ന്യൂസ് അപ്ഡേറ്റ്സ്

കുറച്ച് ‘അഴിഞ്ഞാട്ടക്കാരികള്‍’ ഉണ്ടായതുകൊണ്ടാണ് ഇപ്പോള്‍ മാറ് മറച്ചു നടക്കുന്നതെന്ന് മറക്കരുത്

Print Friendly, PDF & Email

ഒന്നോര്‍ക്കുക, പുരോഗമന ആശയങ്ങളുമായി മുന്നോട്ട് വന്ന ചെറു വിഭാഗങ്ങളാണ് കേരളത്തിലെ ഇന്നുകാണുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ചത്; അല്ലാതെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ അടയിരുന്ന ഭൂരിപക്ഷങ്ങളല്ല

A A A

Print Friendly, PDF & Email

വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനും ഈഴവ സമുദായ പരിഷ്‌കര്‍ത്താവുമായ ടി കെ മാധവന്റെ സഹധര്‍മ്മിണിയായിരുന്ന നാരായണിയമ്മയ്ക്ക് ഒരിക്കല്‍ ബ്ലൗസ് ധരിക്കണം എന്നൊരു ആശ തോന്നി. ധനസമൃദ്ധികൊണ്ടും പ്രാബല്യം കൊണ്ടും പ്രസിദ്ധമായ ആലുംമൂട്ടില്‍ കുടുംബത്തിലെ മരുമകളായിരുന്നെങ്കിലും ഈഴവ ജാതിയായതുകൊണ്ട് മാറ് മറയ്ക്കാനുള്ള അവകാശം അന്ന് അവര്‍ക്കില്ലായിരുന്നു. ആഗ്രഹമറിഞ്ഞ പുരോഗമന ചിന്താഗതിക്കാരനായ മാധവന്‍ ഒരു ബ്ലൗസ് വാങ്ങി ഭാര്യക്ക് സമ്മാനിച്ചു മടങ്ങി.

കഥയൊന്നുമറിയാതെ തൊടിയില്‍ നിന്നും കയറിവന്ന മാധവന്റെ അമ്മ ഉമ്മിണിയമ്മ, പുത്തന്‍ ബ്ലൗസുമിട്ട് വീടിന്റെ ഉമ്മറത്ത് നില്‍ക്കുന്ന മരുമകളെ കണ്ട് അന്ധാളിച്ചുപോയി. നാട്ടുനടപ്പ് തെറ്റിച്ച മരുമകളെ അവര്‍ കയ്യിലിരുന്ന മടലുകൊണ്ട് അരിശം തീരുന്നത് വരെ തല്ലി, എന്നിട്ട് പറഞ്ഞു ‘ആട്ടക്കാരി; അഴിഞ്ഞാടാന്‍ നടക്കാതെ, പോയി ബ്ലൗസ് ഊരിവെക്ക്’. വീട്ടില്‍ തിരിച്ചെത്തിയ മാധവനോട് ഭാര്യ സങ്കടം അറിയിച്ചു. അപ്പോള്‍ അദ്ദേഹം ഭാര്യക്ക് ഒരു ഉപായം പറഞ്ഞുകൊടുത്തു രാത്രി കിടക്കാന്‍ നേരം ബ്ലൗസ് ഇട്ട് കിടക്കാനും നേരം വെളുത്താല്‍ ഊരി മാറ്റാനും.

‘#ReadytoWait എന്നെഴുതിയ കടലാസും കയ്യില്‍ പിടിച്ച് ശബരിമലയിലെ സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന കുറേ സ്ത്രീകളുടെ ചിത്രങ്ങള്‍ കാണാനിടയായി. ആ ചിത്രങ്ങളിലുള്ള സ്ത്രീകള്‍ അറിയാന്‍ വേണ്ടിയാണ് മുകളിലെ സംഭവം വിവരിച്ചത്. ജാതി, മത ഭേദമെന്യേ സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള അവകാശം പോലുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിലെ സ്ത്രീകള്‍ക്ക്. സ്‌കൂളില്‍ പഠിച്ചു കാണും, മതം മാറിയ, വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ചാന്നാര്‍ സ്ത്രീകള്‍ക്ക് ഉണ്ടായ അവകാശബോധമാണ് സ്വാതന്ത്ര്യപൂര്‍വ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായ ‘ചാന്നാര്‍ ലഹള’ അഥവാ മാറ് മറക്കല്‍ സമരത്തിലേക്ക് നയിച്ചത്. മൂന്ന് പതിറ്റാണ്ടോളം തിരുവിതാംകൂറിനെ ഇളക്കി മറിച്ച ആ സമരങ്ങള്‍ അരങ്ങേറിയത് തീണ്ടലും തൊടീലും അയിത്തവും ജാതിയും ആചാരവും വിശ്വാസവും അങ്ങനെ അതുവരെ പാലിച്ചു പോന്ന എല്ലാ ശീലങ്ങളും ശരിയെന്ന് വിശ്വസിച്ചിരുന്ന സമൂഹം വിളക്ക് വെച്ച് അനുഗ്രഹിച്ചിട്ടൊന്നുമല്ല. കൊടിയ അക്രമങ്ങളായിരുന്നു മാറ് മറച്ച ചാന്നാര്‍ സ്ത്രീകള്‍ക്കും അവരെ അനുകൂലിച്ചവര്‍ക്കും നേരിടേണ്ടി വന്നത്. അന്നത്തെ ഭരണാധികാരികളും ഭൂരിപക്ഷ സമൂഹവും ഈ അക്രമങ്ങളെയൊക്കെ അനുകൂലിക്കുകയാണുണ്ടായത്. മര്‍ദ്ദിച്ചും പുലഭ്യം പറഞ്ഞും വീടുകള്‍ക്ക് തീവെച്ചും ആവുന്ന വിധമെല്ലാം ഉപദ്രവിച്ചിട്ടും കുറച്ചു സ്ത്രീകള്‍ കാണിച്ച പോരാട്ട വീര്യമാണ് പകല്‍ വെളിച്ചത്തില്‍ മാറ് മറച്ചു നടക്കാന്‍ നിങ്ങളെയും നിങ്ങളുടെ മുന്‍ തലമുറകളെയും പ്രാപ്തരാക്കിയത്. നടപ്പു രീതികളെ വെല്ലുവിളിച്ച ‘ആട്ടക്കാരികള്‍’ ഉണ്ടായതുകൊണ്ട് മാത്രമാണ് ഉമ്മിണിയമ്മ തല്ലിയത് പോലെ നിങ്ങളെ ആരും തല്ലാതിരുന്നത്. കുറച്ച് ‘അഴിഞ്ഞാട്ടകാരികള്‍’ നിങ്ങളെ പോലെ ‘കാത്തിരിക്കാന്‍’ തയ്യാറാകാതിരുന്നതു കൊണ്ടു മാത്രമാണ് ഇന്ന് ‘ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്’ എന്നെഴുതിയ ഒരു കടലാസുകഷ്ണവുമായി നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അരയ്ക്കു മുകളിലേക്കു നാണം മറയ്ക്കാന്‍ കഴിയുന്നത്.

ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങളെക്കോണ്ട് പറയിക്കുന്നത് ഭക്തിയും ആചാരവും അശുദ്ധിയുമൊക്കെയാണെങ്കില്‍, നിങ്ങള്‍ക്ക് ഉറപ്പുണ്ടോ ഇക്കാലമത്രയും ശബരിമല ചവിട്ടിയ അയ്യപ്പന്‍മ്മാരെല്ലാവരും തികഞ്ഞ വ്രതശുദ്ധിയിലാണ് അവിടെയെത്തി ദര്‍ശനം നടത്തിയതെന്ന്? അതങ്ങനെ അല്ല എന്ന് നിങ്ങള്‍ക്ക് തന്നെയറിയാം; അവര്‍ക്കൊന്നും ഇല്ലാത്ത അശുദ്ധിയും അയിത്തവും പാപവും എന്തുകൊണ്ടാണ് പെണ്‍വര്‍ഗ്ഗത്തിനു മാത്രം ബാധകം, ഇതിലെ യുക്തി ഇല്ലായ്മയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്, അല്ലാതെ വിശ്വാസവും ആചാരവും ഒന്നുമല്ല.

ഒന്നോര്‍ക്കുക, പുരോഗമന ആശയങ്ങളുമായി മുന്നോട്ട് വന്ന ചെറു വിഭാഗങ്ങളാണ് കേരളത്തിലെ ഇന്നുകാണുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ചത്; അല്ലാതെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ അടയിരുന്ന ഭൂരിപക്ഷങ്ങളല്ല. 1925-ലെ വൈക്കം സത്യാഗ്രഹം നടന്നത് അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തിനായല്ല മറിച്ച് ക്ഷേത്രങ്ങളിലേക്കുള്ള, പൊതുവഴിയിലൂടെയുള്ള അവരുടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു കിട്ടാനായിരുന്നു എന്ന് അറിയുമ്പോഴെങ്കിലും മനസിലാക്കണം, ഏത് കൂരിരുട്ടില്‍ നിന്നാണ് നമ്മളിന്നീ വെളിച്ചത്തിലേക്കുള്ള വഴിയിലെത്തിയിരിക്കുന്നതെന്ന്. അതുകൊണ്ട് കാത്തിരിക്കുന്നവരെ, നിങ്ങളറിയുക ആചാരങ്ങളും വിശ്വാസങ്ങളും അതിനു പ്രേരിപ്പിക്കുന്ന അശുദ്ധിയുമൊക്കെ എഴുതിയ ആ കടലാസു കഷ്ണങ്ങളുമായി നിങ്ങള്‍ നടക്കുന്നത് വെളിച്ചത്തിലേക്കല്ല, പഴയ ആ കൂരിരുട്ടിലേക്കാണ് എന്ന്‍. അവിടെ ഉമ്മിണിയമ്മമാരുണ്ടാകും; നിങ്ങളുടെ മേല്‍വസ്ത്രം അഴിച്ചുവെപ്പിക്കാനും കല്ലുമാലകള്‍ കഴുത്തിലണിയിക്കാനും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നിഖില്‍ ബോസ്

നിഖില്‍ ബോസ്

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു. നിയമ ബിരുദധാരി

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍