വിദേശം

ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട ഒരു മുന്‍ സൈനികന്റെ കഥ

A A A

Print Friendly, PDF & Email

ലവ്ഡെ മോറിസ് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കണ്ണുകള്‍ കെട്ടി, കാല്‍മുട്ടുകള്‍ ചളിയിലമര്‍ന്നു, അനിവാര്യമായ അതിനായി ഇമാദ് തയ്യാറെടുത്തു: അയാള്‍ മരിക്കാന്‍ പോകുന്നു.

അയാളടക്കം 90-ഓളം മുന്‍ ഇറാഖി പോലീസ്, സേന ഉദ്യോഗസ്ഥരെ ഹമാം-അല്‍-അലിലിന് അതിരിലുള്ള, മൊസൂള്‍ നഗരത്തിന് 10 മൈല്‍ തെക്കുള്ള  വിദൂരമായ ഒരു വ്യാവസായിക പ്രദേശത്തേക്ക് കൊണ്ടുപോയി. കഴിഞ്ഞ മാസം ഗ്രാമങ്ങള്‍ വളഞ്ഞു തടവിലാക്കിയതാണ് അവരെ.

ഇറാഖി സുരക്ഷാ സേന നഗരത്തോടടുക്കുന്നു. തീവ്രവാദികള്‍ക്ക് പ്രദേശത്തിന്റെ നിയന്ത്രണം നഷ്ടമാവുകയാണ്.

രണ്ടു ട്രാക്കുകളിലും ഒരു ബസിലുമായി കയറ്റിയ അവരോടു കുടുംബങ്ങളെ കാണിക്കാനാണ് കൊണ്ടുപോകുന്നത് എന്നാണ് പറഞ്ഞത്. പക്ഷേ അത് കൊല്ലാനായിരുന്നു. 

ഇമാദിനെ കയറ്റിയ ട്രക്കില്‍ നിന്നാണ് ആദ്യം ആളുകളെ ഇറക്കിയത്. വരിയില്‍ ആദ്യവും അയാളായിരുന്നു. ഒരു തീവ്രവാദി അയാളുടെ കയ്യില്‍പ്പിടിച്ചു നടത്തിച്ചു.

അയാള്‍ 10 അടിയോളം നടന്നു.

അയാളോട് മുട്ടുകുത്താന്‍ ആവശ്യപ്പെട്ടു.

“ഞാന്‍ കരുതി, ഇതാണത്, എല്ലാ തീരുന്നു,”സഫിയ എന്ന ഗ്രാമത്തില്‍ ഇരുന്നു തന്റെ ദുരിതകഥ അയാള്‍ പറഞ്ഞു. “ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണത്തില്‍ രണ്ടു കൊല്ലമാണ് ഞങ്ങള്‍ കഴിഞ്ഞത്. ആരും അത്തരം സംഗതികളെ അതിജീവിക്കില്ലെന്നും ഞങ്ങള്‍ക്കറിയാം.”

തോക്കുധാരികള്‍ വെടിവെയ്ക്കാന്‍ തുടങ്ങി.

അന്ന് നടന്ന സംഭവങ്ങള്‍ ഇമാദിന്റെ അനുഭവത്തിലൂടെ അറിഞ്ഞത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയെക്കുറിച്ചുള്ള ഒരപൂര്‍വ ചിത്രം തരുന്നു.

കിഴക്ക് നിന്നും നഗരത്തിലേക്കും തെക്കുനിന്നും പട്ടണങ്ങളും ഗ്രാമങ്ങളും പിടിച്ചടക്കിക്കൊണ്ടും മൊസൂള്‍ പിടിച്ചടക്കാന്‍ ഒരു മാസം മുമ്പായി ഇറാഖി സേന തുടങ്ങിയ ആക്രമണം തീവ്രവാദികളുടെ നിയന്ത്രണം നഷ്ടമാക്കുകയാണ്.

ഇറാഖിലെ തങ്ങളുടെ അവസാന പ്രധാന ശക്തികേന്ദ്രം എങ്ങനെയും സംരക്ഷിക്കാനുള്ള ശ്രമത്തിലാണവര്‍. സാധാരണക്കാരെ മനുഷ്യകവചങ്ങളാക്കിയ തീവ്രവാദികള്‍ നൂറുകണക്കിനു കാര്‍ ബോംബുകളും തയ്യാറാക്കി.

നഗരത്തിനുള്ളിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള പുറംഭാഗങ്ങളിലും അവര്‍ നൂറുകണക്കിനാളുകളെ തടവിലാക്കുകയും കൊല്ലുകയും ചെയ്തു.

പൊലീസിലും സൈന്യത്തിലും ജോലി ചെയ്തവരാണ് ഇത്തവണ കൂടുതലും അക്രമങ്ങള്‍ക്ക് ഇരയായത്. ഇറാഖി സേനയുമായി ഒത്തുചേര്‍ന്നെന്നോ, അല്ലെങ്കില്‍ വെറും പകയോ ഒക്കെയാകാം ആരോപണം.

മൊസൂളിന് പരിസരത്തുനിന്നുമായി ഇസ്ലാമിക് സ്റ്റേറ്റ് ഏതാണ്ട് 295 മുന്‍ ഇറാഖി സുരക്ഷാ സേനാംഗങ്ങളെ തടവിലാക്കി എന്നാണ് കഴിഞ്ഞയാഴ്ച്ച ഐക്യരാഷ്ട്ര സഭ പറഞ്ഞത്. കഴിഞ്ഞ മാസം ഹമാം അല്‍-അലിയില്‍ 50 മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ വധിച്ചു എന്നും യു.എന്‍ പറഞ്ഞു. എന്നാല്‍ തന്നെ കൊണ്ടുപോയ നഗരത്തിലെ വടക്കുപടിഞ്ഞാറുള്ള ഒരു സിമന്‍റ് നിര്‍മ്മാണശാലയ്ക്കടുത്ത് അതിന്റെ ഇരട്ടിയിലേറെപ്പേരെ വധിച്ചു എന്നാണ് ഇമാദ് പറയുന്നത്.

ഇതേ സ്ഥലത്തു നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട ഒരു കൂട്ടക്കുഴിമാടം കണ്ടെത്തി എന്നാണ് ഇമാദിന്റെ വാക്കുകള്‍ ശരിവെച്ചുകൊണ്ട് പൊലീസ് പറയുന്നത്. മൊസൂള്‍ ദൌത്യം ആരംഭിക്കുന്നതിന് മുമ്പ് പിടിച്ചുകൊണ്ടുപോയ പൊലീസ്, സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളായിരിക്കാം ഇതെന്നും പൊലീസ് വക്താവ് പറഞ്ഞു.

ഇതിന് പിന്നാലെ നഗരത്തിലെ ബോംബിട്ട് തകര്‍ത്ത കാര്‍ഷിക കോളേജ് വളപ്പിലും ഒരു കൂട്ടക്കുഴിമാടം കണ്ടെത്തി. ഇവിടെയും നൂറോളം മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കിയത്.

കഴിഞ്ഞ മാസം ഇറാഖി സേന മൊസൂള്‍ ആക്രമണം തുടങ്ങിയതോടെ തെക്കേയറ്റത്തുള്ള ഗ്രാമങ്ങളില്‍ നിന്നും ആളുകളെ തങ്ങള്‍ക്കൊപ്പം പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ്. ഹമാം അല്‍-അലിയിലേക്കുള്ള വടക്കോട്ടുള്ള വഴിയില്‍ ഇമാദിന്റെ ഗ്രാമമായ സഫിയയിലും ആയിരക്കണക്കിനാളുകള്‍ എത്തി.

മുന്‍ പൊലീസ്, സേന ഉദ്യോഗസ്ഥരെ വധിക്കാന്‍ ലക്ഷ്യമിടുന്നു എന്നു ഊഹാപോഹങ്ങള്‍ പരന്നിരുന്നു. രണ്ടര വര്‍ഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് മൊസൂള്‍ കീഴടക്കിയപ്പോള്‍ ‘തൌബ’ എന്ന പ്രക്രിയയിലൂടെ പശ്ചാത്തപിച്ചാല്‍ കുടുംബത്തോടൊപ്പം കഴിയാന്‍ അവരെ അനുവദിച്ചിരുന്നു.

പക്ഷേ അപ്പോഴും അവരെ സംശയത്തോടെയാണ് കണ്ടിരുന്നത് എന്നു ഇമാദ് പറഞ്ഞു. തീവ്രവാദികളുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ അത് ഇരട്ടിയായി.

ഇമാദ് ഏഴു കൊല്ലം പൊലീസ് സേനയില്‍ ജോലി ചെയ്തിരുന്നു.

15 വയസിനു മുകളിലുള്ള എല്ലാ ആണ്‍കുട്ടികളും പുരുഷന്മാരും പള്ളിയില്‍ എത്താന്‍ ആവശ്യപ്പെട്ടു തീവ്രവാദികള്‍ വണ്ടികളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണികളിലൂടെ  വിളിച്ചുപറഞ്ഞു പോയപ്പോള്‍ അയാള്‍ വീട്ടില്‍ ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പമായിരുന്നു. “അനുസരിക്കാത്തവരെ കൊല്ലുമെന്ന് അവര്‍ പറഞ്ഞു,”ഇമാദ് പറഞ്ഞു. തന്റെ ഭാര്യയും കുട്ടികളും ഇപ്പൊഴും ഇസ്ലാമിക് സ്റ്റേറ്റ് പ്രദേശത്തായതിനാല്‍ മുഴുവന്‍ പേര് പ്രസിദ്ധപ്പെടുത്തരുത് എന്ന ഉപാധിയിലാണ് അയാള്‍ സംസാരിച്ചത്.

“ഇസ്ലാമിക് സ്റ്റേറ്റ് അതിന്റെ അന്ത്യശ്വാസം വലിക്കുകയാണ്, അതുകൊണ്ട് ഞാന്‍ ഓടിപ്പോകാന്‍ തീരുമാനിച്ചു,” അയാള്‍ പറഞ്ഞു.

പക്ഷേ ഒരു 100 വാര കഴിയുമ്പോഴേക്കും അയാളെ തീവ്രവാദികള്‍ പിടികൂടി. ആളുകളെ കൂട്ടിയ സ്ഥലത്തേക്ക് കൊണ്ടുപോയി.

മുന്‍ പൊലീസ്, സൈനിക ഉദ്യോഗസ്ഥരെ കൂട്ടത്തില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തി. അവരെ ട്രാക്കുകളിലും കാറുകളിലും കയറ്റി വടക്ക് ഹമാം അല്‍-അലിയിലേക്ക് കൊണ്ടുപോയി. സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റുള്ളവര്‍ കാല്‍നടയായി യാത്ര തുടങ്ങി.

തന്റെ ഗ്രാമത്തില്‍ നിന്നും ചുറ്റുപാടുള്ളവയില്‍ നിന്നുമുള്ള മറ്റ് 200 പേരോടൊപ്പം ഒരു വീട്ടിലായിരുന്നു ഇമാദ്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണം കയ്യടക്കും മുമ്പ് സുരക്ഷാ സേനകളില്‍ നിന്നും വിട്ടുപോന്നവരെ വിട്ടയച്ചു. എണ്ണ ശാലകളിലെ കാവല്‍ക്കാരായി ജോലി ചെയ്തവരെപ്പോലുള്ളവരെയും വിട്ടയച്ചു.

പിന്നെ 90 പേര്‍ അവശേഷിച്ചു.

ഓരോരുത്തരേയും പേരും രക്ഷാസേനയിലെ പദവിയും പറയാന്‍ നിര്‍ബന്ധിച്ച തീവ്രവാദികള്‍ അതെല്ലാം ദൃശ്യങ്ങളാക്കി പകര്‍ത്തി.

അവരുടെ കണ്ണുകള്‍ മറച്ചു കെട്ടി, കൈകള്‍ കെട്ടി. ഒരു തടവുകാരന്‍ എന്തോ ചോദിച്ചു, ചോദ്യമെന്താണെന്ന് ഇമാദ് കേട്ടില്ല. പക്ഷേ മറുപടി കേട്ടു.

“നിങ്ങള്‍ നരകത്തിലേക്കാണ് പോകുന്നത്,” തീവ്രവാദി മറുപടി പറഞ്ഞു. തങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് ഇമാദിന് അപ്പോള്‍ കൃത്യമായി പിടികിട്ടി.

അവരെ വണ്ടിയില്‍ കയറ്റി അര മണിക്കൂര്‍ ഒരു മണ്‍പാതയിലൂടെ കൊണ്ടുപോയി.

സിമന്‍റ് ശാലയുടെ അടുത്തെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.

“ഞാനെന്റെ ഭാര്യയെയും കുട്ടികളെയും അവരെ ഇനിയൊരിക്കളും കാണില്ലല്ലോ എന്നും ഓര്‍ത്തു.”

തീവ്രവാദികള്‍ വെടിവെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വെടിയുണ്ട അയാളുടെ കാലില്‍ കൊണ്ടതുപോലെ അയാള്‍ക്ക് തോന്നി.

“എനിക്ക് വെടികൊണ്ടു, പക്ഷേ എത്ര തവണ എന്നെനിക്കറിയില്ലായിരുന്നു. എന്റെ പിന്നില്‍ എന്തൊക്കെയോ അടിക്കുന്നപോലെ എനിക്കു തോന്നി.”

മുന്നിലെ മണ്ണിലേക്ക് കമിഴ്ന്നുവീണ അയാള്‍ മരിച്ചപ്പോലെ കിടന്നു. മറ്റൊരു വണ്ടിയില്‍ നിന്നും ആരോ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ബഹളത്തില്‍ തീവ്രവാദികളുടെ ശ്രദ്ധ തിരിഞ്ഞു.

“അവര്‍ അലറുകയും ബഹളം കൂടുകയും ചെയ്തു. അത് കേട്ടതോടെ എന്റെ അവസരം വന്നു എന്നെനിക്ക് മനസിലായി.”

അയാളുടെ കൈകള്‍ ഒരു കയറുകൊണ്ടു അയച്ചാണ് കെട്ടിയിരുന്നത്. അതഴിച്ച്, കണ്ണിലെ കെട്ടുമഴിച്ച് അയാള്‍ ഓടി. അപ്പോഴാണ് തനിക്ക് നേരിയ പരിക്കേയുള്ളൂ എന്നയാള്‍ക്ക് മനസിലായത്. ഒരു വെടിയുണ്ട കാലില്‍ ഉരഞ്ഞുപോയിരിക്കുന്നു. പുറത്തെല്ലാം വെടിയുണ്ട തട്ടിത്തെറിച്ച കല്ലുകളായിരുന്നു കൊണ്ടത്.

“ഇരുട്ടായിരുന്നു. അവര്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിക്കാണില്ല. അവര്‍ അന്തമില്ലാതെ വെടിവെക്കുകയായിരുന്നു.”

വലിയൊരു ചിറ ഇടയില്‍ ഉള്ളതിനാല്‍ തീവ്രവാദികള്‍ക്ക് അയാളെ വാഹനങ്ങളില്‍ പിന്തുടരാന്‍ കഴിഞ്ഞില്ല. ഒരു രാത്രി മുഴുവന്‍ നടന്നാണ് അയാള്‍ സുരക്ഷാ സൈനികാരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെത്തിയത്.

അയാളുടെ ഗ്രാമത്തിലെ 22 മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്ന് രാത്രി കൊല്ലപ്പെട്ടു.

“എന്നെ സംബന്ധിച്ച് ഞാന്‍ മരണത്തെ കണ്ടു. ഇപ്പോള്‍ പുനര്‍ജനിച്ച പോലെയാണ്.” ഇറാഖി സേനയുടെ കീഴിലുള്ള ജീവിതത്തെക്കുറിച്ചും അയാള്‍ക്ക് ആശങ്കയുണ്ട്. തിരിച്ചുപിടിച്ചപ്പോള്‍ ഗ്രാമത്തിലെ വസ്തുവഹകളെല്ലാം അവര്‍ നശിപ്പിച്ചെന്ന് അയാള്‍ പറയുന്നു.

എന്നാലും, ഇസ്ലാമിക് സ്റ്റേറ്റിന് കീഴിലെ ഭീകരമായ ജീവിതത്തോളം വരില്ല മറ്റൊന്നും എന്നുകൂടി ഇമാദ് പറഞ്ഞു: “അവര്‍ രാക്ഷസന്‍മാരാണ്, കൊലപാതകികള്‍. അവര്‍ക്ക് മനുഷ്യത്വം എന്നൊന്നില്ല.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍