TopTop
Begin typing your search above and press return to search.

മലയാളികളുടെ കാവുകളും അമ്മ ദൈവങ്ങളും

മലയാളികളുടെ കാവുകളും അമ്മ ദൈവങ്ങളും

കാര്‍ഷിക സംസ്‌കാരവും അമ്മ ദൈവാരാധനയും ആഴത്തില്‍ വേരൂന്നിയും കെട്ടുപിണഞ്ഞും കിടക്കുന്നു. പ്രാക്തന സമൂഹങ്ങളിലെല്ലാം ഒന്നിനോടൊന്ന് ചേര്‍ന്ന് ഇവ രൂപപ്പെട്ടുവന്നതായി കാണാം. ഭാരതവും കേരളവും ഇതിന് ഒരു തരത്തിലും അപവാദമല്ല. ഭാരതീയ ചിന്ത വേരൂന്നിനില്‍ക്കുന്ന വേദേതിഹാസ സംസ്‌കാരത്തിന്റെ പ്രതിസംസ്‌കാരമായി ആദി സമൂഹങ്ങളില്‍ നിലനില്‍ക്കകയും പിന്നീട് പലതരത്തില്‍ മാറ്റം മറിച്ചിലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ഇടമായി തീരുകയും ചെയ്തതായി അമ്മ ദൈവ സംസ്‌കൃതിയെ സാംസ്‌കാരിക പഠിതാക്കള്‍ വിശദീകരിക്കുന്നുണ്ട്.

ഒട്ടുമിക്ക പ്രാക്തന സമൂഹങ്ങളിലും മാതാവിലൂടെ അവകാശങ്ങളും പാരമ്ബര്യങ്ങളും പിന്‍തുടര്‍ന്നുവന്ന കുടുംബരീതിയാണ് നിലവിലുണ്ടായിരുന്നത്. മാതൃദായത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയിരുന്ന പ്രാക്തന സമൂഹത്തില്‍ സഹജമായ വിശ്വാസധാരയായിരുന്നു അമ്മദൈവത്തില്‍ അധിഷ്ടിതമായത്. ഭാരതത്തിലെ ഓരോ ഗ്രാമത്തിലും എണ്ണിയാലൊടുങ്ങാത്ത വിധം അമ്മ ദൈവാരാധനകള്‍ നിലനില്‍ക്കുന്നു. പ്രാക്തന സമൂഹങ്ങളില്‍ പഠനം നടത്തിയവരൊക്കെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലയാളക്കരയ്ക്കുമുണ്ട് സവിശേഷമായ അമ്മ ദൈവ സങ്കല്പം. പഴയ കാലത്തെ കാര്‍ഷിക ദേവതകളാവണം പില്‍ക്കാല സമൂഹങ്ങളില്‍ വിവിധ പേരുകളിലുള്ള അമ്മ ദൈവങ്ങളായി മാറിയത്.

ആദിമ നിവാസികളില്‍ നിന്നാവണം മറ്റ് സമൂഹങ്ങളിലേക്ക് ഇതെത്തിയത്. ക്ഷേത്രമോ ബിംബമോ ഒന്നും ഇല്ലാതെ കൃഷിയിടങ്ങള്‍ക്കരികിലെ വൃക്ഷച്ഛായകളിലും വള്ളികള്‍ പടര്‍ന്ന മരക്കൂട്ടങ്ങളോ ഒക്കെയായിരുന്നു ഇത്തരം അമ്മ ദൈവങ്ങളുടെ ആസ്ഥാനങ്ങള്‍. അമ്മ ദൈവങ്ങള്‍ ജലവുമായി ബന്ധപ്പെട്ടവരായതിനാലാവണം അവരെ കുളക്കരയിലെ മരച്ചുവടുകളിലോ കുടിയിരുത്തിയിരുന്നത്. ഇത്തരം അമ്മ ദൈവ കേന്ദ്രങ്ങളായ മരക്കൂട്ടങ്ങളെ പൊതുവില്‍ കാവുകള്‍ എന്നു വിളിക്കപ്പെട്ടു. ഇത്തരം കാവുകളില്‍ വിളയാടി നിന്നിരുന്ന ദൈവം കാവിലമ്മ എന്നും അറിയപ്പെട്ടു. കൃഷിയിടങ്ങളിലൊക്കെ ഈ അമ്മ വിളയാടി നില്‍ക്കുന്നതായി പ്രാക്തന സമൂഹങ്ങള്‍ വിശ്വസിച്ചു. ദൈവങ്ങളെ പ്രസാദിപ്പിച്ചു കൊണ്ടായിരുന്നു ഓരോ വട്ടവും കൃഷി ഇറക്കിയിരുന്നത്. വിള മോശമാകുമ്ബോള്‍ അമ്മയുടെ കോപമായി കണക്കാക്കി. മഹാമാരികളെ അമ്മയുടെ വിളയാടലായും എണ്ണി.

പ്രാചീനകാലത്ത് കേരളീയ സമൂഹങ്ങളില്‍ അമ്മ ദേവ വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് കരുതപ്പെടുന്നത്. മറ്റിടങ്ങളില്‍ അത്തരത്തിലായിരുന്നില്ല. ഉത്തര- ദക്ഷിണേന്ത്യകളിലെ രാജാക്കന്മാരുടെ കുടുംബദൈവങ്ങള്‍ അധികമായും പുരുഷദൈവങ്ങളായിരിക്കെ കേരളത്തിലെ നാടുവാഴികളുടെ കുടുംബ ദൈവങ്ങള്‍ അമ്മ ദൈവങ്ങളായിരുന്നുവെന്ന് ഡോ. പി. സോമന്‍ എഴുതിയ 'അമ്മ ദൈവവും സംസ്‌കാരവും' എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നു. കുടുംബങ്ങളുടേയും ബന്ധ രൂപീകരണങ്ങളുടേയും തുടക്കകാലത്ത് അമ്മയെ ആസ്പദമാക്കിയാണ് ഇവിടത്തെ ബന്ധങ്ങള്‍ നിര്‍ണയിക്കപ്പെട്ടിരുന്നത്. മാതൃദായ ക്രമത്തില്‍ വേരുറച്ച കാര്‍ഷിക വൃത്തിയും സമ്ബദ് ഘടനയുമാണ് അതിനു കാരണമായി സാംസ്‌കാരിക ചരിത്രകാരന്മാര്‍ കരുതുന്നത്.

മാതൃദായത്തിലൂന്നിയ കേരളത്തിലെ നാടുവാഴികള്‍ക്ക് അമ്മയും പെങ്ങളും കുടുംബത്തിന്റേയും രാജ്യത്തിന്റേയും ഐശ്വര്യമായിരുന്നു. അത്തരം സമൂഹ്യക്രമത്തില്‍ ആരാധ്യ ദേവത അമ്മയായി തീരുക തികച്ചും സ്വാഭാവികം മാത്രം. കോലത്തിരി രാജാവിന് മാടായിക്കാവിലമ്മയും കോട്ടയം രാജ കുടുംബത്തിന് ശ്രീപോര്‍ക്കിലി ഭഗവതിയും കടത്തനാട്ട് പോളാര്‍തിരിക്ക് ലോകനാര്‍ക്കാവിലമ്മയും വള്ളുവനാട്ട് രാജാക്കന്മാര്‍ക്ക് തിരുമന്ധാം കുന്നലമ്മയും കൊച്ചി രാജാക്കന്മാര്‍ക്ക് പഴയന്നൂര്‍ ഭഗവതിയും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് ആറ്റിങ്ങല്‍ ഭഗവതിയും ഒക്കെയായിരുന്നു കുടുംബ ദേവതാ സങ്കല്‍പ്പങ്ങള്‍. കൂറ്റന്‍ ക്ഷേത്രങ്ങളോ ക്ഷേത്രനാഗരികതകളോ കേരളത്തിലെ നാടുവാഴികള്‍ ഇത്തരത്തിലുള്ള അവരുടെ ദേവതാ സങ്കല്പങ്ങളോട് ചേര്‍ത്ത് അധികമായി നിര്‍മിച്ചതായും കാണുന്നില്ല. പൊതുവില്‍ മനുഷ്യഗൃഹത്തിനപ്പുറമുള്ള ആഡംബരങ്ങള്‍ മേല്‍പ്പറഞ്ഞ ക്ഷേത്രങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും ചരിത്രകാരന്മാര്‍ പറയുന്നു.

ബുദ്ധ ജൈന താന്ത്രിക മതങ്ങളുടേയും വൈഷ്ണവ ശൈവ വിഭാഗങ്ങളുടേയും അധിനിവേശത്തിന് മുന്‍പ് ദക്ഷിണേന്ത്യയില്‍ വ്യാപകമായി നിലനിന്നിരുന്ന അമ്മന്‍ ആരാധനയുടെ ഭാഗമായിരുന്നു കേരളത്തിലെ അമ്മ ദൈവ സങ്കല്പങ്ങളെന്ന് ഡോ. പി. സോമന്‍ വിശദീകരിക്കുന്നുണ്ട്. വിളഭൂമിയുടേയും കുടുംബങ്ങളുടേയും സന്തതി പരമ്ബരകളുടേയും സംരക്ഷകരും ക്ഷേമദാതാക്കളുമായിരുന്നു ഇത്തരം മാതൃദേവതകള്‍. ഈ ദേവതകളെ പലതരം മൂര്‍ത്തികളായി ആരാധിച്ചു. സമൂഹത്തില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആ തൊഴിലുകളുമായി ബന്ധപ്പെടുത്തി അമ്മ ദൈവ സങ്കല്പങ്ങള്‍ രൂപപ്പെടുത്തി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അമ്മയെ അന്നപൂര്‍ണേശ്വരിയായി ആരാധിച്ചപ്പോള്‍, യോദ്ധാക്കളും മറ്റും ശക്തിസ്വരൂപിണായി സ്വന്തം ഉപാസനമൂര്‍ത്തിയാക്കി പോന്നു.

പ്രാക്തന കേരള സമൂഹത്തിലെ കാര്‍ഷിക വ്യവസ്ഥയില്‍ എല്ലാ പ്രവൃത്തികളുടേയും കേന്ദ്രമായി വര്‍ത്തിച്ചിരുന്നത് കാവിലമ്മ എന്ന സങ്കല്പമായിരുന്നു. ഫ്യൂഡല്‍ നാടുവാഴിത്ത സമൂഹത്തില്‍ കരപ്രമാണിമാരുടെ ഭരണത്തിന്റെ അസ്ഥിവാരം കാവിലെ തട്ടകമായി തീര്‍ന്നു. ഒരു കാവിലമ്മയുടെ അധികാരാതിര്‍ത്തിയാണ് തട്ടകം. ആരാധനയുടെ ചുമതലപോലെ തന്നെ നാട്ടുകാര്യവും നിര്‍വഹിച്ചിരുന്നത് തട്ടകത്തിലെ ഊരാളന്മാരായിരുന്നു. പ്രാചീന കാലത്ത് അവര്‍ണ്ണ സമുദായാംഗങ്ങള്‍ പല സുപ്രധാന കാവുകളിലേയും ഊരാളന്മാരായിരുന്നുവെങ്കിലും പോകെപ്പോകെ അത് കരപ്രമാണിമാരായ നായന്മാരുടെ ശിരസ്സിലേക്ക് എത്തി. ഫ്യൂഡല്‍ കുടുംബ വാഴ്ചയുടെ വ്യവസ്ഥയും വ്യവസ്ഥിതിയും അമ്മ ദൈവ വിശ്വാസ ധാരകളിലും കടന്നുവന്നു.

ഒരു ദേശത്തുള്ള കാവിലമ്മമാരുടെ മുഴുവന്‍ നേതൃസ്ഥാനത്ത് പൊതുവായ ഒരു അമ്മ ഉണ്ടായിരുന്നു. ആ അമ്മയെ സംരക്ഷിച്ചിരുന്ന ഒരു മഹാമാതാവും ഉണ്ടായിരുന്നു. ആ മഹാമാതാവിന്റെ തട്ടകത്തിനു കീഴിലാവും മറ്റ് ചെറിയ അമ്മ ദൈവങ്ങള്‍. ഉത്സവ നാളുകളില്‍ തട്ടകത്തമ്മയുടെ കാവുകളിലേക്ക് മറ്റു കാവുകളില്‍ നിന്നും എഴുന്നെള്ളത്തും മറ്റും പതിവായിരുന്നു. മഹാമാതാവിന്റെ ആരാധനാലയം നാടുവാഴിയുടെ അധികാര പരിധിയിലായിരിക്കുകയും അമ്മയെ അയാളുടെ കുടുംബ ദേവതായായി ആരാധിക്കുകയും ചെയ്ത് പോരുക എന്നതായിരുന്നു സബ്രദായം. തിരുമന്ധാം കുന്നിലമ്മയും തിരുവിളയാട്ട് കാവിലമ്മയും ഒക്കെ ഇത്തരം മഹാമാതാക്കളായിരുന്നു.

ആദ്യ കാലത്ത് കാവുകള്‍ ആയിരുന്ന സ്ഥലങ്ങളില്‍ കോവിലുകള്‍ നിര്‍മിച്ചു തുടങ്ങിയത് 12-ാം നൂറ്റാണ്ടോടെയാണെന്നാണ് കരുതപ്പെടുന്നത്. ശൈവ താന്ത്രിക മതങ്ങളുടെ വ്യാപനമാണ് അതിനു പ്രധാന കാരണമായി തീരുന്നതെന്നാണ് പണ്ഡിതമതം. പല കോവിലുകളിലും കല്ലോ വാളോ ആയിരുന്നു അമ്മ ദൈവ പ്രതിഷ്ഠ. പ്രാദേശികവും ഗോത്രപരവുമായ ആരാധന ക്രമങ്ങള്‍ ഇവിടങ്ങളില്‍ കാണാം. അബ്രാഹ്്മണ ആരാധാനാകേന്ദ്രങ്ങളായിരുന്ന ഇത്തരം കാവുകളിലെ പുജാരിമാരെ വെളിച്ചപ്പാടുമാര്‍ എന്നാണ് വിളിക്കുന്നത്. അമ്മദൈവം പുജാരിയിലൂടെ വെളിച്ചപ്പെട്ട് ഗ്രാമജീവിതത്തിനുവേണ്ട അരുളപ്പാടുകള്‍ ചെയ്യുന്നതുകൊണ്ടാണ് അമ്മ ദൈവ പൂജാരികളെ വെളിച്ചപ്പാടുകള്‍ എന്നു വിളിച്ചുപോരുന്നത്.

സ്ത്രീകളെപ്പോലെ മുടി നീട്ടിവളര്‍ത്തുകയും കണ്ണെഴുതി പൊട്ടുതൊടുകയും ഒക്കെ ചെയ്യുന്നവരാണ് വെളിച്ചപ്പാടന്മാര്‍. അമ്മ ദൈവങ്ങളുടെ ആദ്യകാല പൂജാരിമാര്‍ സ്ത്രീകളായിരുന്നുവെന്ന് അനുമാനിക്കാന്‍ ഉതകുന്നവയാണ് അവരുടെ വേഷവിധാനങ്ങള്‍. മലബാറില്‍ പല ഇടങ്ങളിലൂം സ്ത്രീകളിലൂടെ വെളിച്ചപ്പെടുന്ന രീതി പല കാവുകളിലും ഇപ്പോഴും നിലനില്‍ക്കുന്നു.

(അവലംബം

1. Oh Terrifying Mother: Sexuality, Violence and Worship of the Goddess Kali, Sarah Caldwell, Oxford University Prsse

2. അമ്മദൈവവും സംസ്‌കാരവും, ഡോ. പി. സോമന്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം

3. മലയാള സംസ്‌കാരം കാഴ്ചയും കാഴ്ചപ്പാടും, ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം)


Next Story

Related Stories