പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

നാനേ രാജാ നാനേ മന്ത്രി; ക്യാപ്റ്റന്‍ വിജയകാന്തിന്‍റെ രാഷ്ട്രീയ സ്വപ്നങ്ങള്‍

A A A

Print Friendly, PDF & Email

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറുന്തോറും തമിഴകത്തെ രാഷ്ട്രീയകക്ഷികളുടെ നെഞ്ചിടിപ്പു വര്‍ദ്ധിക്കുയാണ്. സഖ്യങ്ങള്‍ക്കു വേണ്ടി ‘ഒറ്റാല്‍’ വച്ച് കക്ഷികളെ കുടുക്കാന്‍ ദ്രാവിഡ വമ്പന്മാരും മറ്റും പമ്മിപ്പമ്മി നടക്കുമ്പോള്‍, ആര്‍ക്കും പിടികൊടുക്കാതെ പുരാണകഥയിലെ മാരീചനെപ്പോലെ മിന്നിമറയുന്ന ഒരു നേതാവുണ്ട് തമിഴകത്ത്- ‘കറുപ്പു എംജിആര്‍’ എന്ന് സ്വയംവിശേഷിപ്പിക്കുന്ന ദേശീയ മുര്‍പ്പോക്ക് ദ്രാവിഡകഴകം (ഡിഎംഡികെ) നേതാവ് സാക്ഷാല്‍ ക്യാപ്റ്റന്‍ വിജയകാന്ത്. ദ്രാവിഡമുന്നേറ്റകഴകം (ഡിഎംകെ) തലവന്‍ മുത്തുവേല്‍ കരുണാനിധിയും ബിജെപിയിലെ പ്രകാശ് ജാവദേക്കറും തെക്കും വടക്കും ഓടിനടന്ന് ക്യാപ്റ്റനെ പിടികൂടാന്‍ ശ്രമിച്ചിട്ടും രക്ഷയില്ല. വിരാല്‍ മത്സ്യത്തെപ്പോലെ തെന്നിമാറാന്‍ പണ്ടേ തന്നെ വിരുതുള്ള ക്യാപ്റ്റന്‍ ഇക്കുറിയും സഖ്യവീരന്മാരെ നിരാശപ്പെടുത്തുകയാണ്.

അഴിമതിയുടെ മണല്‍ക്കൂനയില്‍ തലപൂഴ്ത്തി നില്‍ക്കുന്ന കലൈഞ്ജര്‍ സംഘത്തിനു ഒറ്റക്ക് ഗോദയിലിറങ്ങാനും പുരട്ശ്ചിത്തലൈവി ജയലളിതയെ ഭരണക്കസേരയില്‍ നിന്ന് മപ്പടിച്ച് സെന്റ്‌ഫോര്‍ട്ട് കോട്ടയില്‍ കമഴ്ത്തിയടിച്ചു താഴെയിടാനും സാധിക്കില്ല. അതാണ് എട്ടോളം ശതമാനം വോട്ടിന്റെ പിന്‍ബലമുള്ള ക്യാപ്റ്റന്റെ ഡിഎംഡികെയുടെ പിന്നാലെ കലൈഞ്ജര്‍ വച്ചുപിടിക്കുന്നത്. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്നറിയാവുന്ന കലൈഞ്ജര്‍ക്ക് ചിന്നിച്ചിതറിക്കിടക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ ഗുണപ്രദം ഡിഎംഡികെയാണെന്ന് നന്നായറിയാം. പക്ഷേ ക്യാപ്റ്റന്റെ ഉള്ളിരിപ്പ് മറ്റൊന്നാണ്. സ്വന്തം നാടായ ഋഷിവന്ദ്യത്തില്‍ വച്ച് അതു അണികളെക്കൊണ്ടു പറയിപ്പിക്കുകയും ചെയ്തു. തന്റെ അണികളോടു ക്യാപ്റ്റന്‍ ചോദിച്ചു, ‘ഞാന്‍ കിങ് ആകണോ കിങ്‌മേക്കറാകണോ?’ കിങ്കരന്മാര്‍ ആര്‍ത്തലച്ചു: ‘കിങ് പോതും കിങ്‌മേക്കര്‍ വേണ്ടാം.’ ആനന്ദലബ്ധിക്കിനിയെന്തുവേണം! ക്യാപ്റ്റന്‍ സംതൃപ്തനായി. അന്നുമുതല്‍ തുടങ്ങിയതാണ് ഈ ഏണിയും പാമ്പും കളി.

ഡിഎംഡികെയുമായി സഖ്യകാര്യം സംസാരിച്ചെന്നും 55-60 സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടതെന്നും ഡിഎംകെ നേതൃത്വം പറയുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടേയില്ല എന്നാണ് ക്യാപ്റ്റന്‍ പക്ഷം. തന്നെ കാണാന്‍ ദല്‍ഹിയില്‍ നിന്ന് പാരച്ച്യൂട്ടില്‍ വന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ പോലും കാണാന്‍ ക്യാപ്റ്റന്‍ കൂട്ടാക്കിയില്ല. ക്യാപ്റ്റന്റെ പാര്‍ട്ടി കുടുംബസ്വത്താണെന്നും തീരുമാനങ്ങള്‍ എടുക്കുന്നത് കുടുംബാംഗങ്ങളാണെന്നും ചില കുബുദ്ധികള്‍ പറഞ്ഞുപ്രചരിപ്പിക്കാറുണ്ടെന്ന് ക്യാപ്റ്റനു അറിയാം. അതില്‍ അല്‍പം കാര്യമില്ലാതില്ല. താന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ നെടുതൂണാണ് ഭാര്യ പ്രേമലത. ഭാര്യാ സഹോദരനും ചലച്ചിത്രനിര്‍മ്മാതാവുമായ എല്‍ കെ സുധീഷാണ് യൂത്തുവിങ്ങിന്റെ മുഖ്യന്‍. അങ്ങനെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണം. ഇവര്‍ മൂന്നുപേരുമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടത്. ആരുമായും കൂട്ടുകെട്ടിയാലും മുഖ്യമന്ത്രിക്കസേര തനിക്കു വേണമെന്നു ക്യാപ്റ്റന്‍ പറയുമ്പോള്‍ ആരും മുഖം വക്രിപ്പിച്ചിട്ട് കാര്യമില്ല.  

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) സര്‍വസ്വമായ ജയലളിതയുമായി സംഖ്യത്തിലാകുകയും മത്സരിച്ച 41 സീറ്റുകളില്‍ 29 സീറ്റുകള്‍ നേടി നിയമസഭയിലെത്തുകയും ചെയ്തപ്പോള്‍ ക്യാപ്റ്റന്റെ ഭുജങ്ങള്‍, വില്ലനെ നിര്‍ദ്ദയം അടിച്ചുതകര്‍ത്ത സിനിമയിലെ നായകനെപ്പോലെ ഉയര്‍ന്നായിരുന്നു നിന്നത്. കാരണം കരുണാനിധിയുടെ രാഷ്ട്രീയമോഹങ്ങളെപ്പോളും അടിച്ചുതരിപ്പണമാക്കി പ്രതിപക്ഷക്കസേരയില്‍ ഇരുപ്പുറപ്പിക്കാന്‍ ക്യാപ്റ്റനു കഴിഞ്ഞു. പക്ഷേ, കോണ്‍ഗ്രസിനേയും കലൈഞ്ജറേയും പാഠംപഠിപ്പിക്കാന്‍ കാത്തിരുന്ന ജയലളിതയ്ക്ക് തെരഞ്ഞെടുപ്പിനു മുമ്പ് വിജയകാന്തിന്റെ കൂട്ടുകെട്ട് അനിവാര്യമായിരുന്നു. അഞ്ചാംമാസം എ ഐ ഡി എം കെയുമായുള്ള മധുവിധു അവസാനിപ്പിക്കേണ്ടിയും വന്നു. മാത്രമല്ല, പ്രതിപക്ഷനേതാവായിരുന്നിട്ടുപോലും ക്യാപ്റ്റനെ ജയലളിത നിയമസഭയില്‍ നിന്നു പിടലിക്കുപിടിച്ചു പുറത്താക്കി. മാസങ്ങള്‍ക്കുള്ളില്‍ ആ ബന്ധം വഷളായിയെന്നുമാത്രമല്ല ക്യാപ്റ്റന്‍റെ പാര്‍ട്ടിയിലെ ആറോളം എംഎല്‍മാര്‍ ജയാക്യാമ്പിലേയ്ക്ക് നിര്‍ദ്ദയം നുഴഞ്ഞുകയറുകയും ചെയ്തു.

പ്രതിപക്ഷനേതാവായിരുന്നിട്ടും നിയമസഭയിലെ പുകിലുകള്‍ വിജയകാന്തിനു മറക്കാനാവുന്നതല്ല. മുഴുക്കുടിയനെന്നും, സഭയുടെ പെരുമാറ്റച്ചട്ടം അറിയാത്തവനെന്നും, വികസനകാര്യങ്ങളില്‍ അഭിപ്രായമില്ലാത്തവനെന്നും ഒക്കെ ജയ പരിഹസിച്ചിട്ടും ക്യാപ്റ്റന്‍ മറുപടിപറയാന്‍ കഴിയാതെ സിസ്സഹായനായിരിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി മാനനഷ്ടക്കേസുകളും ക്യാപ്റ്റനെതിരെ ജയാമ്മ ഫയല്‍ ചെയ്തു. അര്‍ഹതയില്ലാത്തവനു സ്ഥാനമാനങ്ങള്‍ ലഭിച്ചാല്‍ വിജയകാന്താകുമെന്നായിരുന്നു ജയലളിതയുടെ അവസാനത്തെ പ്രയോഗത്തിന്റെ വിവക്ഷ.

എ ഐ ഡി എം കെയുമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഖ്യം ചെയ്യേണ്ടിവന്നതില്‍ താന്‍ അതിയായി ദുഃഖിക്കുന്നുണ്ടെന്നും ഇനി ജനങ്ങളുമായി മാത്രമേ സഖ്യമുള്ളു എന്നും സ്വന്തം മണ്ഡലമായ ഋഷിവന്ദ്യത്തിലെ പൊതുയോഗത്തില്‍ ക്യാപ്റ്റന്‍ തുറന്നടിച്ചിട്ട് നാളുകളേറെ ആയില്ല. അധികാരം മത്തുപിടിപ്പിക്കുന്ന വിദ്യ ക്യാപ്റ്റനു അന്യമായിരുന്നില്ല. ഇനി കരുതിക്കൂട്ടി മാത്രമേ ചുവടുകള്‍ വയ്ക്കാന്‍ പാടുള്ളു. അവസരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലല്ലോ. കാര്യങ്ങളുടെ ഗതിയെന്തായാലും ക്യാപ്റ്റന്റെ അടുത്ത ലക്ഷ്യം സെന്റ് ജോര്‍ജ്ജ്‌ഫോര്‍ട്ടിലെ മുഖ്യമന്ത്രിക്കസേരയാണ്.  

മധുരയിലെ തിരുമംഗലത്ത് 1952-ല്‍ ജനിച്ച വിജയരാജ് പ്രഭാകര്‍ അഴകര്‍സ്വാമിയാണ് വിജയകാന്ത് എന്ന നടനായി കാലക്രമത്തില്‍ രൂപാന്തരപ്പെടുന്നത്. രജനീകാന്തിനെപ്പോലുള്ള കാന്തന്മാരുടെ പ്രളയകാലം തുടങ്ങുന്നതും അക്കാലത്തായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുണ്ടായി. 1991-ല്‍ പുറത്തുവന്ന നൂറാമത്തെ ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകറോടെയാണ് ‘ക്യാപ്റ്റന്‍’ എന്ന പേരു സ്വീകരിക്കുന്നത്. സൂപ്പര്‍ഹിറ്റായ ആ ചിത്രമായിരുന്നു വിജയകാന്തിന്റെ ഭാഗധേയങ്ങള്‍ മാറ്റിമറിച്ചത്. തമിഴ് ജനതയെ കോള്‍മയിര്‍ക്കൊള്ളിച്ച് ജൈത്രയാത്ര നടത്തുന്ന കാലത്താണ് രാഷ്ട്രീയത്തിന്റെ പരുക്കന്‍ കൈകള്‍ ക്യാപ്റ്റനെ മാടിവിളിക്കുന്നത്. പുരട്ശ്ചിത്തലൈവന്‍ എംജിആറിനെപ്പോലെ ആക്ഷന്‍ ഹീറോയായും പൊലീസ് ഓഫീസറായും പട്ടാളക്കാരനായും നന്മനിറഞ്ഞവനായും ജനോപകാരിയായും തിരശ്ശീലനിറഞ്ഞുനിന്ന വിജയകാന്ത് ജനങ്ങള്‍ക്കിടയില്‍ വളരെവേഗം ശ്രദ്ധിക്കപ്പെട്ടു. ചില ചിത്രങ്ങളുടെ പേരുകള്‍ നോക്കുക- ദൂരത്ത് ഇടിമുഴക്കം, സേതുപതി ഐപിഎസ്, ചട്ടം ഒരു ഇരുട്ടറൈ, നാളൈ ഉനതുനാള്‍, നാനേ രാജാ നാനേ മന്ത്രി, ഉഴവന്‍ മകന്‍, മര്യാതൈ..  

എംജിആറിനെപ്പോലെ രാഷ്ട്രീയക്കാരനായിത്തീരണമെന്ന മോഹവും ഉടലെടുക്കുന്നത് സൂപ്പര്‍ഹിറ്റുകളുടെ കാലത്താണ്. രാഷ്ട്രീയവും ജനസേവ തന്നെയാണല്ലോ. ജനങ്ങളുടെ രക്ഷിതാവിന്റെ രൂപത്തിലുള്ള കഥാപാത്രങ്ങളെ തെഞ്ഞെടുക്കുന്നതിലും ക്യാപ്റ്റന്‍ ശ്രദ്ധിച്ചു. മാത്രമല്ല, തയ്യല്‍ യന്ത്രങ്ങളും സ്റ്റൗവും സൈക്കിളുമൊക്കെക്കൊടുത്ത സ്ത്രീജനങ്ങളെ ആകര്‍ഷിക്കാനും വിജയകാന്ത് ശ്രദ്ധിച്ചു. സൗത്തിന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസ്സോസിയേഷന്റെ പ്രസിഡന്റായുള്ള സ്ഥാനക്കയറ്റം മറ്റൊരു നേട്ടമായി. ആ പ്രവര്‍ത്തന പരിചയവും ക്യാപ്റ്റന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് സഹായകമായി. 2005 ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡകഴകം സ്ഥാപിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും ക്യാപ്റ്റന്‍ മാത്രം വിജയിച്ചു. മറ്റുള്ളവര്‍ക്ക് കെട്ടിവച്ച പണവും നഷ്ടപ്പെട്ടു. മറ്റു ദ്രാവിഡ കക്ഷികളെപ്പോലെ തന്റെ ഖ്യാതി പ്രചരിപ്പിക്കാന്‍ ക്യാപ്റ്റന്‍ ടിവി എന്നൊരു ടിവി ചാനലും ക്യാപ്റ്റന്‍ സ്ഥാപിച്ചു.

നാലരക്കോടി ആസ്തിയുള്ള ക്യാപ്റ്റന്റെ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡകഴകം 480 കോടി ആസ്തിയുള്ള ഡിഎംകെയുടേയും 460 കോടി ആസ്തിയുള്ള എഐഡിഎംകെയുടേയും മുന്നില്‍ ഒന്നുമായിരിക്കില്ല. പക്ഷേ അഴിമതികളില്‍ കുരുങ്ങിക്കിടക്കുന്ന ദ്രാവിഡകക്ഷികളുടെ മുന്നില്‍ സേതുപതി ഐപിഎസിനെപ്പോലെ നെഞ്ചുവിരിച്ചുനില്‍ക്കാന്‍ വിജയകാന്തിനാകുന്നത് ഒരുപക്ഷേ രാഷ്ട്രീയത്തിലെ അജ്ഞതകൊണ്ടാകാം. അതും ‘ഒരു പ്ലസ് പോയിന്റായി’ മാത്രമേ ക്യാപ്റ്റന്‍ കാണുന്നുള്ളു. സിനിമയില്‍ ഇനി പരീക്ഷണങ്ങള്‍ക്കൊന്നും ക്യാപ്റ്റനു കഴിയില്ല. പുത്തന്‍കൂറ്റുകാര്‍ സിനിമയുടെ വിളനിലമാകെ ഉഴുതുമറിച്ചിരിക്കുകയാണ്. തമിഴ്‌സിനിമ എന്താണെന്നുപോലും അറിയാത്ത വിധം അത് പുതുമക്കാരുടെ പൊയ്ക്കാലില്‍ നില്‍ക്കുകയാണല്ലോ. പൊലീസും പട്ടാളവുമായി രംഗത്തുവന്നാല്‍ തിയേറ്ററില്‍ പടം കാണാന്‍ ആളുണ്ടാവില്ല എന്നും വിജയകാന്തിനറിയാം. അതിനാല്‍ എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സ്വപ്നങ്ങളുടെ ഈ കഴകക്കാരനു കഴിയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍