പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

ടിപ്പുക്കാറ്റ് തമിഴകത്തേക്കും

A A A

Print Friendly, PDF & Email

തമിഴകത്തിനും സാക്ഷാല്‍ ടിപ്പുസുല്‍ത്താനും തമ്മില്‍ എന്തു ബന്ധം? 1782 മുതല്‍ 1799 വരെ മൈസൂര്‍ മഹാരാജ്യം ഭരിച്ച ടിപ്പുസുല്‍ത്താന്‍ എന്നെങ്കിലും തമിഴ്ജനതയുടെ വികാരങ്ങളിലേക്കോ വിചാരങ്ങളിലേക്കോ തേരോടിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കര്‍ണാടകയില്‍ വിവാദങ്ങളുടെ കൊടുംങ്കാറ്റ് വിതയ്ക്കുകയും വിനാശകരമായ സംഭവങ്ങള്‍ക്ക് കളമൊരുക്കുകയും ചെയ്ത ടിപ്പുസുല്‍ത്താന്‍ ജന്മദിനാഘോഷ കലാപരിപാടികള്‍ തമിഴ്‌നാട്ടിലേക്കും കടന്നു വന്നിരിക്കുകയാണ്. മുസ്ലിം- ഹിന്ദു സ്പര്‍ദ്ധക്ക് പുതിയ മേച്ചില്‍പ്പുറങ്ങളുമായി പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരി ടിപ്പുവിനെ തമിഴകത്തേക്ക് തോളിലേറ്റി കൊണ്ടുവരുന്നത് മനിതനേയ മക്കള്‍ കക്ഷി എന്ന മുസ്ലിം സംഘടനയാണ്. ചെന്നൈയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള വെല്ലൂരില്‍ നവംബര്‍ 20 നു ടിപ്പുസുല്‍ത്താന്‍ ജന്മദിനാഘോഷം നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മക്കള്‍ കക്ഷിയുടെ പ്രസിഡന്റ് എം എച്ച് ജവഹറുള്ള മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ടിപ്പു ജയന്തി ആഘോഷം സമാധാനപരമായി നടത്തുന്നതില്‍ തെറ്റില്ലെന്നാണ് കോടതി ഇന്നലെ അഭിപ്രായപ്പെട്ടത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ല, മതനിന്ദക്ക് കാരണമാകുന്ന പരാമര്‍ശങ്ങള്‍ പാടില്ല തുടങ്ങിയ പതിനേഴ് നിബന്ധനകളും കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. നവംബര്‍ 20 നു നടത്തേണ്ടിയിരുന്ന ആഘോഷം നവംബര്‍ 30 നു നടത്താനുള്ള മനിതനേയ മക്കള്‍ കക്ഷിയുടെ  അഭ്യര്‍ത്ഥന ക്രമസമാധാനത്തിന്റെ പേരില്‍ പൊലീസ് നിരസിക്കുകയാണുണ്ടായത്. ഡിസംബര്‍ ആദ്യവാരം ആഘോഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പൊലീസ് കോടതിയെ ബോധ്യപ്പെടുത്തി.  

ആഘോഷങ്ങളുടെ പേരില്‍ ഉടലെടുക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാന്‍ അധിക സമയമൊന്നും വേണ്ടിവരില്ലെന്ന് പഴയ ചരിത്രത്താളുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഹിന്ദു- മുസ്ലിം കൈയാങ്കളിക്ക് അവസരം കൊടുത്താല്‍ ഇതുവരെ കെട്ടിപ്പൊക്കിയ രാഷ്ടീയ പ്രതിച്ഛായ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുമെന്ന രഹസ്യവിവരം മുഖ്യമന്ത്രി പുരട്ശ്ചിത്തലൈവി ജയലളിതയുടെ ചെവിയില്‍ എത്തിയതോടെ ഭരണകൂടം കരുതല്‍ നടപടികളുമായി മുന്നേറുകയായിരുന്നു. ടിപ്പുജയന്തിക്ക് അനുമതികൊടുത്താല്‍ അതിനെതിരെ ആഞ്ഞടിക്കാന്‍ ചില ഹിന്ദു സംഘടനകള്‍ താറുമുടുത്ത് മുന്നോട്ടു വരുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഭരണകൂടത്തിനു അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു.  എന്നാല്‍ ടിപ്പുസുല്‍ത്താനെ വെള്ളപൂശാന്‍ പുതിയ ചില കണ്ടെത്തലുകളുമായാണ് ജവഹറുള്ള മദ്രാസ് ഹൈക്കോടതിയിലേക്ക് കയറിച്ചെന്നത്.


മനിതനേയ മക്കള്‍ കക്ഷി

 ‘സ്വാതന്ത്ര്യസമര സേനാനി’യായ ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ ധീരനായിരുന്നു എന്നാണ് മനിതനേയ മക്കള്‍ കക്ഷിയുടെ വാദം. പൊല്ലിലൂര്‍ യുദ്ധത്തില്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ തോല്‍പ്പിച്ച ടിപ്പുവിനു തമിഴ്‌നാടുമായി അടുത്ത ബന്ധമുണ്ടെന്നാണ് ജവഹറുള്ള സ്ഥാപിക്കുന്നത്. എന്നാല്‍ ഹിന്ദു സംഘടനകള്‍ ടിപ്പുവിനെ പണ്ടേ തന്നെ മതവെറിയനെന്ന മുദ്രകുത്തി വിശ്വാസത്തിന്റെ കൊട്ടിയമ്പലത്തിനപ്പുറം പിണ്ഡം വച്ച് ഇറക്കിവിട്ടതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എഐഎഡിഎംകെക്ക് പിന്തുണ നല്‍കി ജയലളിതക്ക് നല്ല പിള്ളമാരായവരാണ് മനിതനേയ മക്കള്‍ കക്ഷിയിലെ നേതാക്കള്‍. ദിണ്ഡിഗലില്‍ ഹൈദരാലിക്കും ടിപ്പുസുല്‍ത്താനും സ്മാരകങ്ങള്‍ സ്ഥാപിക്കാന്‍ എഐഎഡിഎംകെ സര്‍ക്കാര്‍ സമ്മതിച്ചതാണെന്നും മനിതനേയ മക്കള്‍ പറയുന്നു. സ്മാരകത്തിലുള്ള ഭൂമിപൂജയില്‍ സംസ്ഥാന വൈദ്യുതി മന്ത്രി നത്തം വിശ്വനാഥന്‍ പങ്കെടുത്തതുമാണ്. സിപിഎം നേതാക്കളും ഈ സ്മാരകത്തെ വാനോളം പുകഴ്ത്തിയെന്നും ജവഹറുള്ള സ്ഥാപിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ് എഐഎഡിഎംകെ സര്‍ക്കാര്‍ പിന്മാറിയതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ജവഹറുള്ള ഇപ്പോള്‍ പറയുന്നത്. 

ഹിന്ദുക്കളെ വെട്ടിലാക്കാന്‍ ജവഹറുള്ള കൊണ്ടുവന്ന മറ്റൊരു രേഖ ശൃംഗേരി മഠവുമായി ബന്ധപ്പെട്ടതാണ്. ടിപ്പുവിന്റെ മതേതര മനോഭവം വ്യക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മറാത്താക്കാര്‍ മഠം തകര്‍ത്തപ്പോള്‍ അതു പുനര്‍നിര്‍മ്മിക്കാന്‍ രാജ്യസ്‌നേഹിയും സഹിഷ്ണുതയുടെ നിറകുടവുമായ ടിപ്പുസുല്‍ത്താന്‍ സഹായിച്ചുവത്രേ. ഇതിനു തെളിവായി ശൃംഗേരി മഠത്തിലെ ശങ്കരാചാര്യരും ടിപ്പുവും എഴുതിയ മുപ്പതോളം ‘കടിതങ്ങള്‍’ ഉണ്ടെന്നും ജവഹറുള്ള പറയുന്നു. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി  ഹിന്ദുത്വവാദികള്‍ ടിപ്പുസുല്‍ത്താനെന്ന സാമ്രാട്ടിനെ മതവെറിയനെന്ന് മുദ്രകുത്തിയെന്നാണ് മനിതനേയ മക്കള്‍ കക്ഷിയുടെ പുതിയ വിശദീകരണം. ടിപ്പുസുല്‍ത്താന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ നിര്‍മ്മിക്കാന്‍ കര്‍ണാടകയില്‍ നിന്നുവന്ന നിര്‍മ്മാതാക്കള്‍ രജനികാന്തിനെയാണ് ടിപ്പുവിന്റെ വേഷം കെട്ടാന്‍ ക്ഷണിച്ചത്. അത്തരമൊരു വേഷം ചെയ്യാനുള്ള കരാറില്‍ ഒപ്പിട്ടാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഹിന്ദുമുന്നണി രജനിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഹിന്ദുവിന്റെ അസഹിഷ്ണുതക്ക് ഉദാഹരണായി ജവഹറുള്ള ഈ സംഭവവും എടുത്തു കാണിക്കുന്നു. 

എന്നാല്‍ മനിതനേയ മക്കള്‍ കക്ഷിയുടെ വാദങ്ങള്‍ പൊള്ളയാണെന്ന് ബിജെപി പറയുന്നു. ടിപ്പുസുല്‍ത്താന്‍ സ്മാരകം  സ്ഥാപിക്കാനുള്ള നീക്കത്തെ പാര്‍ട്ടി എതിര്‍ത്തെന്നാണ് ബിജെപിയുടെ ദേശീയ സെക്രട്ടറി എച്ച് രാജ പറയുന്നത്. ഇത്തരമൊരു സ്മാരകം വന്നാല്‍ അത് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി പുരട്ശ്ചിത്തലൈവന്‍ എം ജി രാമചന്ദ്രന്റെ ഓര്‍മ്മക്ക് തന്നെ അവഹേളനമാകുമെന്ന് രാജ സ്ഥാപിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ഒരു മാഗസീനില്‍ എഴുതിയ ആത്മകഥാക്കുറിപ്പുകള്‍ അതിനു തെളിവാണ്. തന്റെ കുടുംബം കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് രക്ഷപ്പെടേണ്ടി വന്നതിന്റെ കാരണം ടിപ്പുസുല്‍ത്താന്റെ ആക്രമണമായിരുന്നെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ടിപ്പുവിനോടുള്ള വിദ്വേഷം ഈ ജീവചരിത്രക്കുറിപ്പുകളില്‍ പ്രകടമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ടിപ്പു വാളോങ്ങിയത് തന്റെ സ്വേച്ഛാധിപത്യത്തെ സംരക്ഷിക്കാനായിരുന്നെന്നും അല്ലാതെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ആയിരുന്നില്ലെന്നും ബിജെപി നേതാവ് സ്ഥാപിക്കുന്നു. ഹിന്ദുക്കള്‍ക്കെതിരെ ടിപ്പു നടത്തിയ ആക്രമണങ്ങള്‍ ചില്ലറയല്ല. പതിനായിരക്കണക്കിനു ഹിന്ദുക്കളെ നിര്‍ബന്ധപൂര്‍വം മതമാറ്റിയ ടിപ്പുവിന്റെ ജയന്തി ആഘോഷിക്കുന്നത് രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത്തരത്തിലുള്ള ആഘോഷങ്ങളെ  തങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുമെന്നും ബിജെപി നേതാക്കള്‍ മുന്നറിയിപ്പു നല്‍കുന്നു.

കര്‍ണാടകയിലെ മടിക്കേരിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ടിപ്പുജയന്തി ആഘോഷത്തിനിടയില്‍ വിശ്വഹിന്ദു പരിഷത്തും മുസ്ലിം ഗ്രൂപ്പുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിഷത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം ഗ്രൂപ്പുകളുടെ റാലിയില്‍ വിശ്വഹിന്ദു പരിഷത്തു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെയാണ് പരിപാടിയില്‍ സംഘര്‍ഷം ഉടലെടുത്തത്. കര്‍ണാടകയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലായിരുന്നു ടിപ്പു ജയന്തി ആഘോഷമെങ്കില്‍ തമിഴകത്ത് മനിതനേയ മക്കള്‍ കക്ഷിയുടെ നേതൃത്വത്തിലാണെന്നു മാത്രം. 

പതിനെട്ടാം നൂറ്റാണ്ടില്‍ ലക്ഷക്കണക്കിനു ജനങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റിയ ഒരു വര്‍ഗ്ഗീയവാദിയുടെ ജയന്തി ആഘോഷിക്കുന്നതിലൂടെ കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആര്‍എസ്എസ് ജിഹ്വയായ പാഞ്ചജന്യ അഭിപ്രായപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാരിനെ പ്രരോധത്തിലാക്കുകയായിരുന്നു പാഞ്ചജന്യയുടെ ലക്ഷ്യം. വിവാദപരമായ നേതാക്കളുടെ ജയന്തി ആഘോഷിക്കുന്നതിനേക്കാള്‍ ചരിത്രത്തില്‍ സ്ഥാനംനേടിയ മുസ്ലിം നേതാക്കളായ മൗലാനാ അബ്ദുല്‍ ഖലാം ആസാദ്, സര്‍ മിര്‍സ ഇസ്മയില്‍ തുടങ്ങിയവരുടെ ജയന്തികള്‍ ആഘോഷിച്ചാണ് സര്‍ക്കാര്‍ മാതൃക കാട്ടേണ്ടതെന്ന് പാഞ്ചജന്യ കര്‍ണാടക സര്‍ക്കാരിനെ ഉപദേശിക്കുന്നു. (മൈസൂറിലെ മുന്‍കാല ദിവാനായിരുന്നു സര്‍ മിര്‍സ ഇസ്മയില്‍.) ടിപ്പുസുല്‍ത്താന്‍ വിവാദവ്യക്തിയായിരുന്നെന്നും ഇപ്പോള്‍ ജയന്തി ആഘോഷവുമായി ചില സംഘടനകള്‍ രംഗത്തു വരുന്നത് മുസ്ലിം വോട്ടുകള്‍ ധ്രൂവീകരിക്കാനാണെന്നും പാഞ്ചജന്യ സ്ഥാപിക്കുന്നു. ടിപ്പു മതേതരവാദി അല്ലെന്നും അസഹിഷ്ണുത നിറഞ്ഞ ക്രൂരനായ ഭരണാധികാരി ആയിരുന്നെന്നും തെന്നിന്ത്യയിലെ ഔറംഗസേബായിരുന്നെന്നും ‘ഓര്‍ഗനൈസറി’ലെ ചില ഹിന്ദു നേതാക്കളെ ഉദ്ധരിച്ചുകൊണ്ട് ആര്‍എസ്എസ് പത്രം പറയുന്നു.

എന്തായാലും ‘സ്വാതന്ത്ര്യസമര സേനാനി’ ടിപ്പുസുല്‍ത്താനെ ധീരദേശാഭിമാനിയാക്കാനും ജയന്തി ആഘോഷത്തിലൂടെ പുതിയ പ്രതിച്ഛായ നല്‍കാനുമുള്ള മനിതനേയ മക്കള്‍ കക്ഷിയുടെ ശ്രമം എവിടെ അവസാനിക്കുമെന്നാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. അത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് തന്ത്രപൂര്‍വം തടയിട്ടില്ലെങ്കില്‍ തമിഴകത്തിന്റെ ഭാവി അപകടത്തിലാകുമെന്ന് ഭരണകൂടത്തിനു അറിയാം. തമിഴകമെന്നല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ആപത്ക്കരമായ ധ്രൂവീകരണ കാലഘട്ടത്തിലൂടെ സഞ്ചരിക്കുകയാണല്ലോ. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ചക്രവര്‍ത്തിയുടെ ശവകുടീരം തോണ്ടുന്നവര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്:  ഇപ്പോള്‍ത്തന്നെ തെക്കന്‍ ജില്ലകളില്‍ ജാതിക്കോമരങ്ങളുടെ തേര്‍വാഴ്ച്ച നടക്കുന്ന തമിഴകത്തിനു മറ്റൊരു ഹിന്ദു- മുസ്ലിം രക്തച്ചൊരിച്ചില്‍ താങ്ങാനുള്ള ശേഷിയുണ്ടോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍