വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകം കേരള മന:സാക്ഷിയോട് ചോദിക്കുന്ന നാലു കാര്യങ്ങള്‍

Print Friendly, PDF & Email

അരികുവത്ക്കരിക്കപ്പെട്ടവര്‍ അരികുകളില്‍ തന്നെ ജീവിച്ച് ഒടുങ്ങണം എന്നത് ആരുടെ തീരുമാനമാണ്?

സഫിയ ഒ സി

സഫിയ ഒ സി

A A A

Print Friendly, PDF & Email

(ഭാഗം 1–  നിസഹായരായ ഈ അമ്മയും അച്ഛനും എല്ലാം അറിഞ്ഞിരുന്നു; വാളയാറിലെ കുട്ടികളെ പീഡിപ്പിച്ചവര്‍ തന്നെ കെട്ടിത്തൂക്കി)

ഭാഗം – 2

“പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നു ഈ വിഷയത്തില്‍ തുടക്കം മുതലേ നല്ല ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. പോലീസ് അനാസ്ഥ കാണിക്കുന്നു എന്നറിഞ്ഞപ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ട് മേലധികാരികളെ വിളിച്ച് ഈ കേസിന്‍റെ നിജസ്ഥിതി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാളയാര്‍ എസ്ഐ യുമായി ചെറിയ കുട്ടി മരിക്കുന്നതിന്‍റെ തലേദിവസം ഞങ്ങള്‍ സംസാരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വല്ല റിമാര്‍ക്സും ഉണ്ടോയെന്നു ഞങ്ങള്‍ ചോദിച്ചിരുന്നു. അന്നേരം അങ്ങനെ ഒന്നും ഇല്ല, ഇത് ആത്മഹത്യയാണ് എന്നാണ് എസ് ഐ ഞങ്ങളോട് പറഞ്ഞത്. രണ്ടാമത്തെ കുട്ടി മരിച്ചപ്പോഴാണ് മൂത്ത കുട്ടിയും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നു പോലീസ് വ്യക്തമാക്കുന്നത്. പോലീസ് എന്തിനാണ് ഇത് മറച്ചു വെച്ചത് എന്നറിയില്ല. അതും ആര്‍ക്ക് വേണ്ടിയാണ് മറച്ചു വെച്ചത് എന്നുള്ളതും പുറത്തു വരണം. അത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്. വലിയ ഉന്നതരൊന്നും അല്ല പ്രതികള്‍. വെറും സാധാരണക്കാരാണ്. എന്നിട്ട് പോലീസ് എന്തിനിങ്ങനെ ചെയ്തു? വാളയാര്‍ പോലീസിന് പൊതുവേ ഇത്തരം കാര്യങ്ങളില്‍ ഒന്നും താത്പര്യമൊന്നും ഇല്ല. അവര്‍ക്ക് കാശുണ്ടാക്കണം എന്ന വിചാരമേയുള്ളൂ. ചെക്ക് പോസ്റ്റിന് അടുത്തായത് കൊണ്ട് അവര്‍ അവിടെയും ഇവിടെയും ഒക്കെ ഹൈവേയില്‍ പോയി നിന്നു വാഹനങ്ങള്‍ക്ക് കൈനീട്ടി കാശ് വാങ്ങും. അതാണ് അവരുടെ സ്ഥിരം പരിപാടി.”

അട്ടപ്പള്ളത്തിനടുത്തുള്ള ചുള്ളിമട വാര്‍ഡ് മെംബര്‍ രമേഷ് എസ് പറഞ്ഞു. സിപിഎം പ്രതിനിധിയാണ് രമേഷ്. പുതുശ്ശേരി പഞ്ചായത്ത് ഇപ്പോള്‍ ഭരിക്കുന്നതും സിപിഎം ആണ്. സംസ്ഥാനം ഭരിക്കുന്നതും ആ പാര്‍ട്ടി തന്നെ. എന്നിട്ടും പോലീസിനെ കൊണ്ട് നേരാം വണ്ണം പണിയെടുപ്പിക്കാന്‍ ഒരു പ്രാദേശിക ഗവണ്‍മെന്റിനും അത് ഭരിക്കുന്ന പാര്‍ട്ടിക്കും കഴിയാതെ പോയത് എന്തുകൊണ്ടാണ്? രമേഷിന്റെ വാക്കുകളില്‍ നിഴലിച്ച നിസ്സഹായതയില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ട കുട്ടികളുടെ വീട് സന്ദര്‍ശിക്കാന്‍ എത്തുന്ന ദിവസമാണ് ഞങ്ങള്‍ അട്ടപ്പള്ളത്ത് എത്തിയത്. തലേ ദിവസമാണ് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എകെ ബാലന്‍ വന്നു പോയത്. എകെ ബാലന്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയും മന്ത്രിയുമാണ്. എന്നിട്ടും ഒരാഴ്ചയെടുത്തു മന്ത്രി അവിടെ എത്താന്‍ എന്നത് നിസാര കാര്യമല്ല. രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് മുന്‍ മുഖ്യമന്ത്രിയും പുതുശ്ശേരി പഞ്ചായത്ത് ഉള്‍പ്പെടുന്ന മലമ്പുഴ മണ്ഡലത്തിന്റെ പ്രതിനിധിയുമായ വി എസ് അച്ചുതാനന്ദന്‍ അവിടെയെത്തിയത്.

അങ്ങനെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ മത്സരിച്ച് അട്ടപ്പള്ളത്തെ കുന്നിന്‍ മുകളിലെ ആ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. എല്ലാവരും പോലീസിന്‍റെ അനാസ്ഥയെ കുറ്റം പറഞ്ഞും അവരെ ആശ്വസിപ്പിച്ചും പിരിഞ്ഞു. വരുന്നവര്‍ക്കൊക്കെ ഇരിക്കാന്‍ പോലും അവിടെ ഒരു കസേരയോ സൌകര്യമോ ഇല്ല. പണിതീരാത്ത വീടിന് മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ മുറ്റത്തു വാടകയ്ക്കെടുത്ത കസേരയില്‍ ഇരുന്നു കുന്നുകയറിയ ക്ഷീണം തീര്‍ത്തു എല്ലാവരും മടങ്ങി. കുന്നിറങ്ങി ക്ഷീണം മാറുമ്പോള്‍ എല്ലാവരും അത് മറക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ ആ വീടും അവരുടെ ജീവിതവും പൊതു സമൂഹത്തിനും ഭരണകൂടത്തിനും നീതിപാലകര്‍ക്കും മുന്നില്‍ വെക്കുന്ന കുറെ ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങള്‍ നമ്മെ പിന്തുടരുക തന്നെ ചെയ്യും.

ചോദ്യം-1

കഴിഞ്ഞ ജനുവരി 11 നാണ് വാളയാര്‍ അട്ടപ്പള്ളത്തെ ഷാജിയുടെയും ഭാഗ്യവതിയുടെയും മൂത്ത മകള്‍ 12 വയസ്സുകാരി കൃതികയെ വീടിന്‍റെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിനുള്ളില്‍ ഇളയവളായ ഒമ്പതു വയസ്സുകാരി ശരണ്യയെയും സമാന സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. മൂത്ത കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ വിവരം ഉണ്ടായിരുന്നെങ്കിലും പോലീസ് കാര്യമായ അന്വേഷണം ഒന്നും നടത്തിയിരുന്നില്ല. മാത്രമല്ല മൂത്ത കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു.

“മൂത്ത കുട്ടി ആത്മഹത്യ ചെയ്തു എന്ന് തന്നെയാണ് ഞങ്ങള്‍ കരുതിയത്. പോലീസ് അങ്ങനെയാണ് പറഞ്ഞത്. അവള്‍ പീഡിപ്പിക്കപ്പെട്ടു എന്നത് പോലീസ് ബോധപൂര്‍വ്വം ഞങ്ങളില്‍ നിന്നു മറച്ചു വെച്ചു. ആത്മഹത്യ ആണെന്ന് അവര്‍ ഞങ്ങളോടു തറപ്പിച്ചു പറഞ്ഞു. വേണ്ടരീതിയില്‍ അവര്‍ അന്വേഷിച്ചില്ല.” അമ്മ ഭാഗ്യവതി പറയുന്നു.

രണ്ടാമത്തെ കുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വന്നതോടെയാണ് മൂത്ത കുട്ടിയും പീഡിപ്പിക്കപ്പെട്ടിരുന്നു എന്നു പോലീസ് വ്യക്തമാക്കിയത്. അതോടെ സംഭവം രാഷ്ട്രീയ വിവാദമാകുകയും അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഒറ്റ നോട്ടത്തില്‍ തന്നെ ഒരു കൊലപാതക സാധ്യത ഏത് സാധാരണക്കാരനും തോന്നുമായിരുന്നിട്ടും മൂത്ത കുട്ടിയുടെ മരണം അന്വേഷിച്ച പോലീസുകാര്‍ എന്തുകൊണ്ട് ആ വഴിക്കു അന്വേഷിച്ചില്ല എന്നതിന് ഉത്തരം ഈ കുടുംബവും പെരുമ്പാവൂരിലെ ജിഷയുടേത് പോലെ അരികുകളില്‍ ജീവിക്കുന്നവരാണ് എന്നത് തന്നെയാണ്. ജിഷയുടെ കൊലപാതകത്തില്‍ ഏറ്റവും ശക്തമായി ഉന്നയിക്കപ്പെട്ട വിമര്‍ശനം തുടക്കത്തില്‍ പോലീസ് കാണിച്ച അനാസ്ഥയാണ്. അതേ അനാസ്ഥ രണ്ടാമതൊരു കുട്ടിയുടെ മരണത്തിനും കൂടി കാരണമായിരിക്കുകയാണ് വാളയാറില്‍.

മൂത്തപെണ്‍കുട്ടിയുടെ മൃതദേഹപരിശോധന നടത്തിയ ഡോ. ടി പ്രിയദ ഫെബ്രുവരി മൂന്നിന് പോലീസിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡോക്ടറുടെ മൊഴിയില്‍ കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി വ്യക്തമായി പറയുന്നുണ്ട്. ഇതനുസരിച്ച്‌ വാളയാര്‍ പോലീസ് കുട്ടിയുടെ ബന്ധുവായ യുവാവിനെ ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. പിന്നീട് തുടര്‍ നടപടിയൊന്നും പോലീസിന്‍റെ ഭാഗത്ത് നിന്നു ഉണ്ടായില്ല. രണ്ടാമത്തെ കുട്ടിയും നിരന്തരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ പോലീസ് സര്‍ജന്‍ ഡോ. പിബി ഗുജ്റാള്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂത്തകുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടറുടെ മൊഴിയും ഉണ്ടായിട്ടും പോലീസ് അതെന്തിന് മറച്ചു വെച്ചു. എന്തുകൊണ്ട് വേണ്ട രീതിയില്‍ അന്വേഷിച്ചില്ല.

പ്രതികള്‍ സമൂഹത്തിലെ ഉന്നതരോ പിടിപാടുള്ളവരോ അല്ലാതിരുന്നിട്ടും എന്തുകൊണ്ടായിരുന്നു പോലീസ് നിസംഗമായി കേസിനെ സമീപിച്ചു?

ചോദ്യം-2
കഴിഞ്ഞ എട്ട് വര്‍ഷമായി ആ ഒറ്റമുറിയിലാണ് അമ്മയും അച്ഛനും മൂന്നു മക്കളും അടങ്ങുന്ന ആ കുടുംബം കഴിഞ്ഞു പോരുന്നത്. നിര്‍ദ്ധനര്‍ക്ക് വീടുവെയ്ക്കാന്‍ പല പദ്ധതികളും പ്രാദേശിക ഭരണകൂടങ്ങള്‍ വഴി നടപ്പിലാക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് എന്തുകൊണ്ട് ഇതുവരെ ഉണ്ടായില്ല? രണ്ട് മക്കളും തൂങ്ങിക്കിടന്ന ആ മുറിയില്‍ തന്നെയാണ് ഇപ്പോഴും ആ അച്ഛനും അമ്മയും കിടക്കുന്നത് എന്നത് ഒരു ഞെട്ടിക്കുന്ന കാര്യമാണ്. തങ്ങളെ ഉപദ്രവിക്കാന്‍ വരുന്നവരില്‍ നിന്നു ഓടിയൊളിക്കാന്‍ പോലും ആ വീട്ടില്‍ ഒരിടമുണ്ടായിരുന്നില്ല ആ കുഞ്ഞുങ്ങള്‍ക്ക് എന്നതായിരുന്നു പൊതുസമൂഹവും ജനാധിപത്യ ഗവണ്‍മെന്‍റും തിരിച്ചറിയേണ്ട യാഥാര്‍ഥ്യം.

എന്തുകൊണ്ട് കഴിഞ്ഞ 8 വര്‍ഷങ്ങമായി ഈ കുടുംബം ഒരു ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത് എന്ന കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല?

ചോദ്യം-3
രണ്ടു കുട്ടികളും നല്ല സ്മാര്‍ട്ടായിരുന്നു എന്നാണ് അവര്‍ സ്കൂളിലേക്ക് പോകുകയും വരികയും ചെയ്യുന്നത് കാണാറുള്ള നാട്ടുകാരും അവരുടെ അധ്യാപകരും പറയുന്നത്. കൃതിക തന്റെ നോട്ട് പുസ്തകത്തില്‍ വരച്ചുവെച്ച ചില ചിത്രങ്ങള്‍ കണ്ട അദ്ധ്യാപകര്‍ക്ക് ചില സംശയങ്ങള്‍ തോന്നിയിരുന്നു. അതില്‍ ഒരു ചിത്രം ഇങ്ങനെ ആയിരുന്നു. ഒരു പൂവിന് ചുറ്റും നില്‍ക്കുന്ന നാല് ചിത്രശലഭങ്ങളുടേതായിരുന്നു അത്. പൂവിന് അവളുടെ പേരും ചിത്രശലഭങ്ങള്‍ക്ക് പുരുഷന്‍മാരുടെ പേരുകളായിരുന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വെറുതെ വരച്ചതാണ് ടീച്ചറെ എന്നാണ് അവള്‍ പറഞ്ഞത്. അവളുടെ മരണവിവരം പുറത്തുവന്നപ്പോള്‍ തന്നെ ഞങ്ങളത് പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കഞ്ചിക്കോട് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകര്‍ പറയുന്നു.

ഒരു പെണ്‍കുട്ടി എന്ന നിലയില്‍ അവള്‍ സുരക്ഷിതയല്ല എന്ന് തോന്നിയത് കൊണ്ട് അവളെ ഹോസ്റ്റല്‍ സൌകര്യമുള്ള സ്കൂളിലേക്ക് മാറ്റാന്‍ ഞങ്ങള്‍ അമ്മയോട് പറഞ്ഞിരുന്നു. ആലത്തൂര്‍ സ്കൂളില്‍ അതിനുള്ള സൌകര്യവും ഉണ്ടായിരുന്നു. പക്ഷേ വെക്കേഷന്‍ കഴിഞ്ഞിട്ട് മാറ്റാം എന്നാണ് അവര്‍ പറഞ്ഞത്- അദ്ധ്യാപകര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ പെരുമാറ്റത്തില്‍ അധ്യാപകര്‍ക്ക് എന്തെങ്കിലും സംശയം തോന്നിയിരുന്നെങ്കില്‍ അവര്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചൈല്‍ഡ് ലൈന്‍ പോലുള്ള ഏജന്‍സികളെ അറിയിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്തുകൊണ്ട് അവര്‍ അത് ചെയ്തില്ല?

കുട്ടികള്‍ തൂങ്ങി മരിച്ചു എന്നു പറയുന്ന വീടിന്റെ ഉത്തരം ഇത്രയും ഉയരത്തിലാണ്

ചോദ്യം- 4

കുട്ടികള്‍ക്ക് ഇങ്ങനെ ഒരു ദുരന്തം ഉണ്ടായതിന് പ്രധാന കാരണക്കാര്‍ അച്ഛനും അമ്മയും തന്നെയാണെന്നാണ് നാട്ടുകാരുടെ വാദം. “അവരുടെ ജീവിത രീതി അങ്ങനെയാണ്, അച്ഛനും അമ്മയും മദ്യപിക്കും. പലപ്പോഴും കൂട്ടുകാരും ബന്ധുക്കളായ പ്രതികളും ഒക്കെ ഇവരോടൊപ്പം വീട്ടിലിരുന്നു മദ്യപിക്കാറുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ ഇവര്‍ ജോലിക്ക് പോകൂ. ചില ദിവസങ്ങളില്‍ ഇവര്‍ രാവിലെ തന്നെ മദ്യപാനം തുടങ്ങും. കയ്യില്‍ പൈസയില്ലെങ്കില്‍ ആരാണ് മദ്യം വാങ്ങിക്കൊടുക്കുന്നത് അവരെ ഇവര്‍ കൂടെ കൂട്ടും. മൂത്ത കുട്ടി മരിച്ചിട്ടും ഇവര്‍ വേണ്ടത്ര ഗൌരവത്തില്‍ അതിനെ എടുത്തില്ല. അതുകൊണ്ടാണ് ഇളയ കുട്ടിയും കൊല്ലപ്പെട്ടത്.” നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

കുട്ടിയുടെ അമ്മയുടെ മൊഴി അനുസരിച്ചു ഒരാളെ ചോദ്യം ചെയ്തു വിട്ടയക്കുകയാണ് അന്ന് പോലീസ് ചെയ്തത്. അമ്മയെയും അച്ഛനെയും വേണ്ടരീതിയില്‍ ചോദ്യം ചെയ്താല്‍ കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു വരും എന്നാണ് നാട്ടുകാര്‍ പറയുന്നത്. അച്ഛനും അമ്മയ്ക്കും എല്ലാം കൃത്യമായി അറിയാമെന്നും അവര്‍ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നും അവര്‍ കരുതുന്നു.

ചെറുമര്‍ വിഭാഗത്തില്‍ പെട്ട ഈ കുടുംബം  സാമൂഹികമായ വിവേചനത്തിന്റെ ഇരകള്‍ തന്നെയാണ് എന്നാണ് നാട്ടുകാരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. 20 കിലോമീറ്ററോളം അകലെയുള്ള പാലക്കാട് നഗരത്തില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. “ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമേ ഞങ്ങള്‍ക്ക് ജോലി ഉണ്ടാകാറുള്ളൂ. പലപ്പോഴും പാലക്കാടും പരിസര പ്രദേശങ്ങളിലും ഒക്കെയാവും ജോലി. രാവിലെ പോയാല്‍ വൈകിയെ വീട്ടിലെത്തൂ.” എന്ന ഭാഗ്യവതിയുടെ വാക്കുകള്‍ തന്നെ ഈ കുടുംബം എത്രമാത്രം ഒറ്റപ്പെട്ടാണ് അവിടെ ജീവിക്കുന്നത് എന്നതിന്റെ തെളിവുകളാണ്.

എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളില്‍ കൊട്ടിഘോഷിച്ചു കൊണ്ടാടുന്ന കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളും ജാഗ്രതാ സമിതികളും ഈ കുടുംബത്തിന്റെ പ്രശ്നങ്ങളെ തിരിച്ചറിയാതെ പോയത്?

ഒരു തെരുവ് പട്ടിയുടെ വിലപോലും കല്‍പ്പിക്കാതെയാണ് മൂത്ത കുട്ടിയുടെ മരണം പോലീസ് എഴുതിത്തള്ളിയത് എന്നാണ് ഒരു നാട്ടുകാരന്‍ പറഞ്ഞത്. അരികുവത്ക്കരിക്കപ്പെട്ടവര്‍ അരികുകളില്‍ തന്നെ ജീവിച്ച്  ഒടുങ്ങണം എന്നത് ആരുടെ തീരുമാനമാണ്? കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടും കുടിക്കാന്‍ വെള്ളവും ഭക്ഷണത്തിന് വഴി കണ്ടെത്താനുള്ള ജോലിയും സാമൂഹ്യ സുരക്ഷയും ഒക്കെ രാജ്യത്തെ ഓരോ പൌരനും ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം നമ്മുടെ ഭരണകൂടത്തിനില്ലേ? പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇതുപോലുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് നമുക്ക് വേണ്ടത്.

 

സഫിയ ഒ സി

സഫിയ ഒ സി

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍