TopTop
Begin typing your search above and press return to search.

പുറത്തുനിര്‍ത്തിയും അകറ്റിനിര്‍ത്തിയും നിങ്ങളുണ്ടാക്കുന്ന മാമൂലുകള്‍ മാറുക തന്നെ ചെയ്യും

പുറത്തുനിര്‍ത്തിയും അകറ്റിനിര്‍ത്തിയും നിങ്ങളുണ്ടാക്കുന്ന മാമൂലുകള്‍ മാറുക തന്നെ ചെയ്യും

മിഥു ജോര്‍ജ്

ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൃത്യമായ അകലം പാലിക്കണം എന്ന നിബന്ധന വച്ച സ്കൂള്‍ നടത്തുന്നത് മേരി റോയ് ആണെന്നത് അതിശയത്തോടെ വായിച്ചു. പിതൃ സ്വത്തില്‍ സ്ത്രീക്ക് തുല്യപങ്കിന് വേണ്ടി പോരാടിയ ഒരു സ്ത്രീ നടത്തുന്ന സ്കൂളില്‍ കുട്ടികളുടെ ഇടയില്‍ തങ്ങള്‍ അകലം പാലിച്ചു നില്‍ക്കേണ്ടവരാണെന്ന മാനസികാവസ്ഥ വളര്‍ത്തിയെടുക്കാന്‍ നോക്കുന്നു എന്നത് ആശ്ചര്യം ഉണ്ടാക്കുന്നു. സ്ത്രീകളോട് അകലം പാലിച്ചു ബ്രഹ്മചര്യത്തിന്റെ ശക്തി കൂട്ടാന്‍ നോക്കുന്ന സ്വാമിമാര്‍; അതും പുതിയ വാര്‍ത്തയാണ്.

ശരീരത്തിന്റെ പ്രത്യേകത കൊണ്ട് വ്യത്യസ്തരായി മാറിയ മനുഷ്യര്‍ മാത്രമാണ് ആണും പെണ്ണും. തങ്ങളുടെ ശരീരത്തില്‍ ഇല്ലാത്തവ എതിര്‍ ലിംഗത്തില്‍ കാണുമ്പോഴുണ്ടാകുന്ന കൌതുകം സ്വാഭാവികം മാത്രമാണ്. അപ്രാപ്യമായ എന്തോ ആണിലും പെണ്ണിലും ഉണ്ടെന്ന മട്ടില്‍ കുട്ടികളെ വളര്‍ത്തുന്നതിന്റെ പിന്നിലെ മാനസിക നിലവാരം എന്താണ്? ഇനിയും സ്ത്രീ ഒരു അത്ഭുതവസ്തു എന്ന മട്ടില്‍ വളര്‍ത്തിയെടുക്കുന്നത് കണ്ട് അത്ഭുതപ്പെടാനേ കഴിയുന്നുള്ളൂ. ആണ്‍കുട്ടിയുടെ വളര്‍ച്ച പുറമേ നിന്ന് മനസ്സിലാക്കുന്നതിനേക്കാള്‍ പെണ്‍കുട്ടിയുടെ ശാരീരിക മാറ്റങ്ങള്‍ അറിയാന്‍ സാധിക്കും. അത് മറയ്ക്കുന്ന രീതിയിലുള്ള സ്കൂള്‍ യൂണിഫോമുകള്‍ ഡിസൈന്‍ ചെയ്യുന്ന പല സ്കൂളുകളും ഉണ്ട്. കടുത്ത ചൂടിലും ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാണ്‌. ഈ വസ്ത്ര ചട്ടകൂട്ടിനുള്ളില്‍ നിന്നുകൊണ്ടെങ്കിലും തന്നെ ആണും പെണ്ണും അടുത്തും കൂട്ടുകൂടിയും അടുത്ത് ഇടപഴകിയും ചിരിച്ചും കളിച്ചും അകലം കുറയ്ക്കാന്‍ സഹായിക്കാന്‍ കഴിയുന്ന വിധം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടതല്ലേ? മറിച്ചു പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്ന കുട്ടികള്‍ പരസ്പരം തുറിച്ചു നോക്കുന്ന അവസ്ഥ എത്ര ദയനീയമാണ്.

സ്ത്രീ സാന്നിധ്യം മൂലം അസ്വസ്ഥരായേക്കാവുന്ന സ്വാമിമാര്‍. എന്താണ് ഇവരുടെ ശരിയായ പ്രശ്നം? സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നതിനോട് പോലും ഞാന്‍ യോജിക്കുന്നില്ല. സ്വന്തം ശരീരം പോലെ ഒന്ന് മാത്രമാണ് സ്ത്രീ ശരീരം എന്ന തോന്നല്‍ ഉണ്ടാകുന്നവിധം അവരെ അകറ്റി നിര്‍ത്താതെ ഇരിക്കുക എന്നത് മാത്രമാണ് വേണ്ടത്. തനിക്കു താന്‍ കൊടുക്കുന്ന അതേ ബഹുമാനം മതി അവള്‍ക്കും. അപ്രാപ്യമായത് പ്രാപിക്കാന്‍ നടത്തുന്ന ആക്രമണങ്ങള്‍ കുറയ്ക്കാനെങ്കിലും കഴിയുന്നവിധം ഇത്തരം സ്ഥാപനങ്ങള്‍ മാരേണ്ടതുണ്ട്.

മതങ്ങളും മനുഷ്യനും കൂടി എന്നും രണ്ടാം സ്ഥാനം നല്‍കുന്നത് സ്ത്രീയ്ക്കാണ്. എന്നിട്ടും ആ സ്ത്രീയുടെ സാന്നിധ്യത്തില്‍ സ്വന്തം പൌരുഷത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന പുരുഷന്മാരെയല്ല ആവശ്യം. ക്ഷണിക്കപ്പെടുന്ന വിശിഷ്ട വ്യക്തിയ്ക്ക് വേണ്ടി ഒഴിവാക്കപ്പെടേണ്ട ഒന്നുമല്ല സ്ത്രീ. വേദിയിലെ ഏതൊരു പുരുഷ സാന്നിധ്യവും അസ്വസ്ഥമാക്കാത്ത സ്ത്രീ മനസ്സ് പോലെ ഒന്ന് സ്വന്തമാക്കാന്‍ ശീലിക്കേണ്ടത്‌ പുരുഷനാണ്. അല്ലാതെ സ്വന്തം മനസിന്റെ ചാഞ്ചാട്ടങ്ങള്‍ ഒഴിവാക്കാന്‍ സ്ത്രീയുടെ തലമറയ്ക്കാനും നീളന്‍ കുപ്പായങ്ങളില്‍ ഒളിപ്പിക്കാനും സ്ത്രീയുടെ സാന്നിധ്യം ഒഴിവാക്കാനും ശ്രമിക്കുകയല്ല വേണ്ടത്. ഇനി വരുന്ന ആണ്‍ തലമുറയെയെങ്കിലും പെണ്ണിന് മുന്നില്‍ വാടിവീഴാതെ, ഏതു പെണ്‍സാന്നിധ്യത്തിന് മുന്നിലും താന്‍ പ്രലോഭിപ്പിക്കപെടും എന്ന പേടിയില്ലാതെ ഇടപഴകാന്‍ ധൈര്യമുള്ള രീതിയില്‍ വളര്‍ന്നു വരാന്‍ അവരെ അനുവദിക്കൂ.

(മിഥു ഇസ്രേയലില്‍ ജോലി ചെയ്യുന്നു)

അഴിമുഖം പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം: സ്വാതന്ത്ര്യം എന്തെന്ന് ഞാന്‍ അറിയുന്നുണ്ട്- ഇസ്രായേലില്‍ നിന്നൊരു കുറിപ്പ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories