TopTop
Begin typing your search above and press return to search.

ഫോണ്‍ വിളിയില്‍ തീരില്ല ആറളം ഫാം സമരം; വേണ്ടത് തീരുമാനം ഉടന്‍ നടപ്പാക്കല്‍

ഫോണ്‍ വിളിയില്‍ തീരില്ല ആറളം ഫാം സമരം; വേണ്ടത് തീരുമാനം ഉടന്‍ നടപ്പാക്കല്‍

രാകേഷ് നായര്‍

ആറളം ഫാമില്‍ നടന്നു വരുന്ന തൊഴിലാളി സമരം തുടരും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ആറളത്തെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കാന്‍ തീരുമാനമായെങ്കിലും, ഇതു സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് തങ്ങള്‍ക്ക് കിട്ടിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ട്രേഡ് യൂണിയനുകള്‍. അതേസമയം സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തില്‍ നിന്ന് ഐഎന്‍ടിയുസി വിഭാഗം പിന്മാറുകയും ചെയ്തു. സമരത്തിലൂടെ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഐഎന്‍ടിയുസിയുടെ പിന്മാറ്റമെങ്കിലും സി ഐ ടി യു, എ ഐ ടി യു സി യൂണിയനുകള്‍ സമരവുമായി മുന്നോട്ടു പോവാനുള്ള തീരുമാനത്തിലാണ്. തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് പറയുമ്പോഴും ഇതുസംബന്ധിച്ച് ആറളം ഫാം എം ഡിക്ക് ഒരു ഫോണ്‍ മെസേജ് മാത്രമാണ് കിട്ടിയിരിക്കുന്നത്. രേഖാമൂലമുള്ള ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ ഇത്തരം ഉറപ്പുകള്‍ തന്ന് തൊഴിലാളി വഞ്ചന സര്‍ക്കാര്‍ നടത്തിയിട്ടുള്ളതിനാല്‍ അത്തരത്തില്‍ ഒരു ചതിക്കുഴിയില്‍ വീണ്ടും വീഴാന്‍ തൊഴിലാളികള്‍ തയ്യാറല്ല എന്നതാണ് സമരം തുടരുന്നതിലൂടെ വ്യക്തമാക്കുന്നതെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്.

ആറളത്തെ പ്രശ്‌നങ്ങളെ പറ്റി നിരവധി തവണ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ കാലമിത്രയായിട്ടും അവ നടപ്പാക്കാനായിട്ടില്ല എന്നതാണ് വാസ്തവം. അങ്ങനെയിരിക്കെ ഇന്നലത്തെ മന്ത്രിസഭായോഗത്തിന്റെ ഉറപ്പും ഞങ്ങളെങ്ങനെ വിശ്വസിക്കും? ഫോണിലൂടെ മാത്രമെ തിരുവനന്തപുരത്തു നിന്ന് ബന്ധപ്പെട്ടിട്ടുള്ളൂവെന്നാണ് എം ഡിയും പറയുന്നത്. അതുകേട്ട് സമരം അവസാനിപ്പിച്ചാല്‍ ഞങ്ങളെ അവര്‍ ഒരിക്കല്‍ കൂടി വഞ്ചിക്കുന്നതിനെ അവസരമുണ്ടാക്കൂ; സമരസമതി നേതാവ് ജനാര്‍ദ്ദനന്‍ പറയുന്നു. തീരുമാനങ്ങള്‍ എടുക്കുകയല്ല ഇനി വേണ്ടത്, എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുകയാണ്. ആറളത്തെ ആദിവാസികളടക്കമുള്ള തൊഴിലാളികളുടെ ജീവിതങ്ങളുടെ ദൈന്യത ഇനിയും വാഗ്ദാനങ്ങള്‍ നല്‍കി കൂട്ടരുത്.

ആറളം ഫാമിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍

2006 ലാണ് ആറളം ഫാം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 75000 ഏക്കര്‍ ഉണ്ടായിരുന്ന ഭൂമിയില്‍ 3500 ഏക്കര്‍ പുനരധിവാസ സെറ്റില്‍മെന്റിനായി നീക്കിവച്ചശേഷമുള്ള 4000 ഏക്കറിലാണ് ഫാം. ഫാമിലേക്കായി 630 സ്ഥിരം തൊഴിലാളികളും തുടക്കത്തില്‍ ഉണ്ടായിരുന്നു. ഈ ഫാം സര്‍ക്കാര്‍ ഏറ്റെടുത്തകാലം തൊട്ട് ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യം മറ്റു സര്‍ക്കാര്‍ ഫാമുകളിലെ വേതനം തന്നെ ആറളത്തും നടപ്പാക്കണമെന്നതായിരുന്നു. ഇതിനു വേണ്ടി നിരവധി സമരങ്ങളും നടക്കുകയുണ്ടായി. 2010 ലെ എല്‍ഡിഎഫ് ഗവണ്‍മെന്റാണ് മറ്റു സര്‍ക്കാര്‍ ഫാമുകളിലെ കൂലി തന്നെ ആറളത്തും നടപ്പാക്കിയെങ്കിലും അതില്‍ ചില അപാകതകള്‍ കടന്നുകൂടിയിരുന്നു. 35 വര്‍ഷത്തെ സര്‍വീസ് ഉള്ളവര്‍ക്കും ഒരു വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്കും ഒരേ കൂലി, അതും 2004 ലെ വേതനാടിസ്ഥാനത്തില്‍. ഈ അപാകതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് യൂണിയനുകളുടെ നേതൃത്വത്തില്‍ നിരന്തരമായ ഇടപെടലുകളും സമരങ്ങളും നടക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് വീഴ്ച്ചകള്‍ പരിഹരിച്ചുള്ള കൂലിവ്യവസ്ഥ നടപ്പാക്കാം എന്ന തീരുമാനത്തിലെത്തുന്നത്.

സംസ്ഥാന പട്ടിക വര്‍ഗവികസന വകുപ്പിന്റെ കീഴിലാണ് ആറളം ഫാം. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കൃഷി- വനം വകുപ്പ് മന്ത്രിമാരുമെല്ലാം തിരുവനന്തപുരത്തും കാസര്‍ഗോഡും ആറളത്തുമെല്ലാം ഇരുന്ന് സംയുക്തമായി ചര്‍ച്ചകള്‍ നടത്തി വേതനത്തിന്റെ കാര്യത്തില്‍ ഗ്രേഡ് സംവിധാനമെന്ന തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനം എടുത്തതാണെങ്കിലും അത് നടപ്പാക്കുന്നതില്‍ കാലതാമസം തുടര്‍ന്നു കൊണ്ടേയിരുന്നു. ഇപ്പോഴത്തെ സമരത്തിനും കാരണവും തൊഴിലാളികള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ കഴിയാത്തതു തന്നെ.

പട്ടികവര്‍ഗ പുനരധിവാസ മേഖലയില്‍ 3324 കുടുംബങ്ങള്‍ക്കാണ് ഭൂമി അനുവദിച്ചുകൊടുത്തിരിക്കുന്നത്. ഇവരില്‍ 85 ശതമാനത്തോളം ആളുകളും വളരെ പ്രിമിറ്റീവായ വിഭാഗക്കാരാണ്. ഇവര്‍ പ്രത്യേകമായൊരു തൊഴില്‍ സംസ്‌കാരമൊന്നും ഉള്ളവരല്ല. ഇവര്‍ക്ക് ജീവിക്കാനായി ഒരു തൊഴില്‍ സൗകര്യം നല്‍കുക എന്ന പൊതുപ്രസ്ഥാനങ്ങളുടെയു ട്രേഡ് യൂണിയനുകളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഈകൂട്ടത്തില്‍ നിന്ന് 367 പേരെ ആറളത്തെ ഫാമിലേക്ക് ക്വാഷ്വല്‍ തൊഴിലാളികളായി തെരഞ്ഞെടുക്കുകയുണ്ടായി. ഈ തൊഴിലാളികള്‍ക്ക് ആദിവാസികളെന്ന പരിഗണ നല്‍കി ഇവരില്‍ തുടര്‍ച്ചയായ 240 പ്രവര്‍ത്തിദിവസം തൊഴിലെടുക്കുന്നവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചു. 240 ദിവസം പൂര്‍ത്തിയാകുന്ന ദിവസം ഇവരെ സ്ഥിരപ്പെടുത്താമെന്ന വ്യവസ്ഥയും ഉണ്ടാക്കി. എന്നാല്‍ ഇപ്പോഴുള്ള കാഷ്വല്‍ തൊഴിലാളികളില്‍ ഏതാണ്ട് 54 പേരെ പല കാരണങ്ങള്‍ കൊണ്ട് ജോലിയില്‍ നിന്ന് മാനേജ്‌മെന്റ് പുറത്താക്കുകയും അവരുടെ പേര് രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുകയുമാണ് ഉണ്ടായിരിക്കുന്നത്. അവശേഷിക്കുന്ന 120 ഓളം തൊഴിലാളികള്‍ ഒരു കലണ്ടര്‍വര്‍ഷം തന്നെ രണ്ടോ മൂന്നോ ടേമുകളിലായി 240 പ്രവര്‍ത്തി ദിവസം പൂര്‍ത്തിയാക്കിയെങ്കിലും ഇവരെ ആരെയും സഥിരപ്പെടുത്താനും നീക്കം നടക്കുന്നില്ല.

ആദിവാസികള്‍ക്ക് തൊഴില്‍ നിഷേധിച്ചുകൊണ്ട് അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് ആറളത്തെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍. പുനരധിവസിപ്പിക്കുന്നതിലൂടെ തീരുന്നതല്ല, സര്‍ക്കാരിന്റെ ഉത്തരവാദിത്വം. അവര്‍ക്ക് ജീവിക്കാനാവശ്യമായ ചുറ്റുപാടുകള്‍കൂടി ഒരുക്കി കൊടുക്കേണ്ടതിന്റെ ബാധ്യതയുണ്ട്. എന്നാല്‍ ആറളത്തെ പുനരധിവാസ മേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ ഇപ്പോഴും ഒരു വരുമാനമില്ലാതെ, ജോലിയില്ലാതെ പട്ടിണിയില്‍ കഴിയുകയാണെന്നതാണ് സത്യം. പുനരധിവാസ ഭൂമി ഏറ്റെടുക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ നല്‍കിയിരുന്ന വാഗ്ദാനം ഇവിടെ പുനരധിവസിപ്പുക്കുന്നവര്‍ക്ക് ഫാമില്‍ തൊഴില്‍ നല്‍കുമെന്നായിരുന്നു. തൊഴിലുണ്ടായിരുന്നവരെപ്പോലും പറഞ്ഞുവിടുകയാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാത്രം.

ആറളത്തെ ആദിവാസി ഇപ്പോഴും കണ്ണീരു കുടിച്ചാണ് ജീവിക്കുന്നത്. ആ കണ്ണീര്‍ തുടയ്ക്കാന്‍ ഇനി വേണ്ടത് വാഗ്ദാനങ്ങളല്ല, പ്രവര്‍ത്തികളാണ്. അതിന് സര്‍ക്കാര്‍ തയ്യാറവണം. ഇന്നലെ എടുത്ത മന്ത്രിസഭായോഗ തീരുമാനം എത്രയും വേഗം ആറളത്ത് നടപ്പിലാക്കി മറ്റൊരു വാഗ്ദാനലംഘനത്തിന്റെ കറകൂടി തങ്ങളുടെ ദേഹത്ത് വീഴാനുള്ള സാഹചര്യം മുഖ്യമന്ത്രിയും കൂട്ടരും ഒഴിവാക്കേണ്ടതാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories