TopTop
Begin typing your search above and press return to search.

ഉള്ളുപൊള്ളിക്കും ഈ അഭയാര്‍ത്ഥി അനുഭവങ്ങള്‍

ഉള്ളുപൊള്ളിക്കും ഈ അഭയാര്‍ത്ഥി അനുഭവങ്ങള്‍

റോബെര്‍ട് സാമുവെല്‍സ്

(വാഷിംഗ്ടണ്‍ പോസ്റ്റ്)

തന്‍റെ കൈവശം ഇരിക്കുന്ന ട്രെയിന്‍ ടിക്കറ്റ് തന്നെ സുരക്ഷിതമായ ഒരു താവളത്തില്‍ എത്തിക്കും എന്നുറപ്പുണ്ടായിരുന്നിട്ടും ജോസഫ്‌ മജാദെ ഒരു ട്രെയിനിലും കയറാന്‍ തയ്യാറായില്ല.

അതിനുപകരം, അയാള്‍ കേലെക്കി ട്രെയിന്‍ സ്റ്റേഷനില്‍ ഒരു ചാരുബഞ്ചില്‍ തന്‍റെ കഷണ്ടികയറിയ തലയില്‍ കൈ കൊടുത്തു തന്‍റെ നരച്ച താടിക്ക് കുറുകെ ഒരു തൂവാലയും കെട്ടി വിശ്രമിച്ചു. തൊട്ടരുകില്‍ വച്ച ഒരു കവറില്‍ മൂന്നു ആപ്പിളുകള്‍ ഉണ്ടായിരുന്നുവെങ്കിലും മജാദേയ്ക്ക് അത് കഴിക്കാന്‍ തോന്നിയതേയില്ല. സിറിയയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്റെ കൂടെ ഉണ്ടായിരുന്ന അഞ്ചംഗ കുടുംബത്തിലെ മൂന്നുപേരെ ഇതിനകം തന്നെ കാണാതായിരിക്കുന്നു.

ജര്‍മനിക്കും ഓസ്ട്രിയക്കും ഉള്ള ട്രെയിനുകള്‍ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. ഓരോ തവണയും പോകണ്ട എന്നാണ് മജാദേ തീരുമാനിച്ചത്. കാണാതായവരുടെ പാസ്പോര്‍ട്ട് അടങ്ങിയ സഞ്ചി അടക്കിപ്പിടിച്ചു അവരെ കണ്ടെത്തും എന്ന പ്രതീക്ഷ കണ്ണുകളില്‍ നിറച്ചു അദ്ദേഹം അവിടെത്തന്നെ ഇരുന്നു.

'ചില ദിവസം എനിക്ക് തണുക്കും; പക്ഷെ അവര്‍ക്കും തണുക്കുന്നുണ്ടാകും എന്നോര്‍ക്കുമ്പോള്‍ എന്‍റെ ഉള്ളെരിയാന്‍ തുടങ്ങും.' അദ്ദേഹം പറഞ്ഞു. ഭാര്യയെയും പതിമൂന്നു വയസുള്ള മകളെയും അഞ്ചുവയസ്സുള്ള മകനെയും ഇതുവരെയും കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

'അവരില്ലാതെ എങ്ങിനെയാണ് എനിക്കൊരു പുതിയ ജീവിതം തുടങ്ങാന്‍ ആവുക.. എനിക്ക് ..എന്നോട് തന്നെ അവജ്ഞ തോന്നുന്നു.'

കേലെക്കി റെയില്‍വേ സ്റ്റേഷന് സമീപം ഉള്ള അടിപ്പാതയില്‍ ആണ് അഭയാര്‍ഥികളുടെ താത്കാലിക താമസം. ഈ ക്യാമ്പുകളില്‍ തദ്ദേശീയ സംഗീതപരിപാടികള്‍ നടത്തിയും കുട്ടികള്‍ക്ക് വരയ്ക്കാന്‍ ചായപെന്‍സിലുകള്‍ നല്‍കിയും സന്നദ്ധപ്രവര്‍ത്തകര്‍ സേവനം നടത്തുന്നു. സ്വന്തം സ്വപ്നങ്ങള്‍ക്ക് ചായം നല്കാനെങ്കിലും ആ കുഞ്ഞുങ്ങള്‍ക്ക്‌ സാധിക്കട്ടെ.

തങ്ങളുടെ മോഹങ്ങള്‍ നിഷ്ഫലമാകുമെന്ന ഭയം നിലനില്‍ക്കുന്നുവെങ്കിലും അവരുടെ മുഖങ്ങളില്‍ പുഞ്ചിരി ഉണ്ടായിരുന്നു. ഹങ്കേറിയന്‍ പോലീസില്‍ നിന്നും, അവര്‍ ആശ്രയിച്ച കള്ളകടത്തുകാരില്‍ നിന്നും ഓടിപ്പോകുന്നതിനിടെ കൂട്ടം തെറ്റിപ്പോയ കുടുംബാംഗങ്ങളെ കണ്ടെത്തുക എന്നത് മാത്രമാണ് അവരുടെ ഇപ്പോഴത്തെ ലക്‌ഷ്യം.

അനിശ്ചിതത്വത്തിന്‍റെ ഭൂമികയില്‍ നിന്ന് പുതിയ അനിശ്ചിതത്വങ്ങളിലേക്ക് ഓടിപ്പോന്നവരാണ് അവര്‍. ഓരോ ട്രെയിന്‍ വരുമ്പോഴും കുടുംബത്തിനെ അല്ലെങ്കില്‍ സ്വരക്ഷ ഇവയിലേത് തിരഞ്ഞെടുക്കണം എന്നറിയാതെ അവര്‍ കുഴങ്ങുന്നു. പോകണോ അതോ വേണ്ടയോ?

'കുറച്ചു മുന്നേ കടന്നു പോയ ഒരു ട്രെയിനില്‍ ഹൃദയം മുറിഞ്ഞു പോകുന്ന പോലെ കരയുന്ന ഒരമ്മയുണ്ടായിരുന്നു.' 51 കാരനായ ഹങ്കേറിയന്‍ സന്നദ്ധപ്രവര്‍ത്തകന്‍ അല്‍ അഹ്മദി മുഹമ്മദ് പറഞ്ഞു. 'പോലീസില്‍ നിന്ന് രക്ഷപ്പെട്ടു ഓടുന്നതിനിടെ തന്‍റെ പതിനാലു വയസുള്ള മകനെ അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ഓട്ടത്തിനിടെ രണ്ടു വഴികളിലായിപ്പോയതാണ് അത്രേ. കഴിഞ്ഞ 5 ദിവസമായി ഈ സ്റ്റേഷനില്‍ അവനുവേണ്ടി കാത്തിരിക്കുകയായിരുന്നു അവര്‍. ഇനി ഞങ്ങള്‍ അവനു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങുകയായി.'

കൂട്ടം തെറ്റിപ്പോയ കുട്ടികളെ കണ്ടെത്തിയാല്‍ അവരെ ബുഡാപെസ്റ്റിലെ അനാഥരായവരെയും ഒറ്റക്ക് യാത്രചെയ്യുന്ന കുട്ടികളെയും താമസിപ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റണം എന്നാണു നിയമം. എന്നാല്‍ അസൈലം ഇന്‍ഫോര്‍മേഷന്‍ ഡാറ്റാബേസ് കണക്കുകള്‍ പ്രകരം അവിടെ താമസിപ്പിക്കാന്‍ സാധിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം മുപ്പത്തി അഞ്ചാണ്. എന്നാല്‍ ഇത്തരത്തില്‍ ഒറ്റക്കായിപോയ കുഞ്ഞുങ്ങളുടെ എണ്ണം എഴായിരത്തോളം ആണെന്ന് യു എന്‍ ഉന്നതതല സംഘത്തിന്‍റെ വക്താവ് ബാബര്‍ ബലോച് പറയുന്നു. പലരും ഓടിപ്പോവുകായാണ് പതിവ്.

അതിര്‍ത്തിയിലുള്ള പോലീസുകാര്‍ പറയുന്നത് എത്ര കുടുംബങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ടുണ്ട് എന്ന് അറിയില്ല എന്നാണ്. അവരെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക പോലും അവര്‍ ചെയ്തിട്ടില്ല.

'അവരൊക്കെ എവിടെയാണ് എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല.' റെയില്‍വേ സ്റ്റേഷനില്‍ കുടിയേറ്റക്കാരെ സഹായിക്കുന്ന സംഘത്തിന്റെ വക്താവ് സൂസന്ന സോഹര്‍ പറഞ്ഞു. 'ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടി താത്പര്യമെടുക്കുന്നുണ്ട്. അങ്ങനെ ഞങ്ങള്‍ കുറച്ചു കുടുംബങ്ങളെ ഒന്നിപ്പിച്ചു.'

മുപ്പത്തൊന്നു കാരനായ അബ്ദുല്‍ ജലീല്‍ കാണാതായ മകളെയും ഭാര്യയേയും അന്വേഷിച്ചു അവിടേക്ക് വന്നു. രണ്ടു വര്‍ഷം മുന്പ് അവരെ തനിച്ചാക്കി ഫിന്‍ലന്‍ഡിലേക്ക് ജോലി തേടി പോയ ജലീല്‍ താന്‍ അവിടത്തെ ഭാഷ പഠിച്ചു ഒരു ജോലി നേടിയാല്‍ അവരെകൂടി അങ്ങോട്ട്‌ കൊണ്ടുപോകാം എന്ന് ഉറപ്പും കൊടുത്തിരുന്നു. പക്ഷെ യൂറോപ്പിലേക്ക് പോകാന്‍ ഉള്ള അപകടം ഏറ്റവും കുറഞ്ഞ വഴിയായ ഹങ്കറി അതിര്‍ത്തികള്‍ അടയ്ക്കുന്നു എന്ന വാര്‍ത്ത‍ അറിഞ്ഞ അദ്ദേഹം അവരെ ഫിന്‍ലന്‍ഡില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടി.

ഇറാക്കിലെ അവരുടെ വീട് വിറ്റിട്ടാണ് പന്ത്രണ്ടു ദിവസം നീളുന്ന യാത്രക്കുള്ള പണം അവര്‍ സംഘടിപ്പിച്ചത്. ഒരാഴ്ച മുന്പ് അയാളുടെ ഭാര്യ മര്‍വയും മകള്‍ സൈനബും ഹങ്കറി അഭയാര്‍ഥി ക്യാമ്പില്‍ ആണെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. കുടുംബങ്ങള്‍ ഇത്തരത്തില്‍ ക്യാമ്പുകളില്‍ താമസിക്കുന്നത് വളരെ സാധാരണമായ ഒന്നായിരുന്നു. എന്നാല്‍ അത് മാത്രമായിരുന്നു അവരെ കുറിച്ച് അദ്ദേഹത്തിന് ലഭിച്ച അവസാന വിവരം.

സൈനെബിനെ എളുപ്പത്തില്‍ കണ്ടെത്താം എന്ന് അദ്ദേഹം കരുതി. കാരണം ജന്മനാ ചലനശേഷി ഇല്ലാത്ത അവള്‍ ചക്രക്കസേരയില്‍ ആയിരുന്നു സഞ്ചരിച്ചിരുന്നത്. പല ഹോട്ടലുകളിലും റെയില്‍വേ സ്റ്റേഷനിലും അവരെ തിരഞ്ഞു അദ്ദേഹം അലഞ്ഞു. പക്ഷെ കണ്ടെത്താന്‍ സാധിച്ചില്ല.

അവരുടെ ഫോട്ടോകള്‍ സന്നദ്ധപ്രവര്‍ത്തകരുടെ കൈവശം അദ്ദേഹം നല്‍കി. അവരുടെ കഥ ഫേസ് ബുക്കിലും ട്വിട്ടറിലും അവര്‍ പരസ്യപ്പെടുത്തി. അഞ്ചാം ദിവസമായിട്ടും ഒരു തുമ്പും കിട്ടിയില്ല. ഒരു ഹോട്ടലില്‍ താമസിക്കാനുള്ള പണംപോലും ഇല്ലാതെ ആയി. രണ്ടു വര്‍ഷത്തിനു ശേഷം ഏത് അഭയകേന്ദ്രത്തിലാണ് താന്‍ വന്നിരുന്നത് അവിടെ വീണ്ടും എത്തിയതുപോലെ അദ്ദേഹത്തിന് തോന്നി.

'ഞാന്‍ ഇന്നിവിടെ കിടക്കും അദ്ദേഹം പറഞ്ഞു. അവരെങ്ങാന്‍ ഇവിടെ വന്നാലോ? എന്‍റെ ദൈവമേ!'

അടുത്ത ദിവസം രാവിലെ വന്ന ഫോണില്‍ സംസാരിക്കുന്നതിനിടെ അയാളുടെ കണ്ണിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങി.

'ഫോണിന്‍റെ അങ്ങേ തലയ്ക്കല്‍ അയാളുടെ ഭാര്യയായിരുന്നു. ജര്‍മനിയിലെക്കുള്ള യാത്രയില്‍ ആയിരുന്നു അവര്‍. എന്‍റെ കുടുംബം', അദ്ദേഹം ആഹ്ലാദത്തോടെ പറഞ്ഞു.

മജാദെ സ്റ്റേഷനുചുറ്റും നടക്കാന്‍ തുടങ്ങി. എന്‍റെ കുടുംബം അദ്ദേഹം ഇടയ്ക്കിടെ നെടുവീര്‍പ്പിട്ടു.

ഈ പുതിയ ജീവിതം അയാള്‍ വെറുത്തു തുടങ്ങിയിരുന്നു. പക്ഷെ അദ്ദേഹത്തിന് സ്വന്തം ജീവന്‍ കൈവശം ഉണ്ടായിരുന്നു. രണ്ടാഴ്ച മുന്നേ ഒരു ചങ്ങാതി അദ്ദേഹത്തിനോട് ഒന്ന് കരുതിയിരിക്കണം എന്ന മുന്‍ കരുതല്‍ നല്‍കിയിരുന്നു. അത് മുഖവിലക്കെടുത്ത്, ഇപ്പോഴും ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയ കുടുംബത്തോടൊപ്പം ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു.

വഴികാട്ടികള്‍ക്ക്‌ കനത്ത ഫീസ്‌ നല്‍കിയാണ്‌ താന്‍ സഞ്ചാരം തുടങ്ങിയത് എന്ന് അദ്ദേഹം പറഞ്ഞു. ഇരുട്ട് വീണ വഴികളിലൂടെയും കാടുകളും പുഴകളും കടന്നായിരുന്നു യാത്ര. ഹങ്കറിയിലൂടെയുള്ള യാത്രയാണ് ഏറ്റവും കഠിനമെന്ന് പറഞ്ഞു കേട്ടിട്ടുള്ളത്. കേലെക്കി വരെ എത്താന്‍ അവര്‍ക്ക് ഒരു കാര്‍ വാടകയ്ക്ക് എടുക്കേണ്ടി വന്നു. അവിടെ നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് പോകുന്ന ഒരു ട്രെയിനിലായിരുന്നു അവര്‍ക്ക് പോകേണ്ടിയിരുന്നത്‌.

ആ കുടുംബം കാര്‍ ഡ്രൈവര്‍ക്ക് ഓരോ ആളിനും 250 യൂറോ എന്ന കണക്കില്‍ പണം നല്‍കി. എന്നാല്‍ ആ കുടുബത്തിന് സഞ്ചരിക്കാന്‍ രണ്ടു കാറുകള്‍ വേണം എന്ന് ഡ്രൈവര്‍ പറഞ്ഞു.

മജാദെ ഭാര്യ കാതറീന്‍റെ കൈവശം പണം നല്‍കി, ഇളയ കുട്ടികളോടൊപ്പം ഒരു കാറില്‍ സഞ്ചരിക്കാന്‍ ആവിശ്യപ്പെട്ടു. അദ്ദേഹം പാസ്പോര്‍ട്ടുകള്‍ കയ്യിലെടുത്തു മൂത്തമകന്‍ മുസയുടെ കൂടെ മറ്റൊരു കാറിനായി കാത്തിരുന്നു. പക്ഷെ രണ്ടാമത്തെ കാര്‍ പിന്നിട് വന്നില്ല.

മജാദെ മറ്റൊരു കാറ് വിളിച്ചു മകനോടൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് വന്നു. സ്റ്റേഷന്‍ എത്താന്‍ ഏകദേശം ഒന്നര മൈല്‍ അകലെ വച്ച് താന്‍ പിടിക്കപ്പെടുമോ എന്ന ഭയം മൂലം കാര്‍ ഡ്രൈവര്‍ ഇരുവരെയും കാറിനു വെളിയിലേക്ക് ചവിട്ടിയിറക്കി. എങ്ങനെയോക്കയോ നടന്നു അവര്‍ ഒടുവില്‍ സ്റ്റേഷനില്‍ എത്തി. പക്ഷെ ഭാര്യയും മക്കളും അപ്പോഴും എത്തിയിരുന്നില്ല.

'ഒരുപക്ഷേ ഡ്രൈവര്‍ അവളുടെ പണം മുഴുവന്‍ കവര്‍ന്നെടുത്തിരിക്കാം. അറിയില്ല ഇനി അവളെയും കുട്ടികളെയും അയാള്‍ ഉപദ്രവിച്ചിരിക്കുമോ? അവളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ്‌ ആണെന്ന് കാണിക്കുന്നു.' അദ്ദേഹം പറയുന്നു.

ഇവരുടെ ഫോട്ടോ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വാങ്ങി സന്നദ്ധപ്രവര്‍ത്തകര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കയ്യിലെ പാസ്പോര്‍ട്ടിലെ ഫോട്ടോ കണ്ടു ആരെങ്കിലും അവരെ തിരിച്ചറിയും എന്ന പ്രതീക്ഷയില്‍ വഴിപോക്കരോടും നിരന്തരം ചോദിച്ചു കൊണ്ടേ ഇരിക്കുന്നു.

നാലാം ദിവസം രാവിലെ ഏകദേശം ഒമ്പത് മണിയോടെ ലോബ്നാ എല്‍ ഗാബി എന്ന ഇരുപത്തഞ്ചുകാരനായ സന്നദ്ധപ്രവര്‍ത്തകന്‍ ഈ ഫോട്ടോകള്‍ക്ക് കീഴെ ഒരു കുറിപ്പ് കണ്ടു. ഞങ്ങള്‍ ഈ കുടുംബത്തോടോപ്പം ഗ്യോര്‍ സ്റ്റേഷനില്‍ ഉണ്ട് എന്നായിരുന്നു അത്. കാതറിന്റെയും മകള്‍ ജൂഡിയുടെയും മകന്‍ ജൂഡിന്റെയും അനന്തരവന്റെയും ഫോട്ടോയും ഉണ്ടായിരുന്നു അതില്‍. അവര്‍ സുരക്ഷിതരായിരുന്നു. എല്‍ ഗാബി അവരുടെ ഫോട്ടോയും കൊണ്ട് മജാദെയുടെ അടുത്തെത്തി. ഈ ഫോട്ടോകള്‍ കാണിച്ചു.

കണ്ണുനീര് കവിളുകളിലൂടെ ഒലിച്ചു ഇറങ്ങവേ അയാള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാള്‍ അദ്ദേഹത്തിന് ടിക്കറ്റെടുത്ത് നല്‍കി. ഗ്യോരിലെക്കുള്ള ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വന്നു നിന്നു. ഇത്തവണ മജാദെ കയറുക തന്നെ ചെയ്തു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories