അവര്‍ പുറത്തിറക്കിയ പുസ്തകങ്ങള്‍ വില്‍ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവര്‍ക്കുണ്ടായ നഷ്ടം ഞാന്‍ വീട്ടുന്നതാണ്. എന്റെ പുസ്തകങ്ങള്‍ വാങ്ങിയവര്‍ അവ തീയിലിട്ട് നശിപ്പിക്കുക. ആര്‍ക്കെങ്കിലും നഷ്ടമുണ്ടായെന്ന് അറിയിച്ചാല്‍ തുക മടക്കിക്കൊടുക്കുന്നതാണ്. സാഹിത്യസദസ്സുകള്‍ക്കൊന്നും എന്നെ മേലില്‍ ക്ഷണിക്കരുതെന്ന് അപേക്ഷിക്കുന്നു. പുസ്തകങ്ങള്‍ പിന്‍വലിക്കുന്നതിനാല്‍ ജാതി- മത- കക്ഷികള്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. എന്നെ വെറുതേ വിടുക.’ (അനിരുദ്ധന്‍ വാസുദേവന്‍ വിവര്‍ത്തനം ചെയ്ത ഈ നോവല്‍ One Part Womanഎന്ന പേരില്‍ പെന്‍ഗ്വിന്‍ രണ്ട് പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.)

പെരുമാള്‍ മുരുകനു പിന്തുണയുമായി സാഹിത്യകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരും ചില രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് അവര്‍ അക്രോശിച്ചു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ തിരുച്ചങ്കോട് പ്രകടനം നടത്തുകയും ചെയ്തു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിയുള്ള നീക്കങ്ങളെ തങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. സംഘപരിവാറിന്റെ ഇത്തരം നീക്കങ്ങള്‍ തമിഴ്‌നാടിന്റെ സാംസ്‌ക്കാരികാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. പഴയ ആചാരത്തെ മുന്‍നിര്‍ത്തി എഴുതിയ നോവല്‍ മനുഷ്യബന്ധങ്ങളെയാണ് ആവിഷ്‌ക്കരിക്കുന്നതെന്നും അതിനെ സങ്കുചിത ദൃഷ്ടിയിലൂടെ കാണുന്നത് ദുരന്തത്തിനു കാരണമാക്കുമെന്നും അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി സു വെങ്കിടേശനും പ്രസിഡന്റ് തമിള്‍ശെല്‍വനും അഭിപ്രായപ്പെട്ടു.

സവര്‍ണ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ജസ്റ്റിസ് പാര്‍ട്ടി ആവിഷ്‌ക്കരിച്ച ഇ വി രാമസ്വാമി നായ്ക്കരുടെ പിന്‍മുറക്കാരനായ മുത്തുവേല്‍ കരുണാനിധിയോ അദ്ദേഹത്തിന്റെ പാര്‍ട്ടി ദ്രാവിഡ മുന്നേറ്റ കഴകമോ (ഡി എം കെ) പെരുമാള്‍ മുരുകന്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘മതമാണ് വിഷയമെങ്കില്‍ തമിഴ്‌നാട്ടില്‍ നിങ്ങള്‍ക്ക് നിസ്സാരമായ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാം. മുരുകന്റെ കാര്യത്തില്‍ മതവും ജാതിയും കൂടിക്കുഴഞ്ഞു കിടക്കുകയാണ്. അതിനാല്‍ ദ്രാവിഡകക്ഷികള്‍ക്ക് അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടാകും,’ വിടുതലൈ ചിരുതൈകള്‍ കക്ഷി (വി സി കെ) ജനറല്‍ സെക്രട്ടറി ഡി രവികുമാര്‍ അഭിപ്രായപ്പെടുന്നു. സി പി എം ജനറല്‍ സെക്രട്ടറി ജി രാമകൃഷ്ണനും തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി ഇ വി കെ എസ് ഇളങ്കോവനും വി സി കെ നേതാവ് തോള്‍ തിരുമാവളവനുമൊക്കെ നോവലിസ്റ്റിനു അനുകൂലമായി രംഗത്തെത്തി. ബി ജെ പി അധികാരത്തില്‍ വന്ന ശേഷം സംഘപരിവാറിന്റെ ഇടപെടലുകള്‍ വര്‍ദ്ധിക്കുന്നതായി അവര്‍ കുറ്റപ്പെടുത്തി.  

സമൂഹത്തിലെ കൊള്ളരുതായ്മകളെക്കുറിച്ച് അഭിപ്രായം പറയാന്‍ പെരുമാള്‍ മുരുകന്‍ എന്നും ശ്രദ്ധിച്ചിരുന്നു. നാമക്കല്‍ പ്രദേശത്തെ വിദ്യാഭ്യാസമേഖല ഭരിക്കുന്നത് സ്ഥലത്തെ ശക്തരായ സവര്‍ണ വ്യവസായികളാണ്. അവരുടെ ഇഷ്ടപ്രകാരം പല സ്‌കൂളുകളിലും നടപ്പിലാക്കിയ അശാസ്ത്രീയ പഠനസമ്പ്രദായത്തിനെതിരെ മുരുകന്‍ എന്നും ശബ്ദമുയര്‍ത്തിയിരുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനത്തെക്കുറിച്ച് അദ്ദേഹം പലപാട് എഴുതുകയും ചെയ്തിരുന്നു. ‘ഫെയ്‌സ്ബുക്കില്‍ ഞാന്‍ എഴുതിയ തീരുമാനങ്ങളില്‍ മാറാന്‍ ഉദ്ദേശിക്കുന്നില്ല. നാമക്കലും പരിസരത്തുമുള്ള സ്‌കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അശാസ്ത്രീയമായ പഠനസമ്പ്രദായത്തെ ഞാന്‍ എതിര്‍ത്തിരുന്നു. ആ നിലപാട് ഇഷ്ടപ്പെടാത്തവര്‍ ജാതി സംഘടനകളുടെ ഒത്താശയോടെയാണ് എനിക്കെതിരെ അതിക്രമം അഴിച്ചുവിട്ടത്. കുട്ടികളെ കളിക്കാന്‍പോലും അനുവദിക്കാതെ പരീക്ഷയില്‍ മാര്‍ക്ക് വാങ്ങുകയെന്ന ലക്ഷ്യം വച്ചുള്ള വിദ്യാഭ്യാസം അവരെ എങ്ങുമെത്തിക്കില്ല. ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ പലര്‍ക്കും ദഹിച്ചില്ല. 2010 ല്‍ പുറത്തിറങ്ങിയ എന്റെ നോവലിനെതിരെ ഇപ്പോള്‍ പ്രതിക്ഷേധിക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ല. സമൂഹത്തില്‍ ജാതീയത നിറഞ്ഞുകവിയുകയാണ്. എന്റെ അവസാന നോവല്‍ ധര്‍മ്മപുരിയില്‍ ആത്മഹത്യ ചെയ്ത ദളിത് യുവാവ് ഇളവരശനു സമര്‍പ്പിച്ചത് ആ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ സവര്‍ണഹിന്ദുക്കള്‍ക്ക് ദഹിച്ചില്ല. എനിക്കെതിരെ പോരാട്ടം ആരംഭിക്കാന്‍ അവര്‍ക്ക് അതു മതിയായ കാരണമായിരുന്നു.’  മാപ്പെഴുതിക്കൊടുത്ത ദിവസം ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് പെരുമാള്‍ മുരുകന്‍ പറഞ്ഞു. 

അഭിപ്രായ സ്വാതന്ത്ര്യത്തിനു രാഷ്ട്രീയപിന്തുണ നഷ്ടമാകുന്ന വേളയിലാണ് മതതീവ്രവാദികള്‍ തലപൊക്കുന്നത്. അരക്ഷിതവും നീതിയുക്തവുമല്ലാത്ത രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തരം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ‘വര്‍ഗ്ഗീയ ശക്തികളുടെ വിളനിലമായിത്തീര്‍ന്നിരിക്കുകയാണ് തമിഴ്‌നാട്,’ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്‍റ് സ്റ്റഡീസിലെ പ്രൊഫസര്‍ സി ലക്ഷ്മണന്‍ അഭിപ്രായപ്പെടുന്നു. സാധാരണക്കാരന് അവകാശപ്പെട്ട മൗലികാവകാശങ്ങളുടെ വന്‍തോതിലുള്ള  ലംഘനമാണ് നാമിവിടെ കാണുന്നത്.  ‘ജാതിയുടേയും മതത്തിന്റേയും കാര്യത്തില്‍ നമ്മുടെ സമൂഹം അടുത്തിടെയായി വളരെ സെന്‍സിറ്റീവായി മാറുകയാണ്,’ എന്ന തമിഴ് നോവലിസ്റ്റ് അശോകമിത്രന്റെ വാക്കുകള്‍ തള്ളിക്കളയാനാവില്ല. പെരുമാള്‍ മുരുകന്റെ ‘മാതൊരുഭാഗന്‍’ എന്ന നോവലിനു നേരിടേണ്ടിവന്ന ദുരന്തം അക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍