TopTop
Begin typing your search above and press return to search.

പൊണ്ണത്തടി സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിപ്പിക്കുമെന്ന് പഠനം

പൊണ്ണത്തടി സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിപ്പിക്കുമെന്ന് പഠനം

പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹം വരാന്‍ പുരുഷന്മാരേക്കാള്‍ സാധ്യതയെന്ന് പഠനം. ഓക്‌സഫഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വരുംകാലത്ത് മനുഷ്യര്‍ മരിക്കുക ആഹാരം കിട്ടത്തതിനേക്കാള്‍ കഴിച്ച ഭക്ഷണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മൂലമായിരിക്കുമെന്ന് ഹോമോ ഡ്യുവോസ് എന്ന പുസ്തകത്തില്‍ ചരിത്രകാരനായ യുവാല്‍ നോവ ഹരാരി പറയുന്നുണ്ട്. 2030 ആകുന്നതോടെ ലോകജനസംഖ്യയുടെ പാതിയോളം പൊണ്ണത്തടിയുള്ളവരായി തീരും. 2010ല്‍ പട്ടിണിയും പോഷകക്കുറവും മൂലം ഒരു മില്യണ്‍ ആളുകള്‍ മരിച്ചപ്പോള്‍ പൊണ്ണത്തടിയുണ്ടാക്കിയ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരിച്ചത് മൂന്നു മില്യണ്‍ ആള്‍ക്കാരായിരുന്നുവെന്നും ഹരാരി ചൂണ്ടിക്കാണിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഓക്‌സ്ഫഡ് സര്‍വകലാശാല നടത്തിയ പഠനം കൂടുതല്‍ പ്രസക്തമാകുന്നത്. ലോകത്താകമാനം പൊണ്ണത്തടിക്കാരുടെ എണ്ണം ഭീതിദമായി വര്‍ധിച്ചുവരുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. വരുംകാലത്ത് മനുഷ്യരെ കൂടുതലായും മരണത്തിലേക്ക് നയിക്കുന്ന രോഗാവസ്ഥകളിലെത്തിക്കുന്നതും പൊണ്ണത്തടി ആയിരിക്കും. കാന്‍സര്‍, വിവിധങ്ങളായ ഹൃദയരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളാണ് പൊണ്ണത്തടി പ്രധാനമായും വരുത്തിവെയ്ക്കുക.

എന്നാല്‍ പൊണ്ണത്തടി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തങ്ങളായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. സ്ത്രീകളില്‍ ടൈപ്പ് 2 ഡയബറ്റസിനുള്ള സാധ്യത പൊണ്ണത്തടി വര്‍ധിപ്പിക്കുമ്ബോള്‍ പുരുഷന്മാരില്‍ പൊണ്ണത്തടി മൂലം വര്‍ധിച്ച്‌ വരുന്നത് ശ്വസകോശ രോഗങ്ങളും വൃക്കരോഗങ്ങളും ഒക്കെയാണ്. ഇത് കണക്കിലെടുത്തുള്ള നടപടികള്‍ ആരോഗ്യവിദഗ്ദ്ധരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നു.

ഡോ. ജെനി സെന്‍സിനിന്റെ നേതൃത്വത്തില്‍ 228,466 സ്ത്രീകളിലും 195,041 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. 337 വ്യത്യസ്ത ജനിതക ഘടനയുള്ളവരെ തെരഞ്ഞെടുത്ത് സവിശേഷ സ്ത്രീ പുരുഷ ജനതിക റിസ്‌ക് സ്‌കോറുകള്‍ രേഖപ്പെടുത്തിയായിരുന്നു പഠനം. കൂടുതല്‍ ശരീരഭാരമുള്ളവര്‍ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എത്രമാത്രം ഭീതിദമാണെന്ന് പഠനത്തില്‍ നിന്നും വ്യക്തമായതായി ഡോ. ജെനി സെന്‍സിന്‍ പറയുന്നു. പൊണ്ണത്തടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യ ആസൂത്രണത്തില്‍ പ്രധാന സ്ഥാനം കൈവന്നുകഴിഞ്ഞുവെന്നും പഠിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. പഠനത്തിന്റെ വിശദാംശങ്ങള്‍ https://journals.plos.org/ എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Next Story

Related Stories