സഹാറ ഡയറി: വിവാദങ്ങളൊഴിയുന്നില്ല; എതിര്‍പ്പൊഴിവാക്കാന്‍ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെന്നും ആരോപണം

Print Friendly, PDF & Email

സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്നു പേരെടുത്തിട്ടുള്ള സന്ധുവിനെ സ്ഥലം മാറ്റിയതു വഴി കേസുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ആരോപണം.

A A A

Print Friendly, PDF & Email

ഏറെ വിവാദമായ സഹാറ ഡയറി കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നു. അനധികൃതമായി കണ്ടെത്തിയ സമ്പാദ്യത്തിന് ശിക്ഷ ഒഴിവാക്കിയും പിഴയില്‍ ഇളവ് നല്‍കിയും ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷന്‍ സഹാറ ഗ്രൂപ്പിന് അനുകൂലമായി വിധി പറഞ്ഞതിനു പുറമെ രാഷ്ട്രീയക്കാര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകള്‍ ആധികാരികമല്ലെന്ന അവരുടെ വാദവും അംഗീകരിച്ചിരുന്നു. എന്നാല്‍ വളരെ ആസൂത്രിതമായ രീതിയില്‍ ചില സംഭവവികാസങ്ങള്‍ ഇതിനിടയില്‍ നടന്നിട്ടുണ്ടെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മീഷനിലെ ഒരംഗത്തെ വളരെ അസ്വാഭാവികമായ രീതിയില്‍ സ്ഥലം മാറ്റിയതായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് 56 കോടിയോളം രൂപയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് തുടങ്ങി നൂറോളം രാഷ്ട്രീയക്കാര്‍ കോഴ വാങ്ങിയതായി ആരോപിക്കുന്ന രേഖകളാണ് സഹാറ ഗ്രൂപ്പില്‍ നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നത്. കോമണ്‍ കോസ് എന്ന സംഘടനയ്ക്ക് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഈ രേഖകളുമായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ല എന്നു ചൂണ്ടിക്കാട്ടി കോടതി ഇത് നിരസിച്ചിരുന്നു. എന്നാല്‍ ഈ മാസം 11-ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം കൂടുതല്‍ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയക്കാര്‍ക്ക് കോഴ: സഹാറയ്ക്ക് നികുതിക്കുരുക്കില്‍ നിന്ന്‌ ഇളവ്; രേഖകള്‍ വ്യാജമാണെന്ന വാദത്തിനും അംഗീകാരം

അതിനിടെ, സംഭവം വന്‍ രാഷ്ട്രീയ വിവാദമായും വളര്‍ന്നു. മോദി സഹാറയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആമരാപണം ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ ഇതിനിടെയാണ് ആദായനികുതി സെറ്റില്‍മെന്റ് കമ്മീഷന്‍ തിടുക്കത്തില്‍ സഹാറയെ കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പറഞ്ഞത്. എന്നാല്‍ അതേ സമയത്ത് തന്നെ ഈ കേസില്‍ നിര്‍ണായകമായോക്കാവുന്ന ചില സംഭവവികാസങ്ങള്‍ നടക്കുന്നുണ്ടായിരുന്നു എന്നാണ് ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

ആദായനികുതി വകുപ്പ് കല്‍ക്കട്ട ചീഫ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് 2015 നവംബര്‍ 30-ന് വിരമിക്കുകയും 2016 മാര്‍ച്ചില്‍ സെറ്റില്‍മെന്റ് കമ്മീഷന്‍ അംഗമായി ഡല്‍ഹിയില്‍ നിയമിക്കപ്പെടുകയും ബല്‍ദീപ് സിംഗ് സന്ധുവിനെ അകാരണമായി സ്ഥലം മാറ്റിയ കേസാണ് സഹാറയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന പുതിയ വിവാദം. കമ്മീഷന്‍ ചെയര്‍മാന്‍ നയിക്കുന്ന പ്രിന്‍സിപ്പല്‍ ബഞ്ചിലായിരുന്നു സന്ധു.

സെറ്റില്‍മെന്റ് കമ്മീഷന്റെ നിയമമനുസരിച്ച് ഇതിലുള്ള നിയമനങ്ങള്‍ സ്ഥലം മാറ്റത്തിന്റെ പരിധിയില്‍ വരില്ല. ഒപ്പം, എവിടെയാണോ നിയമിച്ചത് അവിടെയായിരിക്കണം അവരുണ്ടാവുക എന്നതാണ്. എന്നാല്‍ കഴിഞ്ഞ ജൂലൈ 19-ന് സന്ധുവിനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി.

സന്ധുവിനെ സ്ഥലം മാറ്റിയ ഉത്തരവുമായി കമ്മീഷനിലെത്തിയത് ധനകാര്യ മന്ത്രാലയത്തിലെ ഒരു അണ്ടര്‍ സെക്രട്ടറിയാണ്. സന്ധു അന്നു തന്നെ ചുമതലയൊഴിയുകയും ചെയ്തു. എന്നാല്‍ ഈ വിവാദ സ്ഥലം മാറ്റത്തിനെതിരെ അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ഒക്‌ടോബര്‍ 27-ന് ഡല്‍ഹി ഹൈക്കോടതി സന്ധുവിനെ സ്ഥലം മാറ്റിയത് റദ്ദാക്കി. ഈ ഉത്തരവില്‍ ജസ്റ്റിസ് നജ്മി വസീറി ഇങ്ങനെ പറയുന്നു: “ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബഞ്ചിലേക്കും മുംബൈയിലെ അഡീഷണല്‍ ബഞ്ചിലേക്കുമുള്ള ഒഴിവിലേക്കാണ് സന്ധു അപേക്ഷിച്ചിരുന്നതും അതനുസരിച്ച് അദ്ദേഹം ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബഞ്ചില്‍ നിയമിതനാവുകയും ചെയ്തു. ആ സാഹചര്യത്തില്‍ അദ്ദേഹത്തെ ചെന്നൈയിലെ അഡീഷണല്‍ ബഞ്ചിലേക്ക് സ്ഥലം മാറ്റാന്‍ സാധിക്കുകയില്ല. ഇത്തരമൊരു പദവിയിലേക്ക് നിയമിക്കപ്പെട്ട ഒരാളെ സ്ഥലം മാറ്റാന്‍ ആ വ്യക്തിയുടെ സമ്മതമില്ലാതെ സാധിക്കുകയില്ല”

വിവാദ സ്ഥലം മാറ്റം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വീണ്ടും ജോയിന്‍ ചെയ്യാനായി സന്ധു കമ്മീഷന്‍ ഓഫീസില്‍ എത്തിയെങ്കിലും മൂന്നു ദിവസം അദ്ദേഹത്തെ കമ്മീഷന്റെ വിസിറ്റിംഗ് റൂമില്‍ കാത്തിരുത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്ന് അദ്ദേഹം മെഡില്‍ക്കല്‍ ലീവില്‍ പ്രവേശിക്കുകയായിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. സൊഹ്‌റാബുദീന്‍ കേസ് അടക്കം മോദിയുമായി ബന്ധപ്പെട്ട ഗുജറാത്തിലെ കേസുകളൊക്കെ കൈകാര്യം ചെയ്തിരുന്നത് മേത്തയാണ്. ഈ കേസില്‍ വാദം നടക്കുമ്പോള്‍ സന്ധുവിന്റെ ഭാഗം വാദിക്കാന്‍ ആളുണ്ടായിരുന്നില്ല. തുടര്‍ന്ന് സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു.

കേസ്ഇപ്പോള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ പരിഗണനയിലാണ്. സംഗിള്‍ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്ത ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സന്ധു നല്‍കിയ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ നവംബര്‍ 30-ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ കേന്ദ്രം മറുപടി സമര്‍പ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹാറ ഗ്രൂപ്പിന്റെ കേന്ദ്ര ആസ്ഥാനം ലക്‌നൗ ആയതിനാല്‍ അവര്‍ ആദ്യം അപേക്ഷ സമര്‍പ്പിക്കേണ്ടത് അഡീഷണല്‍ ബഞ്ച് II-ലാണ്. ഇതനുസരിച്ച് സഹാറ ഗ്രൂപ്പ് സെറ്റില്‍മെന്റിനായി ഈ ബഞ്ചില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തള്ളിപ്പോയിരുന്നു. തുടര്‍ന്ന് കേസ് ഡല്‍ഹിയില്‍ തന്നെയുള്ള ചെയര്‍മാന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ പ്രിന്‍സിപ്പല്‍ ബഞ്ചിലേക്ക് മാറ്റണമെന്ന് സഹാറ ഗ്രൂപ്പ് അപേക്ഷ നല്‍കി. സന്ധു ഇതില്‍ അംഗമായിരുന്നു. ഇതിനു പിന്നാലെ സന്ധുവിനെ സ്ഥലം മാറ്റുകയും ചെയ്തു. തുടര്‍ന്ന് കേസില്‍ പ്രിന്‍സിപ്പല്‍ ബഞ്ച് വാദം കേള്‍ക്കുന്നത് ആരംഭിച്ചു. ഓഗസ്റ്റില്‍ കേസ് ഫയലില്‍ സ്വീകരിച്ച ബഞ്ച് നവംബര്‍ 10-ന് സഹാറയ്ക്ക് അനുകൂലമായി വിധി പറയുകയും ചെയ്തു. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്നു പേരെടുത്തിട്ടുള്ള സന്ധുവിനെ സ്ഥലം മാറ്റിയതു വഴി കേസുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ആരോപണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍