ട്രെന്‍ഡിങ്ങ്

ബാറ്റിംഗ് ശരാശരിയില്‍ ബ്രാഡ്മാനെ മറികടന്ന് അഫ്ഗാന്‍ ക്രിക്കറ്റിലെ അത്ഭുത ബാലന്‍

Print Friendly, PDF & Email

ബ്രാഡ്മാന്റെ 99.94 എന്ന ബാറ്റിംഗ് ശരാശരിയുടെ റെക്കോര്‍ഡ് ബഹീര്‍ ഷാ മറികടന്നു

A A A

Print Friendly, PDF & Email

സര്‍ ഡോണ്‍ ബ്രാഡ്മാന്‍; ക്രിക്കറ്റിന്റെ ദൈവം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ശരാശരി ഇന്നും ഈ ഇതിഹാസത്തിന്റെ പേരിലാണ്. അവസാന ഇന്നിംഗ്‌സിലെ പുറത്താകലിലൂടെ ബ്രാഡ്മാന് നഷ്ടമായത് 100 എന്ന മാന്ത്രിക ബാറ്റിംഗ് ശരാശരി. ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നും മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ശരാശരി 99.94. ബ്രാഡ്മാന്‍ ശേഷം അത്ഭുതപ്രതിഭകളായ പല കളിക്കാരും ക്രിക്കറ്റില്‍ ഉദയം ചെയ്തു. അവര്‍ ക്രിക്കറ്റ് മൈതാനങ്ങളെ തങ്ങളുടെ ബാറ്റുകൊണ്ട് അടക്കി ഭരിച്ചു. പലരിലും ക്രിക്കറ്റ് ലോകം അത്ഭുതത്തോടെ കണ്ണുവച്ചു; ആരായിരിക്കും ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിയുടെ റെക്കോര്‍ഡ് തകര്‍ക്കുക? പക്ഷേ ഒരു സച്ചിനോ പോണ്ടിംഗിനോ ലാറയ്‌ക്കോ, ഇന്‍സമാമിനോ ഒന്നും കഴിഞ്ഞില്ല ബ്രാഡ്മാനെ മറികടക്കാന്‍….

ഈ മഹാരഥന്മാര്‍ക്കൊന്നും തകര്‍ക്കാന്‍ കഴിയാതെപോയ ആ റെക്കോര്‍ഡ് ഇതാ തകര്‍ന്നിരിക്കുന്നു! 18 കാരനായ ബഹീര്‍ ഷാ ആണ് സാക്ഷാല്‍ ബ്രാഡ്മാനെ മറികടന്നിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തേക്ക് പിച്ചവച്ചു തുടങ്ങിയിരിക്കുന്ന അഫ്ഗാനിസ്ഥാന്റെ ജൂനിയര്‍ താരമാണ് ബഹീര്‍ എന്നു കൂടി കേള്‍ക്കുമ്പോള്‍ അത്ഭുതം ഇരട്ടിക്കും.

ബ്രാഡ്മാന്റെ ഫസ്റ്റ് ക്ലാസ് ബാറ്റിംഗ് ശരാശരി തങ്ങളുടെ ഭാവി താരം തകര്‍ത്തിരിക്കുന്നുവെന്ന വാര്‍ത്ത അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബ്രാഡ്മാന്റെ ശരാശരി 99.94 ആണെങ്കില്‍ ബഹീറിന്റെ ശരാശരി 121.77!

ഐഎസിസി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്ന അഫ്ഗാന്‍ ടീമിന്റെ ഭാഗമായി ഇപ്പോള്‍ ന്യീസിലാന്‍ഡിലുള്ള ബഹീറിന്റെ കളി മികവ് അറിഞ്ഞാല്‍ ഈ പയ്യന്‍ ബ്രാഡ്മാനെ മറി കടന്നതില്‍ അത്രകണ്ട് അത്ഭുതം തോന്നുകില്ല.

തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കൊണ്ട് തന്നെ ഏവരുടെയും ശ്രദ്ധനേടിയ താരമാണ് ബഹീര്‍. ആദ്യ ഇന്നിംഗ്‌സിലെ സ്‌കോര്‍ പുറത്താകാതെ 256. ഒരു കളിക്കാരന്‍ തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ മത്സരത്തില്‍ നേടുന്ന രണ്ടാമത്തെ ഏറ്റവും മികച്ച സ്‌കോര്‍. തന്റെ അഞ്ചാമത്തെ ഫസ്റ്റ് ക്ലാസ് ഇന്നിംഗ്‌സില്‍ ബഹീര്‍ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ രണ്ടാം സ്ഥാനക്കാരനായി. ആദ്യത്തെയാള്‍ സാക്ഷാല്‍ ജാവേദ് മിയാന്‍ദാദ്.

മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കേണ്ടിയിരുന്ന ബഹീറിനെ ചതിച്ചത് മഴയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് എന്ന ബില്‍ പോന്‍സ്‌ഫോര്‍ഡിന്റെ നേട്ടം മറികടക്കാന്‍ ബാഹിറിനു കഴിയുമായിരുന്നു. തന്റെ ആറാമത്തെ മത്സരത്തിനിറങ്ങിയ ബാഹിര്‍ ഒമ്പത് റണ്‍സ് എടുത്ത് നില്‍ക്കുമ്പോള്‍ മഴയെത്തി, മത്സരം ഉപേക്ഷിച്ചു. ആറ് ഇന്നിംഗ്‌സുകളില്‍ നിന്നായി ബഹീര്‍ അതിനകം സ്വന്തമാക്കിയിരുന്നത് 831 റണ്‍സ്.

ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും ബഹീറിന്റെ നേട്ടത്തെ അഭിനന്ദിച്ചിട്ടു്ണ്ട്. ബ്രാഡ്മാന്റെ ഫസ്റ്റ് ക്ലാസ് ബാറ്റിംഗ് ആവറേജ് മറികടക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്, അഫ്ഗാനിസ്ഥാന്റെ ബഹീര്‍ ഷാ അത് സാധിച്ചിരിക്കുന്നു എന്നാണ് ഐസിസി ട്വീറ്റ് ചെയ്തത്.

ജനുവരി 13 ന് ആരംഭിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബഹീറില്‍ നിന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുകയാണ്. അതിന്റെ മുന്നൊരുക്കം ഈ പതിനെട്ടുകാരന്‍ തുടങ്ങിയും കഴിഞ്ഞു. കളിച്ച രണ്ട് പരിശീലന മത്സരങ്ങളില്‍ നിന്നും നേടിയത് ഒരു സെഞ്ച്വറിയും 98 റണ്‍സും.

ഹാഷിം ആംലയുടെ ആരാധകനായ ബഹീര്‍ ആംലയെ പോലെ ശാന്തനായി നിന്നുകൊണ്ട് ഏതൊരു ദുര്‍ഘടസാഹചര്യത്തിലും ഏറ്റവും നന്നായി കളിക്കുകയാണ് തന്റെയും ആഗ്രഹമെന്നു പറയുന്നു. ഞാന്‍ ശാന്തമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നു എന്നാണ് ബഹീര്‍ പറയുന്നതെങ്കിലും അയാള്‍ ക്രിക്കറ്റ് മൈതനാങ്ങളില്‍ ആഞ്ഞടിക്കുന്നൊരു കൊടുങ്കാറ്റിയിരിക്കുമെന്ന് ലോകത്തിനു മനസിലായി കഴിഞ്ഞു…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍