കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ അഞ്ച് കന്യാസ്ത്രികളെ കൂടി പ്രതികളാക്കി. ഇതോടെ കേസില്‍ പ്രതികളായ കന്യാസ്ത്രികളുടെ എണ്ണം പന്ത്രണ്ട് ആയി.
സംഭവം ഒളിച്ചുവയ്ക്കാനും കുറ്റം മറയ്ക്കാനും ശ്രമിച്ച കുറ്റത്തിനാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഏറ്റെടുത്തതിലൂടെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ല്യൂ.സി) ഗുരുതര വീഴ്ച വരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളില്‍ അമ്മയുടെ പ്രായം 16 എന്ന് തിരുത്തി 18 ആക്കിയതായാണ് കണ്ടെത്തിയത്. ഫെബ്രുവരി ഏഴിന് ജനിച്ച കുഞ്ഞിനെ ഇരുപതിന് ഹാജരാക്കിയതും വീഴ്ചയാണ്. മാമോദിസ രേഖകളിലും എസ്എസ്എല്‍സി രേഖയിലും തിരുത്തലുകള്‍ നടത്തി രേഖകളില്‍ സിഡബ്ല്യൂസി ചെയര്മാന് ഒപ്പുവച്ചതായും സാമൂഹികനീതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഡബ്ല്യൂസി അംഗമായ കന്യാസ്ത്രി ജോലി ചെയ്യുന്ന ആശുപത്രിയില്‍ വച്ചാണ് കുട്ടിയെ കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രതികളായ കന്യാസ്ത്രീകളില്‍ ഒരാള്‍ കൂടി ഇന്ന് പിടിയിലാകുമെന്ന സൂചനയും പോലീസ് നല്കി.
പെണ്‍കുട്ടിയുടെ പ്രസവം നടന്ന തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഓര്‍ഫനേജിലെ സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗം തങ്കമ്മ, ഡോ. ഹൈദ്രാലി എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. പോസ്കോ നിയമപ്രകാരമാണ് ഇവര്‍ക്കെല്ലാമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.