TopTop

18 അടി ദൂരെ മാറി നടക്കില്ല ഈ കരിന്തലക്കൂട്ടം

18 അടി ദൂരെ മാറി നടക്കില്ല ഈ കരിന്തലക്കൂട്ടം

വിഷ്ണു എസ് വിജയന്‍

ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ സംഗീതം കൊണ്ട് തോല്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് 18 ഫീറ്റ് അഥവ പതിനെട്ടടി.

ജാതീയമായ അതിര്‍വരമ്പുകള്‍ കെട്ടിപ്പൊക്കി ഒരു നാടിന്റെ തനത് പാരമ്പര്യവും സംസ്‌കാരവും നശിപ്പിച്ചു, സവര്‍ണതയുടെ ചങ്ങലകളില്‍ തളച്ചിട്ട സഹൂഹത്തിനോടുള്ള വിയോജിപ്പ് 'കരിന്തലക്കൂട്ടം' എന്ന സംഗീത ട്രൂപ്പിന്റെ കഥയോടൊപ്പം ചേര്‍ത്ത് പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത് കുഴൂര്‍ എഴുപത്തിയേഴു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ.

കരിന്തലക്കൂട്ടം എന്ന നാടന്‍പാട്ട് സംഘത്തിലെ അംഗങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സംഘാഗംങ്ങളും നാട്ടുകാരും രമേശേട്ടന്‍ എന്ന് വിളിക്കുന്ന രമേശിലൂടെയാണ് സംഘത്തിന്റെ പാട്ടുകഥകളും, സംഘാംഗങ്ങളുടെ ജീവിതവും രാഷ്ട്രീയവും സംവിധായകന്‍ പറഞ്ഞുവെയ്ക്കുന്നത്.

'കരിന്തലക്കൂട്ടം എന്നാല്‍ തലമുറ എന്നാണ് അര്‍ഥം. ഞങ്ങള്‍ പാടുന്ന പാട്ടൊന്നും ഞങ്ങള്‍ ഉണ്ടാക്കിയതല്ല. തലമുറകളിലൂടെ കൈമാറിക്കിട്ടിയവയാണ്. ഞങ്ങളുടെ അസ്തിത്വം നഷ്ടപ്പെടാതിരിക്കുവാന്‍ ഞങ്ങള്‍ അവരുടെ പാട്ടുകള്‍ വീണ്ടും വീണ്ടും ഉറക്കെ പാടുന്നു. ഞങ്ങള്‍ക്ക് പാടിയേ മതിയാകു. ഞങ്ങളുടെ പാട്ടുകളില്‍ രാഷ്ട്രീയമുണ്ട്, സമരമുണ്ട്. ആ പാട്ടുകളാണ് ഞങ്ങളുടെ ജീവിതം. 'ഡോക്യുമെന്ററിയിലെ നായകന്‍ രമേശ് പറയുന്നു.

കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിയമായ ഉച്ചനീചത്വങ്ങളുടെ പൊള്ളുന്ന കഥകള്‍ പറയുന്നുണ്ട് ഈ ചിത്രത്തില്‍ ഓരോ കഥാപാത്രവും.

'മുഖ്യധാര സമൂഹം എന്ന് സ്വയം വിശ്വസിക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ ഞങ്ങളുടെ കലകളെല്ലാം നശിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ക്ലാസിക്കല്‍ കലകള്‍ എന്നു പേര് നല്‍കി അവര്‍ ചില കലാരൂപങ്ങളെ വിശുദ്ധ പട്ടം ചാര്‍ത്തി നല്‍കി പ്രതിഷ്ഠിച്ചു. ഞങ്ങളുടെ കലകളെ ആദ്യം കാവുകളില്‍ നിന്നും പിന്നെ പൊതു ഇടങ്ങളില്‍ നിന്നും പുറത്താക്കി. കള്ള് കുടിച്ചു പാടുന്ന ആഭാസ ഗാനങ്ങളാക്കി അടിസ്ഥാന വര്‍ഗത്തിന്റെ പാട്ടുകളെ അവര്‍ ചാപ്പ കുത്തി. അങ്ങനെ ഓരോ ഇടങ്ങളില്‍ നിന്നും ദളിതനെ അവര്‍ ഇറക്കിവിട്ടു. അവന്റെ വീട്ടില്‍ നിന്ന്, അവന്‍ പണിയെടുത്ത വയലുകളില്‍ നിന്ന്, അവന്‍ കൊട്ടിപ്പാടി വേഷം കെട്ടി കനലാടിയ അമ്പലങ്ങളില്‍ നിന്ന്. ഇവിടെക്കെല്ലാം തിരികെയെത്താന്‍ ശ്രമിക്കുന്ന ഞങ്ങളിലെ കലാകാരന്മാരെ/കാരികളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ഞങ്ങള്‍ ഈ പാട്ട് സംഘത്തിലൂടെ ശ്രമിക്കുന്നു. 'രമേശ് തന്റെ വാക്കുകള്‍ തുടരുന്നു.തീപ്പൊരിയുടെ ചൂടുണ്ട് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ആയ രമേശിന്റെ പാട്ടുകള്‍ക്കും വാക്കുകള്‍ക്കും. അത് രമേശ് ഇടക്കാലത്ത് ഉണ്ടാക്കിയെടുത്തതല്ല. ചെറുപ്പം തൊട്ടു നേരിടുന്ന അനുഭവച്ചൂടില്‍ നിന്നു നീറി രൂപപ്പെട്ടതാണ്.

'സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഇവരുടെ കോളനിയിലേക്ക് ആദ്യമായി എത്തപ്പെടുന്നത്. ആ സന്ദര്‍ശനങ്ങള്‍ പിന്നീട് വൈകാരികമായൊരു ബന്ധം അവിടെയുള്ളവരുമായി ഉണ്ടാവുകയും അവരുടെ ജീവിതയാതാര്‍ത്ഥ്യങ്ങളുമായി എനിക്ക് താദാത്മ്യം പ്രാപിക്കാന്‍ കഴിയുകയും ചെയ്തു. ഒരു സിനിമ സംവിധാനം ചെയ്യണം എന്ന മോഹം വന്നപ്പോള്‍ ആദ്യമായി തീരുമാനിച്ചത് രമേശേട്ടന്റെയും കൂട്ടരുടെയും ജീവിതവും പാട്ടും പകര്‍ത്തണം എന്നാണ്. 'സിനിമ എഡിറ്റര്‍ കൂടിയായ സംവിധായകന്‍ രഞ്ജിത്ത് കുഴൂര്‍ പറയുന്നു.

ജാതീയത എത്രമാത്രം കേരള സമൂഹത്തില്‍ ഇപ്പോഴും കൊടികുത്തി വാഴുന്നു എന്നതിന് തെളിവായി ഈ ചിത്രത്തില്‍ നിരവധി കാര്യങ്ങള്‍ ചൂണ്ടികാട്ടുന്നുണ്ട്. ഉദാഹരണത്തിന് രമേശിന്റെ സംഘത്തിലെ ഒരാള്‍ തന്റെ കാമുകി താന്‍ പുലയനാണ് എന്നറിഞ്ഞപ്പോള്‍ പിണങ്ങി പോയെന്ന് പറുന്നതൊക്കെ...

'ഈ സംഘം ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല. ഞങ്ങളുടെയൊക്കെ ജീവിതത്തിലെ വലിയൊരു സമയം ഞങ്ങള്‍ ഇതിനു വേണ്ടി ചിലവാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കിത് വെറും ജീവനോപാധി മാത്രമല്ല. സ്വത്വം നഷ്ടപ്പെടാതെ ജീവിക്കുവാന്‍ വേണ്ടിയുള്ള പോരാട്ടമാണ്. ' രമേശ് തന്റെ ഉറച്ച വാക്കുകളില്‍ പറയുന്നു.
എട്ട് വര്‍ഷം എടുത്താണ് രഞ്ജിത്ത് ഈ ചിത്രം ചിത്രീകരിച്ചത്. രമേശന്റെയും സംഘത്തിലെയും കുടുംബാഗംങ്ങളെ കാമറക്ക് മുന്നില്‍ നിര്‍ത്തുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. പലര്‍ക്കും സംശയമായിരുന്നു എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന്. ഇവരെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുവാന്‍ രമേശും രഞ്ജിത്തും ഒരുപാട് പണിപ്പെട്ടു. കുടുംബങ്ങളോടൊപ്പം ദിവസങ്ങളോളം താമസിച്ചു അവരിലൊരാളായി മാറുകയായിരുന്നു രഞ്ജിത്ത്.

'ഞാന്‍ പറയനാണ്, പുലയനാണ് എന്ന് പറഞ്ഞ് ശീലിക്കണം എന്ന് ഞങ്ങള്‍ ഇപ്പോള്‍ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുകയാണ്. പുലയനും പറയനും ഒന്നും ജാതിയല്ല, മറിച്ച് അത് കേരളത്തിന്റെ സംസ്‌കാരമാണ്. ആ സംസ്‌കാരത്തിനെയാണ് ഇവിടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ പാട്ടുകളും കഥയും ഇപ്പോള്‍ രഞ്ജിത്തിന്റെ ചിത്രത്തിലൂടെ ലോകം അറിഞ്ഞു കഴിഞ്ഞു. ഞങ്ങളുടെ സംഘം സിംഗപ്പൂരില്‍ വരെ പരിപാടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു. കേരളത്തിലെ പുലയന്‍ സിംഗപ്പൂരില്‍ പോയി പാടിയപ്പോള്‍ കയ്യടിക്കുവാന്‍ ആളുണ്ട്. കേരളത്തിലോ?ഞങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് ഇവിടുത്തെ ദളിതന്റെ രാഷ്ട്രീയമാണ്, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയമാണ്. ഞങ്ങള്‍ അത് ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും'. രമേശ് പറഞ്ഞു നിര്‍ത്തുന്നു.

പതിനെട്ടടി മാറി നടക്കേണ്ടവരല്ല പറയനും പുലയനും, ഇന്നും കേരളത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ അതിന്റെ എല്ലാ ശക്തിയോടും കൂടി നില നില്‍ക്കുന്നു എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് കരിന്തലക്കൂട്ടം എന്ന നാടന്‍പാട്ട് സംഘവും അവരുടെ കഥ പറയുന്ന 18 ഫീറ്റ് എന്ന ഡോക്യുമെന്ററിയും.(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)Next Story

Related Stories