TopTop
Begin typing your search above and press return to search.

മദ്യലഹരിയും അമിതവേഗതയും; നഷ്ടപ്പെടുന്നത് രമ്യമാരുടെ ജീവിതമാണ്

മദ്യലഹരിയും അമിതവേഗതയും; നഷ്ടപ്പെടുന്നത് രമ്യമാരുടെ ജീവിതമാണ്

അഴിമുഖം പ്രതിനിധി

മദ്യലഹരിയും അമിതവേഗതയും കൊണ്ട് നിരത്തുകള്‍ കൊലക്കളമാക്കുന്ന കൗമാരക്കാര്‍ ഒരു പിഞ്ചു പെണ്‍കുട്ടിയുടെ കൂടി ജീവനെടുത്തു. ഈ മാസം ആദ്യം ഹൈദരാബാദിലാണ് ഇതേ രീതിയിലുള്ള മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന മറ്റൊരു അപകടം നടന്നത്. മദ്യലഹരിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തുവയസുകാരി രമ്യ ഇന്നലെ മരണത്തിനു കീഴടങ്ങി. അപകടത്തില്‍ രമ്യയുടെ അമ്മയുടെ സഹോദരരന്‍ രാജേഷ്(35) അപകടം നടന്നസ്ഥലത്തു തന്നെ മരിച്ചിരുന്നു. രമ്യയുടെ അമ്മ രാധികയും ഇവരുടെ മറ്റൊരു സഹോദരനും മുത്തശ്ശനും ഗുരുതര പരിക്കുകളോടെ മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുകയാണ്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശ്രാവിള്‍ (20 വയസ്) ഓടിച്ചിരുന്ന കാര്‍ ബഞ്ജാരോ ഹില്‍സിനു സമീപം രമ്യയുടെ കൂടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സിനിമ കണാന്‍ ടിക്കറ്റ് കിട്ടാത്തതിന്റെ വിഷമത്തില്‍ സമീപത്തുള്ള ഒരു ലോക്കല്‍ ബാറില്‍ നിന്നും നന്നായി മദ്യപിച്ച ശ്രാവിളും സുഹൃത്തുക്കളും മദ്യപാനത്തിനുശേഷം അമിതവേഗതയിലാണ് കാറോടിച്ചിരുന്നത്. വണ്ടിയോടിച്ചിരുന്ന ശ്രാവിളിനെ കൂടാതെ അയാളുടെ അഞ്ചുസുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ശ്രാവിളിന് ലൈസന്‍സ് ഇല്ല. പിതാവിന്റെ സുഹൃത്തുക്കളിലൊരാളുടെതായിരുന്നു കാര്‍ എന്ന് പൊലീസ് പറയുന്നു.

പുതിയ സ്‌കൂളിലെ ആദ്യദിവസത്തെ പഠനത്തിനുശേഷം രമ്യയെ കൂട്ടിക്കൊണ്ടുപോകാനാണ് അവളുടെ കുടുംബം എത്തിയത്. രാജേഷ് ഒരാഴ്ചയ്ക്കുശേഷം അമേരിക്കയിലേക്കു പോകാന്‍ തയ്യാറെടുക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പുറത്തേക്കു തെറിച്ചു വീണ രമ്യ കാറുകള്‍ക്കിടയില്‍പ്പെട്ട് അമര്‍ന്നുപോയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടിയെ ജീവിതത്തിലേത്ത് തിരിച്ചു കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും ഡോക്ടര്‍മാര്‍ ചെയ്തിരുന്നു. പക്ഷേ അപകടം നടപ്പോള്‍ തന്നെ ഉണ്ടായ മസ്തിഷ്‌കത്തിലെ കടുത്ത രക്തസ്രാവം തടയാനാവാതിരുന്നതിനെ തുടര്‍ന്ന് ഏവരുടെയും പ്രാര്‍ത്ഥനകള്‍ നിഷ്ഫലമാക്കി രമ്യ ഇന്ന് ലോകത്തോട് യാത്ര പറഞ്ഞു.

അതേസമയം മൂന്നുപേരുടെ മരണത്തിന് കാരണമായ ശ്രാവിളിനെതിരെ മനഃപൂര്‍വമല്ലാത്ത കൊലക്കുറ്റത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരമൊരു അപകടം നടന്നശേഷം അധികാരികളുടെ ഭാഗത്തു നിന്നും ഒരന്വേഷണം ഇതെക്കുറിച്ച് ഞങ്ങളോട് നടത്തിയിട്ടില്ലെന്നാണ് മരിച്ച രാജേഷിന്റെ ഭാര്യാപിതാവ് പറയുന്നത്.

ഈ വര്‍ഷം തന്നെ ഡല്‍ഹിയിലും ഹരിയാനയിലും മറ്റുമായി ഇതേ പോലെ മദ്യലഹരിയില്‍ വാഹനമോടിച്ചു കൗമരാക്കാര്‍ ഉണ്ടാക്കിയ നിരവധി അപകടങ്ങള്‍ നടന്നിരുന്നു. ഇതിലൊക്കെ മനുഷ്യജീവനുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. പലപ്പോഴും രാഷ്ട്രീയനേതാക്കന്‍മാരുടെയും ബിസിനസുകാരുടെയും മക്കളായിരിക്കും അപകടത്തിന് ഉത്തരവാദികള്‍. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മാത്രം കേസ് ചാര്‍ജ് ചെയ്ത് ജാമ്യത്തില്‍ വിടുകയാണ് പൊലീസ് ചെയ്യുന്നത്. വലിയ വാര്‍ത്തകള്‍ പോലുമാകാതെ ഇത്തരം അപകടങ്ങള്‍ തേഞ്ഞുമാഞ്ഞുപോവുകയും ചെയ്യുന്നു. കേരളത്തില്‍ ഈയടുത്താണ് പൊലീസ് ട്രെയിനിംഗ് അക്കാഡമിയിലെ ഐ ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്.

അധികാരവും സ്വാധീനവുമുള്ളവരുടെ മക്കള്‍ തന്നെയാണ് നിയമം കൈയിലെടുത്ത് റോഡുകള്‍ കൊലക്കളമാകുന്നത്. അവിടെ ഇല്ലാതാകുന്നത് രമ്യയെപോലുള്ളവരുടെ ജീവിതസ്വപ്‌നങ്ങളാണ്.


Next Story

Related Stories