ട്രെന്‍ഡിങ്ങ്

ആശുപത്രിക്കായി ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസിയുടെ മറുപടി

Print Friendly, PDF & Email

ബുദ്ധിമുട്ട് മനസിലാക്കിയ മാതാവ് ആശുപത്രി പണിയാന്‍ 500 രൂപ മതിയെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് അച്ചന് വിശ്വാസിയുടെ കത്ത്‌

A A A

Print Friendly, PDF & Email

പള്ളിവക ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി അഗസ്റ്റിന്‍ തെരുവത്ത് ആണ് സംഭാവന ആവശ്യപ്പെട്ട് വിശ്വാസികള്‍ക്ക് കത്ത് നല്‍കിയത്.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അഭ്യര്‍ത്ഥന പ്രകാരം രൂപത ചേര്‍പ്പുങ്കലില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയ്ക്കായി നല്ലൊരു തുക സംഭാവന ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. സംഭാവന നല്‍കിയാല്‍ മാതാവ് നിങ്ങളെ അനുഗ്രഹിക്കുന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതിന് താഴെ മാതാവ് പ്രതീക്ഷിക്കുന്ന തുക 20,000 രൂപ ആണെന്നും വ്യക്തമാക്കിയിരിക്കുന്നു.

എന്നാല്‍ മാതാവിനോട് താന്‍ നേരിട്ട് കാര്യം പറഞ്ഞിട്ടുണ്ടെന്നും 500 രൂപ മതിയെന്ന് മാതാവ് പറഞ്ഞെന്നും പരിഹസിച്ച് വിശ്വാസിയുടെ കത്ത് പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തിരിക്കുകയാണ്. പള്ളിയില്‍ ചെന്ന് ഒരു മെഴുകുതിരി കത്തിച്ച് മാതാവിനോട് കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് വികാരിയച്ചനെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കത്തില്‍ പറയുന്നത്. മഴക്കാലമായതിനാല്‍ പണിയില്ലെന്നും വീട്ടിലെല്ലാവര്‍ക്കും പനിയാണെന്നും താന്‍ മാതാവിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്. പലിശയ്‌ക്കെടുത്താണ് നിലവില്‍ മരുന്നും വീട്ടുചെലവവും നടന്നു പോകുന്നത്. സര്‍വോപരി പാലാക്കാരനായ താന്‍ എല്ലാവരെയും പോലെ പറമ്പീന്നു കിട്ടുന്ന കുറച്ച് റബ്ബര്‍ ഷീറ്റും ഒട്ടുപാലും വിറ്റാണ് കുടുംബം പോറ്റുന്നത്. എന്നാല്‍ ഇത്തവണ റബ്ബറിന് പ്ലാസ്റ്റിക് ഇടാനുള്ളതുപോലും കിട്ടിയില്ല. റബ്ബറിന് വില കൂടുന്ന കാര്യം പുണ്യാളന്‍ മുഖേന മാതാവിനെ അറിയിച്ചിട്ടും ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്തോനേഷ്യയില്‍ നിന്നുള്ള റബ്ബര്‍ ഇറക്കുമതി കുറയണം എന്നാണ് പുണ്യാളന്‍ പറയുന്നത്. എന്നാല്‍ മോദിയോട് ഇക്കാര്യം നേരിട്ട് പറയാന്‍ മാതാവിന് ചമ്മലാണെന്നാണ് അറിയിച്ചത്. എന്തായാലും ശരിയാക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

കൂടാതെ ബുദ്ധിമുട്ട് മനസിലാക്കിയ മാതാവ് ആശുപത്രി പണിയാന്‍ 500 രൂപ മതിയെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. കൂടാതെ പണമുണ്ടെന്ന് കരുതിയാണ് ആ തുക പ്രതീക്ഷിച്ചതെന്നും മാതാവ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം സമരം ചെയ്യുന്ന മാലാഖമാര്‍ക്ക് മാതാവും അവരും പ്രതീക്ഷിക്കുന്ന ശമ്പളം കൂടി നല്‍കുന്ന കാര്യം അച്ചനോട് സൂചിപ്പിക്കണമെന്നും മാതാവ് കത്തെഴുതിയ വിശ്വാസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെല്ലാമുപരി കുട്ടികളുടെ സ്‌കൂള്‍ ഫീസ് കുറയ്ക്കുന്ന കാര്യം മാനേജര്‍ അച്ചനെ ഇന്നുരാത്രി സ്വപ്‌നത്തിലൂടെ അറിയിക്കാമെന്നും മാതാവ് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് വിശ്വാസിയുടെ കത്ത് അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍