UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ മാത്രമല്ല, പെരുമ്പാവൂരില്‍ പോലീസ് തേച്ചുമായ്ച്ച് കളഞ്ഞത് 15 ദളിത് മരണങ്ങള്‍

Avatar

വിഷ്ണു എസ് വിജയന്‍

തലസ്ഥാനത്ത് തോരാത്ത വേനല്‍മഴയില്‍ നനഞ്ഞു കുതിര്‍ന്നൊരു പ്രതിഷേധ പ്രകടനം നടന്നു. ഇന്ന് രാവിലെ 11.30ന്. വിവിധ ദളിത്‌ സംഘടനകളുടെ നേതൃത്വത്തില്‍ മഴയെ വകവയ്ക്കാതെ ഇവര്‍ തെരുവില്‍ ഇറങ്ങിയതിനു കാരണം പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം മാത്രമല്ല. ജിഷയുടെ കൊലപാതകത്തിന്റെ ചുവടുപിടിച്ച് കേരളത്തിലങ്ങോളമിങ്ങോളം നിരന്തരം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരികയാണ്. പ്രതിഷേധങ്ങള്‍ നടക്കണം നല്ലതുതന്നെ, എന്നാല്‍ എല്ലാവരും ജിഷയുടെ കാര്യം മാത്രമാണ് എടുത്തുപറയുന്നത്. കഴിഞ്ഞ കാലയളവില്‍ പെരുമ്പാവൂരില്‍ മാത്രം കൊല്ലപ്പെട്ട ദളിതരുടെ എണ്ണം പതിനഞ്ചിന് മുകളില്‍ ആണ്. ഇതുവരെ ഒന്നിനും ഒരു തുമ്പും കിട്ടിയിട്ടില്ല. ഇന്നലെയും പെരുമ്പാവൂരില്‍ ഒരു ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര് കുരിയോട്ടുമലയിലെ അരുണിനെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ കുറച്ചുകാലമായി പെരുമ്പാവൂരില്‍ പെയിന്റിംഗ് ജോലികള്‍ നടത്തിവരികയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഈ വിഷയം മുഖ്യധാരയില്‍ എത്തിക്കുവാന്‍ വേണ്ടി സാമൂഹികപ്രവര്‍ത്തക ധന്യരാമന്റെ നേതൃത്വത്തില്‍ ഇവര്‍ സെക്രട്ടേറിയേറ്റ്‌ ഉപരോധിച്ചത്. എന്നാല്‍ ചിലര്‍ക്കൊക്കെ ഇതൊന്നും ജനങ്ങളില്‍ എത്തിക്കാന്‍ താല്പര്യം ഇല്ലാത്തതുപോലെ; അതിനുദാഹരണമാണ്‌ ചപ്പുച്ചവര്‍ സമരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സമരത്തിന്‌ നേരെ കണ്ണടച്ചത്. മഴയെ വകവയ്ക്കാതെ മുദ്രാവാക്യങ്ങളുമായി റോഡില്‍ നിന്ന ഇവരെ പിന്നീട് പോലിസ് അറസ്റ്റ്‌ ചെയ്ത് നീക്കുകയായിരുന്നു. സമര സ്ഥലത്ത് നിന്നും സമര നേതാവ് ധന്യാരാമന്‍ സംസാരിക്കുന്നു. 

പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ സര്‍ക്കിളില്‍ വരുന്ന പ്രദേശങ്ങളില്‍ മാത്രം 1990 മുതല്‍ ഇങ്ങോട്ടുള്ള കാലയളവില്‍ ഇതുവരെ ദുരൂഹ സാഹചര്യത്തില്‍ പതിനഞ്ച് ദളിത്‌ മരണങ്ങള്‍ ആണ് നടന്നത്. അതില്‍ പത്ത് പുരുഷന്മാരും അഞ്ച് സ്ത്രീകളും. പതിനാലു വയസുള്ള ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. അതിലൊരു സ്ത്രീയെ കിണറ്റിലെറിഞ്ഞ രീതിയിലാണ് കണ്ടെത്തിയത്. ബാക്കിയെല്ലാ കൊലകള്‍ക്കും സമാനതകള്‍ ഉണ്ട്. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ രീതിയിലാണ് പലതും. എന്നാല്‍ ഇതുവരെയായിട്ടും ഈ പതിനഞ്ചു കേസുകളിലും ഒരു പ്രതിയെപ്പോലും പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല, അല്ലെങ്കില്‍ ശ്രമിച്ചിട്ടില്ല.

ഇതില്‍ 8 കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അതിലും തുമ്പ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതൊന്നും ഒരു മാധ്യമങ്ങളും ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. അവര്‍ക്ക് ഇതിലൊന്നും താല്പര്യമില്ല. ഇതിനു പുറമെയാണ് ജിഷയുടെയും ഇന്നലത്തെ അരുണിന്റെയും കൊലപാതകങ്ങള്‍. ഞങ്ങളെ സംബന്ധിച്ച് ഇത് സഹിക്കാവുന്നതിനും അപ്പുറത്താണ്. ഒരു നാട്ടില്‍ ഒരു വിഭാഗത്തിനു നേരെ ഇത്രമാത്രം അക്രമങ്ങള്‍ നടന്നിട്ടും ഭരണകൂടം കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു എന്നറിയാം. എന്നാലും ഞങ്ങള്‍ ഈ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ഇതൊരു തുടക്കം മാത്രമാണ്. എല്ലാ ജില്ലകളിലും ശക്തമായ ചെറുത്തുനില്‍പ്പ്‌ സമരങ്ങള്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

പതിനഞ്ചു കേസുകളിലും മനഃപൂര്‍വം പ്രതികളെ പിടിക്കാന്‍ അലംഭാവം കാട്ടിയത് പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. അത് ഈ സര്‍ക്കാര്‍ വന്നപ്പോള്‍ മാത്രമല്ല ഉഴപ്പിയത്. മാറിമാറി വന്ന ഭരണകൂടങ്ങള്‍ ഈ വിഷയത്തിനു വേണ്ട വിധത്തില്‍ ഉള്ള പ്രാധാന്യം ഒരിക്കലും നല്‍കിയിട്ടില്ല. അതുകൊണ്ടാണ് പോലിസ് ഇത്രയും അലംഭാവം കാട്ടുന്നത്. പെരുമ്പാവൂരിന്റെ 90കള്‍ മുതല്‍ ഇങ്ങോട്ടുള്ള ചരിത്രം എടുത്തു നോക്കിയാല്‍ മനസ്സിലാകും ആ പ്രദേശത്തുള്ള പ്രത്യക്ഷമായ ദളിത്‌ വിരുദ്ധതയുടെ തീവ്രത എത്രത്തോളം ആണെന്ന്.

പെരുമ്പാവൂര്‍ കേരള സമൂഹത്തിന്റെ ഒരു ചെറിയ മുഖമാണ് എന്ന് തന്നെ പറയാം. പലതരം ദളിത്‌ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ സജീവമായി നടന്നുകൊണ്ടേയിരിക്കുന്നു.എത്രമാത്രം പ്രബുദ്ധരാണെന്ന് ആണയിട്ടാലും ഇവിടെ ഒന്നും മാറിയിട്ടില്ല. ഞങ്ങളുടെ ഇരുപത്തിയാരായിരം കോളനികള്‍ ആണ് ഇവിടെ ഒതുക്കി കളഞ്ഞത്. ടൂറിസത്തിനും വമ്പന്‍ മാളുകള്‍ക്കും സ്ഥലം നല്‍ക്കുന്ന സര്‍ക്കാരിന് പാവങ്ങള്‍ക്ക് കയറിക്കിടക്കാന്‍ സ്ഥലം കൊടുക്കാന്‍ മടി. പാവങ്ങളാണ്, ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതി ഇനിയും ഈ വിഭാഗത്തിനെ അവഗണിക്കാന്‍ ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല. ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.

(അഴിമുഖം റിപ്പോര്‍ട്ടര്‍ ട്രെയിനിയാണ്  വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍