UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 10 കോടി; ഈ സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്

കാസര്‍ഗോഡ്‌ ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കായി പത്തുകോടി രൂപ അനുവദിച്ചു. നിരന്തമായ സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കഴിഞ്ഞ സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ടി 10 കോടി മാറ്റി വെച്ചിരുന്നു എങ്കിലും ആ തുക കൃത്യ സമയത്ത് കൊടുക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ആദ്യം ചെയ്ത നടപടികളില്‍ ഒന്ന് ദുരിത ബാധിതരെ ചികിത്സിച്ച മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കാന്‍ ഉണ്ടായിരുന്ന ബാക്കി മൂന്നു കോടി രൂപ ബാധ്യത തീര്‍ക്കുക എന്നതായിരുന്നു. ഇതിനു പുറമെയാണ് ആദ്യ ബജറ്റിലെ 10 കോടി വകയിരുത്തല്‍. ബാധിതര്‍ക്ക് ഈ നടപടികള്‍ ചെറുതായെങ്കിലും ആശ്വാസം പകരുന്നതാണ്. കൃത്യമായ വിശകലനങ്ങൾ   നടത്തിയാല്‍ ഇത്രയും തുക മതിയാകുമോ എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. എൻഡോസൾഫാൻ സമര സമിതി നേതാവും എഴുത്തുകാരനുമായ അംബികാസുതൻ മങ്ങാട് പ്രതികരിക്കുന്നു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ എൻഡോസൾഫാൻ ഇരകൾക്ക് 10 കോടി രൂപ മാറ്റി വച്ചത് ആശ്വാസം നൽകുന്ന ഒന്നാണ്. എൻഡോസൾഫാൻ ഇരകളെ ചികിൽസിച്ച മെഡിക്കൽ കോളേജുകൾക്ക്  കഴിഞ്ഞ സർക്കാർ നൽകാതിരുന്ന മൂന്നു കോടി പിണറായി സർക്കാർ അധികാരമേറ്റ ഉടനെ തന്നെ കൊടുത്തു തീർത്തിരുന്നു.ഇതൊരു പ്രതീക്ഷയാണ്, കഴിഞ്ഞ സർക്കാറിന്റെ  4 ബജറ്റുകളിലും എൻഡോസൾഫാൻ ഇരകൾക്ക് ഒന്നും നൽകിയിരുന്നില്ല. അവസാന ബജറ്റിൽ  മാത്രമാണ്  യു.ഡി.എഫ് സർക്കാർ 10 കോടി രൂപ മാറ്റി വച്ചത്.

ഇരകൾക്ക് ഇത് മാത്രം നൽകിയാൽ പോരാ. പക്ഷേ യു.ഡി.എഫ് സർക്കാർ പരിഗണികാത്തത് ആദ്യ ബജറ്റില്‍ തന്നെ എൽ.ഡി.എഫ് സർക്കാർ നീക്കിവച്ചതിനെ സ്വാഗതം ചെയ്യുന്നു.അടുത്ത ബജറ്റിൽ കൂടുതൽ പരിഗണിക്കും എന്ന് പ്രതീക്ഷയുണ്ട്. എൻഡോസൾഫാൻ ദുരന്ത മുന്നണി നിരവധി കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കട ബാധ്യതകൾ തീർക്കണം,ചികിത്സാ സൗകര്യം ഉറപ്പാക്കണം,നിലച്ചു പോയ മരുന്നു വിതരണവും മെഡിക്കൽ ടീമിനെയും ശരിയായ രീതിയിൽ കൊണ്ടുവരണം.

ബജറ്റിലൂടെ മാത്രമല്ല,അല്ലാതെയും സർക്കാരിന് എൻഡോസൾഫാൻ ഇരകൾക്ക് പലതും ചെയ്യാൻ സാധിക്കും.നബാർഡ് പദ്ധതി പ്രകാരം ബഡ്സ് സ്കൂളുകളുടെ കെട്ടിടത്തിന് പണം പാസ്സായിട്ട് മൂന്നു വർഷമായി. ഇതുവരെ കെട്ടിടം കിട്ടിയിട്ടില്ല. ഇതേ സ്ഥിതിയാണ് കാസർഗോഡ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടിട്ട് മൂന്നു വർഷമായി. പക്ഷേ ഇതുവരെ യാഥാർഥ്യമായിട്ടില്ല. അതൊക്കെ ഇനിയുള്ള സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് . കാരണം, മന്ത്രിസഭയിൽ ഉള്ളവർ ഈ പ്രദേശത്ത് നിന്നുള്ളവരാണ്, ഇവിടത്തെ സാഹചര്യം നന്നായിട്ട്  അറിയുന്നവരുമാണ്. തിരുവനന്തപുരത്ത് സമരപന്തലിൽ വന്നു സഹായിച്ചവരാണ്. അതുകൊണ്ട് തന്നെ ഇനിയും നല്ല പ്രതീക്ഷയുണ്ട്

അഴിമുഖം ഡെസ്ക്

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനി നിതിന്‍ അംബുജന്‍ അംബികാസുതന്‍ മാങ്ങാടുമായി സംസാരിച്ച് തയ്യാറാക്കിയത്) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍