TopTop
Begin typing your search above and press return to search.

കോംഗോയില്‍ മലയാളിയുടെ തടവറയില്‍ മലയാളി നഴ്‌സുമാര്‍

കോംഗോയില്‍ മലയാളിയുടെ തടവറയില്‍ മലയാളി നഴ്‌സുമാര്‍

വി ഉണ്ണികൃഷ്ണന്‍

'ഇപ്പോ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയാണ് എന്റേത്. കൂടെ നിന്ന പലരും കൈവിട്ടു. ഇവിടെ ഈ രാജ്യത്ത് സഹായിക്കാന്‍ ആരും ഇല്ലാതെ അവസാനിക്കുമോ എന്നാണ് പേടി. ഒരു മുറിയില്‍ ജയിലില്‍ അടച്ചിരിക്കുന്നത് പോലെയാണ് ദിവസങ്ങളായി ഇവിടെ കഴിയുന്നത്. കൂടെയുള്ളവരെ പോലും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. കുടുംബം നന്നായി കൊണ്ടുപോകാന്‍ ഒരുപാടു പ്രതീക്ഷകളുമായി അന്യരാജ്യങ്ങളിലേക്ക് വിമാനം കയറുന്ന ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഇതാണോ ഗതി. ഈ തട്ടിപ്പിനിരയാകാനാണോ ഇവിടം വരെയെത്തിയത്. എങ്ങനെയും ജീവനും കൊണ്ട് നാട്ടിലെത്തണം അത് മാത്രമേ ഇപ്പൊ മനസ്സിലുള്ളൂ. അല്ലെങ്കില്‍ ഇവിടെക്കിടന്നു മരിക്കേണ്ടി വരും'.

റിക്രൂട്ടിംഗ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കുടുങ്ങിയ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജോബി ചാക്കോ എന്ന മെയില്‍ നഴ്‌സിന്റെ വാക്കുകളാണിത്. ജോബിയുടെ ഭാര്യ പ്രിന്‍സി ജോസ്, സുഹൃത്ത് ദിനോയ് മൈക്കല്‍ അയാളുടെ ഭാര്യ സിന്‍സി മാത്യു എന്നിവരും കോംഗോയിലെ കിന്‍ഹാസയിലുള്ള സിന്‍ക്വാണ്‍ടെനൈര്‍ ആശുപത്രിയില്‍ തടങ്കലിലാണ്. മലയാളിയുടെ സ്ഥാപനമായ പടിയത്ത് മെഡിസിറ്റിയാണ് ഈ ആശുപത്രി കരാറടിസ്ഥാനത്തില്‍ നടത്തുന്നത്. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ഇവരുടെ സഹോദരസ്ഥാപനമായ പടിയത്ത് ഹെല്‍ത്ത്‌കെയറാണ് ജോബി അടക്കമുള്ളവരെ റിക്രൂട്ട് ചെയ്തത്. ഇവരുടെ കോംഗോയിലെ ആശുപത്രിയിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടാണ് ജോബിയും സുഹൃത്തുക്കളും പടിയത്ത് ഹെല്‍ത്ത് കെയറിന്റെ ഓഫീസിലെത്തുന്നത്.

ഈ ഏജന്‍സിയുടെ സീനിയര്‍ എച്ച് ആര്‍ എക്‌സിക്യൂട്ടീവ് വിഷ്ണു അറിയിച്ചതനുസരിച്ച് 2014 ജനുവരി 20ന് കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ എതിര്‍ വശത്തുള്ള പടിയത്ത് ഹെല്‍ത്ത് കെയറിന്റെ ഓഫീസില്‍ അഭിമുഖത്തിനായി ജോബിയും സൃഹൃത്തുക്കളും എത്തി. ഗ്രൂപ്പ് ചെയര്‍മാനായ ഹസീബ് റഹ്മാന്‍ ഇവരുമായി നേരിട്ട് സംസാരിച്ചു. കോംഗോയിലെ കിന്‍ഹാസയിലുള്ള ആശുപത്രിയിലാണ് ഒഴിവുകള്‍ ഉള്ളതെന്നാണ് പടിയത്ത് ഹെല്‍ത്ത് കെയര്‍ ഇവരെ അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തുടര്‍ നടപടികള്‍ക്കായി റിക്രൂട്ടിംഗ് ഏജന്‍സി വാങ്ങിവെക്കുകയായിരുന്നു.

യാത്രാരേഖകള്‍ ശരിയായി എന്ന് നാലുമാസങ്ങള്‍ക്ക് ശേഷം ജോബിക്കും സുഹൃത്തുക്കള്‍ക്കും റിക്രൂട്ടിംഗ് ഏജന്‍സിയില്‍ നിന്ന് അറിയിപ്പ് കിട്ടി. എന്നാല്‍ പാസ്‌പോര്‍ട്ടും വിസയും മറ്റു രേഖകളും ഇവര്‍ക്ക് ലഭിക്കുന്നത് വിമാനത്താവളത്തില്‍ വച്ചാണ്. കോംഗോയുടെ ഔദ്യോഗിക ഭാഷയായ ഫ്രഞ്ചിലായിരുന്നു വിസയെന്ന കാരണത്താല്‍ ആര്‍ക്കും ഇത് വായിച്ച് മനസിലാക്കാനും കഴിഞ്ഞിരുന്നില്ല. 2014 ജൂണ്‍ ഒമ്പതിന് യാത്ര തിരിച്ച് പിറ്റേന്ന് കോംഗോയില്‍ എത്തുകയും 11-ന് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനു ശേഷം പടിയത്തിന്റെ തന്നെ എച്ച് ആര്‍ മാനേജരായ ഡാനിസ് സാം, ജോബിയുടെ ഭാര്യ പ്രിന്‍സിയുടെ വിസയും ശരിയാക്കി. തുടര്‍ന്ന് അവരും കോംഗോയിലെത്തി ആശുപത്രിയില്‍ നഴ്‌സായി ജോലിക്ക് ചേര്‍ന്നു.

കോംഗോയില്‍വച്ച് ജോബിയുടെ ഭാര്യ പ്രിന്‍സിയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മികച്ച ചികിത്സയ്ക്കായി നാട്ടിലേക്ക് പോകണം എന്ന് ജോബിയും സുഹൃത്തുക്കളും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. ജോലി ലഭിച്ച സമയത്ത് ആശുപത്രിയുമായി ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ അനുസരിച്ച് 45 ദിവസത്തെ ശമ്പളം നഷ്ടപരിഹാരമായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ആ തുക നല്‍കി. കൂടാതെ മൂന്ന് മാസത്തെ നോട്ടീസ് കാലാവധിയും ഉണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആശുപത്രി അധികൃതരും റിക്രൂട്ടിങ് ഏജന്‍സിയും തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് ഇവര്‍ മനസിലാക്കിയത്.

'ആശുപത്രിയില്‍ പറഞ്ഞ കാലാവധി പൂര്‍ത്തിയായതിനു ശേഷം ഈ സെപ്തംബര്‍ 21-ന് വിമാനത്താവളത്തില്‍ എത്തിയ ഞങ്ങളെ വിസയുടെ കാലാവധി കഴിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട ഞങ്ങള്‍ക്ക് ലഭിച്ചത് തികച്ചും നിരുത്തരവാദിത്വപരമായ പ്രതികരണമാണ്.' ജോബി പറയുന്നു.തങ്ങള്‍ക്ക് ലഭിച്ചത് വിസിറ്റിങ് വിസ ആയിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം ജോബിയും മറ്റും മനസിലാക്കുന്നത് ഈ സമയത്താണ്. ആശുപത്രി അധികൃതര്‍ അത് ജോലി ചെയ്യാനുള്ള വിസ ആക്കി മാറ്റിയിരുന്നുമില്ല. ഇതാണ് അവരെ കോംഗോയില്‍ കുടുക്കിയത്. എന്നാല്‍ പിഴ ഒടുക്കിയാല്‍ തീരുന്ന പ്രശ്‌നമാണ് ഇത്.

യാത്രാരേഖകള്‍ ഇല്ലാത്ത പ്രശ്‌നം ഒതുക്കിതീര്‍ക്കാം എന്നുള്ള ധാരണയില്‍ 24-ാം തിയതി ആശുപത്രി മാനേജ്‌മെന്റ് ഇവരെ കിന്‍ഹാസ വിമാനത്താവളത്തിലേക്ക് കൂട്ടികൊണ്ടുപോയി. പക്ഷെ 1500 ഡോളര്‍ പിഴയൊടുക്കിയാലേ ഇവരെ പോകാനനുവദിക്കൂ എന്ന വിമാനത്താവള അധികൃതരുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ എയര്‍പോര്‍ട്ട് പോലീസ് പിടിച്ചുവച്ചു. ഇവരെ തിരികെ ആശുപത്രിയിലേക്ക് കൊണ്ട് വരികയും ചെയ്തു.

തുടര്‍ന്ന് ജോബിയും സുഹൃത്തുക്കളും ഇന്ത്യന്‍ എംബസ്സിയെ സമീപിച്ചു. എംബസ്സി അധികൃതര്‍ ആശുപത്രിയില്‍ തന്നെ താമസവും ഭക്ഷണവും ഉറപ്പാക്കുകയും ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കുള്ള നടപടികള്‍ ഉടന്‍ ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

യാത്രാ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ആശുപത്രിക്ക് പുറത്തേക്കിറങ്ങാന്‍ പോലും അനുമതിയില്ല. ആശുപത്രിയിലെ മുറിയില്‍ ജയിലിലടച്ചതിനു സമാനമായ അവസ്ഥയിലാണ് ജോബിയും ഭാര്യയും സുഹൃത്തുക്കളും. കൂടെ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ അടക്കം മിക്കവാറും സ്റ്റാഫുകളും മൂന്നു മാസത്തെ വിസിറ്റിംഗ് വിസയില്‍ വന്നവരാണെന്നും ഇപ്പോഴും അവര്‍ക്ക് വര്‍ക്ക് വിസ കിട്ടിയിട്ടില്ല എന്നും ജോബി പറയുന്നു.

ഹസീബ് റഹ്മാനും വിസ തട്ടിപ്പിന്റെ ഇരകളും

മൂന്നു മാസത്തെ വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞ ഉടനെ വര്‍ക്കിംഗ് വിസയാക്കാനായി മാനേജ്‌മെന്റ് ഇവരുടെ പാസ്സ്‌പോര്‍ട്ടും വിസയും മറ്റു രേഖകളും തിരികെ വാങ്ങിയിരുന്നു. പക്ഷേ അവിടെയും സമര്‍ത്ഥമായി ഹസീബ് റഹ്മാന്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് ജോബി പറയുന്നു.

ജോബിയടക്കമുള്ള ജീവനക്കാരില്‍ നിന്നും ശമ്പളത്തിന്റെ 20 ശതമാനം എല്ലാ മാസവും പിടിച്ചിരുന്നു. വിമാനയാത്ര, ചികിത്സ എന്നിവയ്ക്കുള്ള തുക എന്ന പേരിലായിരുന്നു ഇത്. എന്നാല്‍ തിരികെ വരാനുള്ള ടിക്കറ്റ് പോലും പലരും സ്വന്തമായാണ് വാങ്ങിയിരുന്നത്.

ജോബിയുടെ പിതാവ് ആന്റണി ചാക്കോ ഈ വിവരങ്ങളൊക്കെ ചൂണ്ടിക്കാട്ടി എറണാകുളം എസിപി ഹരിശങ്കറിന് പരാതി നല്‍കുകയുണ്ടായി. അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്തുന്നു എന്ന് മുമ്പ് തന്നെ പരാതി വന്നിട്ടുള്ള ഹസീബിന്റെ സ്ഥാപനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 18 പാസ്സ്‌പോര്‍ട്ടുകളും നൂറിലധികം രേഖകളും പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്നും കോംഗോയിലേക്ക് പോയ 130-ലധികം നഴ്‌സുമാര്‍ക്ക് വിസിറ്റിംഗ് വിസ മാത്രമേ നല്‍കിയിട്ടുള്ളൂ എന്ന് അതോടെ പുറത്തറിഞ്ഞു.

അക്ഷരാര്‍ത്ഥത്തില്‍ ജോബിയും കൂട്ടുകാരും കോംഗോയില്‍ പടിയത്ത് ഗ്രൂപ്പിന്റെ തടവറയിലാണ്. കേരളത്തിലെ കേസ് പിന്‍വലിപ്പിക്കാനുള്ള മോചനദ്രവ്യമാണ് പടിയത്ത് ഗ്രൂപ്പിന് അവര്‍. ഈ പരാതിയോടെ കേരളത്തില്‍ അന്വേഷണം നടക്കുന്നു എന്നു മനസ്സിലായ ഹസീബ് റഹ്മാന്‍ ജോബിക്കും സുഹൃത്തുക്കള്‍ക്കും എതിരെ തിരിയുകയായിരുന്നു. ഭീഷണി ഫോണ്‍കോളുകളും മറ്റും വിലപ്പോവുന്നില്ല എന്നു കണ്ടപ്പോള്‍ കള്ളക്കേസില്‍ കുടുക്കി നാട്ടിലെത്തുന്നത് വൈകിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ആശുപത്രിയിലെ സീനിയര്‍ ജീവനക്കാരിക്കുനേരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു എന്നാണു കുറ്റം ചാര്‍ത്തിയത്. കേരളത്തില്‍ ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കാനായി ശക്തമായ സമ്മര്‍ദമാണ് ഹസീബ് ജോബിയ്ക്കും കുടുംബത്തിനും മേല്‍ ചുമത്തുന്നത്. മാത്രമല്ല ഇവരെ റിക്രൂട്ട് ചെയ്തത് കോംഗോ സര്‍ക്കാര്‍ ആണെന്ന് വരുത്തി തീര്‍ക്കാനും ഉള്ള ശ്രമം ഹസീബ് നടത്തുകയുണ്ടായി. എന്നാല്‍ വ്യകതമായ രേഖകള്‍ ജോബിയുടെയും സംഘത്തിന്റെയും കൈയ്യില്‍ ഉള്ളതു കാരണം ആ വാദം വിലപ്പോയില്ല.

നാട്ടില്‍ പടിയത്ത് മെഡിസിറ്റിക്കും ഹസീബിനും എതിരെ നല്‍കിയ പരാതി പിന്‍വലിക്കുകയും ഉണ്ടായ പ്രശ്‌നങ്ങള്‍ എല്ലാം തനിക്കെതിരെയുള്ള ആരോപണം മറയ്ക്കാന്‍ കെട്ടിച്ചമച്ചതാണ് എന്ന് ജോബി സമ്മതപത്രം ഒപ്പിട്ടു നല്‍കണം എന്നുമാണ് പടിയത്തിന്റെ ആവശ്യങ്ങള്‍. ഈ രേഖകള്‍ അഭിഭാഷകന്‍ പരിശോധിച്ച് ഉറപ്പു വരുത്തിയാലെ ജോബിയടക്കമുള്ളവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള രേഖകള്‍ തയ്യാറാക്കി നല്‍കൂ എന്നാണ് ഹസീബിന്റെ നിലപാട്.

ജോബിയുടെ പിതാവ് നല്‍കിയ പരാതി പിന്‍വലിച്ചാലും ഹസീബ് റഹ്മാനെതിരെയുള്ള നിയമനടപടികള്‍ക്ക് തടസ്സമുണ്ടാവില്ല എന്ന് എസിപി ഹരിശങ്കര്‍ അഴിമുഖത്തോട് പറഞ്ഞു. പോലീസ് സ്വമേധയാ എടുത്ത കേസിന്‍ പ്രകാരം കൂടിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. വഞ്ചനാക്കുറ്റമാണ് ഇപ്പോള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നതെന്നും കോംഗോയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ മനുഷ്യക്കടത്ത് എന്ന വകുപ്പ് കൂടി അയാള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പടിയത്തിന്റെ റിക്രൂട്ട്‌മെന്റിലെ തട്ടിപ്പുകള്‍ ഇതില്‍ ഒതുങ്ങുന്നില്ല. ഇവര്‍ ജോബിയോടൊപ്പം റിക്രൂട്ട് ചെയ്ത 38 ആളുകള്‍ കോംഗോയിലേക്ക് പോയത് 40 കിലോ ഗ്രാം ലഗ്ഗേജുമായാണ്. 20 കിലോ ഗ്രാം അവരവരുടേതും കൂടാതെ പേഴ്‌സണല്‍ എന്ന രീതിയില്‍ കമ്പനിയുടെ വക സാധനങ്ങള്‍ 20 കിലോ ഗ്രാമും. തങ്ങള്‍ എന്താണ് കൊണ്ട് പോയത് എന്ന് പലര്‍ക്കും ഇപ്പോഴും അറിയില്ല. ചെക്കിംഗില്‍ ഒന്നും ഒരു പ്രശ്‌നവും ഉണ്ടായില്ല എന്ന് ജോബി പറയുന്നു. ഹസീബിന്റെ സ്വാധീനം മനസ്സിലാക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ എല്ലായിടത്തും ഉണ്ടായിരുന്നതായും ജോബിയടക്കമുള്ളവര്‍ പറയുന്നു.

തട്ടിപ്പിനു കുട പിടിക്കുന്ന ഇന്ത്യന്‍ എംബസ്സി

'നിങ്ങളെപ്പോലെയുള്ളവര്‍ക്ക് വേണ്ടിയാണ് എംബസ്സി എന്ന് വാഗ്ദാനം നല്‍കിയ എംബസ്സി അധികൃതര്‍ ഹസീബിന്റെ ഭാഗത്തേക്ക് മലക്കം മറിയുന്ന അവസ്ഥയാണ് പിന്നീടുണ്ടായതെന്ന് ജോബി.

തട്ടിപ്പിന് പിണിയാളാവുന്ന നിലപാടാണ് എംബസ്സിയുടെ ഭാഗത്തു നിന്നുണ്ടായത് എന്ന് വിവരാവകാശപ്രവര്‍ത്തകനും ജോബിയേയും മറ്റും തിരികെ എത്തിക്കാന്‍ ശ്രമിക്കുന്ന ആളുമായ മഹേഷ് വിജയന്‍ പറയുന്നു.

ആര്‍ടിഐ ആക്റ്റ് 7(1) സെക്ഷന്‍ പ്രകാരം അടിയന്തരഘട്ടങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കേണ്ട വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി ഒരാഴ്ചയ്ക്ക് ശേഷമാണ് കോംഗോയിലെ ഇന്ത്യന്‍ എംബസ്സി ലഭ്യമാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഈ വിവരം കോംഗോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ എംബസ്സി ശ്രമിച്ചതായി രേഖകളിലില്ല എന്നും അദ്ദേഹം പറയുന്നു. ആശുപത്രി മാനേജ്‌മെന്റ് പറയുന്നത് തന്നെയാണ് എംബസ്സിയും ആവര്‍ത്തിക്കുന്നത്. എംബസ്സി ഒരു മാസത്തോളമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത് ഹസീബ് റഹ്മാനേയും അയാളുടെ സ്ഥാപനത്തെയുമാണെന്നും മഹേഷ് വിജയനു ലഭിച്ച വിവരാവകാശരേഖയില്‍ നിന്നും വ്യക്തമാണ്. കൂടാതെ ജോബിയുടെ പേരില്‍ എടുത്തു എന്നു പറയുന്ന കേസിന്റെ എഫ്‌ഐആര്‍ അടക്കമുള്ള രേഖകള്‍ ഇതുവരെ എംബസ്സി നല്‍കിയിട്ടില്ല.

എംബസ്സി തലവന്‍ പങ്കെടുത്ത ചര്‍ച്ചയില്‍ 'സ്വന്തമായി യാത്രാരേഖകള്‍ ഉണ്ടാക്കി രക്ഷപെട്ടോളൂ എന്നാണ് ഹസീബ് തുറന്നടിച്ചത്. അതിനനുകൂലമായ നിലപാടാണ് എംബസ്സിയും പിന്‍തുടരുന്നത്. അതില്‍ നിന്നും അയാള്‍ക്ക് എത്രമാത്രം സ്വധീനം എംബസ്സിയില്‍ ഉണ്ടെന്നു വ്യക്തമാണെന്ന് മഹേഷ് വിജയന്‍ പറയുന്നു. പടിയത്ത് ഗ്രൂപ്പ് അധികൃതകരുമായി ബന്ധപ്പെടാന്‍ അഴിമുഖം ശ്രമിച്ചുവെങ്കിലും പ്രതികരണം ലഭിച്ചില്ല.

ജോബിയുടെ സുഹൃത്തുക്കളും ബന്ധുക്കളും മഹേഷ് വിജയനും വിവരാവകാശപ്രവര്‍ത്തകരുടെ കൂട്ടായ്മയും ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ്. മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുകയും മന്ത്രി എംകെ മുനീര്‍ വഴി കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ സമീപിക്കുകയും ചെയ്തു കഴിഞ്ഞു.

ഉപജീവനത്തിനായി അന്യരാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാര്‍ പലരും ചതിയിലകപ്പെടുന്ന വാര്‍ത്തകളാണ് നാം ഈയിടെയായി അറിയുന്നത്. അതില്‍ കൂടുതല്‍ നഴ്‌സിങ് ജോലിക്കായി പോകുന്നവരാണ്. ഉതുപ്പ് വര്‍ഗീസ് എന്ന റിക്രൂട്ടിംഗ് ഏജന്റ് വഴി കുവൈറ്റിലേക്ക് റിക്രൂട്ട് നടത്തി തട്ടിപ്പിലകപ്പെട്ടവര്‍ ഈയിടെയാണ് നാട്ടിലെത്തിയത്. അതിന്റെ ചൂടാറും മുന്‍പാണ് അടുത്ത തട്ടിപ്പിന്റെ കഥകള്‍ പുറത്തെത്തുന്നത്. ചതിക്കു പിന്നില്‍ വീണ്ടും ഒരു മലയാളിയും. അതിനു സഹായിയായി നില്‍ക്കുന്നത് ഇന്ത്യന്‍ പൗരന്‍മാരുടെ രക്ഷയ്ക്കായി രാജ്യം ചുമതലപ്പെടുത്തിയ ഇന്ത്യന്‍ എംബസ്സിയുമെന്നതാണ് വിരോധാഭാസം.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories