ട്രെന്‍ഡിങ്ങ്

തേജ് ബഹാദൂര്‍ യാദവ് മദ്യപാനിയും മാനസിക രോഗിയുമാണെങ്കില്‍ അയാളെ എന്തിന് അതിര്‍ത്തിയില്‍ നിയമിച്ചു?

Print Friendly, PDF & Email

ഇയാള്‍ ഒരു പ്രശ്‌നക്കാരനും രോഗിയുമാണെന്ന് അറിഞ്ഞിട്ടും അതിര്‍ത്തി സുരക്ഷയ്ക്ക് നിയോഗിച്ചത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കപ്പെടേണ്ടത്.

A A A

Print Friendly, PDF & Email

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ പട്ടിണിയിലാണെന്ന് വ്യക്തമാക്കി വീഡിയോ പോസ്റ്റ് ചെയ്ത തേജ് ബഹാദൂര്‍ യാദവ് മദ്യപാനിയും മാനസിക രോഗിയുമാണെന്ന് ബിഎസ്എഫ് വിശദീകരണം. ഒരു വ്യക്തിയെന്ന നിലയില്‍ ഇയാളുടേത് മോശം ചരിത്രമാണെന്നും സൈന്യത്തില്‍ ചേര്‍ന്ന ആദ്യകാലം മുതല്‍ തുടര്‍ച്ചയായി ഇയാള്‍ക്ക് മാനസിക ആരോഗ്യം ലഭിക്കാനുള്ള കൗണ്‍സിലിംഗ് ആവശ്യമായിരുന്നെന്നുമാണ് ബിഎസ്എഫ് ഐജി ഡി കെ ഉപാധ്യയ് പറയുന്നത്.

നിരവധി തവണ ഇയാള്‍ അച്ചടക്ക നടപടിക്ക് വിധേയനായിട്ടുണ്ട്. അനുവാദമില്ലാതെ പുറത്തു പോകുക, മേലധികാരികളോട് മോശമായി പെരുമാറുക തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ ആരോപിക്കുന്നത്. കൂടാതെ ഇയാള്‍ സ്ഥിരമദ്യപാനിയാണെന്നും ആരോപണമുണ്ട്. 2010ല്‍ പട്ടാള കോടതി നടപടിക്ക് വിധേയനാക്കിയെങ്കിലും കുടുംബത്തെ പരിഗണിച്ച് പുറത്താക്കിയില്ലെന്നാണ് ഉപാധ്യായ് പറയുന്നത്.

യാദവിനെ നിലവില്‍ നിയോഗിച്ചിരുന്നിടത്തു നിന്നും നീക്കം ചെയ്‌തെന്നും സത്യസന്ധമായ അന്വേഷണം ഉറപ്പുവരുത്താന്‍ മറ്റൊരു ആസ്ഥാനത്തേക്ക് മാറ്റിയെന്നും ഉപാധ്യയ് വ്യക്തമാക്കി. ആരില്‍ നിന്നും ഇയാള്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്. ഈ വീഡിയോയുടെ ഉദ്ദേശലക്ഷ്യം ദുരൂഹമാണെന്നുമാണ് ഉപാധ്യയ് പറയുന്നത്. പല ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥരും ഈ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും വീഡിയോയില്‍ ആരോപിക്കുന്ന തലത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കോണ്‍സ്റ്റബിള്‍ യാദവിന് കഴിഞ്ഞ ഇരുപത് വര്‍ഷത്തെ സേവനത്തിനിടയില്‍ നാല് തവണ അച്ചടക്കനടപടി നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിനാലാണ് പ്രമോഷന്‍ പോലും ലഭിക്കാത്തതെന്നും ബിഎസ്എഫ് എം ഡി എസ് മന്‍ പറയുന്നു. ഇതില്‍ അസ്വസ്ഥനായാകണം ഇത്തരത്തില്‍ ഒരു വീഡിയോ പ്രചപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

അതേസമയം ഇത്രമാത്രം ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് ബിഎസ്എഫ് തന്നെ പറയുന്ന യാദവിനെ എന്തിനാണ് അതിര്‍ത്തിയില്‍ തന്നെ നിയോഗിച്ചതെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കനത്ത ജാഗ്രതയും പരിപൂര്‍ണ ആരോഗ്യവും വേണ്ട അതിര്‍ത്തി കാക്കലിന് മദ്യപാന, മാനസിക രോഗിയായ ഒരാളെ എന്തിന് നിയോഗിച്ചുവെന്നാണ് ബിഎസ്എഫ് വ്യക്തമാക്കേണ്ടത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യതയും ബിഎസ്എഫ് അധികൃതര്‍ക്ക് ഉണ്ട്. ഇയാള്‍ ഒരു പ്രശ്‌നക്കാരനും രോഗിയുമാണെന്ന് അറിഞ്ഞിട്ടും അതിര്‍ത്തി സുരക്ഷയ്ക്ക് നിയോഗിച്ചത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കപ്പെടേണ്ടത്. അങ്ങനെയായാല്‍ ഇപ്പോള്‍ സൈനികന്‍ ഉന്നയിച്ച മോശം ഭക്ഷണവും മോശം പരിഗണനയുമെന്ന വിഷയത്തിനൊപ്പം ഗുരുതരമായ മറ്റൊരു കുറ്റം ബിഎസ്എഫ് അധികൃതര്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്.

യാദവിന്റെ ആരോപണങ്ങള്‍ ശരിയെന്നോ തെറ്റെന്നോ തെളിഞ്ഞാലും ഏത് നിമിഷവും സംഘര്‍ഷഭരിതമാകാവുന്ന ജമ്മു-കാശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തന്നെ ഇയാളെ നിയോഗിച്ചതിന് ഇവര്‍ മറുപടി പറയേണ്ടി വരും. ചുരുക്കത്തില്‍ ജവാന്റെ വീഡിയോ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുമെന്ന് ഉറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍