TopTop
Begin typing your search above and press return to search.

ടൊറന്റോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന 12 ഇന്ത്യന്‍ ചിത്രങ്ങള്‍

ടൊറന്റോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന 12 ഇന്ത്യന്‍ ചിത്രങ്ങള്‍

അഴിമുഖം പ്രതിനിധി

40 വര്‍ഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ ( ടി ഐ എഫ് എഫ്). ലോകസിനിമകളുടെ പ്രദര്‍ശനങ്ങളിലൂടെ ചലച്ചിത്രാസ്വാദകരുടെയും നിരൂപകരുടെയും ആദരവു പിടിച്ചെടുത്ത ഈ മേളയില്‍ നിരവധി ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളും വലിയ സ്വീകാര്യതയോടെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.

സെപ്തംബര്‍ 8 ന് ആരംഭിച്ചു 16 വരെ നീളുന്ന ഇത്തവണത്തെ ടിഫ്ഫില്‍ ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് കൂടുതല്‍ പ്രത്യേകതകളുണ്ട്. വിവിധ വിഭാഗങ്ങളലായി 12 ചിത്രങ്ങളാണ് ഇന്ത്യയില്‍ നിന്നും ടി ഐ എഫ് എഫില്‍ എത്തിയിരിക്കുന്നത് (ഇന്ത്യ ഭാഷ സിനിമകളും ഇന്ത്യക്കാരായ സംവിധായകര്‍ ചെയ്ത ചിത്രങ്ങളും ഇന്ത്യയെ കുറിച്ചുള്ള ചിത്രങ്ങളും അടക്കം) മലയാളത്തില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'പിന്നെയും' എന്ന ചിത്രവും മേളയുടെ ഭാഗമായത് മലയാളികള്‍ക്ക് പ്രത്യേക ആദരമാകുന്നു.

വിവിധ വിഭഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളെ കുറിച്ച്

TIFF Masters

അനാട്ടമി ഓഫ് വയലന്‍സ്- സംവിധാനം: ദീപ മേത്ത
(Canada-India-93'-World Premiere-2016-Colour-Hindi)അന്താരാഷ്ട്ര പ്രശസ്തയായ ഇന്ത്യന്‍ സംവിധായിക ദീപ മേത്ത സംവിധാനം ചെയ്ത ചിത്രമാണ് അനാട്ടമി ഓഫ് വയലന്‍സ്. 2012 ല്‍ നടന്ന ഡല്‍ഹി കൂട്ടബലാത്സംഗം പശ്ചാത്തലമാക്കിയാണ് ചിത്രം. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമണമാണ് ചിത്രത്തിലൂടെ സംവിധായിക പറയുന്നത്.

പിന്നെയും-സംവിധാനം: അടൂര്‍ ഗോപാലകൃഷ്ണന്‍
(India-121'-World Premiere-2016-Colour-Malayalam)

16 തവണ ദേശീയ അവാര്‍ഡ് നേടിയ അടൂര്‍ ഗോപാലകൃഷ്ണന്‍ 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരുക്കിയ ചിത്രം. മധ്യവര്‍ഗ കുടുംബത്തിലെ സാമ്പത്തിക അരക്ഷിതാവസ്ഥയും അതിന്റെ ഭാരം ചുമക്കേണ്ടി വരുന്ന കുടുംബനാഥന്റെയും കഥ പറയുന്നു. പ്രണയത്തിന്റെ ഹൃദയഹാരിയായ രൂപഭേദവും ഈ അടൂര്‍ ചിത്രത്തില്‍ കാണാം.

ദി ബെയ്റ്റ്- സംവിധാനം: ബുദ്ധദേബ് ദാസ് ഗുപ്ത
(India-88'-World Premiere-2016-Bengali- Hindi)ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയനായ ബുദ്ധദേബ് ദാസ് ഗുപ്തയുടെ ചിത്രം. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിതം വെളിപ്പെടുത്തുന്ന സിനിമയാണ് ദി ബെയ്റ്റ്. ഇന്ത്യന്‍ സമൂഹത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധായകന്‍ എന്ന നിലയില്‍ ഗുപ്തയുടെ ഈ ചിത്രവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

ദേവ് ഭൂമി- സംവിധാനം: ഗോരന്‍ പാസ്‌കല്‍ജെവിക്
(India-Serbia-92'-World Premiere-2016-Colour-Hindi-English)

40 വര്‍ഷത്തെ അലച്ചിലിനുശേഷം ഹിമാലയന്‍ താഴ്‌വരയിലെ ഒറ്റപ്പെട്ട തന്റെ ഗ്രാമത്തിലേക്ക് തിരികെയെത്തുന്ന ഒരാളുടെ കഥ. ഓര്‍ക്കാനിഷ്ടപ്പെടാത്ത കുറെ ഓര്‍മകളിലേക്കും പഴകിയ വൈരാഗ്യത്തിലേക്കുമാണ് അയാള്‍ തിരിച്ചെത്തുന്നത്. ദൈവിക ഭൂമിയായി അറിയപ്പെടുന്ന ഹിമാലയത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ് സെര്‍ബിയന്‍ സംവിധായകനായ ഗോരാന്‍ പാസ്‌കല്‍ജെവിക് ഒരുക്കിയിരിക്കുന്ന ഈ ചിത്രം.

TIFF Documentaries

ദി സിനിമ ട്രാവല്‍സ്- സംവിധാനം: ഷിര്‍ലി എബ്രഹാം, അമിത് മധേഷിയ
(India-96'-North American Premiere-2016-Colour-Hindi-Marathi)ഗ്രാമാന്തരങ്ങളിലേക്ക് സിനിമകള്‍ എത്തിയിരുന്ന ഒരു വഴിയുണ്ടായിരുന്നു. ചെറിയ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് വലിച്ചു കെട്ടിയ ചെറിയ വെള്ളത്തുണിയില്‍ വിരിയിച്ച സിനിമകളിലൂടെയാണ് നഗരത്തിന്റെ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന നാട്ടിന്‍പുറങ്ങളില്‍ ചലച്ചിത്രാസ്വാദകര്‍ ഉണ്ടാവുന്നത്. എന്നാല്‍ ആ പാരമ്പര്യം ഇന്നില്ലാതായിരിക്കുന്നു. ഷിര്‍ലി എബ്രഹാമും അമിത് മധേഷിയായും ചേര്‍ന്നൊരുക്കുന്ന ദി സിനിമ ട്രാവല്‍സ് പറയുന്നതും അതാണ്.

ഇന്ത്യ ഇന്‍ എ ഡേയ്- സംവിധാനം: റിച്ചി മേത്ത
(India-United Kingdom-86-'-World Premiere-2016-Colour-Hindi -English)ഗൂഗിളിന്റെ സഹായത്തോടെ റിച്ചി മേത്ത സംവിധാനം ചെയ്ത ചിത്രം. അനേകലക്ഷ്യം ഇന്ത്യക്കാരിലൂടെ ഇന്ത്യയുടെ ഒരു ദിവസത്തെ കാണിക്കുന്ന നോണ്‍-ഫിക്ഷന്‍ ചിത്രം.

ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍- സംവിധാനം: ഖുശ്ബു രങ്ക, വിനയ് ശുക്ല
(India-95'-World Premiere-2016-Colour-Hindi- English)ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പിന്തുടരുന്ന ചിത്രം. കെജ്രിവാള്‍ ഇന്ത്യന്‍ രാഷ്ടട്രീയത്തില്‍ എന്തുതരം മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും അതിനായി അദ്ദേഹം നടന്ന വഴികളും ഈ ഡോക്യുമെന്ററിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മോസ്റ്റ്‌ലി സണ്ണി-സംവിധാനം: ദിലീപ് മേത്ത
(Canada-94'-World Premiere-2016-c:Colour-English -Hindi)കരണ്‍ജിത് കൗര്‍ എന്ന പേര് എത്ര പേരുടെ ശ്രദ്ധ തിരിക്കുമെന്നറിയില്ല, പക്ഷേ സണ്ണി ലിയോണ്‍ എന്നായാല്‍ ഹൃദയം തുടിച്ചുപോകുന്നവര്‍ ഇന്ത്യക്കാര്‍ മാത്രമല്ല. മുന്‍ പോണ്‍ സ്റ്റാറും ഇപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ താരവുമായ സണ്ണി ലിയോണിന്റെ ജീവിതവും കരിയറും രേഖപ്പെടുത്തുകയാണ് മോസ്റ്റ്‌ലി സണ്ണിയിലൂടെ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ സംവിധായകന്‍ ദിലീപ് മേത്ത.

TIFF Special Presentations

എ ഡെത്ത് ഇന്‍ ഗുഞ്ച് - സംവിധാനം: കൊങ്കണ സെന്‍ ശര്‍മ
(India-110'-World Premiere-2016-Colour-English- Hindi- Bengali)

സംവിധായിക എന്ന നിലയില്‍ കൊങ്കണ സെന്നിന്റെ ആദ്യ ചലച്ചിത്രം. രചനയും അവര്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു. യവ്വൗനയുക്തനായ ഒരു വിദ്യാര്‍ത്ഥിയുടെ കഥ പറയുന്ന ചിത്രം.

ലയണ്‍ -സംവിധാനം: ഗാരത് ഡേവിസ്
(Australia-129'-World Premiere-2016-Colour-English- Hindi -Bengali)

സ്ലംഡോഗ് മില്യണറിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവ് പട്ടേല്‍ നായകനാകുന്ന ഓസ്‌ട്രേലിയന്‍ ചിത്രം. സറൂ ബിയര്‍ലി എന്ന യുവാവിന്റെ ജീവകഥയുടെ നേരാവിഷ്‌കാരം. അഞ്ചുവയസില്‍ ഓസ്‌ട്രേലിയന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെട്ട ഒരു ഇന്ത്യന്‍ ബാലന്‍, അവന്റെ യൗവ്വനത്തില്‍ സ്വന്തം വേരുകള്‍ തേടി ഇന്ത്യയിലേക്ക് എത്തുകയാണ്.

TIFF Special Event

റൈറ്റ് ടു പ്രേ- സംവിധാനം: ഖുശ്ബു രങ്ക
(India-7'-World Premiere-2016-English)ഇന്ത്യയിലെ ആദ്യത്തെ വിര്‍ച്വല്‍ റിയാലിറ്റി സിനിമ എന്ന വിശേഷണമുണ്ട് ഖുശ്ബു രങ്ക സംവിധാനം ചെയ്ത റൈറ്റ് ടു പ്രേയ്ക്ക്. ത്രിംബികേശ്വര മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ചകളാണ് ഇതിലുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത് ലിംഗഭേദത്തിന്റെ പേരില്‍ ആരാധനാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്ന സ്ത്രീകളുടെ പോരാട്ടങ്ങളാണ്.

Gala Presentations

ക്വീന്‍ ഓഫ് കാത്വേ- സംവിധാനം: മീര നായര്‍
(Uganda-South Africa-124 minutes-World Premiere-2015-Colour-English)


അന്താരാഷ്ട്ര പ്രശസ്തയായ മീര നായര്‍ സംവിധാനം ചെയ്ത ചിത്രം. പ്രതീക്ഷയുടെയും കണ്ടെത്തലിന്റെയും മനോഹരമായ ആവിഷ്‌കാരമാണ് ഈ ചിത്രം. ഉഗാണ്ടയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയുടെയും അവളുടെ ഉത്കടമായ ഒരു ആഗ്രഹത്തിന്റെയും കഥ. ഇതൊരു ഭാവനാസൃഷ്ടിയല്ല, യാഥാര്‍ത്ഥ്യത്തിന്റെ ചിത്രീകരണമാണ്.

images and video courtesy - tiff.net
Next Story

Related Stories