പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

വരുന്നൂ, ദ്രാവിഡ കക്ഷികളുടെ ഉറക്കം കെടുത്തുന്ന ക്യാപ്റ്റന്‍ മുന്നണി

A A A

Print Friendly, PDF & Email

തമിഴ്‌നാട് മുഖ്യമന്ത്രി പുരട്ശ്ചിത്തലൈവി ജെ ജയലളിത താമസിക്കുന്ന പൊയസ് ഗാര്‍ഡന്റേയും മുന്‍മുഖ്യന്‍ മുത്തുവേല്‍ കരുണാനിധി വീല്‍ച്ചെയര്‍ ഉരുട്ടുന്ന ഗോപാലപുരത്തിന്റേയും നടുവില്‍ ഇന്നു രാവിലെ ഒരു ബോംബ് വീണു. ബോംബെറിഞ്ഞത് ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) നേതാവ് സാക്ഷാല്‍ ക്യാപ്റ്റന്‍ വിജയകാന്താണ്. പ്രേരണാകുറ്റം എംഡിഎംകെ, വിസികെ, സിപിഎം, സിപിഐ തുടങ്ങിയ കക്ഷികള്‍ക്കാണ്. ബോംബ് വീഴ്ചയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ ഉടന്‍ തിട്ടപ്പെടുത്താന്‍ പുരട്ശ്ചിത്തലൈവിക്കോ മുത്തുവേല്‍ കരുണാനിധിക്കോ കഴിഞ്ഞിട്ടില്ല. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ കഴിയൂ എന്നാണ് സംഭവത്തിനു ദൃക്‌സാക്ഷികളായ മാധ്യമപ്പടകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴകത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ അങ്കലാപ്പിലാഴ്ത്തിക്കൊണ്ട് ക്യാപ്റ്റന്‍ വിജയകാന്ത് ജനക്ഷേമ മുന്നണിയുടെ കെട്ടുവള്ളത്തിലേക്ക് കരണം മറിഞ്ഞപ്പോള്‍ അത് ബോംബിന്റെ  ഫലം ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പലരും പ്രതീക്ഷിച്ചിരുന്നതായിരുന്നു ഈ ദുരന്തം. പക്ഷേ ലൊക്കേഷന്‍ മാത്രം ആര്‍ക്കും നിശ്ചയമില്ലായിരുന്നു. തനിക്ക് കാര്യമായ പരിക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പുരട്ശ്ചിത്തലൈവി ജയാമ്മ വേദനിലയത്തിലിരുന്നു ആശ്വസിക്കുന്നുണ്ടാകാം. എന്നാല്‍ കലൈഞ്ജറുടെ നിലയാണ് കൂടുതല്‍ ഗുരുതരമാകുന്നത്. ‘നാലു കാലുണ്ടായിട്ടും തെരുവില്‍ തെണ്ടിനടക്കുന്ന നാടന്‍ പട്ടിയെ വിടുക, വെറുതേ വിടുക’ എന്ന് മുമ്പൊരു കവി പാടിയപോലെ ബിജെപിയുടെ കാര്യം നമുക്ക് വെറുതേ വിടാം. പക്ഷേ വെറുതേ മോഹിക്കുകയായിരുന്നില്ല കലൈഞ്ജര്‍ കരുണാനിധി. ക്യാപ്റ്റന്‍ ഉണ്ടെങ്കില്‍ ജയലളിതയെ മെരുക്കാന്‍ ഒരു കൈനോക്കാമെന്ന സ്വപ്നനവുമായി കഴിഞ്ഞിരുന്ന കാലം അദ്ദേഹം മറക്കുന്നില്ല. സഖ്യമുണ്ടാക്കിയാലും ഒപ്പം നില്‍ക്കുന്നവര്‍ മന്ത്രിക്കസേരക്കൊന്നും കൊതിക്കേണ്ടെന്ന് തലൈവര്‍ മകനും പാര്‍ട്ടിയുടെ പണം സൂക്ഷിപ്പുകാരനുമായ എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചപ്പോള്‍ ക്യാപ്റ്റന്റെ കണ്ണില്‍ ഇരുട്ടുകയറി. ജയലളിതയോടൊപ്പം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സഖ്യം സ്ഥാപിച്ച കാലമാണ് ‘കറുത്ത എംജിആറിനെ’ വ്യാകുലപ്പെടുത്തിയത്. തന്റെ വോട്ടു കൂടി പിടിച്ചുവാങ്ങി വിജയിച്ച ജയാമ്മ പ്രതിപക്ഷ നേതാവായ തനിക്കെതിരെ എത്രയെത്ര ആരോപണങ്ങളാണ് നിയമസഭയില്‍ കെട്ടിച്ചമച്ചത്! എത്രയെത്ര മാനനഷ്ടക്കേസുകളാണ് കോടതികളില്‍ ഫയല്‍ ചെയ്തത്!

ഏറെ ആലോചിച്ച ശേഷമാണ് ക്യാപ്റ്റന്‍ ജനക്ഷേമ മുന്നണിയിലേക്ക് (പീപ്പിള്‍സ് വെല്‍ഫയര്‍ ഫ്രണ്ട്-പിഡബ്ല്യുഎഫ്) ഇക്കുറി കയറിച്ചെന്നത്. മാത്രമല്ല മുഖ്യമന്ത്രിക്കസേര ക്യാപ്റ്റനു തന്നെ കൊടുക്കാമെന്ന് ജനക്ഷേമ മുന്നണി ആണയിട്ടു പറയുകയും ചെയ്തു. അതോടെ ക്യാപ്റ്റന്റെ മനസ്സു തണുത്തു. രണ്ടു ദ്രാവിഡ പാര്‍ട്ടികളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് പണ്ടെ തന്നെ ക്യാപ്റ്റനറിയാം. ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) ദാര്‍ഷ്ട്യം നിറഞ്ഞ നേതാവിനെ നേരില്‍ കാണാന്‍ തനിക്ക് ഭയമായിരുന്നു. അതിനാല്‍ പ്രതിപക്ഷ നേതാവായിരുന്നിട്ടും നിയമസഭയില്‍ പതിവായി പോകാനും മടിച്ചു. അടുത്തത് ദേഹമാസകലം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മുത്തുവേല്‍ കരുണാനിധിയുടെ ദ്രാവിഡ മുന്നേറ്റ കഴകമാണ് (ഡിഎംകെ). അരക്കഴഞ്ച് വിശ്വസിക്കാന്‍ കഴിയില്ല. മക്കളും മരുമക്കളും ചെറുമക്കളും ഒക്കെ ഉള്‍ക്കൊള്ളുന്ന ഒരു കറക്കുകമ്പനി. പാര്‍ട്ടി അണികള്‍ക്ക് നിലയും വിലയും കല്‍പ്പിക്കാറില്ല. അടുത്ത വാരിശ് (അവകാശി) ആകേണ്ട സ്വന്തം മകനെതിരെ പണ്ടൊരിക്കല്‍ കൈചൂണ്ടിയതിനാണ് പാര്‍ട്ടിയുടെ ഒന്നാം നമ്പര്‍ നേതാവായി വളര്‍ന്നുവരുന്ന വൈകോയെ പാര്‍ട്ടിയില്‍ നിന്ന് പിണ്ഡംവച്ച് പുറത്താക്കിയത്. മകനേക്കാള്‍ ഒരുത്തനും ഇവിടെ വളരേണ്ട. അതാണ് കലൈഞ്ജറുടെ ആജ്ഞ. അതിനാല്‍ വൈകോയുടെ പുതിയ പാര്‍ട്ടിയുടെ കൊടി കൂടി തമിഴാകാശത്ത് പാറിപ്പറക്കാന്‍ തുടങ്ങി.

വൈകോയെ ചാക്കിലാക്കാന്‍ ബിജെപി കിണഞ്ഞു പരിശ്രമിച്ചിരുന്നു. രണ്ടു തവണ ദല്‍ഹിയില്‍ നിന്ന് വന്ന പ്രകാശ് ജാവഡേക്കര്‍ ക്യാപ്റ്റനെ പിടികൂടാന്‍ കെണിവച്ച് കാത്തിരുന്നു. പക്ഷേ തിരസ്‌ക്കരണി വശമുള്ള ക്യാപ്റ്റന്‍ ജാവഡേക്കറെ ചുഴറ്റിയടിച്ചു സ്വന്തം മണ്ഡലമായ ഋഷിവന്ദ്യത്തിലേക്ക് കടന്നുകളഞ്ഞു. ഇന്ന് അഞ്ച് പാര്‍ട്ടികളുടെ ബലാബലമാണ് ഗോദയില്‍ കാണുന്നതെങ്കില്‍ അതില്‍  ഏറ്റവും ബലഹീനമായിരിക്കും ബിജെപി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കന്യാകുമാരി മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്. അവരുടെ വോട്ടിംഗ് 5.5 ശതമാനവും.

എന്തായാലും വിജയകാന്തിന്റെ പുതിയ സഖ്യതീരുമാനത്തെ തമിഴകത്തെ നിരീക്ഷകര്‍ ആശാവഹമായാണ് കാണുന്നത്. വൈകോയുടെ മരുമലാര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), തോള്‍ തിരുമാവളവന്‍ നേതൃത്വം വഹിക്കുന്ന വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ), ജി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിപിഎം, ആര് മുത്തരശന്റെ നേതൃത്വത്തിലുള്ള സിപിഐ എന്നീ കക്ഷികളാണ് ജനക്ഷേമ മുന്നണിയുടെ സംഘാടകര്‍. അമ്പതാണ്ടുകളായി തമിഴകത്തെ ഭരിച്ചുമുടിക്കുന്ന ദ്രാവിഡകക്ഷികള്‍ക്കെതിരെയുള്ള മുന്നേറ്റം എന്ന നിലക്കാണ് കഴിഞ്ഞ വര്‍ഷം ജനക്ഷേമ മുന്നണി രൂപീകൃതമായത്. ഏഴോളം ശതമാനം വോട്ടിന്റെ പിന്‍ബലമാണ് ഈ പാര്‍ട്ടിക്കുള്ളത്. 

ഡിഎംഡികെയെക്കൂടി തങ്ങളുടെ കൂടാരത്തിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം ജനക്ഷേമ മുന്നണിക്ക് സഫലമായിരിക്കുന്നു. പക്ഷേ കനത്ത വില അതിനായി കൊടുക്കേണ്ടിയും വന്നു. ഒന്നാമത്തെ വിട്ടുവീഴ്ച മുഖ്യമന്ത്രിയുടെ സ്ഥാനമാണ്. സഖ്യം ജയിച്ചുവന്നാല്‍ ക്യാപ്റ്റന്‍ മുഖ്യമന്ത്രിയാകും. 124 സീറ്റുകളിലാണ് ഡിഎംഡികെ മത്സരിക്കുക. 110 സീറ്റുകളിള്‍ മറ്റു സഖ്യകക്ഷികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. (ജയലളിതയുമായി സംഖ്യത്തിലായപ്പോള്‍ 41 സീറ്റുകളില്‍ മത്സരിച്ച് 29 സീറ്റുകള്‍ ക്യാപ്റ്റന്‍ നേടിയിരുന്നു.)

കളിക്കളം ഒരുങ്ങുകയാണ്. മേയ് പതിനാറിനു സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ അഞ്ചു കക്ഷികളാണ് മത്സരരംഗത്ത് മപ്പടിച്ചിറങ്ങുന്നത്. ജയാമ്മയുടെ എഐഎഡിഎംകെ, കലൈഞ്ജറുടെ ഡിഎംകെ, ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള ജനക്ഷേമ മുന്നണി, അമ്പുമണി രാമദാസിന്റെ പട്ടാളി മക്കള്‍ കക്ഷി, തമിലിശൈ സുന്ദരരാജന്റെ നേതൃത്വത്തിലുള്ള ബിജെപി. അറുപത്താറു വയസ്സുള്ള ക്യാപ്റ്റന്‍ വിജയകാന്തിന്റെ സഖ്യം വിജയിച്ചാലും ഇല്ലെങ്കിലും രണ്ടു ദ്രാവിഡകക്ഷികള്‍ക്കും തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. പത്തു ശതമാനം വോട്ടിന്റെ പിന്‍ബലമല്ല, നിശ്ചയദാര്‍ഢ്യമാണ് ക്യാപ്റ്റനെ നയിക്കുന്നത്. അതാണ് ദ്രാവിഡകക്ഷികളുടെ ഉറക്കം കെടുത്തുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍