കെ എ ആന്റണി
ബിജെപി ബാന്ധവത്തെ ചൊല്ലി സിപിഐഎം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന വാക് പോര് ഒരു പുതിയ കാര്യമൊന്നുമല്ല. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും സ്വയം ന്യായീകരിക്കാന്‍ ഇരുകൂട്ടരും നടത്തുന്ന അധര വ്യായാമത്തിന് അപ്പുറം രാഷ്ട്രീയ ചരിത്രം അറിയുന്നവര്‍ ഇതിന് വലിയ വിലയൊന്നും കല്പ്പിക്കാറില്ല. എന്നാല്‍ പുതിയ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇത് തന്നെ ധാരാളം.
തെരഞ്ഞെടുപ്പ് ബാന്ധവത്തിന് അപ്പുറത്ത് ഇന്ത്യയില്‍ ബിജെപിയുടേയും ആര് എസ് എസിന്റേയും വളര്‍ച്ചയ്ക്ക് ഒരു വലിയ പരിധിവരെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തങ്ങളുടേതായ സംഭാവന നല്‍കിയിട്ടുണ്ട്. 1969-ല്‍ കോണ്‍ഗ്രസില്‍ സംജാതമായ പിളര്‍പ്പിനും മുമ്പേ ഈ ബാന്ധവം തുടങ്ങിയിരുന്നു. അറുപത്തിയൊമ്പതില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഒരു കോക്കസിന്റെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് എസ് നിജലിംഗപ്പ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഗുംഗി (ഡംഡോള്) എന്നാണ് നിജലിംഗപ്പയും കൂട്ടരും അന്ന് ഇന്ദിരയെ ആക്ഷേപിച്ചിരുന്നത്. പുറത്താക്കല്‍ പിളര്‍പ്പില്‍ കലാശിച്ചു. അങ്ങനെ ഇന്‍ഡിക്കേറ്റ് കോണ്‍ഗ്രസും സിന്‍ഡിക്കേറ്റ് കോണ്ഗ്രസുമുണ്ടായി. ഒരു ഭാഗത്ത് ഇന്ദിര നേതൃത്വം നല്കുന്ന ഇന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് അഥവാ കോണ്‍ഗ്രസ് ഇന്ദിര (കോണ്‍ഗ്രസ് ഐ). മറുഭാഗത്ത് നിജലിംഗപ്പയുടെ സംഘടനാവാദികളുടെ സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് അഥവാ സംഘടനാ കോണ്‍ഗ്രസ്.
1967 മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണാധിപത്യത്തിന് മങ്ങലേറ്റ് തുടങ്ങിയിരുന്നു. പഞ്ചാബ് മുതല്‍ ബംഗാള്‍ വരെയുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ട് തുടങ്ങിയ കാലം. പഞ്ചാബിലെ അമൃത്സര്‍ മുതല്‍ ബംഗാളിലെ കൊല്‍ക്കത്ത വരെ കോണ്‍ഗ്രസിന്റെ മണ്ണില്‍ ചവിട്ടാതെ നടക്കാമെന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങിയ കാലം. പല സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രാഗ് രൂപമായ ജനസംഘുമായി കമ്മ്യൂണിസ്റ്റുകള്‍ പോലും കൈകോര്‍ത്ത കാലമായിരുന്നു അത്. എന്തുകൊണ്ടോ ജനസംഘിനെ 1925 രൂപീകൃതമായ ആര് എസ് എസിന്റെ രാഷ്ട്രീയ മുഖമായി പലരും കണ്ടിരുന്നില്ലെന്നതാണ് വാസ്തവം. സോഷ്യലിസ്റ്റ് വാദികള്‍ എന്ന നിലയിലാണ് ജനസംഘം ഇന്ത്യയില്‍ വേരുറപ്പിച്ച് തുടങ്ങിയത്. കമ്മ്യൂണിസ്റ്റുകളെ തുടക്കത്തില്‍ ഇത്തരക്കാരിലേക്ക് അടുപ്പിച്ചതും സോഷ്യലിസ്റ്റ് ആശയം തന്നെയായിരുന്നു.
1969-ലെ കോണ്‍ഗ്രസിലെ പിളര്‍പ്പിനുശേഷം ജനസംഘം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളുമായി സഖ്യത്തിലേര്‍പ്പെടുകയുണ്ടായി. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പും ചില സംസ്ഥാനങ്ങളില്‍ ജനസംഘത്തിന്റെ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നു. അടിയന്തരാവസ്ഥ സിപിഐഎമ്മിനെ ക്ഷീണിപ്പിച്ചുവെങ്കില് അതും ജനസംഘത്തിനും ആര് എസ് എസിനും വളരാനുള്ള കളമൊരുക്കി.
അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ 1977-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോലും ഇതിനകം ജനതാപാര്‍ട്ടിയായി രൂപ പരിണാമം വന്ന ജനസംഘവുമായി സിപിഐഎം കൈകോര്‍ക്കുന്നതാണ് കണ്ടത്. 1977-ല്‍ കെജി മാരാര്‍ ഉദുമയില്‍ സിപിഐഎമ്മിന്റെ പിന്തുണയുമായി മത്സരിക്കുന്നതൊക്ക അങ്ങനെ തന്നെയാണ്. ഇതിപ്പോള്‍ ഉമ്മന്‍ചാണ്ടിയോ സുധീരനോ ചെന്നിത്തലയോ പറഞ്ഞ് ആളുകള്‍ അറിയേണ്ട കാര്യമല്ല. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ മായ്ച്ചു കളയാനാകാത്ത രേഖ തന്നെയാണ് ഇത്.
അടിയന്തരാവസ്ഥ സിപിഐഎമ്മിന് എല്പ്പിച്ച ക്ഷീണം ചില്ലറയൊന്നുമായിരുന്നില്ല. പക്ഷേ, 77-ലെ തെരഞ്ഞെടുപ്പോടെ ആര് എസ് എസിന്റേയും ഇതിനകം ജനതാ പാര്‍ട്ടിയായി മാറി കഴിഞ്ഞ ജനസംഘത്തിന്റേയും മനസ്സിലിരിപ്പ് ചുരുങ്ങിയ പക്ഷം മലബാറിലെ കമ്മ്യൂണിസ്റ്റുകാരെങ്കിലും തിരിച്ചറിഞ്ഞിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 77-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയടക്കമുള്ള വന്മരങ്ങള് കടപുഴകി വീഴുകയും കോണ്‍ഗ്രസ് ഏതാണ്ട് നാമാവശേഷമാകുകയും ചെയ്ത ഘട്ടത്തില്‍ ജനതാ പാര്‍ട്ടി കമ്മ്യൂണിസ്റ്റുകള്ക്കൊപ്പമായിരുന്നു എങ്കില്‍ പിന്നീട് അങ്ങോട്ട് അവര്‍ പഠിച്ച രാഷ്ട്രീയ പാഠമുണ്ട്. അതാകട്ടെ 77-ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഐയ്ക്ക് മികവാര്‍ന്ന വിജയം നേടികൊടുത്ത കെ കരുണാകരനോട് സന്ധി ചെയ്യുക എന്നത് തന്നെയായിരുന്നു.
1980-ലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ജാഗരൂകരായിരുന്ന സംഘപരിവാര്‍ ശക്തികള്‍ ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ കരുണാകരനൊപ്പം നിന്നത് തങ്ങളുടെ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ലക്ഷ്യം വച്ചു തന്നെയായിരുന്നു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് പറയുന്ന ഉമ്മന്‍ചാണ്ടിക്കും സുധീരനുമൊക്കെ പറയാനുള്ള ന്യായം അന്നവര്‍ സിപിഐഎമ്മിനൊപ്പമായിരുന്നു എന്നതുമാത്രമായിരുന്നു. 80-ലെ തെരഞ്ഞെടുപ്പില്‍ കരുണാകരനൊപ്പം മത്സരിച്ചിട്ടും ജനതാപാര്‍ട്ടിക്ക് (ബിജെപി) അന്നും അക്കൗണ്ട് തുറക്കാനായില്ല.
77-ലെ സിപിഐഎം-ബിജെപി ബാന്ധവം ആരോപിക്കുന്ന ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും 91-ലെ പരീക്ഷണത്തിനുനേരേയും കണ്ണടയ്ക്കാന്‍ ബേപ്പൂരിലും വടകരയിലും മഞ്ചേശ്വരത്തും ആ വര്‍ഷം നടത്തിയ രാഷ്ട്രീയ നീക്കുപോക്കുകളില്‍ കെ കരുണാകരനും ചില ലീഗ് നേതാക്കളും മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും പറയാം. പക്ഷേ, ഒന്നുമറിഞ്ഞിരുന്നില്ലെന്ന് നടിക്കുന്ന ചാണ്ടി സംഘത്തിന് അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെ വോട്ട് കച്ചവടത്തെ കുറിച്ച് മൗനം പാലിക്കാനാകുമെന്ന് തോന്നുന്നില്ല. മെയ് 16-ന് നടക്കാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി ഗൂഢാലോചന സിപിഐഎം ആരോപിക്കുമ്പോള്‍ 77-ലെ പഴമ്പുരാണം മാത്രം കൊണ്ട് സ്വയം പ്രതിരോധം തീര്ക്കാനാകുമോയെന്ന് മുഖ്യമന്ത്രിയും ആദര്‍ശാലിയായ വിഎം സുധീരനും ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
സത്യത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോഴും അറിയാതെ ചെയ്തു പോയ ഒരു പാതകത്തിന്റെ പേരില്‍ വിഷമസന്ധിയിലാകുകയാണ്. 1977-ലെ പൊതുതെരഞ്ഞെടുപ്പില്‍ ജനസംഘം കൈകോര്‍ക്കുക വഴി മൊറാര്‍ജി ദേശായി മന്ത്രി സഭയില്‍ വിദേശകാര്യ മന്ത്രിയായും വാര്‍ത്താ പ്രക്ഷേപണ മന്ത്രിയും യഥാക്രമം എബി വാജ്പേയിയും എല്‍കെ അദ്വാനിയും കയറി കൂടാന്‍ നിമിത്തമായത് സിപിഐഎം അടക്കമുള്ള ഇടതുപക്ഷ, കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികളുടെ അത്യദ്ധ്വാനം കൂടി കൊണ്ടാണ്. ആ രണ്ട് സീറ്റില്‍ നിന്നും കേന്ദ്രമന്ത്രി പദത്തില്‍ നിന്നും ബിജെപി ഒരുപാട് വളര്‍ന്നു. വാജ്പേയി സര്‍ക്കാരിന് ശേഷം മോദി സര്‍ക്കാര്‍ ഇപ്പോള്‍ നാടുവാഴുമ്പോള്‍ തങ്ങളുടെ പഴയ സോഷ്യലിസ്റ്റ് പ്രണയം വരുത്തിവച്ച വിനയെ കുറിച്ചോര്‍ത്ത് സഖാക്കളും ഖേദിക്കുന്നുണ്ടാകും.
(മുതിര്‍ന്ന മാധ്യമ പ്രവര്‍കനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)