യാത്ര

പൊടുന്നനെയാണ് ആ വെളുത്ത മലകള്‍ പ്രത്യക്ഷപ്പെടുക; തിരിച്ചു പോരാനാവാത്ത യാത്രകള്‍

Print Friendly, PDF & Email

ഒരു ഹിമാചല്‍ യാത്ര

A A A

Print Friendly, PDF & Email

‘വിനോദസഞ്ചാരി’കളെ പോലെ കണ്ടു തീര്‍ക്കാനുള്ളവ ഒരു ലിസ്റ്റിട്ട് കണ്ടു തീര്‍ക്കുന്ന പോലെയല്ല ‘യാത്രിക’രുടെ യാത്രകള്‍. എത്താനുള്ള സ്ഥലത്തിന്റെ മനോഹാരിതയേക്കാള്‍, യാത്രയുടെ അനിശ്ചിതത്വവും അത് നല്‍കുന്ന ഊര്‍ജവും അതിന്റെ ആസ്വാദ്യതയുമാണ് അതിന്റെ കാതല്‍ എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ബാംഗ്ലൂര്‍ നിന്നും ഡല്‍ഹി വരെ മാത്രം ടിക്കറ്റ് എടുത്തതും അതുകൊണ്ടാണ്. എങ്ങനെ മടങ്ങും എന്നോ എന്ന് മടങ്ങും എന്നോ മനസ്സിനു പോലും പിടി കൊടുക്കാത്ത പ്ലാനിംഗ് ഇല്ലായ്മ. അത് നല്‍കുന്ന അസാധ്യമായൊരു ഫ്ലക്‌സിബിലിറ്റി, കിടന്നിടത്ത് തന്നെ പൊടി പിടിച്ചു പോയ നാഗരിക മനസ്സിനെ ഒരു ദേശാന്തരഗമനന്‍ എന്ന അവസ്ഥയിലെത്തിക്കുന്നു.

ഡല്‍ഹിയില്‍ നിന്നും ഹിമാചലിലേക്കും ഉത്തരാഖണ്ഡിലേക്കും യാത്ര ചെയ്തത്, അപ്പോള്‍ മുന്നില്‍ വന്നു പെട്ട ബസിലും, ഒരു പാട് ആളുകളോട് ചോദിച്ചറിഞ്ഞും, അപ്പോഴപ്പോള്‍ പ്ലാനുകള്‍ മാറ്റിയും, സാധാരണക്കാരുടെ കൂടെ അവരോട് ചേര്‍ന്നിരുന്ന് വര്‍ത്തമാനം പറഞ്ഞും ജീവിതങ്ങളെ തൊട്ടറിഞ്ഞുമുള്ള യാത്ര. ബസില്‍, ചുറ്റും ഹിന്ദി മാത്രമറിയുന്നവര്‍ ഇരിക്കുമ്പോള്‍ സഹയാത്രികന്റെ കൂടെ ഇത്തിരി ഉറക്കെ മലയാളം പാട്ടുകള്‍ പാടുന്നതിന്റെ ജാള്യതയില്ലായ്മ. പുലര്‍ച്ചെ മൂന്നു മണിക്ക് ഡല്‍ഹിയില്‍ ‘അമീര്‍ ബാബു’ വിന്റെ ഓട്ടോയില്‍, മുഹമ്മദ് റാഫിയുടെ കൂടെ ‘ബഹാരോ ഭൂല്‍ ബര്‍സാവോ’ ഞങ്ങളും പാടി. അല്ലെങ്കില്‍ തന്നെ സംഗീതത്തിന് എവിടെയാണ് അതിരുകള്‍.

നാല് മണിക്കൂറോളം നീണ്ട ട്രെക്കിങ്ങ് കഴിഞ്ഞു ചെല്ലുമ്പോള്‍ ‘ട്രിയുണ്ട്’ മഞ്ഞില്‍ മൂടിയിരുന്നു. ആളുകള്‍ ഇല്ലാത്ത, കുറച്ചപ്പുറത്തായി നിന്നിരുന്ന പാറകളുടെ മുനമ്പില്‍ കയറിയിരിക്കുമ്പോള്‍ മുന്നില്‍ മുഴുവന്‍ മഞ്ഞും മേഘങ്ങളുമായിരുന്നു. കൂട്ടുകാരന്‍ ആത്മാവിന് പുക കൊടുക്കുകയും ഞാന്‍ ആ മഞ്ഞിലേക്കും നോക്കിയിരിക്കുകയും ചെയ്യുമ്പോഴാണ്, പൊടുന്നനെ എല്ലാ മേഘങ്ങളും മഞ്ഞും മാറി ആ വെളുത്ത മലകള്‍ പ്രത്യക്ഷപ്പെട്ടത്. ഞാന്‍ ചാടിയെഴുന്നേറ്റു കൂട്ടുകാരനോട് ചോദിച്ചു. ഞാന്‍ ഹൈ ആണോ? നീയാണോ വലിച്ചത് അതോ ഞാനോ? അത്രയ്ക്കും മനോഹരവുമായ ഒരു ചിത്രം മുന്നില്‍ തെളിഞ്ഞപ്പോള്‍ അത് വിവരിക്കുവാന്‍ വാക്കുകളില്ലാത്ത അവസ്ഥ.

നിറയെ നക്ഷത്രങ്ങള്‍ നിറഞ്ഞ, നിലാവില്‍ കുളിച്ച രാത്രിയുടെ രസം നുകര്‍ന്ന് കൊണ്ട് അന്ന് അവിടെ തങ്ങി. അങ്ങകലെ താഴെ, നഗരം പ്രകാശത്താല്‍ മൂടി ഉറങ്ങുന്ന കാഴ്ച കാണേണ്ടത് തന്നെയാകുന്നു. അതിരാവിലെ നേരത്തെ എഴുന്നേറ്റ്, സൂര്യന്റെ സ്വര്‍ണരശ്മികളുടെ സ്പര്‍ശമേറ്റ് ഉണരുന്ന മലനിരകളുടെ മനോഹാരിത നുകര്‍ന്ന് അവിടെ നിന്നുമിറങ്ങി. മല മുകളില്‍ നിന്നുള്ള വഴിയിലെ കൊച്ചു ചായക്കടയില്‍ നിന്നും ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍, കടയിലെ റേഡിയോയില്‍ നിന്നും കേട്ട ‘യെ ജവാനി ഹെ ദിവാനി’ എന്ന ഹിന്ദി സിനിമയിലെ ‘രെ കബിരാ മാന്‍ ജാ’ എന്ന പാട്ട് കാതുകളിലേയ്ക്കല്ല, ഹൃദയത്തിലേക്കാണ് നേരിട്ടിറങ്ങിയത്.

ഹിമാചല്‍ അതിമനോഹരിയാണ്. അവിടെ ചിലവഴിച്ച നാല് ദിവസങ്ങള്‍ പോരാ അവളെ കണ്ടനുഭവിക്കാന്‍. ധരംശാലയിലാണ് ഞങ്ങള്‍ തങ്ങിയത്. ആ പരിസര പ്രദേശങ്ങളാണ് കാണാമെന്ന് കരുതിയത്. ധരംശാലയില്‍ നിന്നും മക്ലോഡ് ഗഞ്ച്. ആ സ്ഥലത്തിന്, പ്രാര്‍ത്ഥനാമാലകള്‍ കൈ വിരലുകളില്‍ തിരിയുന്ന ടിബറ്റന്‍സിന്റെ മുഖമാണ്. അവിടെ നിന്നും ‘ബാഗ്സുനാഗ്’ എന്ന വെള്ളച്ചാട്ടം. ധരംകോട്ട് നിന്നും നാല് മണിക്കൂറോളം ട്രെക്ക് ചെയ്താല്‍ ‘ട്രിയുണ്ട്’ എന്ന സ്ഥലത്തെത്താം.

വാക്കുകള്‍ കൊണ്ട് പറഞ്ഞതിന്റെ ബാക്കി പകുതി ഇനി ചിത്രങ്ങള്‍ പറയട്ടെ.

ചിത്രങ്ങള്‍ അവയുടെ യഥാര്‍ത്ഥ വലിപ്പത്തില്‍ കാണാന്‍: Himachal pradesh 

സിജീഷ് വി ബാലകൃഷ്ണന്‍

സിജീഷ് വി ബാലകൃഷ്ണന്‍

യാത്രികന്‍, എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍