യാത്ര

വഴി തെറ്റി രാജസ്ഥാന്‍ ഗ്രാമങ്ങളിലൂടെ; ഒരു സോളോ ബൈക്ക് റൈഡറുടെ അനുഭവങ്ങള്‍

Print Friendly, PDF & Email

മരുഭൂമിയില്‍ ഒട്ടകം കപ്പലാണെങ്കില്‍ ചമ്മന്‍ ഭായ് എനിക്ക് ദൈവമായി തോന്നി

A A A

Print Friendly, PDF & Email

ഒരു ചെറിയ പരിക്ക് പറ്റിയതിന്റെ പേരില്‍ ബൈക്ക് കൈകാര്യം ചെയ്യുന്നത് അത്ര നല്ല ഒരു തീരുമാനം ആകില്ല എന്ന ഡോക്ടര്‍ ഉപദേശിച്ചതിലാനാണ് അഹമ്മദാബാദില്‍ നിന്നും ഒരു ദിന ഡ്രൈവിംഗ് ദൂരം മാത്രം ഉള്ള ഉദയ്പൂരിലേക്ക് കാറും എടുത്തിറങ്ങിയത് (17 ഫെബ്രുവരി 2017 വൈകുന്നേരം 6.30-ന് അഹമ്മദാബാദില്‍ നിന്നും പുറപ്പെട്ടു). ഏകദേശം 300-330 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ രാജസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചു. മെസണ ഹൈവേ ആയതുകൊണ്ട് തന്നെ മികച്ച ഡ്രൈവിംഗ് അനുഭൂതി ഉണ്ടായിരുന്നു കൂടാതെ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ദാബാകളും. 4 മണിക്കൂറോളം തുടര്‍ച്ചയായി കാറോടിക്കുന്നത് എന്റെ ആരോഗ്യ സ്ഥിതി മൂലം പ്രയാസമുള്ളതായിരുന്നു.

Goibibo-യില്‍ നോക്കിയപ്പോള്‍ ധാരാളം ഹോട്ടല്‍സ് അടുത്തുള്ളതായി മനസ്സിലായി. ആദ്യം കണ്ട റിലയന്‍സ് പമ്പില്‍ കയറി വണ്ടിയുടെ പള്ള നിറച്ചു. പ്രലോഭനമായി എതിര്‍ ദിശകളില്‍ നിലവ് ഹോട്ടലും വൈന്‍ ഷോപ്പും. രാത്രി 8 മണി കഴിഞ്ഞ് പിന്നാമ്പുറത്ത് നിന്നും സാധനം കിട്ടുമെന്ന് പമ്പിലെ പയ്യന്‍ കണ്ണിറുക്കിക്കെണ്ടു പല്ലിളിച്ചു കാട്ടി പറഞ്ഞു. ഇന്ധനം ഒക്കെ നിറച്ചു പണവും കൊടുത്തു ഒരു യു ടേണ്‍ എടുത്ത് നേരേ കള്ളുകടയുടെ പിന്നിലേക്ക്. നിയമവിരുദ്ധ കച്ചവടം ആയതിനാല്‍ തന്നു വിടില്ല അവിടെത്തന്നെ ഇരുന്നു കഴിച്ചോണം. vat69 350 മില്ലി വാങ്ങി മൂന്ന് പെഗ് ഞാന്‍ കഴിച്ചു ബാക്കി കടക്കാരന് തന്നെ കൊടുത്തിട്ട് വണ്ടിയില്‍ കയറി. താമസിക്കേണ്ട ഹോട്ടല്‍ എതിര്‍വശത്തായതിനാല്‍ കുറച്ചു മുന്നോട്ട് പോയിട്ട് വേണം ടേണ്‍ ചെയ്യാന്‍.


ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ നിയമപാലകന്മാര്‍ ഊത്തു മെഷീന്‍ പിടിച്ചു നില്‍ക്കുന്നത് കണ്ടു. സിവില്‍ ഹോസ്പിറ്റല്‍, പോലീസ് സ്റ്റേഷന്‍, പിഴ, ജാമ്യത്തിനായി രണ്ടു പേര്‍… ഒറ്റ നിമിഷം കൊണ്ട് കണ്ണില്‍ ഇരുട്ട് കേറി…. കൈ കാണിച്ചതും ഇടതു വശത്തെ സര്‍വീസ് റോഡിലേക്ക് രണ്ടും കല്‍പ്പിച്ചു വെട്ടിത്തിരിച്ചു. പിന്നെ ജെറ്റ് പോലെ ഒരു പോക്കായിരുന്നു. ഈ ഇടവഴി ഹൈവേയില്‍ എത്തും എന്ന് തന്നെ കരുതി. ദൂരം കഴിയുന്നു എന്നല്ലാതെ വേറൊരു വഴിയോ വെളിച്ചമോ ഒന്നും തന്നെ ഇല്ല. 42 കിലോമീറ്റര്‍ കഴിഞ്ഞിട്ടുണ്ട് ഏതോ കാടാണ് എന്ന് മനസ്സുറച്ചു പറഞ്ഞു.

മൂന്നു നാല് കുടിലുകള്‍ കണ്ടു കൊറച്ചു വര്‍ഷങ്ങളില്‍ ഇവിടെ ആരും വന്നിട്ടില്ല എന്ന് ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി. നനഞ്ഞു പോയി എന്നാല്‍ കുളിച്ചു കേറാന്‍ തന്നെ ഉറച്ചു. മൊബൈല്‍ സിഗ്‌നല്‍ ഒന്നും ഇല്ല സെര്‍ച്ച് ചെയ്തപ്പോള്‍ ബിഎസ്എന്‍എല്‍ മാത്രം കണ്ടു. പക്ഷെ കാര്‍ നാവിഗേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീണവും പേടിയും എല്ലാമായപ്പോള്‍ സീറ്റ് പിന്നിലേക്ക് ആക്കി എപ്പോഴോ എന്റെ കണ്ണുകള്‍ അടഞ്ഞു. രാവിലെ കണ്ണ് തുറന്നപ്പോള്‍, കണ്ട കാഴ്കള്‍ എന്റെ പൊന്നു സൈമാ…


ഒരു കൂട്ടം ഒട്ടകങ്ങള്‍ നേരെ വരുന്നതാണ് ആദ്യം കണ്ടത്. അത്ര അടുത്തല്ലാതെ കുറച്ചു മാന്‍ കുട്ടികളും വാനരക്കൂട്ടവും. പറന്നു പൊങ്ങുന്ന മായിലുകളും.അവിടെ ഒരു സൂചനാ തകിട് കണ്ടപ്പോഴാണ് പണി പാലുംവെള്ളത്തില്‍ കിട്ടിയെന്നറിഞ്ഞത്. കരടി സങ്കേതമായ കോടേശ്വരിലാണ് എത്തിയിരിക്കുന്നത്. ഒരു പറ്റം ചെമ്മരിയാടുകളുടെ പിന്നില്‍ ഒരു വടിയും പിടിച്ച മനുഷ്യനെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് ഇത്തിരി വെള്ളം കിട്ടുമോ എന്നാണ്. അദ്ദേഹം കൂടെ വരാന്‍ പറഞ്ഞു വണ്ടി അവിടെ കിടന്നോട്ടെ എന്നും. നേരെ കക്ഷിയുടെ ഭവനത്തിലേക്ക്.

അനുസരണ ഉള്ള കുട്ടിയായി ഞാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് വീട്ടിലേക്കു കയറി. ഒരു ചെറിയ കുട്ടിയും ഒരു യുവതിയെയും മാത്രമേ അവിടെ കണ്ടുള്ളൂ. അതിഥിയുണ്ട് ഭക്ഷണം തയ്യാര്‍ ചെയ്യ് മോളെ എന്നദ്ദേഹം മാര്‍വാടി ഭാഷയില്‍ അവരോട് പറഞ്ഞു. ഗുജറാത്തിയും മാര്‍വാഡിയും തമിഴ് മലയാളം തമ്മിലുള്ള സാമ്യം പോലെയായതിനാല്‍ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവിടെ കണ്ട ആ കുട്ടി എടുത്താല്‍ പൊങ്ങാത്ത ഒരു മൊന്ത നിറയെ വെള്ളം കൊണ്ടുവന്നു തന്നു. ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തിട്ട് തിരികെ നല്‍കി.


പിന്നെ എല്ലാം വിശദീകരിച്ച നീണ്ട സംഭാഷണമായിരുന്നു. രാജസ്ഥാന്‍ ഉള്‍ഗ്രാമങ്ങളെ പരിചയപ്പെടാന്‍ മുന്‍പും സാധിച്ചുണ്ട്. പക്ഷെ ഇവിടെ രീതികള്‍ മറിച്ചായിരുന്നു. ജലസേചനത്തിനായി അഹമ്മദാബാദില്‍ നിന്നും ആരംഭിക്കുന്ന കനാലും വൃത്തിയുള്ള കിണറുകളും കക്കൂസുകളും 24 മണിക്കൂറും ലഭ്യമായ വൈദ്യുതിയും. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും. ഭക്ഷണം തയ്യാറായെന്നു ആ കുട്ടി വന്നു പറഞ്ഞു. അവനെന്നിട്ടു ടിവി ഓണാക്കി, നമ്മുടെ പിള്ളാരെ പോലെ ചാനല്‍ മാറ്റിക്കളി തുടങ്ങി.

ഭക്ഷണം കണ്ടപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. ആദ്യം ഒരു പാത്രത്തില്‍ ചായ. പിന്നെ അതേ പോലെ വേറൊന്നില്‍ നെയ്യൊഴിച്ച് ചോളപ്പൊടികൊണ്ട് തയ്യാറാക്കിയ റൊട്ടി പൊടിച്ചിടുന്നു. പുറമെ ചേമ്പും മധുരക്കിഴങ്ങും കടച്ചക്കയും ചേര്‍ത്തുള്ള ഒരു കറിയും. മൂന്നു തരം അച്ചാര്‍. കൂടാതെ തൈരും മോരും. കടച്ചക്ക എവിടുന്നു കിട്ടി എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. മാര്‍ക്കറ്റില്‍ നിന്നും കിട്ടിയെന്നും ദൂരെ എവിടുന്നോ വരുന്നതാണെന്നും മാത്രമേ അദ്ദേഹത്തിനും അറിയുകയുള്ളൂ.

യാത്രാ കഥകള്‍ ഒക്കെ പറഞ്ഞുകൊണ്ട് ഞാന്‍ ഭക്ഷണം ആഞ്ഞു പിടിച്ചു. കുലദൈവമായ ചാമുണ്ഡി ക്ഷേത്രത്തില്‍ കൂട്ടിക്കൊണ്ട് പോയി കക്ഷി ഒരു ചരടൊക്കെ ജപിച്ചു കെട്ടിത്തന്നു. മരുഭൂമി അധികം അകലെയല്ലാത്തിനാല്‍ പൂഴിമണ്ണായിരുന്നു എങ്ങും. ആകപ്പാടെ ഒരു പലചരക്കു കട മാത്രമേ അവിടെ ഉള്ളു. അദ്ദേഹം മദ്യവും വില്‍ക്കുന്നുണ്ട് ഇന്നലെത്തെ അനുഭവം തന്ന പേടി ഉള്ളതുകൊണ്ട് ഞാനതിന് നിന്നില്ല. ഒരു കടലാസു കഷണം പോലും എങ്ങും കണ്ടില്ല എന്നത് ആദ്ഭുതപ്പെടുത്തി. ഒരു പടുകൂറ്റന്‍ കാളയെയും ക്യാമറക്ക് പരിചയപ്പെടുത്തി.

പുറത്തു കടക്കാനുള്ള വഴിയും കാണാന്‍ ഉള്ള സ്ഥലങ്ങളുടെ ലിസ്റ്റും എഴുതി എടുത്ത് മിഠായി വാങ്ങാന്‍ കുറച്ചു പണവും കുട്ടിക്ക് നിര്‍ബന്ധിച്ചു കൊടുത്തിട്ട് തിരിഞ്ഞു ഇടയ്ക്കിടെ നോക്കിക്കൊണ്ട് ഞാന്‍ വേദനയോടെ നടന്നു നീങ്ങി.

മരുഭൂമിയില്‍ ഒട്ടകം കപ്പലാണെങ്കില്‍ ചമ്മന്‍ ഭായ് എനിക്ക് ദൈവമായി തോന്നി.. ചെന്നിട്ട് ഫോട്ടോ അയച്ചുതരാം എന്ന് ആ കുരുന്നിന് കൊടുത്ത വാക്ക് പാലിച്ച ശേഷമാണിതെഴുതാന്‍ ഇരുന്നത്.

കണ്ട കാഴ്ചകളും റൂട്ട് മാപ്പുമായി അടുത്ത ഭാഗം.

തുടരും..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിനു ബാലസുബ്രഹ്മണ്യം

വിനു ബാലസുബ്രഹ്മണ്യം

പാലക്കാട് സ്വദേശിയായ വിനു ബാലസുബ്രഹ്മണ്യം സോളോ ബൈക്ക് റൈഡറാണ്. ബൈക്കിലും അല്ലാതെയും ഇതുവരെ ഒന്‍പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ത്യയെ പൂര്‍ണ്ണമായി ഒറ്റയ്ക്ക് കണ്ടു തീര്‍ക്കുവാന്‍ യാത്ര തുടരുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍