TopTop
Begin typing your search above and press return to search.

അതേ സൈക്കോപാത്തുകള്‍, അതേ വഴികള്‍; 10 കല്‍പനകള്‍ രസിപ്പിക്കുന്നത് ആരെ?

അതേ സൈക്കോപാത്തുകള്‍, അതേ വഴികള്‍; 10 കല്‍പനകള്‍ രസിപ്പിക്കുന്നത് ആരെ?

പ്രശസ്ത എഡിറ്റര്‍ ഡോണ്‍ മാക്‌സിന്റെ കന്നി സംവിധാന സംരംഭമാണ് പത്തു കല്‍പനകള്‍. ഒരിടവേളക്ക് ശേഷം മീര ജാസ്മിന്‍ കാമറക്കു മുന്നിലേക്ക് തിരികെ വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. അനൂപ് മേനോന്‍, കനിഹ, ബോളിവുഡ് താരങ്ങളായ ഹൃതിക, പ്രശാന്ത് നാരായണ്‍ തുടങ്ങിയ താരനിരയാണു സിനിമയിലുള്ളത്.

ഷാസിയ അക്ബര്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥയായാണ് മീരാ ജാസ്മിന്‍ സ്‌ക്രീനില്‍ എത്തുന്നത്. ഷാസിയ തന്റെ അന്വേഷണ ജീവിതത്തിലെ വിചിത്രമായ ഒരു കേസിന്റെ ഓര്‍മ ട്രെയിനിങ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പങ്കു വയ്ക്കുന്നു. വിക്ടര്‍ എന്ന സൈക്കോപാത്ത് നടത്തിയ തെളിവില്ലാത്ത നാലു കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയാണത്. ആ കേസന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് തന്നെ വ്യക്തിപരമായും തൊഴില്‍പരമായും പിടിച്ചു കുലുക്കിയ എയ്ഞ്ചല്‍ വധക്കേസ് സംബന്ധിച്ച ഒരു ലീഡ് അവര്‍ക്കു ലഭിക്കുന്നത്. എയ്ഞ്ചല്‍ (ഹൃതിക) ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആയിരുന്നു. അച്ഛന്‍ മരിച്ചുപോയ അവളെ സ്വന്തം മകളെപോലെയാണ് ഡേവിസും (അനൂപ് മേനോന്‍ ), ഭാര്യയും (കനിഹ) കാണുന്നത്. അവളുടെ കൊലപാതകവും ഡേവിസും ഷാസിയയും ക്രിമിനലായ വിക്ടറും ഒക്കെ കടന്നു പോകുന്ന വിചിത്രവും അപ്രതീക്ഷിതവുമായ അനുഭവങ്ങളിലൂടെയാണ് പിന്നീട് പത്തു കല്‍പനകള്‍ വികസിക്കുന്നത്.

ബൈബിളിലെ പത്തു കല്‍പനകള്‍ അനുസരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നതെന്നാണ് അവകാശ വാദം. അത്ര വിജയകരമല്ലെങ്കിലും ഇവയോടൊക്കെ ചേര്‍ന്നു നിന്ന് ടൈറ്റിലിനോട് ഒരു പരിധി വരെ നീതി പുലര്‍ത്താന്‍ സിനിമ ശ്രമിക്കുന്നുണ്ട്. ഉപയോഗിച്ച നിറങ്ങളും, മലയോര പ്രദേശത്തിന്റെ ദുരൂഹത നിറഞ്ഞ സൗന്ദര്യവുമെല്ലാം തുടക്കത്തില്‍ ഒരു ഡാര്‍ക്ക് സ്‌റ്റോറിക്കു വേണ്ട അന്തരീക്ഷമൊരുക്കുന്നു. ഒരു കേസിന്റെ തന്നെ നാല് ഘട്ടങ്ങളിലൂടെ വികസിക്കുന്ന കഥ പുതുമയുണ്ടാക്കുന്നുണ്ട്.

ഒരു ത്രില്ലര്‍ എന്ന അവകാശവാദത്തെ സിനിമ എത്ര കണ്ടു സാധൂകരിക്കുന്നു എന്നു സംശയമാണ്. വല്ലാതെ ഇഴയുന്ന, ഇടയ്ക്കു ബോറടിപ്പിക്കുന്ന ഒരു നരേറ്റീവ് ശൈലിയാണ് സിനിമയ്ക്കുള്ളത്.

ദുഷ്മനിലെ അശുതോഷ് റാണയുടെ പ്രശസ്തമായ കഥാപാത്രത്തെ വളരെ അധികം അനുകരിച്ചു സൃഷ്ടിച്ച കഥാപാത്രമാണ് വിക്ടറിന്റേത്. നടനും അതെ ശരീര ചലനങ്ങള്‍ അറിഞ്ഞോ അറിയാതെയോ അനുകരിക്കുനനതായി തോന്നി. കൊലപാതകത്തിന്റെ പാറ്റേണ്‍, കഥാഗതിയുടെ വളര്‍ച്ച ഒക്കെ പലപ്പോഴും ദുഷ്മനെ ഓര്‍മ്മിപ്പിച്ചു. ഡബ്ബിങ്ങില്‍ വന്ന പാകപ്പിഴകള്‍ സുഖകരമായ കാഴ്ചയെ ഇടയ്ക്കിടയ്ക്ക് അലോസരപ്പെടുത്തി. പലപ്പോഴും ഊഹിക്കാവുന്ന തരത്തിലായിരുന്നു സംഭാഷണങ്ങള്‍.കോടതി തെളിവ് തുടങ്ങിയ വിഷയങ്ങളില്‍ സിനിമ പറയുന്ന വിശദീകരണങ്ങള്‍ പലകുറി ആവര്‍ത്തിക്കപ്പെട്ട ക്ലീഷേകളായി. ബലാല്‍ഭോഗം ഒറ്റപ്പെട്ട സൈക്കോപാത്തുകളുടെ മാനസിക വ്യാപാരങ്ങളുടെ പ്രശ്‌നമാണെന്ന് സിനിമ ചുരുക്കുന്നു.

കഥയുടെ അവസാനം കുറേ സ്ത്രീകളുടെ ചെറിയ ബൈറ്റുകള്‍ കാണിക്കുന്നുണ്ട്. ഒരേ മോഡിലുളള മുന്‍കൂട്ടി എഴുതപ്പെട്ട തിരക്കഥ പോലെ തോന്നിപ്പിക്കുന്നവ ആയിരുന്നു അവയെല്ലാം. വയലന്‍സിന്റെ ദൃശ്യത എത്രത്തോളം ആവാം എന്ന ആശയക്കുഴപ്പം പലപ്പോഴും അണിയറ പ്രവര്‍ത്തകരെ അലട്ടും പോലെ തോന്നി. സിനിമയുടെ മൂഡിനോട് ചേര്‍ന്ന് നില്‍ക്കാനാണ് കാരക്റ്റര്‍ ഇന്‍ട്രോകള്‍ പാട്ടിലൂടെ നടത്തിയത്. അത് പ്രേക്ഷകരിലേക്ക് എത്രത്തോളം എത്തി എന്നു സംശയമാണ്. പശ്ചാത്തല സംഗീതവും ചില സമയങ്ങളില്‍ അലോസരമുണ്ടാക്കി. അഭിനേതാക്കള്‍ എല്ലാവരും ശരാശരി പ്രകടനം നടത്തി.

ത്രില്ലര്‍ സിനിമകള്‍ എത്തരത്തില്‍ ആയിരിക്കണമെന്ന് സംബന്ധിച്ച് ഒരുപാട് ആശയക്കുഴപ്പങ്ങള്‍ നിലവിലുണ്ട്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാണ് എന്നതാണ് ജനകീയമായ നിര്‍വചനം. പുതിയ സങ്കേതങ്ങളുപയോഗിച്ച് അതിന്റെ പൊതുബോധ്യത്തെ മറിച്ചിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനു രണ്ടിനുമിടയില്‍ എവിടെയോ ശ്വാസം മുട്ടി കുരുങ്ങികിടക്കുന്നു 10 കല്‍പനകളും, ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഡോണ്‍മാക്‌സും!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories