ട്രെന്‍ഡിങ്ങ്

സംഘപരിവാരത്തിനില്ലാത്ത ചൊറിച്ചിൽ പ്രഖ്യാപിതസംഘിയായ മോഹൻദാസിനെന്തിനാണ്?

Print Friendly, PDF & Email

ബിജെപിയും ആർഎസ്എസുമായി ഉള്ളതിലും ശക്തമായി ഹിന്ദുദേശീയവാദികളും മുസോളിനിയുൾപ്പെടുന്ന ഫാഷിസ്റ്റ് ഭരണകൂടനയവുമായി ആർഎസ്എസിനു നാഭീ-നാളബന്ധമുണ്ട്.

A A A

Print Friendly, PDF & Email

ആർഎസ്എസ് ഫാഷിസ്റ്റ് സംഘടനയാണെന്ന് പറയുന്നത് കളവാണെന്നും ആർഎസ്എസ് ഒരു സാംസ്കാരികസംഘടനയാണ് എന്നും ബൗദ്ധികപ്രമുഖ് മോഹൻദാസ് പറയുന്നത് കേട്ടു. അൽഫോൺസ് കണ്ണന്താനം മുതൽ ഇത്തവണ പദ്മശ്രീ കിട്ടിയ മഹാകവി അക്കിത്തമടക്കം അതു സമ്മതിച്ചിട്ടുണ്ടത്രേ. ഷിറ്റ് ഗോപിയോടോ സുഗതകുമാരിയോടോ ലഫ്റ്റനന്റ് കേണൽ ലാലേട്ടൻ നായരോടോ ചോദിച്ചിട്ടില്ലാത്തത് കൊണ്ടാണ്, ഉത്തരം മറ്റൊന്നാവാൻ വഴിയില്ല.

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്ന ശോകഗാനം കൊള്ളാം. പക്ഷേ സാംസ്കാരികനായകരേ, കള്ളനെ കള്ളനെന്നും പരനാറിയെ പരനാറിയെന്നും തന്നെ വിളിക്കാതെ വഴിയില്ല. ഫാഷിസമെന്നു കേൾക്കുമ്പൊൾ ആർഎസ്എസ് സഹയാത്രികർക്കു ചൊറിയുന്നതു കാണുമ്പോഴാണ് ചരിത്രബോധമുള്ളവർക്ക് ചിരിവരിക. ആർഎസ്എസ് ശരീരത്തിന്റെ ജീവശ്വാസമാണ് ഫാഷിസം. അതുകേൾക്കുമ്പോൾ സംഘപരിവാറിനു ചൊറിയേണ്ട ഒരു കാര്യവുമില്ല. സംഘപരിവാരത്തിനില്ലാത്ത ചൊറിച്ചിൽ പ്രഖ്യാപിതസംഘിയായ മോഹൻദാസിനെന്തിനാണ്?

വാസ്തവത്തിൽ ബിജെപിയും ആർഎസ്എസുമായി ഉള്ളതിലും ശക്തമായി ഹിന്ദുദേശീയവാദികളും മുസോളിനിയുൾപ്പെടുന്ന ഫാഷിസ്റ്റ് ഭരണകൂടനയവുമായി ആർഎസ്എസിനു നാഭീ-നാളബന്ധമുണ്ട്. ഒരു ശിശു അമ്മയിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുത്തു വളരും പോലെ, ഇറ്റാലിയൻ ഫാഷിസത്തിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്താണ് ആർഎസ്എസ് വളർന്നത്. മഹാരാഷ്ട്രിയൻ ബ്രാഹ്മണസംഘടനയായി ആരംഭിച്ച ആർഎസ്എസിന്റെ ജിഹ്വയായ മറാത്തിപ്പത്രം ‘കേസരി’ , 1924 മുതൽ 1935 വരെ ഇറ്റലിയേയും ഫാഷിസത്തെയും മുസോളിനിയേയും പറ്റി തുടർച്ചയായി പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളും ലേഖനങ്ങളും മാത്രം പരിശോധിച്ചാൽ കാര്യം വ്യക്തമാവും. പാർലമെന്റിനു പകരം ‘ഗ്രേറ്റ് കൗൺസിൽ ഓഫ് ഫാഷിസ’ത്തിലേയ്ക്കുള്ള മുസോളിനിയുടെ രാഷ്ടീയപരിഷ്കാരങ്ങൾ കേസരി വലിയ ആവേശത്തോടെ പ്രസിദ്ധീകരിച്ചു. ഇതുകേവലം യാദൃശ്ചികമായ കാര്യമല്ല. ആർഎസ്എസുകാർ പ്രചരിപ്പിച്ച പോലെ സോഷ്യലിസത്തോടുള്ള ‘സാംസ്കാരികസ്നേഹ’വുമല്ല.

ഹെഡ്ഗേവറുടെ മുഖ്യ ഉപദേശകനായിരുന്ന ബി എസ് മൂൻജേ എന്ന കറകളഞ്ഞ ആർഎസ്എസുകാരനിൽ നിന്ന് ഫാഷിസത്തിന്റെ ആർഎസ്എസ് ‘നാഭീനാളബന്ധം’ ആരംഭിക്കുന്നു. ഫാഷിസ്റ്റ് ഭരണകൂടവുമായും മുസോളിനി എന്ന ഏകാധിപതിയുമായുമായും നേരിട്ടുബന്ധമുണ്ടായിരുന്ന ആദ്യ ഹിന്ദുദേശീയതാവാദി മൂൻജേ ആയിരുന്നു. 1931ൽ നടത്തിയ യൂറോപ്യൻ പര്യടനത്തിൽ മുസോളിനിയുമായും ഇറ്റാലിയൻ ഏകാധിപത്യഭരണകൂടവുമായും മൂൻജേ അടുത്തു പരിചയപ്പെട്ടു. മൂൻജേയുടെ ഡയറിക്കറിപ്പുകളിൽ അതിന്റെ വിശദാംശങ്ങളുണ്ട്. ആറുമുതൽ പതിനെട്ട് വയസ്സുവരെയുള്ള ചെറുപ്പക്കാരെ പങ്കെടുപ്പിച്ച് മുസോളിനി ഭരണകൂടം നടത്തുന്ന ഫാഷിസ്റ്റ് അക്കാദമി ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മിലറ്ററി കോളേജ് എന്നവയും മുസ്സോളിനിയെയും കണ്ട് ഫാഷിസത്തിൽ ആവേശഭരിതനായി മടങ്ങിയ മൂൻജേ ഫാഷിസത്തിന്റെ ഘടനാരൂപം അതേപടി ഇന്ത്യൻ സാഹചര്യത്തിലേക്ക് തർജ്ജമ ചെയ്യുകയായിരുന്നു. 1933ൽ പ്രസിദ്ധീകരിച്ച ‘നോട്ട് ഓൺ ദി രാഷ്ടീയസ്വയംസേവക് സംഘ്’ എന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ 1927ൽ തന്നെ മൂൻജേയെ മറാത്തി ഭാഷാപ്രദേശങ്ങളിലും സെൻട്രൽ പ്രവിശ്യകളിലും സംഘിന്റെ ചുമതലയേൽപ്പിച്ച വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.

ഫാഷിസത്തിന്റെ നാല് അടിസ്ഥാനപ്രമാണങ്ങളെ മൂൻജേ അതെപടി ഇന്ത്യയിൽ ആവർത്തിച്ചു.

1) ‘ഏതു സമാധാനത്തിന്റെയും ആവശ്യം ഞങ്ങളെ സംബന്ധിച്ച് നൂറുകണക്കിന് ഉരുക്കു ബയണറ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.’
2) ‘മികച്ച മനുഷ്യരുടെ മൗലികമായ സദാചാരത്തിന് വിരുദ്ധവും നിഷേധാത്മകവുമായ സമാധാനത്തിൽ നാം വിശ്വസിക്കുന്നില്ല.’
3) ‘നേരിട്ടെതിർക്കാൻ തന്റേടമുള്ള ഏത് ജനവിഭാഗത്തിന്റെയും ഉയർന്ന തോതിലുള്ള ഊർജ്ജം പ്രകാശിപ്പിക്കാൻ യുദ്ധത്തിന് മാത്രമേ കഴിയൂ.’
4) ‘സമാധാനത്തിന്റെ നിരന്തരമായ ഉപയോഗത്തിൽ വിശ്വസിക്കാത്തതുകൊണ്ടുതന്നെ ത്യാഗത്തിനു മുൻപിൽ യുദ്ധത്തെ നിരാകരിക്കുന്നതോ പരിത്യാഗത്തെ തള്ളിക്കളയുന്നതോ ആയ ആദർശങ്ങളിലൊന്നും ഫാഷിസവും നമ്മളും വിശ്വസിക്കുന്നില്ല.’

ഏകാധിപത്യത്തിന്റെ ഈ അപായകരമായ ജനാധിപത്യവിരുദ്ധതത്വങ്ങളെ അനുസരിച്ചാണ് ആർഎസ്എസ് വളർന്നത്. 1928ൽ തന്നെ കേസരിപത്രം എഴുതി: ‘ഒറ്റ മനുഷ്യന്റെ ഭരണകൂടം (one man state) ജനാധിപത്യസ്ഥാപനങ്ങളേക്കാൾ കൂടുതൽ ഉപകാരപ്രദവും രാജ്യനന്മക്കുതകുന്നതും ആണ്.’

മന്ത്രിസഭയുമായി ആലോചിച്ചല്ല, ക്ലിയർ ആർഎസ്എസ് പ്രൊഡക്ട് ആയ നരേന്ദ്ര മോദി നേരിട്ടാണ് തീരുമാനമെടുക്കാറ് എന്ന് നാണമില്ലാതെ മാധ്യമങ്ങൾക്ക് ‘സവിശേഷത’യായി പറയാനാവുന്ന നിലയിലേക്ക് ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നു. ഈ നയങ്ങൾ ഓരോന്നും പലവട്ടം വാക്കിലും പ്രവർത്തിയിലും ആവർത്തിച്ച ഒരാൾ ഇന്ന് മുഖ്യമന്ത്രിയുമായിരിക്കുന്നു.

അപ്പോൾ, സാംസ്കാരികതയുടെ അക്കിത്തജ്ഞാനം കയ്യിലിരിക്കട്ടെ.

(ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍