UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഘോഷിക്കത്തക്കതായി എന്ത് സ്വാതന്ത്ര്യമാണ് ഇനി ബാക്കിയുള്ളത്?; ചില അസ്വാതന്ത്ര്യചിന്തകള്‍

k c arun

k c arun

ബിന്‍സ് സെബാസ്റ്റ്യന്‍ 

പ്രത്യക്ഷവും പരോക്ഷവുമായ അസ്വാതന്ത്ര്യങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ നമ്മള്‍ സ്വതന്ത്രരാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് മറ്റൊരു സ്വാതന്ത്ര്യദിനാചരണം കൂടി കഴിഞ്ഞിട്ടധികമായില്ല. ഉപയോഗശേഷം വലിച്ചെറിയപ്പെട്ട പതാകകളും ദേശഭക്തി നിറഞ്ഞ മുദ്രാവാക്യങ്ങളും പൂര്‍ണമായി നീക്കം ചെയ്യപ്പെടുന്നതിനു മുന്‍പ് തന്നെയാണ് പൊതുബോധത്തെ ഉലച്ചുകൊണ്ട് സ്വതന്ത്രമായി ജീവിക്കാനും പ്രതികരിക്കാനുമുള്ള അവകാശങ്ങളില്ലെന്നുറപ്പു വരുത്തി ഒരു ജ്ഞാനവൃദ്ധന്റെ നെഞ്ചിലേയ്ക്ക് കൂടി വെടിമുഴക്കങ്ങള്‍ ഉതിര്‍ക്കപ്പെട്ടത്. അടുത്തിടെ മലയാളക്കരയിലെ ഒരു ജനക്കൂട്ടം മറ്റൊരു വൃദ്ധന്‍ അദ്ദേഹം മുസ്ലീമായത് കൊണ്ട് രാമായണത്തെക്കുറിച്ചൊന്നും എഴുതാന്‍ പാടില്ല എന്ന് ശഠിച്ച സംഗതിയും ഞെട്ടലുളവാക്കാന്‍ പര്യാപ്തം തന്നെ.

ആഘോഷിക്കത്തക്കതായി എന്ത് സ്വാതന്ത്ര്യമാണ് ബാക്കിയുള്ളത് എന്ന് ഒരു അശുഭദര്‍ശിയേപ്പോലെ ചോദിക്കുമ്പോഴാണ് പലപ്പോഴും സ്വാതന്ത്ര്യം എത്രത്തോളം വിലയേറിയതും ദുര്‍ലഭവുമാണെന്ന് മനസിലാവുക. ഓരോ തവണയും ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയരുമ്പോള്‍ ഈ ചോദ്യം പൂര്‍വാധികം പ്രസക്തമായിക്കൊണ്ടിരിക്കുന്നു എന്നത് വേദനാജനകവുമാണ്. വിദേശഭരണത്തില്‍ നിന്നും നേടിയെടുത്ത രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയോ അതിനുവേണ്ടി ആത്മാഭിമാനത്തോടെ പോരാടിയ മുന്‍തലമുറയുടെ രക്തത്തിന്റെയോ വിലയെ നിസ്സാരമായിക്കാണുകയല്ല. കാലം ചെല്ലുന്തോറും ഒന്നൊന്നായി സ്വാതന്ത്ര്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതല്ലാതെ നമ്മുടെ തലമുറ ആ പോരാട്ടങ്ങളോട് കാര്യമായി ഒന്നും ചേര്‍ത്തുവയ്ക്കുന്നില്ല എന്നോര്‍മ്മിപ്പിക്കുക മാത്രമാണ്.

പാരതന്ത്ര്യങ്ങളുടെ ഘോഷയാത്ര
രാഷ്ട്രീയ അടിച്ചമര്‍ത്തലുകളുള്‍പ്പെടെ ഇന്ത്യന്‍ സമൂഹം ഇന്ന് നേരിടുന്ന സ്വാതന്ത്ര്യധ്വംസനങ്ങള്‍ പ്രധാനമായും മൂന്ന് തരത്തിലാണ് എന്ന് മനസിലാക്കാവുന്നതാണ്.

1) പൊതുജനം എന്ത് കഴിക്കണം, അറിയണം, ചിന്തിക്കണം, എന്നൊക്കെ ഭരണകൂടങ്ങള്‍ തീരുമാനിക്കുന്ന നിരോധനങ്ങളുടെ നാട്ടില്‍ എതിരഭിപ്രായമുള്ളവര്‍ നിശബ്ദരാക്കപ്പെടുന്നതത്ര വിചിത്രമല്ല. അജ്ഞാതരുടെ തോക്കില്‍ അസഹിഷ്ണുതയുടെ വെടിയുണ്ടകള്‍ മുഴങ്ങേണ്ടത് വിപുലമായ രാഷ്ട്രീയ പദ്ധതികളുടെ ഭാഗവുമായിരിക്കാം. ഇത്തരത്തിലുള്ള സാമൂഹികപ്രശ്‌നങ്ങളെ ഏറെ വേഗത്തില്‍ മനസിലാക്കുന്നതും അതിലേറെ വേഗത്തില്‍ അവയോടു പ്രതികരിക്കുന്നതും സമൂഹത്തിലെ യുവത്വമാണ്. അതുകൊണ്ട് തന്നെയാണ് കലാലയ രാഷ്ട്രീയത്തെ ഭരണകൂടങ്ങള്‍ ഭയക്കുന്നതും. ചോദ്യം ചെയ്യുന്നവരെ ഏതു വിധേനയും നിശബ്ദരാക്കുകയെന്നതും ചോദ്യം ചെയ്യാന്‍ കഴിവില്ലാത്ത തരത്തിലുള്ള ബൗദ്ധിക അടിമത്വത്തിലേയ്ക്ക് തലമുറകളെ നയിക്കുകയെന്നതും ഇതേ രാഷ്ട്രീയപദ്ധതികളുടെ സസൂക്ഷ്മഭാഗങ്ങളാണ്. അത് പോലീസ് സേനയെ ഉപയോഗിച്ചാവാം, പ്രത്യയ ശാസ്ത്രങ്ങളെ ഉയോഗിച്ചാവാം. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി, FTII തുടങ്ങിയ സ്ഥാപനങ്ങളില്‍ അടുത്ത കാലത്ത് സംഭവിച്ച പോലീസ് തേര്‍വാഴ്ച സമൂഹമനസാക്ഷിയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. അര്‍ദ്ധരാത്രിയില്‍ നടന്ന അറസ്റ്റുകള്‍ അടിയന്തരാവസ്ഥക്കാലത്തിന്റെ ഓര്‍മ്മകളെ ഉണര്‍ത്തുക കൂടി ചെയ്തു.

2) ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഒരു ജനാധിപത്യസംസ്കാരത്തില്‍ സംഭവിക്കാന്‍പാടില്ലാത്ത സംഗതികളാണ് അടുത്തിടെ മാംഗലൂരില്‍ നിന്നും കേള്‍ക്കാനിടയായത്. ഹിന്ദുവനിതയുടെ കൂടെ സഞ്ചരിച്ചു എന്നതിന്റെ പേരില്‍ ഒരു മുസ്ലീം നാമധാരിയെ പരസ്യമായി മര്‍ദിച്ചവശനാക്കുക. അന്യമതത്തില്‍ പെട്ടയാളുമായുള്ള ബന്ധത്തിന്റെ പേരില്‍ രണ്ടു വിദ്യാര്‍ഥികള്‍ കോളേജില്‍നിന്നും പുറത്താക്കപ്പെടുക. ഇന്നിതാ, അറിവുള്ളവരാണെങ്കില്‍ കൂടി അന്യമത ഗ്രന്ഥങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ല എന്ന് നമ്മുടെ നാട്ടിലും ഒരു കൂട്ടം ആളുകള്‍ ശഠിച്ചിരിക്കുന്നു. ഏതെങ്കിലുമൊക്കെ ആള്‍ക്കൂട്ടത്തിനു ബോദ്ധ്യപ്പെടാത്ത സിനിമകളും പുസ്തകങ്ങളും പൊതുസമൂഹത്തില്‍ വിലക്കപ്പെടുന്നത് സര്‍വ്വസാധാരണമായിരിക്കെ, വ്യക്തികള്‍ എന്തായിരിക്കണം, എന്താചരിക്കണം എന്നൊക്കെ നിര്‍വചിക്കുന്ന ബൗദ്ധിക, സാംസ്‌കാരിക, സദാചാര ഗുണ്ടായിസം വ്യക്തിസ്വാതന്ത്ര്യത്തെ കുറച്ചൊന്നുമല്ല ഇല്ലാതാക്കുന്നത്. രാഷ്ട്രീയാധികാരത്തിന്റെ നിഴലില്‍ വ്യക്തികളിലെ ഫാസിസ്റ്റ് ചിന്താഗതി തഴച്ചുവളരുകയും മറ്റുള്ളവരുടെ മൗലികമായ സ്വാതന്ത്ര്യങ്ങളെപ്പോലും ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥ നിര്‍ഭാഗ്യകരമാണ്. ചെറുത്തു തോല്‍പ്പിക്കപ്പെടേണ്ടതാണ്.

3) വലിയ തോതില്‍ സ്വാതന്ത്ര്യം നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂന്നാമതൊരിടം സാമൂഹിക മാധ്യമങ്ങളാണ്. ആരോഗ്യപരമായ സംവാദങ്ങള്‍ പോലും അനുവദിക്കപ്പെടാത്ത തരത്തില്‍ നടത്തപ്പെടുന്ന വ്യക്തിഹത്യയുടെ ഇരകളാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും മാറിചിന്തിക്കുന്ന പലരും. സ്വതന്ത്രമായി ചിന്തിക്കുന്ന മനസും വളയാത്ത നട്ടെല്ലുമുള്ള സ്ത്രീകള്‍ ഇത്തരത്തിലുള്ള വ്യക്തിഹത്യകള്‍ക്കും സ്വഭാവഹത്യകള്‍ക്കും കൂടുതലായി ഇരയാവുന്നു എന്നത് മറ്റൊരു വസ്തുതയാണ്. അപരനാമത്തിലും വ്യക്തമായ ഐഡന്റിറ്റി ഇല്ലാതെയും നടത്തപ്പെടുന്ന മനോരോഗികളുടെ സൈബര്‍ തേര്‍വാഴ്ചകളിലും ആള്‍ക്കൂട്ടത്തിന്റെ പോര്‍വിളികളിലും മുഴങ്ങുന്നത് സ്വാതന്ത്ര്യത്തിന്റെ മണികിലുക്കമല്ല. എഴുതുന്നതിനെ വായിച്ചു മനസിലാക്കാനുള്ള ക്ഷമയോ അറിവോ, എഴുതുന്ന കാര്യത്തെ വിമര്‍ശിക്കാനുള്ള മാനസിക പക്വതയോ ഇല്ലാത്ത, വ്യക്തിഹത്യ മാത്രം നടത്താനറിയുന്ന ഒരു ജനക്കൂട്ടം ബൗദ്ധിക പാരതന്ത്ര്യത്തിന്റെ പ്രകടമായ സൂചനയാണ്. അംഗീകരിക്കാനാവാത്ത ആശയങ്ങളോടുള്ള വിയോജിപ്പ് വസ്തുതാപരമായും ആശയപരമായും പ്രകടിപ്പിക്കുകയെന്ന ജനാധിപത്യരീതിയെ അവഗണിച്ചുകൊണ്ട് വ്യക്തികളെ കൂട്ടമായി ആക്രമിച്ച് നിശബ്ദരാക്കുന്ന പ്രവണത ചൂണ്ടികാണിക്കുന്നത് ജനക്കൂട്ടത്തിന്റെ യുക്തിരഹിത തള്ളിക്കയറലിനെത്തന്നെയാണ്.

സുവ്യക്തമായ ഇത്തരം വാര്‍ത്തകളുടെ നടുവില്‍ പാരതന്ത്ര്യങ്ങളുടെ കണക്കെടുപ്പ് എത്രയോ ലളിതമാണെന്ന് തോന്നിയേക്കാം. രാഷ്ട്രീയാടിച്ചമര്‍ത്തലുകളും ചിലര്‍ക്ക് ലഭിക്കുന്ന അമിതസ്വാതന്ത്ര്യവും നിശബ്ദാംഗീകാരവും പൊതുസമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനും, പ്രതികരിക്കാനും, പൊതു അഭിപ്രായത്തിന് എതിരാണെങ്കില്‍ കൂടിയും സ്വന്തം ആശയങ്ങളെ ചര്‍ച്ചയ്ക്കു വയ്ക്കാനുമൊക്കെയുള്ള സാതന്ത്ര്യങ്ങളെ എങ്ങനെ നശിപ്പിക്കുന്നു എന്നത് സ്പഷ്ടമാണ്. എന്നാല്‍, മേല്‍പ്പറഞ്ഞ സ്വാതന്ത്ര്യധ്വംസനങ്ങളോടൊപ്പം തന്നെ, അലെങ്കില്‍ അവയ്ക്ക് മേലേയായി ഇന്ത്യന്‍ സമൂഹം മറ്റൊരു തലത്തിലുള്ള അടിമത്വത്തിലേയ്ക്കല്ലേ നീങ്ങുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്.

തിരിച്ചറിയപ്പെടാത്ത അടിമത്തം
സ്വാതന്ത്ര്യം എന്ന പേരില്‍ ഇന്ന് നമുക്ക് അനുസ്മരിക്കാനുള്ളത് വിദേശഭരണത്തില്‍നിന്നു ലഭിച്ച മോചനമാണ്. അത് കാര്യമായിത്തന്നെ ആഘോഷിക്കപ്പെടുന്നുമുണ്ട്. സ്വാതന്ത്ര്യം എന്നതുകൊണ്ട് നമ്മളൊരു പക്ഷേ മനസിലാക്കുന്നതും ഇതേ രാഷ്ട്രീയ സ്വാതന്ത്ര്യത്തെയാണ്. ഇഷ്ടമുള്ളത് ചെയ്യാനാവുകയും ഇഷ്ടമില്ലാത്തതിനെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയായി നാം സ്വാതന്ത്ര്യത്തെ നിര്‍വചിക്കുകയും അതിന്റെ ധ്വംസനത്തെ വേഗത്തില്‍ മനസിലാക്കുകയും ചെയ്യുന്നു. എന്നാല്‍ അതിലുപരി, അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന മത, മാധ്യമ അടിമത്വങ്ങളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത തരത്തിലുള്ള മാനസികപാരതന്ത്ര്യത്തിന്റെ പരമദയനീയമായ അവസ്ഥയിലേയ്ക്കാണ് പലപ്പോഴും പൊതുജനം നയിക്കപ്പെടുന്നത്.

മതങ്ങളുടെ മേലേയായി തങ്ങളുടെ സ്വത്വത്തെ കാണാന്‍ കഴിയാത്ത വിധം മനുഷ്യവ്യക്തിയെ അവന്റെ സര്‍വമാന അസ്ത്വിത്വാവസ്ഥകളില്‍നിന്നും വേര്‍പെടുത്തി മതജീവി മാത്രമാക്കി മാറ്റിയിരിക്കുന്ന സമൂഹത്തില്‍ കാറ്റു വീശിയാല്‍ വൃണപ്പെടാന്‍ തക്കവിധം ദുര്‍ബലമായിത്തീരും മതവികാരങ്ങള്‍. പ്രാചീനമതവിശ്വാസങ്ങളും രാഷ്ട്രീയേച്ഛയുള്ള മത പൗരോഹിത്യവുമാണ് ഇന്നും ഈ രാജ്യത്തെ നിയന്ത്രിക്കുന്ന വലിയ ശക്തികളെന്നത് വിളിച്ചറിയിക്കേണ്ടതില്ല. ആ തിരിച്ചറിവിനെതിരെ വേണ്ടവിധം പ്രതികരിക്കാനോ സാരമായ മാറ്റം വരുത്താനോ സമൂഹത്തിനു കഴിയുന്നില്ല എന്നത് തന്നെയാണ് അതിനുള്ള തെളിവ്. സ്വന്തം ചിന്താശേഷിയും വ്യക്തിത്വവും ഇത്തരം അന്ധമതചേതനകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അടിയറവു വച്ച, അവയുടെ പേരില്‍ പുനര്‍ചിന്തയില്ലാതെ മറ്റുള്ളവര്‍ക്ക് ഉപദ്രവം വരുത്താന്‍ തയാറാകുന്ന ജനസംഘങ്ങള്‍ വേണ്ടുവോളം സ്വാതന്ത്ര്യമാസ്വദിക്കുന്നു എന്നതാണ് ഒരു മതേതരജനാധിപത്യരാജ്യമെന്ന നിലയില്‍ ഇന്ത്യ ഇന്ന് നേരിടുന്ന അതിതീവ്രമായ ഒരപകടം.

എന്നാല്‍, ആക്രമിക്കപ്പെടുന്നവരുടെ അസ്വാതന്ത്ര്യങ്ങള്‍ ആക്രമിക്കുന്നവന്റെ ദയനീയമായ അടിമത്വവുമായി തുലനം ചെയ്തു നോക്കുമ്പോള്‍ എത്രയോ മെച്ചമാണ്? സ്വന്തം സ്വത്വം പോലും മറ്റെന്തിനോ അടിമത്വപ്പെടുത്തി കൊല്ലാനും ചാകാനും നടക്കുന്നതിനെ സ്വതന്ത്രജീവിതത്തിന്റെ ഏതവസ്ഥയായിട്ടാണ് കരുതേണ്ടത്? മാനുഷികമായി തെറ്റായ സംഗതികളെ ശരിയാണെന്ന പൂര്‍ണ്ണബോധ്യത്തോടെ ചെയ്യുന്നതില്‍ക്കവിഞ്ഞ് എന്ത് പാരതന്ത്ര്യമാണ് മനുഷ്യനനുഭവിക്കാനാവുക? ഇത്തരത്തിലുള്ള സാമൂഹികാടിമത്വത്തെ കാംഷിക്കുന്ന ഭരണകൂടങ്ങളും ജാതിമതമേധാവിത്വങ്ങളും അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ശിക്ഷണം നല്‍കുകയും ചെയ്യുന്നതു കാണുമ്പോള്‍, ഈ പാരതന്ത്ര്യത്തിലേയ്ക്കല്ലേ ഇന്ത്യന്‍ സമൂഹം ഇന്ന് കൂടുതലായി നയിക്കപ്പെടുന്നത് എന്ന് ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്. ഒരു പക്ഷേ, സമൂഹത്തില്‍ ഏറ്റവും വലിയ അടിമത്തം അനുഭവിക്കുന്നത് എന്തിന്റെയൊക്കെ പേരിലായാലും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു മേല്‍ കൈവയ്ക്കുന്ന ഈ അനുചരവൃന്ദങ്ങള്‍ തന്നെ. അവരതറിയുന്നില്ല എന്നത് കൊണ്ട് യഥാര്‍ത്ഥത്തില്‍ കരുണയും സഹതാപവും അര്‍ഹിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയ പാരതന്ത്ര്യത്തെ മുകളില്‍നിന്നും അടിച്ചേല്‍പ്പിക്കപ്പെടുന്ന നിലപാടായി മാത്രം കാണാന്‍ പാടുള്ളതല്ല. അത് വ്യക്തികളില്‍നിന്ന് ജനിച്ചു വളരുന്ന ഒരു സംഗതിയാണ്. തനിക്കിഷ്ടമില്ലാത്തതൊന്നും മറ്റൊരാള്‍ പറയരുത്, തനിക്കിഷ്ടമുള്ളതിനെ വിമര്‍ശിക്കരുത്, തന്റെ ആരാധനാപാത്രങ്ങള്‍ വിമര്‍ശനാതീതരാണ് തുടങ്ങിയ വ്യക്തിതാല്‍പര്യങ്ങളുടെ വലുതായ പ്രകടനമാണ്, അല്ലെങ്കില്‍ കൂട്ടമായ ഒരവസ്ഥയാണ് രാഷ്ട്രീയഫാഷിസം. താന്‍ വിചാരിക്കുന്നതും വിശ്വസിക്കുന്നതും മാത്രമാണ് സത്യമെന്നും മറ്റുള്ളവരെല്ലാം വിഡ്ഢികളാണെന്നുമുള്ള ബൗദ്ധികാടിമത്വത്തില്‍ നിന്നു തന്നെയാണ് സങ്കുചിത ഫാഷിസ്റ്റ് ചിന്താഗതികള്‍ ഉരുത്തിരിയുന്നത്. ബൗദ്ധികമായ സംവാദങ്ങള്‍ക്കുള്ള സഹിഷ്ണുതയോ അപരന്റെ വശം കാണാനുള്ള തുറസോ ഇവര്‍ക്കുണ്ടാകാറില്ല എന്ന കാരണത്താല്‍ ഇത്തരത്തിലുള്ള അടിമകള്‍ ഒരുമിച്ചു കൂടുമ്പോള്‍ അത് ചെറുക്കാന്‍ ബുദ്ധിമുട്ടേറിയ ശക്തിയായി വളരുന്നു. കായിക ബലത്തെ ആയുധമായി കാണുന്ന ഇത്തരത്തിലുള്ള ജനക്കൂട്ടത്തിന്റെ പക്കല്‍ രാഷ്ട്രീയാധികാരം കൂടി വന്നു ചേര്‍ന്നാലുള്ള ഭവിഷ്യത്ത് പല തവണ ചരിത്രം കാണിച്ചു തന്നിട്ടുള്ളതുമാണ്.

അന്ധശിക്ഷണവും നിശബ്ദാംഗീകാരവും നല്‍കി അടിമകളെ സൃഷ്ടിക്കാനും അതുവഴി തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനും മിടുക്കുള്ളവര്‍ സമൂഹത്തില്‍ എന്നുമുണ്ടാകാറുണ്ട്. സ്വതന്ത്രമായി ചിന്തിച്ചു തീരുമാനങ്ങള്‍എടുക്കാനും, ധൈര്യപൂര്‍വ്വം അതിലുറച്ചു നില്‍ക്കാനുമുള്ള സ്വാതന്ത്ര്യം സമൂഹത്തില്‍ഒരു വ്യക്തിയ്ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, എളുപ്പത്തില്‍ ലഭിക്കാതിരിക്കാന്‍ അവര്‍ ജാഗരൂഗരായിരിക്കും. സ്ഥാപിതതാല്‍പ്പര്യങ്ങളുള്ള മതങ്ങളായാലും ഭരണകൂടങ്ങളായാലും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളായാലും സ്വതന്ത്രമായി ചിന്തിക്കുന്ന മനസുകളെ എന്നും ഭയന്നിട്ടുണ്ട്, പിടിച്ചു കെട്ടാന്‍ശ്രമിച്ചിട്ടുമുണ്ട്. തങ്ങളുടെ പരിധിയ്ക്കുള്ളില്‍ കൊണ്ട് വരാന്‍ കഴിയാഞ്ഞപ്പോഴൊക്കെ അവരെ അപരത്വം കല്‍പ്പിച്ച് പുറത്തു നിര്‍ത്തിയിട്ടുമുണ്ട്.

സ്വതന്ത്രമനസുകളെ ഭയക്കുന്ന ജനാധിപത്യവൈപരീത്യം
ജനാധിപത്യം സ്വതന്ത്രമനുഷ്യരുടെ ഏര്‍പ്പാടാണ് എന്നിരിക്കെത്തന്നെ ഇന്ന് സമൂഹത്തില്‍ കൂടുതലായി കാണപ്പെടുന്നത് ഇതിനെതിരായ കാര്യങ്ങള്‍തന്നെയാണ്. എതിരഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന, വിയോജിപ്പുള്ളവരെ നിശബ്ദരാക്കുന്ന തരത്തിലുള്ള പ്രചരണവും അതിനു ലഭിക്കുന്ന നിശബ്ദാംഗീകാരവും ജനാധിപത്യസംസ്‌കാരത്തിനെതിരാണ്. നിത്യജീവിതത്തിലായാലും സോഷ്യല്‍മാധ്യമങ്ങളിലായാലും ബൗദ്ധികമായി നേരിടുവാന്‍ കഴിയാത്തതിനെ ശാരീരികവൈകാരിക ആക്രമണങ്ങളിലൂടെ അമര്‍ത്തിയില്ലാതാക്കുന്ന ഫാഷിസ്റ്റ് പ്രവണത സമൂഹത്തെ എത്രകണ്ട് രോഗഗ്രസ്ഥമാക്കിയിട്ടില്ല? പൊതുസമൂഹത്തിന്റെ ആശയങ്ങള്‍ക്കെതിരായി സംസാരിക്കാന്‍ കഴിയാത്ത, പൊതുസമൂഹത്തിന്റെ ബിംബങ്ങളെ വിമര്‍ശനാതീതമാക്കുന്ന ഫാഷിസത്തിന്റെ നാട്ടില്‍ സ്വാതന്ത്ര്യദിനാചരണങ്ങള്‍ക്ക് കാര്യമായ പ്രസക്തിയില്ല. ഭരിക്കുന്നവരെ വിമര്‍ശിക്കാനും അവരുടെ നടപടികള്‍ക്കെതിരെ പ്രതികരിക്കാനും അവകാശമില്ലാത്തവര്‍ പ്രജകളല്ല, അടിമകളാണ്. ഉടയവനെ പുകഴ്ത്തുന്ന അടിമകള്‍. ഇത്തരത്തിലുള്ള അടിമകളിന്നു കൂടുതലായി സൃഷ്ടിക്കപ്പെടുന്നു എന്ന കാര്യം ഗൗരവകരമായി മനസിലാക്കേണ്ടതുണ്ട്.

അസ്വാതന്ത്ര്യങ്ങളെ മനസിലാക്കി പ്രതികരിക്കാനും നേടിയെടുക്കുന്ന സ്വാതന്ത്ര്യങ്ങളെ പക്വതയോടെ ഉപയോഗിച്ച് നിലനിര്‍ത്താനും ഒരു സമൂഹമെന്ന നിലയില്‍ നാമിനിയും ബൗദ്ധികവും മാനസികവുമായി രൂപാന്തരപ്പെടേണ്ടതുണ്ട്. അത് സംഭവിക്കണമെങ്കില്‍ സ്വതന്ത്രവിദ്യാഭ്യാസം ഉറപ്പു വരുത്തപ്പെടുക തന്നെ വേണം. അതിനുള്ള ഇച്ഛാശക്തിയും സാമര്‍ത്ഥ്യവുമില്ലാത്ത ഭരണകൂടങ്ങള്‍ മുഴക്കുന്ന മറ്റെന്ത് വികസനത്തിന്റെ ശങ്കൊലിയും സംശയത്തോടെ മാത്രമേ നോക്കിക്കാണാനാവു. വികസിക്കേണ്ടത് മനുഷ്യനാണ് അവന്റെ ചിന്താശേഷിയും വീക്ഷണങ്ങളുമാണ്.

വിദ്യാഭ്യാസത്തിന് തക്കതായ ശ്രദ്ധ ലഭിക്കാത്തത് ദശകങ്ങളായി വളര്‍ന്നു വരുന്ന ഈ പാരതന്ത്ര്യത്തിന്റെ മറ്റൊരു വശമായേ കാണാനാവൂ. രാഷ്ട്രീയ, മതാടിമത്തത്തെ തകര്‍ക്കാനുള്ള ഏകവഴി സ്വതന്ത്രചിന്താഗതിയെ പരിപോഷിപ്പിക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണ്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവിനേയും ശീലത്തേയും ഉറപ്പു വരുത്തുന്ന കലാലയങ്ങളിലെ സാമൂഹികാവസ്ഥയാണ്. ചോദ്യങ്ങളെ ഭയക്കുന്ന ഒരു സമൂഹത്തില്‍ ഈ സ്വാതന്ത്ര്യം എത്രയോ ദുര്‍ലഭമായിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ ശ്രദ്ധിച്ചാല്‍ മനസിലാവുന്നത്. സ്വതന്ത്ര ചിന്താസ്വഭാവമുള്ള കലാലയങ്ങളെ പ്രത്യയശാസ്ത്രപരമായും അല്ലാതെയും തച്ചുടയ്ക്കുന്നത് ഇതേ ഭയത്തിന്റെയും ഭീക്ഷണിയുടെയും പ്രതിഫലനമാണ്. സ്വതന്ത്രമനസ്സുകള്‍ക്ക് വളരാനിടം നല്‍കാതിരിക്കുമ്പോള്‍ അത് പ്രൈമറി സ്‌കൂളുകളിലായാലും, യൂണിവേഴ്‌സിറ്റികളിലായാലും, FTII പോലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളിലായാലും തിരിച്ചറിയപ്പെടാതെ പ്രയോഗിക്കപ്പെടുന്നത് ചോദ്യങ്ങളെ മുളയിലെ നുള്ളുന്ന തന്ത്രം തന്നെ.

സ്വാതന്ത്ര്യത്തോളം വിലമതിക്കേണ്ടതായി മനുഷ്യന് മറ്റൊരു വിഷയമുണ്ടെന്ന് തോന്നുന്നില്ല. അടിസ്ഥാനപരമായ സ്വാതന്ത്ര്യങ്ങള്‍ക്കപ്പുറം മനുഷ്യവ്യക്തികള്‍ക്ക് പൂര്‍ണത നേടാനാവശ്യമായ പല സ്വാതന്ത്ര്യങ്ങളും ഒരു ജനസമൂഹമെന്ന നിലയില്‍ നാമിനിയും നേടിയെടുക്കേണ്ടിയിരിക്കുന്നു. സ്വതന്ത്രചിന്തകര്‍ കൊല്ലപ്പെടുന്ന, ആള്‍ദൈവങ്ങള്‍ ആദരിക്കപ്പെടുന്ന, അല്പജ്ഞാനികള്‍പ്രബോധനങ്ങള്‍ നടത്തുന്ന, അറിവുള്ളവര്‍ വേട്ടയാടപ്പെടുന്ന, ഭരണാധികാരികളും അവര്‍ അംഗീകരിക്കുന്നവരും വിമര്‍ശനാതീതരാകുന്ന ഒരു സമൂഹത്തിന് ആഘോഷിക്കാനുള്ളത് സ്വാതന്ത്ര്യത്തിന്റെ തികച്ചും പ്രാഥമികമായ ധാരണ മാത്രമാണ്. മൃഗത്തെപ്പോലെ തോന്നുമ്പോലെ ഓടി മറിയാനും കുത്തിമലര്‍ത്താനുമുള്ള കഴിവ് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും താണ നിര്‍വചനമാണ്. സ്വയമറിയുന്നതിലേയ്ക്കുള്ള ചവിട്ടുപടികള്‍ മാത്രമാണ് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യങ്ങളെല്ലാം തന്നെ. ചെയ്യുന്ന കര്‍മ്മങ്ങളെ അറിഞ്ഞനുഷ്ടിക്കുന്നതിനും ചിലതെല്ലാം ചെയ്യാതിരിക്കാനും അപ്രകാരം തീരുമാനിക്കുന്നതിനുമുള്ള കഴിവിനെയാണ് സ്വാതന്ത്ര്യം എന്നത് കൊണ്ട് മനസിലാക്കേണ്ടത്. താന്‍ എന്തുകൊണ്ട് ചിലതിനെ ചെയ്യുന്നു, അല്ലെങ്കില്‍ചെയ്യാതിരിക്കുന്നു എന്നറിയുന്നവനാണല്ലോ സ്വതന്ത്രനായ വ്യക്തി.

അജ്ഞാതരാല്‍ കൊല ചെയ്യപ്പെടാന്‍ യോഗ്യതയുള്ള, സ്വതന്ത്രചിന്താശക്തിയുള്ള ജ്ഞാനവൃദ്ധന്മാര്‍ ധാരാളമുള്ളിടത്തോളം ഈ ദേശം സുരക്ഷിതമാണ് എന്ന് വിശ്വസിക്കാം. വാനരന്മാരായി സ്വയം തരംതാഴുന്നവര്‍ക്ക് പലജന്മങ്ങളുടെ കാലതാമസമില്ലാതെ തിരിച്ചറിവുള്ള മനുഷ്യരായി ജനിക്കാന്‍ ഭാഗ്യമുണ്ടാവട്ടെ എന്നാശിക്കാം. അത് വരേയ്ക്കും ഇല്ലാത്ത സ്വാതന്ത്ര്യം ഉണ്ടെന്നും ഇനിയൊന്നും നേടാനില്ലെന്നും ദേശാഭിമാനവും രാഷ്ട്രീയ വാക്ചാതുരിയും നമ്മെ തെറ്റിദ്ധരിപ്പിക്കാതിരിക്കട്ടെ. തിരിച്ചറിയപ്പെടാത്ത അടിമത്വങ്ങളിലേയ്ക്ക് വഴുതിവീഴാനിടയാവാതിരിക്കട്ടെ. ഓരോ ആഘോഷവും വെല്ലുവിളികളാവട്ടെ, ഓര്‍മ്മപ്പെടുത്തലാവട്ടെ. ഉള്ളതിനെ ആഘോഷിക്കുമ്പോള്‍, നഷ്ടപ്പെട്ടതെന്താണെന്നും ഇല്ലാത്തതെന്താണെന്നുമുള്ള ആലോചനകള്‍ കൂടിയുണ്ടാവട്ടെ. അജ്ഞതയുടേയും മതില്‍ക്കെട്ടുകളുടേയും സമ്പ്രദായങ്ങളുടേയും പാരതന്ത്ര്യമില്ലാത്ത രാജ്യത്തെക്കുറിച്ചുള്ള ടാഗോറിന്റെ സ്വപ്നം ഓരോ രാഷ്ട്രീയസാമൂഹികാവസ്ഥയിലും ഓര്‍മ്മിക്കാനിടവരട്ടെ.

(ജെ.എന്‍.യുവില്‍ സെന്‍റര്‍ ഫോര്‍ ഫിലോസഫിയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍