TopTop
Begin typing your search above and press return to search.

സിബിഎല്ലിലൂടെ 27 വര്‍ഷത്തിനു ശേഷം വള്ളംകളിക്കൊരുങ്ങി മറൈന്‍ ഡ്രൈവ്

സിബിഎല്ലിലൂടെ 27 വര്‍ഷത്തിനു ശേഷം വള്ളംകളിക്കൊരുങ്ങി മറൈന്‍ ഡ്രൈവ്

ടൂറിസം വകുപ്പിന്റെ ചാമ്ബ്യന്‍സ് ബോട്ട് ലീഗിലൂടെ (സിബിഎല്‍) നീണ്ട 27 വര്‍ഷത്തിനു ശേഷം കൊച്ചി മറൈന്‍ഡ്രൈവ് ചുണ്ടന്‍ വള്ളംകളിയ്ക്ക് വേദിയാകുന്നു. ശനിയാഴ്ച ഗോശ്രീ പാലത്തിനും മറൈന്‍ഡ്രൈവ് ജെട്ടിക്കും ഇടയിലുള്ള 960 മീറ്ററിലാണ് മത്സരങ്ങള്‍ നടക്കുക. ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ ഏര്‍പ്പെടുത്തിയ വള്ളംകളിയുടെ അഞ്ചാമത് മത്സരമാണ് കൊച്ചിയിലെ മണ്‍മറഞ്ഞ ഇന്ദിരാഗാന്ധി വള്ളംകളിയുടെ മടങ്ങിവരവിന് കാരണമായത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണാര്‍ത്ഥമാണ് മറൈന്‍ഡ്രൈവില്‍ വള്ളംകളിയാരംഭിച്ചത്. പ്രധാനമന്ത്രിയായിരിക്കെ രാജീവ്ഗാന്ധിയും ഒപ്പം ഭാര്യ സോണിയാഗാന്ധിയും മറൈന്‍ഡ്രൈവിലെ വള്ളംകളി കാണാനെത്തിയത് ഇന്നും കേരളം കൗതുകത്തോടെയാണ് ഓര്‍ക്കുന്നത്. കേരളീയവേഷത്തില്‍ മുണ്ടും വേഷ്ടിയും സെറ്റുമുണ്ടുമണിഞ്ഞ രാജീവ് ദമ്ബതികളുടെ ചിത്രം അന്നത്തെ വള്ളംകളിയുടെ മുഖമുദ്രയായി മാറിയിരുന്നു.

1992-ലാണ് അവസാനമായി മറൈന്‍ഡ്രൈവില്‍ ചുണ്ടന്‍ വള്ളംകളി നടന്നത്. കൊച്ചി നഗരപ്രാന്തങ്ങളില്‍ പ്രാദേശിക മത്സരങ്ങളുണ്ടെങ്കിലും നഗരത്തിന്റെ ഹൃദയഭാഗത്തെ മത്സരം കാണികള്‍ക്ക് അന്യമായി നിന്നു. വള്ളംകളികളെ പുനരുജ്ജീവിപ്പിച്ച്‌ പാരമ്ബര്യം നിലനിറുത്തി വാണിജ്യപരമായി വിജയപ്പിക്കാനാകുമെന്നാണ് സിബിഎല്‍ തെളിയിക്കുന്നതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. അങ്ങേയറ്റം പ്രഫഷണലിസത്തോടെയാണ് ടീമുകള്‍ സിബിഎല്ലിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു.

സെക്കന്‍ഡുകളുടെ സൂക്ഷാംശത്തിലാണ് പല മത്സരങ്ങളുടെയും ഫലം നിര്‍ണയിക്കപ്പെടുന്നതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ കരുവാറ്റയിലും പിറവത്തുമെല്ലാം മത്സരം കടുത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിറവത്തെ കൂടാതെ ചമ്ബക്കുളം, ഗോതുരുത്ത്, പൂത്തോട്ട തുടങ്ങിയ പ്രാദേശിക വള്ളംകളികള്‍ എറണാകുളം ജില്ലയുടെ പാരമ്ബര്യത്തിന്റെ ഭാഗമാണെന്ന് കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ. രാജ്കുമാര്‍ പറഞ്ഞു. ഇരുട്ടുകുത്തി, വെപ്പ് തുടങ്ങിയ വള്ളങ്ങളാണ് ഇവിടങ്ങില്‍ മത്സരത്തിനിറങ്ങുന്നത്. എന്നാല്‍ ചുണ്ടന്‍വള്ളങ്ങളുടെ വരവ് മറൈന്‍ഡ്രൈവില്‍ പുതിയ ആവേശം സൃഷ്ടിക്കും. ചെറുവള്ളങ്ങളുടെയും കയാക്കുകളുടെയും മത്സരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മറൈന്‍ഡ്രൈവ് വാക്ക്വേയിലും ജങ്കാറുകളിലും വള്ളംകളി കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.വള്ളംകളിക്കിടെ വിനോദപരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ബാന്‍ഡായ അവിയലിന്റെ സംഗീതപരിപാടി, ചവിട്ടുനാടകം, മോഹിനിയാട്ടം, കഥകളി, വേലകളി എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 31 ന് നെഹ്റു ട്രോഫി വള്ളം കളിക്കൊപ്പമാണ് സിബിഎല്ലിന് തുടക്കമായത്. കൊച്ചിയിലേത് കൂടാതെ കോട്ടപ്പുറം, തൃശൂര്‍ (ഒക്ടോബര്‍ 12), പൊന്നാനി, മലപ്പുറം (ഒക്ടോബര്‍ 19), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 26), പുളിങ്കുന്ന്, ആലപ്പുഴ (നവംബര്‍ 2), കായംകുളം, ആലപ്പുഴ (നവംബര്‍ 9), കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്റ്സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭിക്കും. കൂടാതെ മത്സരവേദികളില്‍ 20 ടിക്കറ്റ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 200 രൂപ മുതല്‍ 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍.സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ്, ഏഷ്യാനെറ്റ് വേള്‍ഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്സ്റ്റാര്‍, എന്നീ ചാനലുകളില്‍ വൈകീട്ട് നാലു മുതല്‍ അഞ്ച് വരെ മത്സരങ്ങള്‍ തത്സമയം കാണാം ഇടിവി ആന്ധ്രാപ്രദേശ്, ഇടിവി തെലങ്കാന എന്നീ ചാനലുകളില്‍ റെക്കോര്‍ഡ് ചെയ്ത സംപ്രേഷണവുമുണ്ടാകും. മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച ഉച്ചയ്്ക്കു 12നും വൈകിട്ട് ഏഴിനും ഇടയില്‍ മേഖലയില്‍ ജലഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

Next Story

Related Stories